by Midhun HP News | Oct 13, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: മാമം പന്തലക്കോട് പത്മവിലാസത്തിൽ ജയചന്ദ്രൻ പന്തലക്കോട് അന്തരിച്ചു. സിപിഎമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന ജയചന്ദ്രൻ പരേതരായ ഡോക്ടർ പന്തലക്കോട് ചന്ദ്രശേഖരൻ നായരുടെയും പത്മകുമാരി അമ്മയുടെയും മകനാണ്.
ഭാര്യ: പരേതയായ റീത്ത (PWD)
മക്കൾ: ഉണ്ണിചന്ദ്രശേഖർ, ജിത്തുചന്ദ്രശേഖർ
by Midhun HP News | Oct 13, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ട്രെയിനുകളിലും റെയില്‍വെ പരിസരത്തും മൊബൈല്‍ ഫോണില്‍ സ്പീക്കര്‍ മോഡില്‍ ഉച്ചത്തില്‍ പാട്ടും വിഡിയോ പ്ലേ ചെയ്താല്‍ പിടിവീഴും. നിയമം തെറ്റിക്കുന്നവര്‍ ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഇന്ത്യന്‍ റെയില്‍വേ മുന്നറിയിപ്പ് നല്കി.
സഹയാത്രക്കാര്‍ക്ക് സമാധാനപരവും സുഖകരവുമായ യാത്ര ഉറപ്പാക്കാന്‍ മൊബൈല്‍ ഫോണുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പാട്ട് കേള്‍ക്കണമെന്നുള്ളവര്‍ ഇയര്‍ഫോണുകള്‍ ഉപയോഗിക്കാനും ഫോണ്‍ സംഭാഷണങ്ങള്‍ കുറഞ്ഞ ശബ്ദത്തില്‍ നടത്താനും റെയില്‍വെ യാത്രക്കാരോട് നിര്‍ദ്ദേശിച്ചു.

‘ഉച്ചത്തിലുള്ളതും ദീര്‍ഘനേരം നീണ്ടുനില്ക്കുന്നതുമായ ഫോണ്‍ സംഭാഷണങ്ങളും അലോസരപ്പെടുത്തുന്ന റിങ്ടോണുകളും മറ്റുള്ളവര്‍ക്ക്, പ്രത്യേകിച്ച് എസി കോച്ചുകള്‍ പോലുള്ള അടഞ്ഞ സ്ഥലങ്ങളില്‍, ബുദ്ധിമുട്ടുണ്ടാക്കിയേക്കാം, റെയില്‍വേ നിയമം 1989-ലെ സെക്ഷന്‍ 145(2)ല്‍ (ജന്‍ വിശ്വാസ് (ഭേദഗതി) നിയമം, 2026 പ്രകാരം ഭേദഗതി വരുത്തിയത്) പറയുന്ന വ്യവസ്ഥകള്‍ പ്രകാരം, ശല്യമുണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റത്തിന് 1,000 രൂപ പിഴയും, കൂടാതെ റെയില്‍വേ പരിസരത്ത് നിന്ന് പുറത്താക്കുകയോ ടിക്കറ്റ് കണ്ടുകെട്ടല്‍ എന്നീ നടപടികളും നേരിടേണ്ടിവരും.
‘റെയില്‍വേ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടിട്ടും ഒരാള്‍ ശല്യപ്പെടുത്തുന്ന പെരുമാറ്റം തുടരുകയാണെങ്കില്‍, ആറ് മാസം വരെ തടവോ 5,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം,’ എന്ന് റെയില്‍വേ അറിയിച്ചു.

റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നിയന്ത്രണം നടപ്പാക്കാന്‍ ദക്ഷിണ റെയില്‍വേ നിര്‍ദേശം നല്കി.മൊബൈല്‍ ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ സ്പീക്കറിലൂടെ വിഡിയോകളും മറ്റും കേള്‍ക്കുന്നതും കാണുന്നതും വ്യാപകമായിട്ടുണ്ടെന്ന് ദക്ഷിണ റെയില്‍വേ വാണിജ്യ വിഭാഗം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇതു സംബന്ധിച്ച് റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പുകളിലൂടെ യാത്രക്കാരെ ബോധവല്‍ക്കരിക്കണം. മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകള്‍ക്കു പുറമേ ഹിന്ദിയിലും ഇംഗ്ലിഷിലും അറിയിപ്പുകള് നല്‍കണം. സ്പീക്കര്‍ മോഡില്‍ പാട്ടുകളും വിഡിയോകളും കേള്‍ക്കരുതെന്നും ഉച്ചത്തില്‍ സംസാരിക്കുന്നത് ഒഴിവാക്കണമെന്നും അറിയിപ്പുകളില്‍ വ്യക്തമാക്കും.


