by liji HP News | May 28, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
വക്കം: വക്കം നളന്ദ റസിഡന്റ്‌സ് അസോസിയേഷന്റെ 12മത് വാർഷികാഘോഷം നാളെ നടക്കും.വക്കം ഫാർമേഴ്‌സ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നാളെ രാവിലെ 9.30നാണ് പരിപാടി.ആറ്റിങ്ങൽ കുടുംബകോടതി ജഡ്ജും ചിറയിൻകീഴ് താലൂക്ക് ലീഗൽ സർവീസ് ചെയർമാനുമായ എസ് സുരേഷ്കുമാർ വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്യും.നളന്ദ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി ശശി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്ത്രീ സുരക്ഷാ നിയമങ്ങളെപ്പറ്റിയുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും.ചടങ്ങിൽ വിശിഷ്ട വ്യക്തികളെ ആദരിക്കുകയും വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയയവരെ അനുമോദിക്കുകയും ചെയ്യും.കിടപ്പ് രോഗികൾക്കുള്ള സാമ്പത്തിക സഹായവും ചടങ്ങിൽ വച്ച് നൽകും.

by liji HP News | May 28, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 20 കോടി രൂപയുടെ ഹെറോയിനുമായി വിദേശ പൗരനെ ഡി.ആര്‍.ഐ. പിടികൂടി. ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൗണിൽ നിന്ന് ദുബായ് വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ടാന്‍സാനിയന്‍ പൗരനാണ് പിടിയിലായത്. ഇയാളെ ഡി.ആര്‍.ഐ. സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്.

ശനിയാഴ്ച പുലര്‍ച്ചെ ദുബായില്‍നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചനിലയില്‍ ഹെറോയിന്‍ കണ്ടെടുത്തത്. യാത്രാരേഖകള്‍ പരിശോധിച്ചതോടെയാണ് കേപ്‌ടൗണിൽനിന്നാണ് പ്രതി യാത്ര ആരംഭിച്ചതെന്നും മനസിലാക്കിയത്. മയക്കുമരുന്ന് കൊച്ചിയിലേക്ക് എത്തിച്ചതാണോ, ഇവിടെനിന്ന് മറ്റെവിടേക്കെങ്കിലും കടത്താന്‍ കൊണ്ടുവന്നതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചോദ്യംചെയ്യലിലേ വ്യക്തമാകൂ.
by Midhun HP News | May 28, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: കെഎസ്ആർടിസി വ്യാപാര സമുച്ചയത്തിന്റെ ബലക്ഷയം സംബന്ധിച്ച് വിശദപഠനം നടത്താൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയും ഒടുവിൽ മദ്രാസ് ഐഐടിയുടെ കണ്ടെത്തലുകൾ ശരിവച്ചതായി സൂചന. ഐഐടി വിദഗ്ധൻ നിർദേശിച്ചത്ര വേണ്ടെങ്കിലും 60% തൂണുകളും ബലപ്പെടുത്തേണ്ടി വരുമെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. ഇതിനായി 20 കോടി രൂപയെങ്കിലും ചെലവഴിക്കേണ്ടി വരുമെന്നാണ് കെടിഡിഎഫ്സിയുടെ പ്രാഥമിക നിരീക്ഷണം.
ചെലവ് എത്രയാകും എന്നു വിശദമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഐഐടിയോടുതന്നെ ആവശ്യപ്പെട്ടിരിക്കുകയാണ് കെടിഡിഎഫ്സി. 15 ദിവസത്തിനുള്ളിൽ ഈ റിപ്പോർട്ട് ലഭിച്ചേക്കും. അതിനു ശേഷം കെട്ടിടം ബലപ്പെടുത്തൽ നടപടികൾ തുടങ്ങാനാണു ധാരണ. ആറു മാസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കി കെട്ടിടം ആലിഫ് ബിൽഡേഴ്സിന് കൈമാറണം. കാർണിവൽ സിനിമാസ് ഉൾപ്പെടെ ചില ഗ്രൂപ്പുകൾ കെട്ടിടം വാടകയ്ക്ക് എടുക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

