by admin | Oct 2, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എല്ലാ വകുപ്പുകളുടേയും ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ‘e-സേവനം’ ( https://www.services.kerala.gov.in/) എന്ന ഏകീകൃത പോർട്ടൽ ഇന്ന് മുതൽ പ്രവർത്തന സജ്ജമാകുന്നു.
ആദ്യഘട്ടത്തിൽ വിവിധ വകുപ്പുകളുടെ 500-ലധികം സേവനങ്ങൾ e-സേവനം മുഖേന ലഭ്യമാകും. വകുപ്പ് അടിസ്ഥാനത്തിലും ഉപഭോക്തൃവിഭാഗങ്ങളുടെ അടിസ്ഥാനത്തിലും സേവനങ്ങളെ രണ്ടായി തരം തിരിച്ചാണ് പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ തിരയുന്നതിനും കണ്ടെത്തുന്നതിനുമായി സേവനങ്ങളെ ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ കർഷകർ, വിദ്യാർത്ഥികൾ, സ്ത്രീകൾ, കുട്ടികൾ, യുവജനങ്ങൾ, നൈപുണ്യ വികസനം, സാമൂഹ്യ സുരക്ഷ പെൻഷൻ, പൊതു ഉപയോഗ സേവനങ്ങൾ, മറ്റു സേവനങ്ങൾ എന്നിങ്ങനെ ഒൻപതെണ്ണമായി തരം തിരിച്ചിട്ടുണ്ട്. കൂടാതെ വിവിധ വകുപ്പുകളുടെ സേവനങ്ങൾ അക്ഷരമാലക്രമത്തിലും ലഭ്യമാണ്.

ഇതിനു പുറമേ, 450 സേവനങ്ങൾ ഉൾപ്പെടുത്തിയ m-Sevanam എന്ന മൊബൈൽ ആപ്പും തയ്യാറായിക്കഴിഞ്ഞു. ഈ ആപ്പ് ആൻഡ്രോയിഡ്, iOS എന്നീ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകും. കോവിഡിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകളിലെ തിരക്കുകൾ നിയന്ത്രിക്കാനും കൂടുതൽ അനായാസമായും ഫലപ്രദമായും സേവനങ്ങൾ ജനങ്ങളിലേയ്ക്കെത്തിക്കാനും ഈ ഏകീകൃത സംവിധാനം സഹായകമാകും.
ഇതിനു പുറമേ കേരള സർക്കാരിൻ്റെ വെബ് പോർട്ടൽ ആയ https://kerala.gov.in/ നവീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന ഓൺലൈൻസേവനങ്ങളുടെ സ്ഥിതിവിവരങ്ങൾ ലഭ്യമാക്കുന്ന സർവീസ് ഡാഷ്ബോർഡും (http://dashboard.kerala.gov.in/) വികസിപ്പിച്ചിട്ടുണ്ട്. ഇതുവഴി ഓരോ വകുപ്പുകളുടെയും സേവന വിതരണവുമായി ബന്ധപ്പെട്ട വസ്തുതകൾ പോർട്ടലിൽ ലഭ്യമാകും. സർക്കാരിൻ്റെ വിവിധ വകുപ്പുകൾ പുറപ്പെടുവിയ്ക്കുന്ന, സർക്കുലറുകൾ, ഓർഡറുകൾ അറിയിപ്പുകൾ, വിജ്ഞാപനങ്ങൾ ടെൻഡറുകൾ എന്നിവയെല്ലാം ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന ഡോക്യുമെന്റ് റെപ്പോസിറ്റോറി പോർട്ടലും കേരള സ്റ്റേറ്റ് പോർട്ടലിൻ്റെ ഭാഗമായി വികസിപ്പിച്ചിട്ടുണ്ട്.




by admin | Oct 2, 2021 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ: കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലുടനീളം മഹാത്മാഗാന്ധിയുടെ ജൻമദിനാഘോഷം വിപുലമായ പരിപാടികളോടെ ആചരിച്ചു. കടയ്ക്കാവൂർ കോൺഗ്രസ്സ് ഭവന് മുന്നിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും നടത്തി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ബി.എസ്.അനൂപ് ഗാന്ധിസന്ദേശം നൽകി.

ഗാന്ധിജിയുടെ ജീവിതം ലോകസമാധാനത്തിന് മാതൃകയാണ്. ഗാന്ധി സത്തിലേക്ക് ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വർത്തമാനകാലത്ത് ഗാന്ധിജിയുടെ ആദർശം എല്ലാ കോൺഗ്രസ്സ് പ്രവർത്തകരുടെയും ജീവിതത്തിൽ പ്രതിഫലിക്കണമെന്ന് അനൂപ് ആഹ്വാനം ചെയ്തു.

കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അഡ്വ. റസൂൽ ഷാൻ അദ്ധ്യക്ഷനായിരുന്നു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് മെംബർമാരായ പെരുംകുളം അൻസർ, ‘ലല്ലുകൃഷ്ണൻ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സുധീഷ് , സെക്രട്ടറിമാരായ ബിജു ,സുബിൻ പന്തുകുളം മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ശ്രീമതി മിനി , കോൺഗ്രസ്സ് നേതാക്കളായ സനു, ആശാരിവിള അശോകൻ, എം.ഐ ഫസിലുദ്ദീൻ, പാലാംകോണംസുധീർ ഖാൻ , നിസാമുദ്ദീൻ ചെറുകരക്കോണം, നിഷാദ്, അനു, ചന്തു തുടങ്ങിയവർ സംബന്ധിച്ചു. മധുരവിതരണവും നടത്തി.

മേലാറ്റിങ്ങൽ,പാലാംകോണം, തൊപ്പിച്ചന്ത, പെരുംകുളം, മണനാക്ക്, പള്ളിമുക്ക്, ഗാന്ധിമുക്ക്, നിലയ്ക്കാമുക്ക്, കീഴാറ്റിങ്ങൽ, തിനവിള, തെക്കുംഭാഗം മുതലായ പ്രദേശങ്ങളിൽ അതാത് വാർഡ് കമ്മിറ്റികൾ പുഷ്പാർച്ചന സംഘടിപ്പിച്ചു. വൈകുന്നേരം 4.30 മണിക്ക് മണനാക്ക് ജംഗ്ഷനിൽ ചേരുന്ന ഗാന്ധി സ്മൃതി സംഗമത്തിൽ പ്രമുഖരായ നേതാക്കൾ സംബന്ധിക്കുന്നു. ഗാന്ധിജയന്തി മുതൽ ശിശുദിനം വരെ നീളുന്ന ഗാന്ധി സ്മൃതിലയം പരിപാടിയിൽ കുട്ടികളുടെ വിവിധ മത്സരങ്ങളും ചർച്ചാ ക്ലാസ്സുകളും സമ്മാനദാനവും സംഘടിപ്പിച്ചിട്ടുണ്ട്.


by admin | Oct 2, 2021 | Latest News, ജില്ലാ വാർത്ത
അഞ്ചുങ്ങ് കൃഷിഭവന്റെ നേതൃത്വത്തിൽ ഭാരതീയ പ്രകൃതി കൃഷിയുടെ (BPKP) ഒരു പരിശീലനപരിപാടി സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് മുണ്ടുതുറ ചരിഷ്മ സ്റ്റോറിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ബി എൻ സൈജുരാജിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു പരിശീലന പരിപാടി ഉൽഘാടനം ചെയ്തു.

ആനയറ VFPCK ( Vegetable and fruit promotion council keralam )
കൃഷിബിസിനസ് കേന്ദ്രയിലെ അസിസ്റ്റന്റ് മാനേജർ ജയകിരൺ പ്രകൃതി കൃഷിയുടെ ക്ലാസുകൾ എടുത്തു. ഇരുപത്തഞ്ചോളം പേർ പങ്കെടുത്ത പരിപാടിയ്ക്ക് അഞ്ചുതെങ്ങ് കൃഷിഓഫീസർ സീമ വി സ്വാഗതവും അസിസ്റ്റന്റ് കൃഷിഓഫീസർ ലൈജു എസ് എൻ നന്ദിയും
പറഞ്ഞു.




by admin | Oct 2, 2021 | Latest News, ജില്ലാ വാർത്ത
01.01.2000 മുതൽ 31.08.2021 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് മുൻകാല സീനിയോറിറ്റിയോടുകൂടി 01.10.2021 മുതൽ 30.11.2021 വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കി നൽകും.

ശിക്ഷണ നടപടിയുടെ ഭാഗമായോ, മന:പൂർവ്വം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേകം പുതുക്കൽ ആനുകൂല്യം ലഭിക്കുന്നതല്ല. പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുന:സ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്‌ട്രേഷൻ റദ്ദായ കാലയളവിൽ തൊഴിൽ രഹിത വേതനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല. പ്രത്യേക പുതുക്കൽ, ഓൺലൈൻ പോർട്ടാലായ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയും നിർവഹിക്കാം.




by admin | Oct 2, 2021 | Latest News
ആറ്റിങ്ങൽ: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നഗരസഭ ഏഴാം വാർഡിലെ ഗ്രാമത്തുംമുക്ക് പൊതു മാർക്കറ്റ് ശുചീകരിച്ചു. വാർഡ് കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അവനവഞ്ചേരി രാജുവിന്റെ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു.





Recent Comments