by Midhun HP News | Oct 13, 2026 | Latest News, കേരളം
കോഴിക്കോട്: സംസ്ഥാനത്തെ കൗമാര കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്ന 68-ാമത് കേരള സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല സജ്ജമായി. ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക്കും. കായിക പ്രതിഭകളും ടീം മാനേജർമാരും ഒഫീഷ്യലുകളും സംഘാടകരുമടക്കം ഏകദേശം 15,000-ത്തോളം പേർ മേളയുടെ ഭാഗമാകും. ഒക്ടോബർ 25-ന് 4,000 കായികതാരങ്ങൾ അണിനിരക്കുന്ന വിപുലമായ മാർച്ച് പാസ്റ്റോടെയും 3,000 വിദ്യാർത്ഥികൾ അണിനിരക്കുന്ന സാംസ്കാരിക പരിപാടികളോടെയും മേളയ്ക്ക് ഔദ്യോഗികമായി തുടക്കമാകും.

ജില്ലയിലുടനീളമുള്ള പത്ത് വേദികളിലായാണ് വിവിധ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബർ 27-ന് ആരംഭിക്കുന്ന പ്രധാന ട്രാക്ക് ആൻഡ് ഫീൽഡ് അത്ലറ്റിക്സ് പോരാട്ടങ്ങൾക്ക് എൻഐടി കാലിക്കറ്റ് ക്യാമ്പസ് മുഖ്യവേദിയാകും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2,800-ഓളം അത്ലറ്റുകളാണ് ഇവിടെ ട്രാക്കിലിറങ്ങുക. ഒക്ടോബർ 30-ന് നടക്കുന്ന ക്രോസ് കൺട്രി മത്സരത്തിനും ഇൻക്ലൂസീവ് അത്ലറ്റിക്സ്, ഇൻക്ലൂസീവ് ഫുട്ബോൾ എന്നിവയ്ക്കും എൻഐടി തന്നെ വേദിയാകും.

ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ബാഡ്മിന്റൺ, ഇൻക്ലൂസീവ് ബാഡ്മിന്റൺ മത്സരങ്ങൾ അരങ്ങേറുക. പെൺകുട്ടികളുടെ ബാസ്കറ്റ്ബോൾ മത്സരങ്ങൾ ചേവായൂർ പ്രസന്റേഷൻ എച്ച്.എസ്.എസിലും ആൺകുട്ടികളുടെ മത്സരങ്ങൾ സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലും നടക്കും. കുന്നമംഗലം എച്ച്.എസ്.എസിൽ വടംവലിയും ഇൻക്ലൂസീവ് ക്രിക്കറ്റും നടക്കുമ്പോൾ കരാട്ടെ, വുഷു, സോഫ്റ്റ്ബോൾ, ബേസ്ബോൾ, ബോൾ ബാഡ്മിന്റൺ മത്സരങ്ങൾക്ക് കൊടിയത്തൂർ പിടിഎം എച്ച്.എസ്.എസും വാദി റഹ്മ ഇംഗ്ലീഷ് സ്കൂളും ആതിഥേയത്വം വഹിക്കും. ചാത്തമംഗലം ആർഇസി ഗവൺമെന്റ് വിഎച്ച്എസ്എസിൽ യോഗ മത്സരങ്ങളും പെരുവയൽ സെന്റ് സേവ്യേഴ്സ് യുപി സ്കൂളിൽ നെറ്റ്ബോൾ, ത്രോബോൾ മത്സരങ്ങളും അരങ്ങേറും.

ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള ഇൻക്ലൂസീവ് കായിക മത്സരങ്ങൾ ഇത്തവണത്തെ മേളയുടെ പ്രധാന സവിശേഷതയാണ്. ഒക്ടോബർ 26-ന് നടക്കുന്ന ഈ വിഭാഗത്തിൽ 2,000-ത്തിലധികം കുട്ടികൾ വിവിധ ഇനങ്ങളിലായി തങ്ങളുടെ കായികമികവ് പ്രകടിപ്പിക്കും. ഇതിനുപുറമെ ഗൾഫ് മേഖലയിൽ നിന്നെത്തുന്ന 48 വിദ്യാർത്ഥികൾ അത്ലറ്റിക്സിലും ഗെയിംസ് ഇനങ്ങളിലും പങ്കെടുക്കുന്നത് സംസ്ഥാന മേളയ്ക്ക് അന്താരാഷ്ട്ര തലം സമ്മാനിക്കും. കൊല്ലം ജില്ലയിലെ കെ.എൻ.എൻ.എം എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആർ.എസ്. ലക്ഷ്മി നന്ദന രൂപകൽപ്പന ചെയ്ത ‘കുട്ടു’ എന്ന ചിഹ്നമാണ് കായികമേളയുടെ ഔദ്യോഗിക മാസ്കോട്ട്.
റസാഖ് മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിലുള്ള 17 ഉപസമിതികളാണ് കായികമേളയുടെ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മേളയുടെ സുഗമമായ നടത്തിപ്പിനായി 620 ഒഫീഷ്യലുകളെയും 140 സെലക്ടർമാരെയും 100 സാങ്കേതിക ഒഫീഷ്യലുകളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. താരങ്ങൾക്കും ടീം മാനേജർമാർക്കുമായി 50 സ്കൂളുകളിലെ 450 ക്ലാസ് മുറികളിലാണ് താമസസൗകര്യം ഒരുക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിനായി രണ്ട് പ്രധാന പാചകപ്പുരകളും അതോടൊപ്പം എല്ലാ മത്സര വേദികളിലും വിതരണ കേന്ദ്രങ്ങളും സജ്ജീകരിക്കും. താമസസ്ഥലങ്ങളിൽ നിന്ന് വേദികളിലേക്ക് മത്സരാർത്ഥികളെ എത്തിക്കാൻ സ്കൂൾ ബസുകൾ സർവീസ് നടത്തും.

by Midhun HP News | Oct 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബില്‍ സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. വയോജനങ്ങളുടെ പരിചരണങ്ങളും അവകാശങ്ങളും ഉറപ്പാക്കുന്ന വയോജനക്ഷേമ ബില്‍ മുഖ്യമന്ത്രി വിഡി സതീശനാണ് സഭയില്‍ അവതരിപ്പിക്കുക. വയോജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.

വയോജനങ്ങളെ വീട്ടുകാര്‍ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവും അന്‍പതിനായിരം രൂപ പിഴയും ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നു. ഉപേക്ഷിക്കണമെന്ന ലക്ഷ്യത്തോടെ മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍, നിയമപരമായ അവകാശികള്‍ എന്നിവര്‍ പരിചരണ കേന്ദ്രത്തിലോ മറ്റേതെങ്കിലും സ്ഥലത്തോ മുതിര്‍ന്നവരെ അവരുടെ അനുമതിയില്ലാതെ എത്തിക്കുന്നതും കുറ്റകരമാണ്.
കുടുംബാംഗങ്ങളോ ബന്ധുക്കളോ പരിചരണകേന്ദ്രത്തിലെ ജീവനക്കാരോ ശാരീരികമായോ മാനസികമായോ പീഡിപ്പിച്ചാലും ഇതേ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ‘(മുതിര്‍ന്ന പൗരരുടെ പരിചരണവും അവകാശ സംരക്ഷണവും)’ ബില്ലില്‍ നിര്‍ദേശിക്കുന്നു. പരിചരണകേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ അന്തേവാസിയുടെ സ്വത്ത് കൈവശപ്പെടുത്തിയാലും മൂന്നുവര്‍ഷംവരെ തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. രജിസ്ട്രേഷന് ഇല്ലാതെ പരിചരണകേന്ദ്രം നടത്തിയാല്‍ ഒരുവര്‍ഷംവരെ തടവോ 25,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷാര്‍ഹമാണ്.
വയോജന നിയമപ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങളുടെയും വിചാരണ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ്. മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാൻ സംസ്ഥാന-ജില്ലാതല മേൽനോട്ട സംവിധാനങ്ങൾ സ്ഥാപിക്കും. തിരുവനന്തപുരം ആസ്ഥാനമായി സംസ്ഥാന മുതിർന്ന പൗര സംരക്ഷണ യൂണിറ്റ് വയോജന ക്ഷേമ വകുപ്പ് ഡയറക്ടറായിരിക്കും അധ്യക്ഷൻ. ജില്ലാതലത്തിൽ സംരക്ഷണ ഫോറവും യൂണിറ്റും രൂപീകരിക്കും.

