by Midhun HP News | Aug 13, 2026 | Latest News, സിനിമ
ഷൂട്ടിങ്ങിനിടെ സംവിധായകനും നടനുമായ എംഎ നിഷാദിന് പരിക്ക്. ഊട്ടി വില്ല്യം ആന്റ് കേറ്റിറന്റ് ബാനറിൽ സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഊട്ടി ഷെഡ്യൂളിൽ ചിത്രീകരണത്തിനിടയിലാണ് നിഷാദിന് പരിക്കേറ്റത്. സെറ്റിലെ പലക പാളികളിലൊന്ന് തകർന്ന് കാൽ കുടുങ്ങിയാണ് നിഷാദിന് പരിക്ക് പറ്റിയത്. നിഷാദിന്റെ കയ്യിലും കാലുകളിലും ക്ഷതമേറ്റു. അപകടം നടന്നയുടൻ തന്നെ അദ്ദേഹത്തെ കുണൂർ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഖുശ്ബു, ഷഹീൻ സിദ്ദിഖ്, മഞ്ജു സുഭാഷ് എന്നിവർ പങ്കെടുത്ത രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. എം എ നിഷാദ് ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നത്.


by Midhun HP News | Aug 13, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് തേമ്പ്ര വീട്ടിൽ ജി. ഗോപാലകൃഷ്ണ പിള്ള (73) (കെ.എസ്.എസ് .പി ബ്ലോക്ക് സെക്രട്ടറി) അന്തരിച്ചു.
ഭാര്യ: ജയ (മുൻ മാനേജർ, കേരളാ ബാങ്ക്).
മക്കൾ: ജെ അനു, ജെ മിനു.
മരുമക്കൾ: രഞ്ജിത്, രതീഷ്.
സംസ്കാരം: (13/08/2026, വ്യാഴാഴ്ച) വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ
by Midhun HP News | Aug 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സാധ്യതാ പട്ടികയില്‍ മൂന്ന് പേരുകള്‍ മാത്രം. മുന്‍ യുഡിഎഫ് കണ്‍വീനറും എംപിയുമായ ബെന്നി ബെഹനാന്‍, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും എംപിയുമായ ഷാഫി പറമ്പില്‍, സംസ്ഥാന വൈസ് പ്രസിഡന്റും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍ എന്നിവരാണ് മുന്നിലുള്ളത്.
തന്റെ രണ്ട് അടുത്ത അനുയായികളായ ഷാഫിയും കുഴല്‍നാടനും സാധ്യതാ പട്ടികയിലുള്ളതിനാല്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ് അദ്ദേഹം. അതേസമയം, പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതില്‍ മുഖ്യമന്ത്രി വിഡി സതീശന്റെ അഭിപ്രായം നിര്‍ണായകമാകും.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെയും മത സംഘടനയുടെയും പിന്തുണയുണ്ടായിരുന്നിട്ടും കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എന്നീ മൂന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എംപിമാര്‍ മത്സരരംഗത്തുനിന്ന് പുറത്തായി. ലോക്‌സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പായ കൊടിക്കുന്നിലിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും സതീശന്റെയും പിന്തുണയുണ്ടായിരുന്നു. ആന്റോ ആന്റണിക്ക് പ്രിയങ്കാ ഗാന്ധിയുടെയും, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന് ശിവഗിരി മഠത്തിന്റെയും പിന്തുണയാണുണ്ടായിരുന്നത്. കഴിഞ്ഞ തവണ സണ്ണി ജോസഫിനോടാണ് ആന്റോ ആന്റണി പരാജയപ്പെട്ടത്.
എല്ലാ സ്ഥാനാര്‍ഥികളും ഡല്‍ഹിയിലെത്തി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും സന്ദര്‍ശിക്കുന്നുണ്ട്. സംഘടനയില്‍ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായി പുതിയ സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ മികച്ച ഏകോപനം ലക്ഷ്യമിട്ടാണ് പുതിയ നിയമനം. കെപിസിസി അധ്യക്ഷനായുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രി വിഡി സതീശനുമായി ആലോചിച്ച് ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് കൈക്കൊള്ളുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
മന്ത്രിസഭയില്‍ അംഗമായതിനെത്തുടര്‍ന്ന് നിലവിലെ അധ്യക്ഷന്‍ സണ്ണി ജോസഫ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് പുതിയ അധ്യക്ഷനായുള്ള അന്വേഷണം ആരംഭിച്ചത്. പരിഗണനയിലുള്ള നേതാക്കളില്‍, യുഡിഎഫ് മുന്‍ കണ്‍വീനര്‍ എന്ന നിലയിലും മുന്നണി ഏകോപനം ഭംഗിയായി നിര്‍വഹിച്ചതിലും ബെന്നി ബെഹനാന് വലിയ സംഘടനാ പരിചയമുണ്ട്. എല്ലാ വിഭാഗം നേതാക്കളുടെയും വിശ്വാസ്യത ആര്‍ജിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെ മിക്ക മന്ത്രിമാരും ആദ്യമായി മന്ത്രിമാരായവരാണെന്നിരിക്കെ, സര്‍ക്കാരുമായി കാര്യക്ഷമമായി ഏകോപനം നടത്താന്‍ പരിചയസമ്പന്നനായ ഒരാളായിരിക്കും നല്ലതെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ കരുതുന്നു.
പാര്‍ട്ടിക്കുള്ളിലും പൊതുജനങ്ങള്‍ക്കിടയിലും വലിയ ജനപ്രീതിയുള്ള ഷാഫി പറമ്പിലും ശക്തനായ ഒരു സ്ഥാനാര്‍ഥിയാണ്. രാഹുല്‍ ഗാന്ധിയുമായുള്ള മാത്യു കുഴല്‍നാടന്റെ അടുപ്പവും അനുകൂല ഘടകമായി കണക്കാക്കപ്പെടുന്നു. എങ്കിലും, ഇരുവരുടെയും താരതമ്യേനയുള്ള ചെറുപ്രായം അവര്‍ക്ക് അനുകൂലമായോ പ്രതികൂലമായോ മാറാം. അതേസമയം, കോണ്‍ഗ്രസിലെ സംഭവവികാസങ്ങള്‍ ശക്തമായ സ്വാധീനമുള്ള കത്തോലിക്കാ സഭയും നിരീക്ഷിച്ചുവരികയാണ്. സഭ ശക്തമായ നിലപാട് എടുത്തതിനെത്തുടര്‍ന്നാണ് സണ്ണി ജോസഫിനെ മുന്‍പ് കെപിസിസി അധ്യക്ഷനായി നിയമിച്ചത്.


