by Midhun HP News | Jun 7, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലെ ഏഴു ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ അറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
ശേഷിക്കുന്ന ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. നാളെ വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 km വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള -ലക്ഷദീപ് – കര്‍ണാടക തീരങ്ങളില്‍ ജൂണ്‍ 09 ( ചൊവ്വാഴ്ച) വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
09/06/2026 വരെ: കേരള -ലക്ഷദീപ് – കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രത നിര്‍ദേശം
സോമാലിയ തീരം, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിന് സാധ്യത.
തെക്കന്‍ മഹാരാഷ്ട്ര, ഗോവ, മധ്യ കിഴക്കന്‍ അറബിക്കടല്‍, തെക്ക് കിഴക്കന്‍ അറബിക്കടല്‍, മാലിദ്വീപ് പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി പ്രദേശം, തമിഴ്നാട് തീരം, ശ്രീലങ്കന്‍ തീരം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

by Midhun HP News | Jun 7, 2026 | Latest News, കേരളം
തിരുവനന്തപുരം: അന്തരിച്ച സിനിമാ താരം സലിം കുമാറിന് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയെ മാത്രമല്ല, തനിക്ക് ഒരു കൂടപ്പിറപ്പിനെ കൂടിയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്‍പ്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാളാണ് സലിംകുമാറെന്നും മുഖ്യമന്ത്രി അനുസിമരിച്ചു.
ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലും വഴികളിലും സലിം കുമാര്‍ ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോള്‍ മറുഭാഗത്ത് കണ്ണിരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലിം കുമാര്‍. മുഖ്യമന്ത്രി വിഡി സതീശന്‍ അനുസ്മരിച്ചു.
മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
‘ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാര്‍. അയാളും ഞാനും തമ്മില്‍ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്. എന്റെ നാടിന്റെ അഭിമാനമായൊരാള്‍. എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാള്‍. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്‍പ്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാള്‍. ഞാന്‍ കോണ്‍ഗ്രസുകാരനാണെന്ന് പറയാന്‍ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരന്‍. എന്റെ തിരഞ്ഞൈടുപ്പുകളില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാര്‍, പാര്‍ട്ടിയുടെ വിജയങ്ങളില്‍ അത്രമേല്‍ സന്തോഷിച്ച കൂടപിറപ്പ്.
ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലും വഴികളിലും സലിം കുമാര്‍ ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോള്‍ മറുഭാഗത്ത് കണ്ണിരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലിം കുമാര്‍. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും എനിക്ക് എന്റെ കൂടെപിറപ്പിനെയും നഷ്ടമായി. സലിം കുമാറിന് വിട.’

by Midhun HP News | Jun 7, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയാണ് വര്‍ധിപ്പിച്ചത്. സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍ 14.2 കിലോ സിലിണ്ടറിന്റെ വില 951 രൂപ കടന്നു.
മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. വിലവർധന ഇന്നുമുതൽ നിലവിൽ വരും. മാർച്ചിൽ പാചകവാതകത്തിന് 60 രൂപ കൂട്ടിയിരുന്നു. പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽനിന്ന് 942 രൂപയായി വർധിച്ചു. ജൂണിൽ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി വിലയിൽ 42 രൂപയുടെ വർധന വരുത്തിയിരുന്നു.

by Midhun HP News | Jun 7, 2026 | Latest News, കേരളം
കൊച്ചി: സലിം കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വിതുമ്പി മലയാള സിനിമാ- സാംസ്‌കാരിക ലോകം. അന്തരിച്ച സലിം കുമാറിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. സംസ്‌കാരം ഇന്നു വൈകിട്ട് മൂന്നുമണിക്ക് പറവൂരിലെ വീട്ടുവളപ്പില്‍ നടക്കും. ഇന്നു രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. മുഖ്യമന്ത്രി വി ഡി സതീശന്‍ പറവൂരിലെത്തി അന്ത്യോപചാരമര്‍പ്പിക്കും.
