പി ‍ഡബ്ല്യുഡി റസ്റ്റ്ഹൗസുകള്‍ ഇനി പീപ്പിള്‍സ് റസ്റ്റ്ഹൗസുകള്‍ ; മന്ത്രി പി എ മുഹമ്മദ് റിയാസ്

പി ‍ഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. . ഇതിന്‍റെ ഭാഗമായി മുറികള്‍ പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാനാകുന്ന തരത്തില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം നവംബര്‍ ഒന്നിന് നിലവില്‍ വരും. റസ്റ്റ് ഹൗസില്‍ ഒരു മുറി വേണമെങ്കില്‍ ഇനി സാധാരണക്കാരന് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാനാകും. ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള സൗകര്യം നഷ്ടപ്പെടാതെയാണ് ഓണ്‍ലൈന്‍ സംവിധാനം തയ്യാറാക്കുകയെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും വലിയ അക്കമെഡേഷന്‍ സൗകര്യം സ്വന്തമായി ഉള്ളത്. 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികള്‍ ഉണ്ട്. പലതും ഏറ്റവും പ്രാധാന്യമുള്ള സ്ഥലത്തുമാണ് ഉളളത്. ഇവ ജനങ്ങള്‍ക്ക് ഉപയോഗിക്കാനാകുന്ന തരത്തിലേക്ക് മാറുകയാണ്.
ഇതിന്‍റെ ഭാഗമായി റസ്റ്റ് ഹൗസുകളെ നവീകരിക്കാനുള്ള പദ്ധതിയും തയ്യാറാക്കി കഴിഞ്ഞു. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 30 റസ്റ്റ് ഹൗസുകളെ നവീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി കെ ടി ഡി സി മാനേജിംഗ് ‍ഡയറക്ടറെ നോഡല്‍ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

മുറികളുടെ നവീകരണം, ആധുനികവല്‍ക്കരണം, ഫര്‍ണ്ണിച്ചര്‍, ഫര്‍ണിഷിഗ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍ എന്നിവയാണ് നവീകരണത്തിന്‍റെ ഭാഗമായി റസ്റ്റ് നടത്തുന്നത്. റസ്റ്റ്ഹൗസുകൾ നവീകരിക്കുന്നതിനൊപ്പം ഭക്ഷണശാലകളും ആരംഭിക്കും. ശുചിത്വം ഉറപ്പു വരുത്തും. ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ടോയ് ലറ്റ് ഉള്‍പ്പെടെയുളള കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. നല്ല ഫ്രണ്ട് ഓഫീസ് ഉള്‍പ്പെടെയുള്ള സംവിധാനം ഏര്‍പ്പെടുത്തും. സിസിടിവി സംവിധാനം ഏര്‍പ്പെടുത്തുകയും കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും എന്നും ജോബ് മൈക്കിള്‍, ഡോ എന്‍ ജയരാജ് , സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പ്രമോദ് നാരായണന്‍ എന്നിവരുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.

ടൂറിസം വികസനത്തിന് ഉപയോഗിക്കാന്‍ കഴിയും വിധം റസ്റ്റ് ഹൗസുകളെ മാറ്റും. ഗസ്റ്റ് ഹൗസുകളിലും വിനോദ സഞ്ചാരികള്‍ക്കുള്ള സൗകര്യം വര്‍ധിപ്പിക്കും. മലമ്പുഴ ഗസ്റ്റ് ഹൗസ്, ചെറുതുരുത്തി ഗസ്റ്റ് ഹൗസ്, എറണാകുളം യാത്രി നിവാസ് എന്നിവിടങ്ങളിലെ ബുക്കിംഗ് വിനോദ സ‍ഞ്ചാരികള്‍ക്ക് നേരിട്ട് ഓണ്‍ലൈനായി നടത്താന്‍ കഴിയുന്ന സാധ്യത പരിശോധിക്കുകയാണെന്നും മന്ത്രി പറ‍ഞ്ഞു.

