നാലു മാസത്തിനിടെ 22 വധശിക്ഷകള്‍; റെക്കോര്‍ഡിട്ട് യുപി ജഡ്ജി

നാലു മാസത്തിനിടെ 22 വധശിക്ഷകള്‍; റെക്കോര്‍ഡിട്ട് യുപി ജഡ്ജി

ഡല്‍ഹി: നാലു മാസത്തിനിടെ ജഡ്ജി വിധിച്ചത് 22 വധശിക്ഷ. യുപിയിലെ മുസാഫര്‍നഗര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി രവികുമാര്‍ ദിവാകറിന്റെ വിധികളാണ് ദേശീയ ശ്രദ്ധ നേടിയിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളിലാണ് സാധാരണ വധശിക്ഷ വിധിക്കാറുള്ളത്. ജഡ്ജി രവികുമാറിന്റെ വിധികളുടെ പശ്ചാത്തലത്തില്‍, അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന വാദവും വീണ്ടും ചര്‍ച്ചയാകുകയാണ്.

മുസാഫര്‍ നഗറില്‍ ചുമതലയേറ്റെടുത്ത ശേഷം ജഡ്ജി രവികുമാര്‍ ദിവാകര്‍ 10 കേസുകളിലായാണ് 22 പ്രതികള്‍ക്ക് മരണശിക്ഷ വിധിച്ചത്. വധശിക്ഷയില്‍ റെക്കോര്‍ഡാണ് ജഡ്ജി രവികുമാര്‍ കുറിച്ചിരിക്കുന്നത്. നേരത്തെ ബറൈലി കോടതിയില്‍ ജോലി ചെയ്യവെ 13 പേര്‍ക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. ഇതോടെ ജഡ്ജി ജഡ്ജി രവികുമാര്‍ ദിവാകര്‍ ആകെ മരണശിക്ഷ വിധിച്ച പ്രതികളുടെ എണ്ണം 35 ആയിട്ടുണ്ട്.

അഡ്വക്കേറ്റ് സമീര്‍ സൈഫിയുടെ കൊലപാതകത്തില്‍ ഏപ്രില്‍ ആറിന് മൂന്നു പേര്‍ക്ക് വധശിക്ഷ വിധിച്ചതാണ്, മുസാഫര്‍നഗര്‍ സെഷന്‍സ് ജഡ്ജിയായിരിക്കെയുള്ള ആദ്യ വിധി. ഒരു കൊലപാതകക്കേസില്‍ ഏപ്രില്‍ 28 ന്, സ്ത്രീ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വധശിക്ഷ വിധിച്ചു. 2011 ലെ ഹൈവേ കവര്‍ച്ചാ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കാണ് അവസാനമായി വധശിക്ഷ വിധിച്ചത്.

‘വധശിക്ഷ വിധിക്കുന്നത് വളരെ ആലോചനകള്‍ക്കു ശേഷവും ‘അപൂര്‍വങ്ങളില്‍ അപൂര്‍വം’ എന്ന തത്വത്തിന്റെ പവിത്രത മനസ്സില്‍ വെച്ചും ആയിരിക്കണമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അഭിഭാഷകന്‍ പറഞ്ഞു. അതേസമയം, BNSS-ന്റെ സെക്ഷന്‍ 407(1) പ്രകാരം, സെഷന്‍സ് കോടതി പുറപ്പെടുവിക്കുന്ന വധശിക്ഷ ഹൈക്കോടതി ശരിവെക്കേണ്ടതാണ്. ഹൈക്കോടതി വിധി അംഗീകരിച്ചാല്‍ മാത്രമേ ശിക്ഷ നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ.

ജില്ലയിൽ മാല പൊട്ടിക്കൽ സംഘം സജീവം; അതീവ ജാഗ്രത പാലിക്കണമെന്ന് വയനാട് പൊലീസ്

ജില്ലയിൽ മാല പൊട്ടിക്കൽ സംഘം സജീവം; അതീവ ജാഗ്രത പാലിക്കണമെന്ന് വയനാട് പൊലീസ്

കൽപ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കൽ ഉൾപ്പെടെയുള്ള കവർച്ചകൾ നടത്തുന്ന സംഘം ജില്ലയിൽ സജീവമാണെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും വയനാട് പൊലീസ് അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് അന്വേഷണ വിവരങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി ജില്ലയിലുടനീളം പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

95

രണ്ടോ അതിലധികമോ പേരടങ്ങുന്ന സംഘമാണ് കവർച്ചകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. തിരക്കേറിയ സ്ഥലങ്ങളിലും ബസുകളിലും ഓട്ടോറിക്ഷകളിലും മറ്റും യാത്ര ചെയ്യുന്ന സ്ത്രീകളെയും വയോധികരെയും പിന്തുടർന്ന് സാഹചര്യം ഒത്തുവരുമ്പോൾ ആഭരണങ്ങൾ കവർന്ന് കടന്നുകളയുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി.