ബില്ലിലെ പ്രധാന വ്യവസ്ഥകൾ
വയോജനങ്ങൾ സ്വന്തം വീട്ടിൽ സുരക്ഷിതമായി കഴിയുന്നതിന് പ്രാഥമിക പരിഗണന
മുതിർന്ന പൗരരുടെ പരാതികൾക്ക് അസിസ്റ്റന്റ് ഇൻസ്പെക്ടറിൽ കുറയാത്ത ഉദ്യോഗസ്ഥൻ നോഡൽ ഓഫീസർ
പരിചരണകേന്ദ്രങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധം. നിശ്ചിത നിലവാരവും പരിചരിക്കുന്നവർക്ക് പരിശീലനവും സർട്ടിഫിക്കറ്റും നിർബന്ധം
ഒപ്പം താമസിച്ച് പരിചരിക്കുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം
സൈബർ പൊലീസ് സ്റ്റേഷനുകളിൽ മുതിർന്ന പൗര സൈബർ സെൽ, ഏകോപന ഓഫീസർ. സൈബർ തട്ടിപ്പിനിരയാവാതിരിക്കാൻ ഡിജിറ്റൽ സാക്ഷരതാപരിപാടി
ഇൻഷുറൻസ്, ദീർഘകാല പരിചരണ പരിരക്ഷ
പരിചരണകേന്ദ്രത്തിലെ അന്തേവാസി വിൽപ്പത്രം തയ്യാറാക്കാതെയും അവകാശികൾ ഇല്ലാതെയും മരിച്ചാൽ സ്വത്ത് സർക്കാരിന് ലഭിക്കും
അൽഷിമേഴ്സ്, ഡിമെൻഷ്യ, പാർക്കിൻസൺസ്, മറ്റ് നാഡീരോഗങ്ങൾ എന്നിവയ്ക്കു മാത്രമായി സർക്കാർതലത്തിൽ പരിചരണകേന്ദ്രം
വിധവയോ ഭിന്നശേഷിക്കാരോ ഉപേക്ഷിക്കപ്പെട്ടവരോ അതിക്രമത്തെ അതിജീവിച്ചവരോ ആയ സ്ത്രീകൾക്ക് സർക്കാർ പരിചരണകേന്ദ്രങ്ങളിൽ അഭയത്തിന് മുൻഗണന നൽകണം
മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രത്യേക ‘സംസ്ഥാന കരുതൽ നിധി’ രൂപീകരിക്കും


by Midhun HP News | Oct 13, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: വിളയിൽമൂല പണ്ടാരവിളവീട്ടിൽ പ്രീതാ മണിയൻ (57) അന്തരിച്ചു.
ഭർത്താവ്: എസ് മണിയൻ (റിട്ടയേർഡ് ഗൾഫ്).
മക്കൾ: വിഷ്ണു മണിയൻ (ഷാർജ), വിശാൽ മണിയൻ(ദുബായ്) .
മരുമകൾ: പഞ്ചമി അജിത്ത്.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്
by Midhun HP News | Oct 13, 2026 | Latest News, കേരളം
കൊച്ചി: യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ വ്യാപാരികള്‍. 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാനാണ് നീക്കം. ഇതിനെതിരെ പ്രതിഷേധിച്ച് 15 മുതല്‍ സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് അറിയിച്ചു.

അധിക ഫീസ് ഹോട്ടല്‍ വ്യാപാരികള്‍ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഉത്സവസമയത്ത് യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് വാണിജ്യ സംഘടനകള്‍ ധനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം നീട്ടി വെക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒക്ടോബര്‍ 15 ന് പകരം ജനുവരി ഒന്നിലേക്ക് ഇത് നീട്ടാനാണ് ആലോചന നടക്കുന്നത്. ദസറ, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങള്‍ വരെ ഇത് ഒഴിവാക്കുന്ന കാര്യമാണ് പേയ്മെന്റ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ആലോചിക്കുന്നത്.


Recent Comments