മുല്ലപ്പെരിയാറിൽ നിലവിൽ ആശങ്കയ്ക്ക് വകയില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടുമായി (Mullaperiyar Dam) ബന്ധപ്പെട്ട് നിലവിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ (pinarayi Vijayan). മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് പ്രത്യേകിച്ചൊന്നും ഇപ്പോൾ സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ (assembly) പറഞ്ഞു. അണക്കെട്ടുമായി ബന്ധപ്പെട്ട് അനാവശ്യ ഭീതി പരത്തരുത്. അത്തരം പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ 7 മണിക്ക് അണക്കെട്ടിലെ ജലനിരപ്പ് 137.2 അടിയായെന്നാണ് തമിഴ്നാട് സർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചത്. 138 അടിയിലെത്തിയാൽ രണ്ടാമത്തെ അറിയിപ്പ് നൽകും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കിൽ പെരിയാർ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂർത്തിയാക്കിയെന്നും ജില്ലഭരണകൂടം അറിയിച്ചു.

ഡാം തുറക്കുന്നതിന് മുന്നോടിയായി സമൂഹമാധ്യമങ്ങളിലെ പ്രചാരണം കൂടി കണക്കിലെടുത്ത് ദേശീയ ദുരന്തനിവാരണ സേനയും റവന്യൂ സംഘവും സംയുക്തമായി മുല്ലപ്പെരിയാർ അണക്കെട്ടിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ബോധവത്കരണം നടത്തിയിരുന്നു. പെരിയാർ തീരത്തുള്ളവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായിരുന്നു നടപടി.

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 137 അടി കടന്നെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുൻദിവസങ്ങളെ അപേക്ഷിച്ച് ഡാമിൽ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ ഒഴിഞ്ഞ് നിന്നാൽ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് എത്താൻ സാധ്യതയില്ല.അഥവാ ജലനിരപ്പ് ഉയർന്നാലും ആശങ്കപ്പെടേണ്ടതില്ലെന്ന് വ്യക്തമാക്കാനായിരുന്നു ബോധവത്കരണം.

2018ലേതിന് സമാനമായ സാഹചര്യം നിലവിലില്ല. കുറഞ്ഞ അളവിൽ അണക്കെട്ട് തുറക്കേണ്ടി വന്നാൽ കുറച്ച് പേരെ മാത്രമാണ് മാറ്റിപ്പാർക്കേണ്ടി വരിക. ഇവരുടെ പട്ടിക തയ്യാറാക്കി, മാറ്റുന്നതിന് ആവശ്യമായ വാഹനങ്ങൾ സജ്ജീകരിച്ചു. ദുരിതാശ്വാസ ക്യാന്പുകളും കണ്ടെത്തി. ഭീഷണി ഒഴിയും വരെ പ്രദേശത്തെ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് ആർഡിഒയുടെയും രണ്ട് സബ്കളക്ടർമാരുടെയും നേതൃത്വത്തിൽ റവന്യൂസംഘത്തെയും എൻഡിആർഎഫിനെയും വിന്യസിച്ചെന്ന് ജില്ലഭരണകൂടം അറിയിച്ചു.

എം എസ് സി ബയോ കെമിസ്ട്രിയിൽ രണ്ടാം റാങ്ക് നേടിയ ആറ്റിങ്ങൽ സ്വദേശിനി ഗായത്രിയെ ആദരിച്ച് ബി ജെ പി മുനിസിപ്പൽ കമ്മിറ്റി

ആറ്റിങ്ങൽ: നഗരസഭ വാർഡ് 14 ചിറ്റാറ്റിൻകര പീജീ ഹൗസിൽ സുബ്രഹ്മണ്യൻ ആചാരി സെൽവി ദമ്പതികളുടെ ഇളയ മകൾ എസ്.എസ്.ഗായത്രിക്കാണ് എം എസ് സി ബയോ കെമിസ്ട്രിയിൽ രണ്ടാം റാങ്ക് ലഭിച്ചത്. ഒന്നാം ക്ലാസ് മുതൽ പത്ത് വരെ നവഭാരത് സ്കൂളിലും, പ്ലസ് ഒൺ പ്ലസ്ടു ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും, ബിരുദ പഠനം കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിലുമാണ് പൂർത്തിയാക്കിയത്. തുടർന്ന് ഈ ക്യാമ്പസിൽ തന്നെ 2019 ൽ എം എസ് സി ബയോ കെമിസ്ട്രിക്ക് 2 വർഷത്തെ ഉപരി പഠനത്തിനായി ഗായത്രി പ്രവേശിച്ചു. ഗായത്രിയുടെ അച്ഛൻ സുബ്രഹ്മണ്യൻ ആചാരി ഒരു വർക്ക്ഷോപ്പ് തൊഴിലാളിയാണ്. മാതാപിതാക്കളോടൊപ്പം സഹോദരൻ ഗണേഷിന്റെയും പരിപൂർണ പിൻതുണ തന്റെ ഈ വിജയത്തിന് കാരണമായി. തുടർന്ന് ഈ വിഷയത്തിൽ കൂടുതൽ ഗവേഷണം നടത്താനാണ് ആഗ്രഹമെന്നും ഗായത്രി കൂട്ടി ചേർത്തു.