by Midhun HP News | Aug 13, 2026 | Latest News, കേരളം
കൊച്ചി: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസില്‍ യാത്ര ചെയ്ത അഞ്ച് പുരുഷന്‍മാര്‍ക്ക് സീറോ ടിക്കറ്റ് നല്‍കി തുക വെട്ടിച്ച കണ്ടക്ടറെ പരിശോധന നടത്തിയ ഇന്‍സ്‌പെക്ടര്‍ പിടികൂടി. പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്ന് മൂവാറ്റുപുഴ- ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ വിജയന് എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത അധികൃതര്‍ വിജിലന്‍സ് വിഭാഗത്തിന് റിപ്പോര്‍ട്ട് നല്‍കി.
വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്റ്റോപ്പില്‍ ഇറങ്ങിയ രണ്ട് പുരുഷന്‍മാരുടെ ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ പ്രിയേഷ് പോള്‍ പരിശോധിച്ചപ്പോള്‍ രണ്ടും സീറോ ടിക്കറ്റായിരുന്നു. യാത്രക്കാര്‍ ടിക്കറ്റ് ചാര്‍ജ് നല്‍കിയതായി വെളിപ്പെടുത്തി. തുടര്‍ന്ന് ബസിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് മൂന്ന് പുരുഷയാത്രക്കാര്‍ക്ക് കൂടി സീറോ ടിക്കറ്റ് നല്‍കിയതായി കണ്ടെത്തിയത്. ഇവരും കണ്ടക്ടര്‍ക്ക് പണം നല്‍കിയതായി അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
by Midhun HP News | Aug 13, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്നും നാളെയും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
ഇന്ന് കണ്ണൂരിലും കാസര്‍കോടുമാണ് ശക്തമായ മഴ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഇന്ന് നേരിയതും ഇടത്തരവുമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്.
വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ച നീണ്ട കനത്തമഴയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ദുര്‍ബലമായിരുന്നു.
കള്ളക്കടൽ ജാഗ്രത നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാവിലെ 05.30 വരെ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് രാവിലെ 05.30 വരെ 1.3 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
by Midhun HP News | Aug 12, 2026 | Latest News, കേരളം
പൊയിനാച്ചി: മാലിന്യ ശേഖരണത്തിനിടെ കളഞ്ഞുകിട്ടിയ രണ്ടു പവൻ സ്വർണമാലയും 30,170 രൂപയും ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി പള്ളിക്കര പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾ നാടിന് മാതൃകയായി. പഞ്ചായത്തിലെ 10, 11 വാർഡുകളിലെ ഹരിതസേന പ്രവർത്തകരായ കമല, എൻ. മമത എന്നിവരാണ് സത്യസന്ധത ഉയർത്തിപ്പിടിച്ച് കൈയ്യടി നേടിയത്.
കരിച്ചേരിയിലെ പറമ്പിലെ കൃഷ്ണന്റെ വീട്ടിൽ നിന്ന് മാലിന്യം ശേഖരിച്ച് തരംതിരിക്കുന്നതിനിടയിലാണ് ഇവർക്ക് ഒരു പഴയ സഞ്ചി ലഭിക്കുന്നത്. സംശയം തോന്നി തുറന്നുനോക്കിയപ്പോഴാണ് കടലാസിൽ പൊതിഞ്ഞ നിലയിൽ രണ്ട് പവന്റെ സ്വർണമാലയും മറ്റൊരു കടലാസിൽ സൂക്ഷിച്ച 30,170 രൂപയും കണ്ടെത്തിയത്.
കൃഷ്ണന്റെ അടുത്തിടെ അന്തരിച്ച ഭാര്യ ശാന്ത ഉപയോഗിച്ചിരുന്ന പഴയ സഞ്ചിയായിരുന്നു ഇത്. ചീർപ്പും പൗഡറും അടങ്ങിയ ഈ സഞ്ചിയിൽ സ്വർണവും പണവും ഉള്ളത് അറിയാതെ വീട്ടുകാർ മാലിന്യത്തിനൊപ്പം പുറത്തേക്ക് കളയുകയായിരുന്നു. സ്വർണവും പണവും കണ്ടുകിട്ടിയ ഉടൻ തന്നെ ഇരുവരും ഗൃഹനാഥനായ കൃഷ്ണനെ നേരിൽക്കണ്ട് സാധനങ്ങൾ ഏൽപ്പിച്ചു. നാടിനാകെ മാതൃകയായ ഹരിതകർമസേനാംഗങ്ങളുടെ നല്ല മനസ്സിനെ നാട്ടുകാരും പള്ളിക്കര പഞ്ചായത്ത് അധികൃതരും അഭിനന്ദിച്ചു.


Recent Comments