അടുത്തിടെ വാവുബലിയോടനുബന്ധിച്ച് തിരുനെല്ലി അമ്പല പരിസരത്തും അമ്പലവയൽ, കമ്പളക്കാട് പൊലീസ് സ്റ്റേഷൻ പരിധികളിലും കവർച്ചകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാവുബലി ദിനത്തിൽ തിരുനെല്ലി അമ്പലത്തിലെ അന്നദാന മണ്ഡപത്തിൽ വെച്ച് 80 വയസ്സുള്ള വയോധികയുടെ ഒന്നേമുക്കാൽ പവൻ തൂക്കം വരുന്ന മാല സംഘം കവർന്നിരുന്നു. കൂടാതെ അമ്പലവയൽ കൊളഗപ്പാറയിൽ നിന്ന് ആയിരംകൊല്ലിയിലേക്ക് ഓട്ടോയിൽ യാത്ര ചെയ്ത 71 വയസ്സുള്ള വയോധികയുടെ രണ്ട് പവൻ മാലയും, കമ്പളക്കാട് ബസിൽ യാത്ര ചെയ്ത 70 വയസ്സുള്ള വയോധികയുടെ രണ്ട് പവൻ മാലയും ഈ സംഘം കവർന്നു.

‘അച്ഛനെ സന്തോഷിപ്പിക്കാൻ എനിക്ക് ഒരു കാര്യം പോലും ചെയ്യാൻ പറ്റിയിട്ടില്ല, ഇന്നും അതിൽ കുറ്റബോധമുണ്ട്’; കിച്ചു സുധി

‘അച്ഛനെ സന്തോഷിപ്പിക്കാൻ എനിക്ക് ഒരു കാര്യം പോലും ചെയ്യാൻ പറ്റിയിട്ടില്ല, ഇന്നും അതിൽ കുറ്റബോധമുണ്ട്’; കിച്ചു സുധി

ഒറ്റയടിക്കാണ് തനിക്ക് ജീവിതത്തിൽ തിരിച്ചറിവുകളുണ്ടായതെന്ന് അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ മകൻ കിച്ചു സുധി (രാഹുൽ ദാസ്). അച്ഛൻ തനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിരുന്നുവെന്നും എന്നാൽ തിരിച്ച് അച്ഛനെ സന്തോഷിപ്പിക്കാൻ തനിക്ക് ഒരു കാര്യം പോലും ചെയ്യാൻ സാധിച്ചില്ലെന്നും കിച്ചു പറയുന്നു.

മച്ചാൻസ് വ്ലോ​ഗ് എന്ന പോഡ്കാസ്റ്റിൽ ആണ് തന്റെ ജീവിതത്തിലെ വിഷമങ്ങളെക്കുറിച്ച് കിച്ചു പറഞ്ഞത്. “അച്ഛനുമായി ഞാനൊരു തവണ വഴക്ക് ആയിരുന്നു. എനിക്ക് വേണ്ടി ഇത്രയും കാര്യങ്ങൾ ചെയ്തു. തിരിച്ച് അച്ഛനെ സന്തോഷിപ്പിക്കാൻ ഒരു കാര്യം പോലും എനിക്ക് ചെയ്ത് കൊടുക്കാൻ പറ്റിയിട്ടില്ല. എനിക്ക് വേണ്ടത് ഇത്ര വരെ എനിക്ക് ചെയ്ത് തന്നു.

പക്ഷേ ഞാൻ അന്ന് അതുപോലും മനസിലാക്കിയെടുത്തില്ല. അതൊക്കെ എനിക്കിപ്പോഴും വലിയ കുറ്റബോധമായി മനസിൽ കിടപ്പുണ്ട്. അച്ഛൻ മദ്യപിച്ച് വന്നപ്പോൾ അങ്ങോട്ടുമിങ്ങോട്ടും സംസാരമായി. വലിയ കുഴപ്പമൊന്നുമില്ലായിരുന്നു. പരമാവധി നിയന്ത്രിച്ച് വയ്ക്കുമായിരുന്നു ഞാൻ. ഞാൻ ഭയങ്കരമായി കൺട്രോൾ ചെയ്ത് നിർത്തും.

കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല, ഇല്ലാത്തപ്പോഴാണ് വില അറിയുന്നത് എന്ന് പറയില്ലേ. അങ്ങനെ വന്നൊരു ആളാണ് ഞാൻ. എനിക്ക് അറിയില്ലായിരുന്നു അത്. ഒറ്റയടിക്ക് ആണ് എനിക്ക് ഇതെല്ലാം മനസിലാകുന്നത്. എപ്പോഴും നമ്മൾ ഒറ്റയ്ക്ക് ആയിരിക്കും.

എപ്പോഴും ഒരാൾ നിങ്ങളുടെ കൂടെ ഉണ്ടാകണമെന്നില്ല. ഞാൻ അങ്ങനെയൊരാളാണ്. എനിക്ക് പുറത്തേക്ക് ഒന്ന് പോകണമെങ്കിൽ ഒരു കൂട്ടുകാരനെങ്കിലും എന്റെ കൂടെ വേണം. അതാണിപ്പോൾ എനിക്ക് മാറ്റിയെടുക്കേണ്ടത്. ഒരു കാര്യവും ഒറ്റയ്ക്ക് എനിക്ക് ചെയ്യാൻ പറ്റത്തില്ല”.- കിച്ചു സുധി പറഞ്ഞു.

കോഴിക്കോട് കോർപ്പറേഷനിലെ സ്വാതന്ത്ര്യദിന വിവാദം: ബിജെപി കൗൺസിലർ നവ്യ ഹരിദാസിന്റെ മൊഴിയെടുത്ത് പൊലീസ്

കോഴിക്കോട് കോർപ്പറേഷനിലെ സ്വാതന്ത്ര്യദിന വിവാദം: ബിജെപി കൗൺസിലർ നവ്യ ഹരിദാസിന്റെ മൊഴിയെടുത്ത് പൊലീസ്

കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ കോഴിക്കോട് കോർപ്പറേഷൻ ഓഫീസിൽ ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ചതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളിൽ പ്രാഥമികാന്വേഷണം ആരംഭിച്ച് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി കൗൺസിലർ നവ്യ ഹരിദാസിന്റെ വസതിയിലെത്തി കോഴിക്കോട് ടൗൺ പൊലീസ് സംഘം മൊഴി രേഖപ്പെടുത്തി.

കോർപ്പറേഷൻ ഓഫീസിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിനിടെയാണ് വിവാദ സംഭവങ്ങളുടെ തുടക്കം. മേയർ ഒ. സദാശിവനും മറ്റ് കൗൺസിലർമാരും ചേർന്ന് ദേശീയഗാനമായ ‘ജനഗണമന’ ആലപിക്കാൻ തുടങ്ങിയ അതേ നിമിഷം തന്നെ ബിജെപിയുടെ 13 കൗൺസിലർമാർ ചേർന്ന് ‘വന്ദേമാതരം’ ആലപിക്കുകയായിരുന്നു. ഒരേസമയം രണ്ട് ഗാനങ്ങളും ഒരുമിച്ച് ആലപിച്ചത് വേദിയിൽ വലിയ ആശയക്കുഴപ്പത്തിനും ബഹളത്തിനും വഴിവെച്ചു. ദേശീയഗാനം പൂർത്തിയാക്കിയ ശേഷം മേയറും ഭരണസമിതി അംഗങ്ങളും വേദിയിൽ നിന്ന് മടങ്ങിയപ്പോൾ, ബിജെപി കൗൺസിലർമാർ അവിടെത്തന്നെ നിന്ന് വന്ദേമാതരം പൂർണ്ണമായി ആലപിച്ച ശേഷമാണ് പിരിഞ്ഞുപോയത്.

സംഭവത്തിൽ ബിജെപി കൗൺസിലർമാർ മനഃപൂർവ്വം തടസ്സമുണ്ടാക്കുകയും ദേശീയഗാനത്തെ അനാദരിക്കുകയും ചെയ്തതായി കാണിച്ച് ഡിവൈഎഫ്ഐയും യുഡിഎഫ് കൗൺസിലർമാരും പൊലീസിൽ പരാതി നൽകി. അതേസമയം, വന്ദേമാതരം ആലപിക്കുന്നതിനിടെ മേയറും ഭരണസമിതിയും അനാദരവ് കാട്ടി വേദി വിട്ടുപോയെന്ന് ആരോപിച്ച് ബിജെപി പ്രതിനിധികൾ മറ്റൊരുപരാതിയും സമർപ്പിച്ചു. ഇരുവിഭാഗവും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ടൗൺ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

എണ്ണവില 90 ഡോളറിലേക്ക്, സെന്‍സെക്‌സ് 300 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും നഷ്ടം

എണ്ണവില 90 ഡോളറിലേക്ക്, സെന്‍സെക്‌സ് 300 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും നഷ്ടം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 300 പോയിന്റിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. നിലവില്‍ 78,000 പോയിന്റില്‍ താഴെയാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,300ലേക്കാണ് താഴ്ന്നത്.
കഴിഞ്ഞയാഴ്ച ഓഹരി വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇത് തുടരുന്ന കാഴ്ചയാണ് ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ കണ്ടത്. എണ്ണവില ഉയര്‍ന്നത് അടക്കമുള്ള ഘടകങ്ങളാണ് വിപണിയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 90 ഡോളറിലേക്ക് അടുക്കുകയാണ്.