ആദരിക്കൽ ചടങ്ങിൽ മണ്ഡലം ജന: സെക്രട്ടറി അജിത് പ്രസാദ്, മേഖല അദ്ധ്യക്ഷൻ മാരായ രാജേഷ് മാധവൻ, സുരേഷ് T, ജന: സെക്രട്ടറിമാരായ ഗോപകുമാരൻ നായർ, ജീവൻ ലാൽ, ഹരികുമാർ, ദീപു വേണുഗോപാൽ, രാമചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.

ദീപ്തം 2021; എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവിദ്യാർത്ഥികളെ ആദരിച്ചു

തക്ഷശില ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ദീപ്തം 2021ന്റെ ഭാഗമായി എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. റിഷി രാജ് സിംഗ് ഐ പി എസ് (റിട്ട.ഡിജിപി) ചടങ്ങ് ഉത്ഘാടനം ചെയ്യുകയും കുട്ടികളെ ആദരിക്കുകയും ചെയ്തു.

ലൈബ്രറി വൈസ് പ്രസിഡന്റ്‌ ഗോപകുമാർ ജി അധ്യക്ഷനായി. ചടങ്ങിൽ ശ്രീജിത്ത്‌ ആർ (സെക്രട്ടറി -ലൈബ്രറി) സ്വാഗതം പറഞ്ഞു. ഋഷിരാജ് സിംഗ് രചിച്ച ‘വൈകും മുൻപേ’ എന്ന പുസ്തകപരിചയം സുജകമല (എക്സിക്യൂട്ടീവ് മെമ്പർ ലൈബ്രറി) നടത്തുകയും ചെയ്തു. യോഗത്തിൽ ശ്രീകണ്ഠൻ നായർ ( വൈസ് പ്രസിഡന്റ്‌ -കിഴുവിലം ഗ്രാമപഞ്ചായത്ത്), വിനീത (ചെയർപേഴ്സൺ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി , മൂന്നാം വാർഡ് മെമ്പർ കിഴുവിലം ഗ്രാമപഞ്ചായത്ത്), A S ശ്രീകണ്ഠൻ (ബ്ലോക്ക്‌ മെമ്പർ ചിറയിൻകീഴ്) ജയന്തി കൃഷ്ണ (നാലാം വാർഡ് മെമ്പർ കിഴുവിലം ഗ്രാമപഞ്ചായത്ത്), സതി കെ (പതിനാറാം വാർഡ് കൗൺസിലർ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി) ഷീജ ഓ ( 17- വാർഡ് കൗൺസിലർ ആറ്റിങ്ങൽ മുൻസിപ്പാലിറ്റി) നാരായണൻ പി സി ( മാനേജർ gvrmups ), മധുകുമാർ (ജോയിന്റ് സെക്രട്ടറി ലൈബ്രറി) എന്നിവർ ആശംസകളും ശ്യാo കൃഷ്ണ ( ട്രെഷർ ലൈബ്രറി) നന്ദിയും രേഖപെടുത്തി. ഈ പരിപാടിയോടാനുബന്ധിച്ച് ജി വി ആർ എം യു പി സ്കൂൾ 1987-1994 ബാച്ച് സൗഹൃദകൂട്ടായ്മ സ്കൂളിലേക്ക് കസേര വാങ്ങി നൽകി. ലൈബ്രറിക്ക് വേണ്ടി എക്സിക്യൂട്ടീവ് മെമ്പർ മാരായ നന്ദുനാരായണൻ, അരവിന്ദ് എന്നിവർ പൊന്നാട അണിയിക്കുകയും രഞ്ജിത്കുമാർ, രാജാശേഖരൻ എന്നിവർ സ്നേഹോപഹാരം നൽകുകയും, രക്ഷധികാരി ബാലാനന്ദൻ സ്വീകരികുകയും നിമിഷ പരിപാടികൾ കോർഡിനേറ്റ് ചെയ്യുകയും ചെയ്തു.