കെഎസ്ആർടിസി വ്യാപാര സമുച്ചയത്തിന്റെ നിർമാണത്തിൽ ഗുരുതര പിഴവുകൾ ഉണ്ടെന്ന് ഐഐടി വിദഗ്ധൻ പ്രഫ. അഴഗുസുന്ദരമൂർത്തിയുടെ പഠനത്തിൽ കണ്ടെത്തിയിരുന്നു. 90% തൂണുകളും ബലപ്പെടുത്തേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ ആദ്യ റിപ്പോർട്ട്. ഇതു പ്രകാരം 30 കോടി ചെലവും കെടിഡിഎഫ്സി കണക്കാക്കിയിരുന്നു. ഈ റിപ്പോർട്ട് പഠിക്കാനാണ് സർക്കാർ മറ്റൊരു വിദഗ്ധസമിതിയെ നിയോഗിച്ചത്. ഐഐടി വിദഗ്ധരുമായി സമിതി മൂന്നു വട്ടം ചർച്ച നടത്തി. ഇനിയുള്ള 50 വർഷമെങ്കിലും കെട്ടിടത്തിന് കേടുപാടുകൾ ഉണ്ടാകാതിരിക്കണമെങ്കിൽ തങ്ങളുടെ നിർദേശം അംഗീകരിക്കണമെന്ന നിലപാടിലായിരുന്നു ഐഐടി. കെട്ടിടത്തിന്റെ ഉറപ്പ് നിലനിർത്തണമെങ്കിൽ, കൂടിയ നിലവാരത്തിൽ പ്രവൃത്തികൾ നടത്തണമെന്നും ഐഐടി നിലപാടെടുത്തതോടെ സർക്കാരിന്റെ വിദഗ്ധ സമിതിയും അത് അംഗീകരിച്ചു.
കെട്ടിടത്തിലെ പണികൾ തുടങ്ങിയാൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് താൽക്കാലികമായി മാറ്റേണ്ടി വരും. പാവങ്ങാട്ടു നിന്ന് സർവീസ് നടത്തേണ്ടിവരുമ്പോൾ കെഎസ്ആർടിസിക്ക് നഷ്ടം വരുമെന്നും ഇതു പരിഹരിക്കാൻ 3 കോടി രൂപ കെടിഡിഎഫ്സി നൽകണമെന്നുമാണ് കെഎസ്ആർടിസിയുടെ ആവശ്യം. ഇതിനോട് കെടിഡിഎഫ്സി അനുകൂലമായി പ്രതികരിച്ചിട്ടില്ല.
by liji HP News | May 28, 2022 | Entertainment, Latest News, Uncategorized, കേരളം, ജില്ലാ വാർത്ത, സിനിമ
പത്തനംതിട്ട: ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പരസ്യമായി പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ് രംഗത്ത്. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല.’ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല. ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോം. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.നല്ലൊരു സിനിമ ജൂറി കാണാതെ പോയെന്നും അതിൽ തനിക്ക് വിഷമമുണ്ടെന്നും മഞ്ജു പിള്ളയും പ്രതികരിച്ചു. എന്തെങ്കിലും കാരണത്തിന്റെ പേരിലാണ് ആവാർഡിൽ ഹോമിനെ പരിഗണിക്കാത്തതെങ്കിൽ അത് ശരിയായ കാര്യമല്ലെന്നും മഞ്ജു പിള്ള പറഞ്ഞു. “നല്ലൊരു സിനിമ കാണാതെ പോയി, അത് എന്തെങ്കിലും കാരണത്തിന്റെ പുറത്താണെങ്കിൽ അത് ശരിയായില്ലെന്ന് മാത്രമേ എനിക്ക് പറയാനുള്ളു. സംവിധായകൻ ഏഴ് വർഷം നെഞ്ചിൽ കൊണ്ട് നടന്ന സിനിമയാണ് ഹോം. നല്ലൊരു സിനിമ കാണാതെ പോയതിലുള്ള വിഷമമുണ്ട്. ഹോം കണ്ടില്ലേ എന്നൊക്കെ തോന്നിപ്പോയി. പിന്നെ ജനങ്ങൾ തന്നൊരു സ്നേഹമുണ്ട് അവർ തന്ന സപ്പോർട്ടുണ്ട് അതുതന്നെയാണ് ഏറ്റവും വലുത്- മഞ്ജു പറഞ്ഞു.

by liji HP News | May 28, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചിനിടെ വിദ്വേഷ മുദ്രവാക്യം മുഴക്കിയ കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സംഘം കൊച്ചി പള്ളുരുത്തിയിലെ ഇവരുടെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കുമെന്നാണ് കരുതുന്നത്.
മുദ്രാവാക്യം വിളിച്ചതില്‍ കേസെടുത്തതിന് പിന്നാലെ കുട്ടിയേയും മാതാപിതാക്കളേയും കാണാതായിരുന്നു. ടൂറിലായിരുന്നുവെന്നും ഇതിനിടയിലാണ് കേസെടുത്ത വിവരം അറിയുന്നതെന്നുമാണ് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കുന്ന വിശദീകരണം.

കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തതില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ മുദ്രാവാക്യം ഏറ്റുവിളിച്ചവരടക്കം നിരവധി പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.മുദ്രാവാക്യം വിളിയില്‍ സംഘാടകര്‍ക്കെതിരേ ശക്തമായനടപടി എടുക്കണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴയില്‍ നിന്നുള്ള പോലീസ് സംഘം പള്ളുരുത്തിയിലെ കുട്ടിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നെങ്കിലും വീട് അടച്ചിട്ട നിലയിലായിരുന്നു.
by Midhun HP News | May 28, 2022 | Accidents, Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
തിരുവമ്പാടി: ചേപ്പിലംതോട് പുല്ലപ്പള്ളിയില്‍ 12-കാരനുനേരെ കാട്ടുപന്നിയുടെ ആക്രമം. പുല്ലപ്പള്ളിയില്‍ ഷനൂപിന്റെ മകന്‍ അദിനാന് ഗുരുതര പരിക്കേറ്റെന്നാണ് വിവരം. ശനിയാഴ്ച രാവിലെ 9.15-ഓടെയാണ് സംഭവം. സൈക്കിളില്‍ സഞ്ചരിക്കവെ ആയിരുന്നു ആക്രമണം. കുട്ടിയെ ആക്രമിച്ചശേഷം സമീപത്ത വീട്ടുവളപ്പിലേക്ക് കയറിയ കാട്ടുപന്നിയെ പിന്നീട് വനം വകുപ്പിന്റെ എം പാനല്‍ ഷൂട്ടര്‍ എത്തി വെടിവെച്ചു കൊന്നു.വീട്ടുവളപ്പിലേക്ക് കയറിയതിനാല്‍ വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പെട്ടെന്ന് വെടിവെച്ച് കൊല്ലാനായി. കഴിഞ്ഞ ദിവസമാണ് കാട്ടുപന്നിയെ വെടിവെക്കാന്‍ നിര്‍ദ്ദേശം നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കി സര്‍ക്കാര്‍ ഉത്തരവുണ്ടായത്. ആക്രമത്തില്‍ സാരമായ പരിക്കേറ്റ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് കാലിനും പരിക്കേറ്റിട്ടുണ്ട്.

Recent Comments