by Midhun HP News | Feb 16, 2026 | Latest News, ജില്ലാ വാർത്ത, സിനിമ
തനിക്ക് കുറേനാളുകളായി ഗന്ധം കിട്ടിയിരുന്നില്ലെന്ന് മമ്മൂട്ടി. ഇപ്പോള്‍ ഗന്ധം തിരിച്ചറിയാന്‍ തുടങ്ങിയതായും മമ്മൂട്ടി പറയുന്നുണ്ട്. കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന്റെ വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. അസുഖബാധിതനായി ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയ്യടുത്താണ് രോഗമുക്തി നേടി തിരികെ വന്നത്.
”ഞാന്‍ ഷൂട്ടിങ്ങിനിടെ ഒരാള്‍ക്ക് കാതില്‍ വെക്കാന്‍ ഒരു ശ്രവണ സഹായി വാങ്ങിച്ചു കൊടുത്തിരുന്നു. അയാളത് കുറച്ചുനേരം വച്ചിട്ട് എടുത്തെറിഞ്ഞു കളഞ്ഞു. കാരണം ശബ്ദം എന്ന് പറയുന്ന അനുഭവം അയാള്‍ക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. ഒരു ഭീകരാവസ്ഥയിലേക്ക് അയാള്‍ പോയി. അയാള്‍ പിന്നീടൊരിക്കലും ശ്രവണ സഹായി ഉപയോഗിച്ചിട്ടില്ല.” മമ്മൂട്ടി പറയുന്നു.
”കാഴ്ചയും കേള്‍വിയുമാണ് മനുഷ്യന് ഏറ്റവും കൂടുതല്‍ ആവശ്യം. ശ്വാസം വലിക്കുകയും വേണം. മണമില്ലെങ്കിലും ശ്വാസം വലിക്കാം. കുറേ കാലത്തേക്ക് എനിക്ക് ഇതൊന്നും ഇല്ലായിരുന്നു. ഇപ്പോള്‍ കുറച്ചായി കിട്ടിത്തുടങ്ങിയിട്ടുണ്ട്” എന്നാണ് മമ്മൂട്ടി പറയുന്നത്.
ചത്താ പച്ചയിലെ അതിഥി വേഷത്തിലാണ് മമ്മൂട്ടിയെ ഒടുവിലായി സ്ക്രീനില്‍ കണ്ടത്. പേട്രിയറ്റ് ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. മഹേഷ് നാരായണന് ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നയന്‍താര, കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ഏപ്രില്‍ 23 നാണ് സിനിമയുടെ റിലീസ്.


by Midhun HP News | Feb 16, 2026 | Latest News, കേരളം
നിര്‍മാതാവ് ഷംനാസുമായി ചര്‍ച്ചയ്ക്കില്ലെന്ന് നടന് നിവിന്‍ പോളി. ആക്ഷന്‍ ഹീറോ ബിജുവിന്റെ ടൈറ്റിലുമായി ബന്ധപ്പെട്ട കേസിലാണ് ചര്‍ച്ചയ്ക്ക് താല്പര്യമില്ലെന്ന് നിവിന്‍ പോളി കോടതിയെ അറിയിച്ചിരിക്കുന്നത്. വഞ്ചനാക്കുറ്റം ചുമത്തിയ കേസാണെന്നും അതിനാല്‍ ചര്‍ച്ച നടത്തുന്നത് നിയമവിരുദ്ധമാണെന്നുമാണ് നിവിന്‍ പോളി ഹൈക്കോടതിയെ അറിയിച്ചത്. ചര്‍ച്ചയ്ക്കില്ലെന്ന് ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥനേയും അറിയിക്കും.
നിവിന്‍ പോളി നായകനായി, എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. ഈ സിനിമയുടെ രണ്ടാം ഭാഗമായിരുന്നു ആക്ഷന്‍ ഹീറോ ബിജു 2. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങിയ ശേഷം നിര്‍ത്തിവെക്കുകയായിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ അവകാശം സ്വന്തമാക്കാന്‍ ഷംനാസ് തന്റെ വ്യാജ ഒപ്പ് ചമച്ചുവെന്നാണ് നിവിന്‍ പോളിയുടെ പരാതി.