മണ്ഡലത്തിലെ എട്ടു റോഡുകളുടെ നവീകരണത്തിന് 25.32 കോടി രൂപ അനുവദിച്ചതായി അഡ്വ. അടൂർ പ്രകാശ് എം.പി

ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിൽ ഉൾപ്പെട്ട എട്ട് റോഡുകളുടെ നവീകരണത്തിന് പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 25.32 കോടി രൂപ അനുവദിച്ചതായി അഡ്വ. അടൂർ പ്രകാശ് എം.പി അറിയിച്ചു. ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിലെ വിവിധ അസംബിളി മണ്ഡലങ്ങളിൽ വരുന്ന 38.93 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളുടെ നവീകരണത്തിനായി ആണ് 2532.03 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്.

ചിറയിൻകീഴ് ബ്ലോക്കിൽ ഉൾപ്പെട്ട 5.418 കിലോമീറ്റർ ദൈർഘ്യമുള്ള വാസുദേവപുരം പള്ളി ക്ഷേത്രം – പള്ളിയറ റോഡ് നവീകരണത്തിന് 371. 86 ലക്ഷം രൂപയും കിളിമാനൂർ ബ്ലോക്ക് ഉൾപ്പെട്ട 4.47 km ദൈർഹ്യമുള്ള പൊരുന്തമൺ – പയറ്റിടാംകുഴി – ഗുരുനാഗർ റോഡിന് 256.18 ലക്ഷം രൂപയും കിളിമാനൂർ ബ്ലോക്കിലെ 5.65 km ദൂരമുള്ള കടവിള – പുല്ലു തോട്ടം -പട്ടള – മുല്ലശ്ശേരി മുക്ക് റോഡിന് 329.24 ലക്ഷം രൂപയും ആണ് അനുവദിച്ചിട്ടുള്ളത്. പോത്തൻകോട് ബ്ലോക്കിൽ ഉൾപ്പെട്ട 3.235 കിലോമീറ്റർ ദൈർഘ്യമുള്ള തോപ്പുമുക്ക് – വിദ്യാ മൗണ്ട് സ്കൂൾ – സി.ആർ.പി.എഫ് റോഡിന് 188.89 ലക്ഷം രൂപയും വാമനപുരം ബ്ലോക്ക് ഉൾപ്പെട്ട 4.78 കിലോമീറ്റർ ദൈർഘ്യമുള്ള കോട്ടുകുന്നം -ആനച്ചാൽ- മമ്മൂട്ടി റോഡിന് 354.43 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.വെള്ളനാട് ബ്ലോക്ക് ഉൾപ്പെട്ട 7.04 കിലോമീറ്റർ ദൈർഘ്യമുള്ള കട്ടയ്ക്കോട് – പാറാംകുഴി – കാപ്പിക്കാട് ഇറയം കോഡ് – പനച്ചമൂട് റോഡിന് 519.06 ലക്ഷം രൂപയും നേമം ബ്ലോക്കിൽ ഉൾപ്പെട്ട 4.02 കിലോമീറ്റർ ദൂരമുള്ള പിറയിൽ കടവ് പാലം – പള്ളിമുക്ക് – പേയാട് – ചെറുപാറ അരുവിപ്പുറം റോഡിന് 248. 96 ലക്ഷം രൂപയും നേമം ബ്ലോക്കിൽ ഉൾപ്പെട്ട 4.321 കിലോമീറ്റർ ദൈർഘ്യമുള്ള അരിമല്ലൂർ – തെറ്റാലികുഴി – കുഴിവിള -ആനപ്പാട് റോഡിന് 263.41 ലക്ഷം രൂപയും അനുവദിച്ചതായി എം. പി അറിയിച്ചു.

റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനുള്ള ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കുമെന്നും നവംബർ ഡിസംബർ മാസത്തോടെ പണികൾ ആരംഭിക്കുവാൻ കഴിയിമെന്നും എം. പി അറിയിച്ചു.ഈ റോഡുകളുടെ നിർമ്മാണ പ്രവർത്തനത്തിൽ ടാറിങ്ങിനു പുറമെ ആവശ്യമായ സ്ഥലങ്ങളിൽ കോൺക്രീറ്റ് ജോലിയും ആവശ്യമുള്ളിടത്ത് ഓട നിർമ്മിക്കുന്നതിനും തുക വകയിരിത്തിയിട്ടുണ്ടെന്നും അതുവഴി ജനങ്ങൾക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തുവാൻ കഴിയും. തെരെഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനം ഇതിലൂടി നടപ്പിലാക്കുവാൻ കഴിഞ്ഞതായും എം. പി അറിയിച്ചു.