by Midhun HP News | Jan 19, 2026 | Latest News, ദേശീയ വാർത്ത
മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ ബാഴ്സലോണയുടെ വിജയക്കുതിപ്പിന് തടയിച്ച് റയല്‍ സോസിഡാഡ്. സ്വന്തം തട്ടകത്തില്‍ അവര്‍ കാറ്റാലന്‍സിനെ 2-1നു വീഴ്ത്തി. തോല്‍വി ബാഴ്സയുടെ ഒന്നാം സ്ഥാനത്തിനും ഭീഷണിയായി. നിലവില്‍ രണ്ടാമതുള്ള റയല്‍ മാഡ്രിഡുമായി അവരുടെ പോയിന്റ് വ്യത്യാസം ഒന്നായി കുറഞ്ഞു.
കളിയുടെ 32ാം മിനിറ്റില്‍ മികേല്‍ ഒയാര്‍സബലിലൂടെ സോസിഡാഡ് മുന്നിലെത്തി. 70ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡിലൂടെ ബാഴ്സ സമനില പിടിച്ചു. എന്നാല്‍ ഈ ആഹ്ലാദത്തിനു ഒറ്റ മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു. 71ാം മിനിറ്റില്‍ കാന്‍സലോ ഗ്യുഡെസിലൂടെ സോസിഡാഡ് ലീഡ് തിരിച്ചുപിടിച്ച് മത്സരം ജയിച്ചു കയറി. 88ാം മിനിറ്റില്‍ കാര്‍ലോസ് സോളര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായെങ്കിലും ബാഴ്സയെ സമനിലയിലെത്താതെ പ്രതിരോധിക്കാന്‍ പത്ത് പേരായിട്ടും സോസിഡാഡിനു സാധിച്ചു.
ലാലിഗയിൽ തുടരെ 9 മത്സരങ്ങളായി പരാജയമറിയാതെ കുതിക്കുകയായിരുന്നു ബാഴ്സലോണ. സീസണില്‍ അവര്‍ നേരിടുന്ന മൂന്നാം തോല്‍വിയാണിത്. പെപ് ഗ്വാര്‍ഡിയോള യുഗത്തില്‍ ബാഴ്സ 16 തുടര്‍ വിജയങ്ങള്‍ വിവിധ ടൂര്‍ണമെന്റുകളില്‍ നേടിയിരുന്നു. ഈ റെക്കോര്‍ഡിലേക്ക് കുതിക്കുകയായിന്നു ഹാന്‍സി ഫ്ളിക്കിന്റെ ടീമും. ഈ സീസണില്‍ എല്ലാ ടൂര്‍ണമെന്റിലുമായി അവര്‍ തുടരെ 11 മത്സരങ്ങളാണ് ജയിച്ചത്.
തന്റെ ആദ്യ സീസണിലും ഫ്ളിക്കിന്റെ കീഴില്‍ ബാഴ്സലോണ 9 തുടര്‍ ലാലിഗ വിജയങ്ങള്‍ നേടിയിരുന്നു. ഈ റെക്കോര്‍ഡ് തകര്‍ക്കാനുള്ള അവസരവും അവര്‍ക്ക് സോസിഡാഡുമായുള്ള തോല്‍വിയോടെ നഷ്ടമായി.


by Midhun HP News | Jan 19, 2026 | Latest News, കേരളം
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം ഇന്ന് കൊച്ചിയില്‍ നടക്കും. ‘വിജയോത്സവം 2026 മഹാപഞ്ചായത്ത്’ എന്ന പേരില്‍ മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പരിപാടി ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.പരിപാടിയില്‍ ഏകദേശം 15,000 പേരെത്തുമെന്നാണ് കണക്കുകൂട്ടല്‍. രണ്ട് മണിക്ക് മറൈന്‍ഡ്രൈവിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടക്കം പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജിതര്‍ക്ക് കൂടി ഉത്തരവാദിത്തം നല്‍കുകയും ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി. കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും അടക്കം സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കും.
ഇന്ന് ഉച്ചയ്ക്ക് 12.45ന് ചാര്‍ട്ടേഡ് വിമാനത്തില്‍ രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തും. കെപിസിസിയുടെ സാഹിത്യ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ സാഹിത്യ പുരസ്കാരം ഡോ. എം ലീലാവതിക്ക് തൃക്കാക്കരയിലെ വസതിയിലെത്തി സമ്മാനിക്കും. തുടര്‍ന്ന് മറൈന്‍ ഡ്രൈവിലെ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വൈകിട്ട് നാല് മണിയോടെ രാഹുല്‍ ഗാന്ധി തിരിച്ചുപോകും.


