മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു

മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു

ആറ്റിങ്ങൽ: കെ.പി.സി.സി.യുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലും പരവൂർകോണം ഗവ.എൽ.പി. സ്കൂളിലും കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു. കുട്ടികൾക്ക് ഉപയോഗിക്കാനാവശ്യമായ മാസ്കുകൾ സാനിറ്റൈസറുകൾ എന്നിവ അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ മണ്ഡലം പ്രസിഡൻറ് എസ്. പ്രശാന്തൻ സ്കൂൾ ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണിയ്ക്ക് കൈമാറി.

ആറ്റിങ്ങൽ നഗരസഭ കൗൺസിലർ കെ.ജെ.രവികുമാർ, ഡി.സി.സി. അംഗം പി.വി. ജോയി, സ്കൂൾ പി.റ്റി.എ. പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, വൈസ് പ്രസിഡൻ്റ് കെ.ശ്രീകുമാർ, ശ്രീരംഗൻ, ജയപ്രസാദ്, സുബ്രമണ്യൻ, പ്രസന്നകുമാർ, എസ്. ഷാജി, രതീഷ്, മോനി സുരേഷ് അധ്യാപകരായ എൻ.സാബു, എസ്.അനീസ എന്നിവർ സംബന്ധിച്ചു.

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജനറൽ ഫിസിഷ്യൻ ഡോക്ടർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജീവിതശൈലിരോഗങ്ങൾ ദിനംപ്രതി ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണെന്നും അതിനെ പ്രതിരോധിക്കേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണെന്നും ആശംസ പ്രസംഗത്തിനിടയിൽ ഡോക്ടർ നിഷാദ് പറഞ്ഞു.

രോഗം ഉള്ളവരെ ചികിൽസിക്കുക എന്നതിനേക്കാളുപരി ആരോഗ്യമുള്ളവരെ വാർത്തെടുക്കുക രോഗങ്ങളെ പ്രതിരോധിക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടിയാണ് ഡോക്ടർമാരും ആശുപത്രികളും പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡയറ്റീഷ്യൻ ശ്രുതി ആർ.പ്രമോദ്, സീനിയർ നഴ്സിംഗ് സൂപ്രണ്ട് അജിതമണി എ.എസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

വർക്കല നഗരസഭയിൽ ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം

വർക്കല നഗരസഭയിൽ ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം

വർക്കല നഗരസഭയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു. വയോമിത്രം പദ്ധതിയിൽ വിതരണം ചെയ്യുന്ന മരുന്നുകളുടെ ക്ഷാമം പരിഹരിക്കുക, പാപനാശത്തു നടത്തുന്ന അനധികൃത പാർക്കിംഗ് ഫീസ് ഈടാക്കുന്നവർക്ക് എതിരെ നടപടിയെടുക്കുക, 660 sqftന് താഴെയുള്ള വീടുകളുടെ 2015 മുതലുള്ള കരകുടിശിഖ ഒഴിവാക്കുക, കറുന്നിലക്കോട് ഹെൽത്ത്‌ സെന്ററിന്റെ പ്രവർത്തനം പുനസ്ഥാപിക്കുക, എൻ എച്ച് എം ഫണ്ടുകൾ വാർഡുകളിൽ അടിയന്തരമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചത്.

ആവശ്യങ്ങൾ നഗരസഭ സെക്രട്ടറിയുമായി കൗൺസിലർമാർ ചർച്ച ചെയ്തപ്പോൾ അറിയാൻ സാധിച്ചത് വായോമിത്രം മരുന്നുകൾ സംസ്ഥാന സർക്കാർ കെഎംസിക്ക് 30 കോടിയോളം രൂപ നൽകാൻ ഉള്ളത് കൊണ്ടാണ് മരുന്ന് വിതരണം മുടങ്ങിയത് എന്നാണ്. ആയതിനാൽ മരുന്ന് വിതരണത്തിനായി ബദൽ സംവിധാനം ഉടൻ നടപ്പിലാക്കാം എന്ന് സെക്രട്ടറി ഉറപ്പു നൽകി.