നിവിന്‍ പോളിയ്ക്കും ഷംനാസിനും പുറമെ സംവിധായകന് എബ്രിഡ് ഷൈനും ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാ അവകാശങ്ങളും നിവിന്‍ പോളിയുടെ നിര്‍മാണക്കമ്പനിയുടെ പേരിലായിരുന്നു. എന്നാല്‍ ഷംനാസ് ഇത് മറച്ചുവച്ച് ഫിലിം ചേംബറില്‍ നിന്നും സിനിമയുടെ ടൈറ്റിലിന്മേലുള്ള അവകാശം നേടിയെടുത്തുവെന്നും അതിനായി വ്യാജരേഖയുണ്ടാക്കിയെന്നുമാണ് നിവിന്റെ പരാതി. അതേസമയം നിവിന്‍ പോളയുടെ പരാതി വ്യാജമാണെന്നും അങ്ങനൊരു കത്ത് നല്‍കിയിട്ടില്ലെന്നുമാണ് ഷംനാസിന്റെ വാദം.
നിവിന്റെ പരാതിയിന്മേല് ഷംനാസിനെതിരെ നടപടിയെടുക്കുന്നത് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു. ഷംനാസും നിവിനും തമ്മില്‍ രണ്ട് കേസുകളുണ്ട്. രണ്ട് കേസും മധ്യസ്ഥതയിലൂടെ പരിഹരിക്കാനായിരുന്നു കോടതി നിര്‍ദ്ദേശം. ഇതിനായി മധ്യസ്ഥനെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് നിവിന്‍ കോടതിയെ അറിയിച്ചതോടെ കേസില്‍ ആശങ്ക തുടരുകയാണ്.

നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു 2016 ലാണ് പുറത്തിറങ്ങിയത്. നിവിനും എബ്രിഡ് ഷൈനും ഷിബു തെക്കുമ്പുറവും ചേര്‍ന്നായിരുന്നു സിനിമയുടെ നിര്‍മാണം. അനു ഇമ്മാനുവല്‍, സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ്, കലാഭവന്‍ പ്രജോദ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയ സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.
by Midhun HP News | Feb 16, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും ആയുര്‍ദൈര്‍ഘ്യത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും രാജ്യം ഉറ്റുനോക്കുന്ന മാതൃകയാണ് കേരളമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യ സെന്‍. ഇന്ത്യയില്‍ മതേതരത്വം ശക്തിപ്പെടുത്തുന്നതിന് നിര്‍ണായക സംഭാവന നല്കാന് കേരളത്തിന് കഴിയണമെന്നും അമര്‍ത്യ സെന്‍ പറഞ്ഞു. ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച ‘വിഷന്‍-2031’ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു അമര്‍ത്യ സെന്നിന്റെ പ്രതികരണം. കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്കു പിന്നില്‍ ചരിത്രപരമായ അടിത്തറയുണ്ടെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ലോകത്തോടുള്ള തുറന്ന മനസാണ് കേരളത്തിന്റെ പ്രത്യേകതയെന്നും ചൂണ്ടിക്കാട്ടി.

14-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ അന്താരാഷ്ട്ര തലത്തില്‍ കേരളം ശ്രദ്ധിക്കപ്പെട്ടിരുന്നു എന്നത് ആശ്ചര്യകരമാണ്. ഇബ്നു ബത്തൂത്തയുടെ രേഖകളില്‍ കേരളത്തെ കുറിച്ച് പരാമര്‍ശമുണ്ട്. കേരളത്തിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.
ലോകത്തോടുള്ള തുറന്ന മനസാണ് കേരളത്തിന്റെ പ്രത്യേകത. ഇന്ത്യയിലേക്കുള്ള ഒരു കവാടമെന്ന നിലയില്‍ കേരളത്തിന്റെ പങ്ക് രാജ്യത്തിന് മൊത്തത്തില്‍ മൂല്യവത്തായി. തുറന്ന മനസ്സോടെയും പരീക്ഷണാത്മകമായും തുടരാന്‍ സംസ്ഥാനത്തിന് കഴിയുന്നതില്‍ ഇത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ ഗണിതശാസ്ത്രജ്ഞനായ ആര്യഭടന്‍ കേരളീയനാണെന്നതിന് വിശ്വാസ്യയോഗ്യമായ തെളിവുകളുണ്ട്. പാടലീപുത്രത്തിലാണ് ആര്യഭടന്‍ താമസിച്ചതെങ്കിലും അദ്ദേഹം കേരളത്തില്‍നിന്നു വന്നതാണെന്നാണ് തെളിവുകള്‍.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നിവയില്‍ കേരളം കൈവരിച്ച അതിശയിപ്പിക്കുന്ന നേട്ടം വികസന കാഴ്ചപ്പാടിന്റെ വിജയമാണ്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും ആയുര്‍ദൈര്‍ഘ്യത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും രാജ്യം ഉറ്റുനോക്കുന്ന മാതൃകയായി കേരളം മാറി.
1957ലെ ആദ്യ തെരഞ്ഞെടുപ്പ് നടക്കുമ്പോഴുള്ള ആവേശം ഓര്‍മകളിലുണ്ട്. യാഥാസ്ഥിതികമല്ലാതെ, ‘വ്യത്യസ്ത പാതയിലൂടെ ജനങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ കേരളത്തിലെ ഇടത് രാഷ്ട്രീയത്തിന് കഴിയുമോ’ എന്ന് അന്ന് കോളേജ് സ്ട്രീറ്റിലെ കോഫി ഹൗസുകളില്‍ വലിയ സംവാദം നടക്കുമായിരുന്നു.

സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കേരളത്തിന് വികസനത്തിന് പണം കണ്ടെത്താന്‍ കഴിയില്ലെന്ന് പലരും എന്നോട് വാദിച്ചിരുന്നു. ഇന്ന് എല്ലാ മേഖലയിലും കേരളം മുന്‍പന്തിയില്‍ നില്ക്കുമ്പോള് ആ പഴയ സംശയവാദികള്‍ക്കെല്ലാം സൗജന്യമായി കോഫി വാങ്ങി നല്കാന് ഞാന്‍ തയ്യാറാണ്. കേരളത്തിന്റെ മാനവവിഭവശേഷി വികസനത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തെറ്റിയില്ല. കേരളത്തില്‍ മതനിരപേക്ഷതയ്ക്ക് വലിയ വെല്ലുവിളികളില്ല. എന്നാല്‍, ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും സ്ഥിതി മോശമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഇന്ത്യയുടെ ഭാവിയെ കുറിച്ച് തനിക്കിപ്പോള്‍ ആശങ്കയുണ്ടെന്നും അമര്‍ത്യ സെന്‍ പറഞ്ഞു. ഇന്ത്യയിലെ മതേതരത്വം പരാജയപ്പെടില്ലെന്ന ആത്മവിശ്വാസം ദുര്‍ബലമാകുന്നുണ്ട്. രാജ്യത്തിന്മേല് സംഘടിതമായി അടിച്ചേല്‍പ്പിക്കുന്ന ആശയത്തെ ചെറുക്കാന്‍ കഴിയുമോ എന്നതിനെ ആശ്രയിച്ചായിരിക്കും മതേതരത്വത്തിന്റെ ഭാവി എന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Feb 16, 2026 | Latest News, കേരളം
കാസര്‍കോട്: ജീവനൊടുക്കിയ വ്ലോഗര്‍ ചിന്നു പാപ്പുവിന്റെ ( രേഷ്മ) ആണ്‍സുഹൃത്തിന്റെ ആത്മഹത്യക്ക് കാരണം മാനസിക സമ്മര്‍ദമെന്ന് പൊലീസ്. ചിന്നു പാപ്പുവിന്റെ മരണത്തിന് പിന്നാലെ കാസര്‍കോട് മന്നിപ്പാടി സ്വദേശി സന്ദേശ് (29) വലിയ തോതില്‍ വിമര്‍ശനം നേരിട്ടിരുന്നു. വിമര്‍ശനം സൈബര്‍ ആക്രമണത്തിലേക്ക് തിരിഞ്ഞതോടെ ഉണ്ടായ മാനസിക സമ്മര്‍ദമാണ് സന്ദേശിന്റെ ആത്മഹത്യക്ക് പിന്നില്‍ എന്നാണ് പൊലീസിന്റെ നിഗമനം.