by Midhun HP News | Jan 19, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം. ഡല്‍ഹിയില്‍ 2.8 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. രാവിലെ 8:44 ഓടെയാണ് ഭൂചലനമുണ്ടായതെന്നും ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം വടക്കന്‍ ഡല്‍ഹിയിലായിരുന്നുവെന്നും 5 കിലോമീറ്റര്‍ ആഴത്തിലാണുണ്ടാതയതെന്നും അധികൃതര്‍ അറിയിച്ചു.
ഭൂകമ്പ സാധ്യത ഏറിയ രണ്ടാമത്തെ ഉയര്‍ന്ന വിഭാഗമായ സോണ്‍ IV ലാണ് ഡല്‍ഹിയുള്ളത്. സമീപ വര്‍ഷങ്ങളില്‍, ഡല്‍ഹി-എന്‍സിആറില്‍ നിരവധി തവണ 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2022 ല്‍, ഡല്‍ഹിയുടെ അയല്‍ സംസ്ഥാനമായ ഹരിയാനയില്‍ 4.1 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായി. എന്നാല്‍ കാര്യമായ നാശനഷ്ടങ്ങാെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ ഡാറ്റ പ്രകാരം, കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഡല്‍ഹിയില്‍ 5 തീവ്രതയില്‍ കൂടുതല്‍ ഭൂകമ്പം രേഖപ്പെടുത്തിയിട്ടില്ല. ഈ മാസം 13 ന് ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ജില്ലയ്ക്ക് സമീപം 3.5 തീവ്രതയുള്ള നേരിയ ഭൂകമ്പം ഉണ്ടായിരുന്നു.ഭൂകമ്പത്തെ തുടര്‍ന്ന് ജനങ്ങള്‍ പഭിഭ്രാന്തിയിലായിരുന്നു. പലരും വീടിന് പുറത്തേക്ക് ഇറങ്ങിയിരുന്നു.


by Midhun HP News | Jan 19, 2026 | Latest News, കേരളം
കൊച്ചി: യാത്രയ്ക്കിടെ അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി കെഎസ്ആര്‍ടിസി ജീവനക്കാര്‍. തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്ക് പോകുന്നതിന് ബസില്‍ കയറിയ ദമ്പതികളുടെ പത്ത് മാസം പ്രായമായ കുഞ്ഞിനാണ് അപസ്മാരമുണ്ടായത്. പനി ശക്തമായതോടെയാണ് അതിനൊപ്പം അപസ്മാരവുമുണ്ടായത്. മാതാപിതാക്കളുടെ വിഷമം കണ്ട് സമയോചിതമായി ഇടപെട്ട കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഉടന്‍ തന്നെ കുഞ്ഞിനെ വിപിഎസ് ലേക് ഷോറില്‍ എത്തിച്ച് ചികിത്സ ഉറപ്പാക്കുകയായിരുന്നു.
ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് മൂന്നേകാലോടെയായിരുന്നു സംഭവം. ദേശീയ പാതയില്‍ കുണ്ടന്നൂരിന് സമീപം ബസ് എത്തിയപ്പോഴാണ് കുഞ്ഞിന് അസുഖം കൂടിയത്. കുഞ്ഞിന്റെ അവസ്ഥ കണ്ട് മാതാപിതാക്കളും വെപ്രാളത്തിലായതോടെ ബസില്‍ എല്ലാവരും പരിഭ്രമത്തിലായി. സംഭവം കണ്ട് കണ്ടക്ടര്‍ സുനില്‍ സമയോചിതമായി ഇടപെട്ടു. പെട്ടെന്ന് തന്നെ ഡ്രൈവറെ കാര്യം ധരിപ്പിച്ചു. ഈ സമയം ബസ് കുണ്ടന്നൂര്‍ പിന്നിട്ടിരുന്നു. ഉടനെ ഡ്രൈവര്‍ പ്രേമന് ബസ് തിരിച്ച് വിപിഎസ് ലേക്ഷോറിലേക്ക് കുതിച്ചു.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകരുടെ സംഘം ഉടന്‍ ആവശ്യമായ പരിചരണം നല്കി കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കി. നിലവില്‍ തുടര്‍ചികിത്സക്കായി കുഞ്ഞിനെ ആശുപത്രിയില്‍ പീഡിയാട്രിക് വിഭാഗത്തിന് കീഴില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ബസില്‍ വെച്ച് വലിയ തോതില്‍ കുഞ്ഞ് കരഞ്ഞെന്നും അപസ്മാരം വന്ന് ചുണ്ട് ഒരുഭാഗത്തേക്ക് വലിഞ്ഞുനില്‍ക്കുന്നത് പോലുള്ള സ്ഥിതിയുണ്ടായെന്നും അച്ഛന് പറഞ്ഞു. അതുകണ്ട് തങ്ങള്‍ ഭയപ്പെട്ടുപോയി. ബസിലുണ്ടായിരുന്നവര്‍ ഉടന്‍ ഒരു താക്കോല്‍ കുഞ്ഞിന്റെ കൈയില്‍ പിടിപ്പിച്ചു. ബസുകാര് ഉടനെ തന്നെ ആശുപത്രിയിലേക്ക് പുറപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.