കൗൺസിലർ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ പരിഹരിക്കാമെന്നു സെക്രട്ടറി ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു. പാർലമെന്റ്റി പാർട്ടി ലീഡർ അഡ്വ, ആർ അനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ കൗൺസിലർമാരായ വിജി R.V, ഉണ്ണികൃഷ്ണൻ പ്രിയഗോപൻ, ഷീനഗോവിന്ദ്, രാഖി, സിന്ധു.V, A.R. അനീഷ്, സിന്ധു വിജയൻ, അശ്വതി, അനു.K.L എന്നിവർ പങ്കെടുത്തു.

ഇ–ശ്രം: ഭിന്നശേഷിക്കാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി

ഇ–ശ്രം: ഭിന്നശേഷിക്കാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി

തിരുവനന്തപുരം: ഇ – ശ്രം പോര്‍ട്ടല്‍ ഭിന്നശേഷിക്കാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ക്യാമ്പിന്റെ ജില്ലാ തല ഉത്ഘാടനം വി കെ പ്രശാന്ത് എം എല്‍ എ നിര്‍വഹിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ – ശ്രം പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നത്. 16 നും 59 നും ഇടയില്‍ പ്രായമുള്ള ആദായ നികുതി പരിധിയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രധാന്‍ മന്ത്രി സുരക്ഷാ ബീമാ യോജന പ്രകാരമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കും.

കര്‍ഷകര്‍, വീട്ടുജോലിക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, പത്ര ഏജന്റുമാര്‍, ബീഡിത്തൊഴിലാളികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, തടിപ്പണിക്കാര്‍ തുടങ്ങിയ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും രജിസ്റ്റര്‍ ചെയാം. register.eshram.gov.in എന്ന പോര്‍ട്ടലില്‍ ആധാര്‍, ബാങ്ക് അകൗണ്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കി ഒ ടി പി വെരിഫിക്കേഷന്‍ സൗകര്യം ഉപയോഗിച്ച് സ്വന്തമായി രജിസ്റ്റര്‍ ചെയാം. അക്ഷയ സെന്ററുകള്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍ എന്നിവ വഴിയും സൗജന്യമായി രജിസ്റ്റര്‍ ചെയാം.

തൊഴില്‍ ഭവനില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ് ) ബിച്ചു ബാലന്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ബീനാമോള്‍ വര്‍ഗ്ഗീസ്, ലേബര്‍ ഓഫീസര്‍ വിജയകുമാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ബി എസ് രാജീവ്, വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു.

മഴക്കെടുതി: ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു

മഴക്കെടുതി: ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു

തിരുവനന്തപുരം: ജില്ലയില്‍ മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ പുതുതായി മൂന്ന് ക്യാമ്പുകള്‍ കൂടി തുറന്നു. ഇതോടെ 22 ക്യാമ്പുകളിലായി 491 പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം താലൂക്കിലെ പൂഴിക്കുന്ന് ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍, ആറ്റിപ്ര ആറ്റിന്‍കര ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍, മണക്കാട് കാലടി ഗവണ്‍മെന്റ് എച്ച്.എസ്.എസ് എന്നിവയാണ് പുതുതായി തുറന്ന ക്യാമ്പുകള്‍.
നെയ്യാറ്റിന്‍കര താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ തുറന്നിട്ടുള്ളത്.

82 കുടുംബങ്ങളിലെ 176 പേര്‍ എട്ട് ക്യാമ്പുകളിലായി ഇവിടെ കഴിയുന്നു. തിരുവനന്തപുരം താലൂക്കിലെ ഏഴ് ക്യാമ്പുകളിലായി 32 കുടുംബങ്ങളിലെ 95 പേര്‍ കഴിയുന്നു. നെടുമങ്ങാട്, കാട്ടാക്കട, ചിറയന്‍കീഴ് താലൂക്കുകളില്‍ രണ്ട് ക്യാമ്പുകള്‍ വീതമാണ് പ്രവര്‍ത്തിക്കുന്നത്. 18 കുടുംബങ്ങളിലെ 46 പേരാണ് നെടുമങ്ങാട് ക്യാമ്പിലുള്ളത്. കാട്ടാക്കട താലൂക്കില്‍ 27 കുടുംബങ്ങളിലെ 71 പേരും ചിറയിന്‍കീഴ് താലൂക്കില്‍ ആറു കുടുംബങ്ങളിലെ 23 പേരും ക്യാമ്പില്‍ കഴിയുന്നു.