രാവിലെ എട്ടു മണിയോടെ കൊച്ചിയിലെ ആശുപത്രിയില്‍ നിന്നും സലിംകുമാരിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. തുടര്‍ന്നാണ് പറവൂര്‍ ടൗണ്‍ഹാളില്‍ ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി പൊതുദര്‍ശനത്തിന് വെയ്ക്കുക. സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍ ഒന്നും പാടില്ലെന്നതായിരുന്നു സലിംകുമാറിന്റെ നിലപാട്. വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിക്കണമെന്നും സലിംകുമാര്‍ വീട്ടുകാരോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
ഇന്നലെ രാത്രി 10.43 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ, പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത നടനാണ് വിട വാങ്ങിയത്. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
എറണാകുളം ചിറ്റാറ്റുകരയില്‍ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബര്‍ 10 നായിരുന്നു സലിം കുമാറിന്റെ ജനനം. പേരു കേട്ടാല്‍ മതം തിരിച്ചറിയേണ്ട എന്നു കരുതി അച്ഛനാണ് സലിം എന്ന പേരിട്ടത്. സ്‌കൂളില്‍ ചെന്നപ്പോള്‍ അധ്യാപികയുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് സലിമിനൊപ്പം കുമാര്‍ കൂട്ടിചേര്‍ത്തത്. മാല്യങ്കര എസ്എന്‍എം കോളജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലായിരുന്നു ഡിഗ്രി പഠനം. സ്‌കൂള്‍ കാലഘട്ടത്തില്‍ മിമിക്രി അവതരിപ്പിച്ചു തുടങ്ങിയെങ്കിലും കോളജില്‍ പഠിക്കുമ്പോഴാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.
‘ഇഷ്ടമാണ് നൂറുവട്ടം’ ആണ് സലിം കുമാറിന്റെ ആദ്യസിനിമ. ഇതുവരെ തമിഴ് ചിത്രങ്ങളിലും ബംഗാളി ചിത്രത്തിലുമുൾപ്പെടെ മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടി. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2013 ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം നേടി. കറുത്ത ജൂതൻ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്കാരത്തിന് അർഹനായി.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ കറുത്ത ജൂതൻ ഉൾപ്പെടെ മൂന്ന് സിനിമകൾ സലിംകുമാർ സംവിധാനം ചെയ്തു. കറുത്ത ജൂതന് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. കറുത്ത ജൂതൻ്റെ കഥയും തിരക്കഥയും നിർവ്വഹിച്ചത് സലിംകുമാറായിരുന്നു. 2018-ൽ ജയറാമിനെ നായകനാക്കി ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രവും സലിം കുമാർ സംവിധാനം ചെയ്തു. കംപാർട്ട്മെന്റ് ആണ് മൂന്നാമത്തെ സിനിമ. ‘ഈശ്വരാ വഴക്കില്ലല്ലോ’ എന്ന പേരിൽ ഓർമക്കുറിപ്പുകൾ എഴുതിയിട്ടുണ്ട്. സുനിതയാണ് ഭാര്യ. നടൻ ചന്തു, ആരോമൽ എന്നിവർ മക്കളാണ്.

by Midhun HP News | Jun 6, 2026 | Latest News, സിനിമ
കൊച്ചി: നടൻ സലിം കുമാർ അന്തരിച്ചു. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന തുടരുന്നുണ്ടായിരുന്നു. രാത്രിയോടെയാണ് മരണം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നടൻ ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം കടുത്ത വെല്ലുവിളികൾ നേരിട്ടിരുന്നു.
തനിക്ക് ലിവര്‍ സിറോസിസ് എന്ന രോഗം വന്നത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി കിട്ടിയ അസുഖമായിരുന്നുവെന്നും ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരു ചായ പോലും കുടിക്കാത്ത തന്റെ സഹോദരനും ഇതേ അസുഖമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
രോഗാവസ്ഥയിലായിരുന്ന കാലയളവിൽ വ്യാജ വൈദ്യന്മാരുടെ ചികിത്സകൾ തേടേണ്ടി വന്നതും, അത് ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കിയതും താരം തന്നെ മുൻപ് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ആ കാലഘട്ടത്തിൽ കടുത്ത ഒറ്റപ്പെടലും പ്രതിസന്ധികളും താൻ നേരിട്ടിട്ടുണ്ടെന്നും സലിംകുമാർ നേരത്തെ പങ്കുവെച്ചിരുന്നു.
by Midhun HP News | Jun 6, 2026 | Latest News, കായികം
മുംബൈ: അയർലൻഡ്, ഇംഗ്ലണ്ട് ടി20 പര്യടനങ്ങൾക്കും ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു. ടി20 ഫോർമാറ്റിൽ ഇന്ത്യൻ ടീമിനെ ഇനി ശ്രേയസ് അയ്യർ നയിക്കും. സൂര്യകുമാർ യാദവിന് പകരക്കാരനായാണ് ശ്രേയസ് അയ്യർ ടീമിനെ നയിക്കാൻ എത്തുന്നത്.