by Midhun HP News | Jan 19, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ അവസാനസമ്മേളനം ചൊവ്വാഴ്ച ആരംഭിക്കും. ചൊവ്വാഴ്ച ആരംഭിച്ച് മാര്‍ച്ച് 26 വരെയുള്ള കാലയളവില്‍ 32 ദിവസമാണ് സഭ ചേരുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ 22, 27, 28 തീയതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും.
29ന് 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച. അഞ്ചിന് 2025 26 വര്‍ഷത്തെ ബജറ്റിലെ അന്തിമ ഉപധനാഭ്യര്‍ഥനകളെ സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പ് നടക്കും. ആറ് മുതല്‍ 22 വരെ സഭ ചേരില്ല. ഈ കാലയളവില്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും.
23ന് 2025 – 26 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യര്‍ഥനകളുടെ ധനവിനിയോഗ ബില്‍ അവതരിപ്പിക്കും. 24 മുതല്‍ മാര്‍ച്ച് 19 വരെയുള്ള കാലയളവില്‍ 13 ദിവസം 2026-27 വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കും. ജനുവരി 23, ഫെബ്രുവരി 27, മാര്‍ച്ച് 13 എന്നീ ദിവസങ്ങള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി വിനിയോഗിക്കും. നിശ്ചയിച്ച നടപടികള്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ച് 26-ന് സഭ പിരിയും. പതിനഞ്ചാം നിയമസഭയുടെ ഇതുവരെയുള്ള 15 സെഷനുകളില്‍ മൊത്തം 182 ദിവസം സഭ ചേര്‍ന്നിട്ടുണ്ട്. ഇതില്‍ 158 ബില്ലുകള്‍ പാസാക്കി. സഭ പാസാക്കിയ ബില്ലുകളില്‍ 14 എണ്ണം ഗവര്‍ണറുടെ പരിഗണനയിലാണ്.


by Midhun HP News | Jan 19, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണത്തില്‍ (എസ്ഐആര്‍) കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. ഈ മാസം 30 ാം തീയതി വരെയാണ് സമയം നീട്ടിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറക്കി.
സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് മാറ്റമെന്ന് കമ്മീഷന് വ്യക്തമാക്കി. 22ാം തീയതി വരെയായിരുന്നു മുന്‍പ് അനുവദിച്ച സമയം. സുപ്രീംകോടതി നിര്‍ദേശ പ്രകാരം ആണ് സമയം നീട്ടി നല്‍കിയത്. സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതിയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു.
പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസുകള്‍ പോലുള്ള പൊതുസ്ഥലങ്ങളില്‍ ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അര്‍ഹരായവര്‍ പുറത്താക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സൗകര്യമൊരുക്കുന്നതിനായി ഈ പട്ടിക വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണം.
നിലവില്‍ പട്ടികയില്‍ നിന്നും പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയം നീട്ടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. 2025 ഡിസംബര്‍ 23-നാണ് കേരളത്തില്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിലും പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി 30 വരെ നീട്ടിയിട്ടുണ്ട്.


Recent Comments