ശനിയാഴ്ച രാത്രി വൈകിയും സുഹൃത്തുക്കള്‍ക്കൊപ്പം ഉണ്ടായിരുന്ന സന്ദേശിനെ ഞായറാഴ്ച പകല്‍ പുറത്തേക്ക് കാണാതായതോടെ നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മാനസിക സമ്മര്‍ദത്തെ കുറിച്ച് സന്ദേശ് പറഞ്ഞിരുന്നു എന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. ചിന്നു പാപ്പുവിന്റെ മരണത്തെത്തുടര്‍ന്ന് പൊലീസ് സന്ദേശില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
ചിന്നു പാപ്പു എന്നറിയപ്പെടുന്ന വ്ളോഗര്‍ രേഷ്മ കഴിഞ്ഞ തിങ്കളാഴ്ചയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. ഉളിയത്തടുക്കയിലെ വാടകവീട്ടിലാണ് രേഷ്മയും സന്ദേശും താമസിച്ചിരുന്നത്. രേഷ്മയുടേത് തൂങ്ങി മരണം ആണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതോടെ മരണത്തില്‍ ദുരൂഹതയില്ലെന്ന രീതിയിലാണ് അന്വേഷണം നീങ്ങിയത്.
കാസര്‍കോട് തുടര്‍ന്ന് പൊലീസെത്തി പ്രാഥമിക പരിശോധനയ്ക്കു ശേഷം സന്ദേശിന്റെ മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അച്ഛന് നാരായണ നായ്ക്, അമ്മ സരോജ. സഹോദരി ഗൗതമി.

by Midhun HP News | Feb 16, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധിയില്‍ മാര്‍ച്ച് 14 ന് അകം സംസ്ഥാന സര്‍ക്കാര്‍ അടക്കം കേസിലെ കക്ഷികള്‍ വാദങ്ങളും നിലപാടുകളും രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി. പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കാനായി 9 അംഗ ഭരണഘടനാബെഞ്ച് രൂപീകരിക്കും. ഏപ്രില്‍ 7 ന് കേസില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കും. ഏപ്രില്‍ 22 ന് വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു.

ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെടുന്ന ജഡ്ജിമാരുടെ പട്ടിക ചീഫ് ജസ്റ്റിസ് അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ അറിയിക്കും.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ശബരിമല കോടതി വിധിയെ അനുകൂലിക്കുന്നവരുടെ വാദമാണ് ഏപ്രില്‍ 7 മുതല്‍ 9 വരെ നടക്കുക. തുടര്‍ന്ന് ഏപ്രില്‍ 14 മുതല്‍ 16 വരെ പുനഃപരിശോധനാ ഹര്‍ജിയെ പിന്തുണയ്ക്കുന്നവരുടെ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
ശബരിമലയിലെ വിധി പുനഃപരിശോധിക്കേണ്ടതാണെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ അറിയിച്ചു. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചത് അംഗീകരിക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഇതുവരെ പുനഃപരിശോധനാ ഹര്‍ജിയെ എതിര്‍ത്തിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ജയ്ദീപ് ഗുപ്ത പറഞ്ഞു. എന്നാല്‍ തുടര്‍ന്നും എതിര്‍ക്കുമോയെന്നതില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
എതിര്‍ക്കുന്നവരുടേയും അനുകൂലിക്കുന്നവരുടേയും വാദങ്ങള്‍ക്ക് ശേഷം അമിക്കസ് ക്യൂറിമാരുടെ വാദവും, മറുപടി സത്യവാങ്മൂലങ്ങളും കോടതി പരിശോധിക്കും. മുതിര്‍ന്ന അഭിഭാഷകനായ രാജു രാമചന്ദ്രനു പുറമെ, മലയാളി അഭിഭാഷകനായ കെ പരമേശ്വരനെ കൂടി കേസില്‍ അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. നേരത്തെ രൂപീകരിച്ചിരുന്ന ഒമ്പതംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് സുപ്രീംകോടതിയില്‍ അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്.

by Midhun HP News | Feb 16, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് ഇന്നത്തെ വില 114,720 രൂപയാണ്. പവന് ഒറ്റയടിക്ക് കുറഞ്ഞത് 960 രൂപ. ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത്. 14,340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
വെള്ളിയാഴ്ച രണ്ടു തവണകളായി പവന് 2400 രൂപ കുറഞ്ഞെങ്കിലും ശനിയാഴ്ച ഒറ്റയടിക്ക് 1,920 രൂപ വര്‍ധിച്ചിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ലക്ഷം കടന്നത്.
ഇപ്പോള്‍ കൂടിയു കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.


Recent Comments