മുംബൈയിൽ മുഖ്യ സെലക്ടർ അജിത് അഗാർക്കാരുടെ നേതൃത്വത്തിൽ ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് പുതിയ നായകനെ തീരുമാനിച്ചത്. തിലക് വർമയാണ് വൈസ് ക്യാപ്റ്റൻ. ഐപിഎല്ലിലെ വെടിക്കെട്ട് പ്രകടനത്തിലൂടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയും ടീമിൽ ഇടം നേടിയിട്ടുണ്ട്. സഞ്ജു സാംസനെയും ഇഷാൻ കിഷനെയും ടീമിൽ വിക്കറ്റ് കീപ്പർമാരായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സെലക്ഷൻ കമ്മിറ്റി യോഗത്തിന് മുൻപ് തന്നെ ബിസിസിഐയുടെ അപെക്സ് കൗൺസിൽ ഓൺലൈൻ വഴി മീറ്റിംഗ് നടത്തിയിരുന്നു. ഈ യോഗത്തിൽ പുതിയ ക്യാപ്‌റ്റനെക്കുറിച്ചുള്ള ചർച്ചകൾ അനൗദ്യോഗികമായി നടന്നെന്നാണ് സൂചന. ഒടുവിൽ ശ്രേയസ് അയ്യരുടെ പേരിലേക്ക് കൗൺസിൽ അംഗങ്ങൾ എത്തുക ആയിരുന്നു.
സഞ്ജു സാംസണിനെ ടീമിന്റെ നായകനാക്കാൻ അതിനിടെ കോച്ച് ഗൗതം ഗംഭീർ താത്പര്യം എടുത്തതായി നേരത്തെ വിവരമുണ്ടായിരുന്നു. എന്നാൽ അജിത് അഗാർക്കാർ അടക്കമുള്ള സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങൾക്ക് ഗംഭീറിന്റെ അഭിപ്രായത്തോട് യോജിപ്പില്ലായിരുന്നു.
സ്ഥിരതയാർന്ന പ്രകടനമല്ല സഞ്ജുവിന്റേത് എന്നും ദീർഘകാല നായകസ്ഥാനത്തിന് ഇപ്പോൾ പരിഗണിക്കാൻ സമയം ആയിട്ടില്ലെന്നുമാണ് മുഖ്യ സെക്ടർ അജിത് അഗാർക്കർ അടക്കമുള്ളവരുടെ അഭിപ്രായം. ഇതാണ് ശ്രേയസിനു കാര്യങ്ങൾ സുഗമമാക്കിയത്.അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടി20 ടീമിൽ പുതുമുഖങ്ങളായി വൈഭവ് സൂര്യവംശിയും പ്രിൻസ് യാദവും ഇടം നേടി. ഇരുവരും ഇന്ത്യയുടെ സീനിയർ പുരുഷ ടി20 ടീമിലേക്ക് ആദ്യമായാണ് തെരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ എഷ്യൻ ഗെയിംസ് 2026-നുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പ്രിൻസ് യാദവിന് ഇടമില്ല. പകരം ജസ്പ്രിത് ബുംറയെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടി20 ടീം
ശ്രേയസ് അയ്യർ (നായകൻ),അഭിഷേക് ശർമ,സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ),ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ),വൈഭവ് സൂര്യവംശി,ശിവം ദുബെ,തിലക് വർമ,നിതീഷ് റെഡ്ഡി,അക്ഷർ പട്ടേൽ,വാഷിങ്ടൺ സുന്ദർ,വരുണ്‍ ചക്രവർത്തി,രവി ബിഷ്‌ണോയ്,മുഹമ്മദ് സിറാജ്,ഹർഷിത് റാണ,അർഷ്ദീപ് സിങ്,പ്രിൻസ് യാദവ്
എഷ്യൻ ഗെയിംസ് 2026-നുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം
ശ്രേയസ് അയ്യർ (നായകൻ),അഭിഷേക് ശർമ,സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ),ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ),വൈഭവ് സൂര്യവംശി,ശിവം ദുബെ,തിലക് വർമ,നിതീഷ് റെഡ്ഡി,അക്ഷർ പട്ടേൽ,വാഷിങ്ടൺ സുന്ദർ,വരുണ്‍ ചക്രവർത്തി,രവി ബിഷ്‌ണോയ്,മുഹമ്മദ് സിറാജ്,ഹർഷിത് റാണ,അർഷ്ദീപ് സിങ്, ജസ്പ്രിത് ബുംറ
Recent Comments