അമേരിക്ക- ഇറാന്‍ സമാധാന കരാറിനുള്ള സാധ്യത മങ്ങുന്നത് അടക്കമുള്ള വിഷയങ്ങളാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. എണ്ണവില വര്‍ധന രൂപയുടെ മൂല്യത്തെയും ബാധിച്ചു. ഡോളറിനെതിരെ 17 പൈസയുടെ നഷ്ടത്തോടെ 95.59ലേക്കാണ് രൂപ ഇടിഞ്ഞത്. പ്രധാനമായി ഭാരതി എയര്‍ടെല്‍, റിലയന്‍സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് നഷ്ടം നേരിട്ടത്. എച്ച്ഡിഎഫ്‌സി ലൈഫ്, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി ഓഹരികള്‍ നേട്ടം സ്വന്തമാക്കി.

മൂന്നാറിന്റെ ക്രമസമാധാനത്തിന് ഇനി പെൺകരുത്ത്; ചരിത്രത്തിലാദ്യമായി വനിതാ എസ്എച്ച്ഒ

മൂന്നാറിന്റെ ക്രമസമാധാനത്തിന് ഇനി പെൺകരുത്ത്; ചരിത്രത്തിലാദ്യമായി വനിതാ എസ്എച്ച്ഒ

മൂന്നാർ: രാജ്യാന്തര വിനോദസഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച മൂന്നാറിന്റെ ക്രമസമാധാന പരിപാലനത്തിന് ഇനി വനിതാ നേതൃത്വം. ചരിത്രത്തിലാദ്യമായി മൂന്നാർ പൊലീസ് സ്റ്റേഷന്റെ സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതലയിലേക്ക് ഒരു വനിതാ ഉദ്യോഗസ്ഥ നിയമിതയായി. ഇടുക്കി കട്ടപ്പന നരിയംപാറ സ്വദേശിനിയായ കൃഷ്ണപ്രിയ ഉണ്ണിയാണ് (28) മൂന്നാറിന്റെ പുതിയ എസ്എച്ച്ഒ ആയി ചുമതലയേറ്റത്.

2024 ബാച്ച് സബ് ഇൻസ്പെക്ടറായ കൃഷ്ണപ്രിയയെ സംബന്ധിച്ചിടത്തോളം ഔദ്യോഗിക ജീവിതത്തിലെ അതിപ്രധാനമായ നാഴികക്കല്ലാണിത്. പരിശീലനത്തിന് ശേഷം കണ്ണൂരിൽ സേവനമനുഷ്ഠിക്കുന്നതിനിടെയാണ് മൂന്നാർ സ്റ്റേഷനിലേക്ക് എത്തുന്നത്. തുടർന്ന് നിലവിലെ പ്രിൻസിപ്പൽ എസ്ഐ സ്ഥലം മാറിപ്പോയതോടെ സ്റ്റേഷന്റെ പൂർണ്ണ ചുമതല കൃഷ്ണപ്രിയക്ക് കൈവരുകയായിരുന്നു.

ദിവസേന പതിനായിരക്കണക്കിന് വിദേശ-സ്വദേശി സഞ്ചാരികൾ എത്തുന്ന മൂന്നാറിലെ ക്രമസമാധാന പരിപാലനം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കൽ, ഗതാഗതക്കുരുക്ക് നിയന്ത്രിക്കൽ, കുറ്റകൃത്യങ്ങൾ തടയൽ തുടങ്ങി നിരവധി സങ്കീർണ്ണമായ ഉത്തരവാദിത്തങ്ങളാണ് പുതിയ എസ്.എച്ച്.ഒയെ കാത്തിരിക്കുന്നത്. സ്വന്തം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര മേഖലയുടെ സുരക്ഷാ ചുമതല കൃത്യമായി നിർവ്വഹിക്കാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇടുക്കിയുടെ ഈ പെൺകരുത്ത്. നരിയംപാറ പഴയങ്ങാടി സ്വദേശികളായ എം.പി. ഉണ്ണി-സുമ ദമ്പതികളുടെ മകളാണ് കൃഷ്ണപ്രിയ. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായ അനന്ദുദാസാണ് ഭർത്താവ്.