സിപിഎം ഈസ്റ്റ് ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് സ്ത്രീധന വിരുദ്ധ സെമിനാറും പ്രതിജ്ഞ വാചകം ചൊല്ലലും സംഘടിപ്പിച്ചു

സിപിഎം ഈസ്റ്റ് ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് സ്ത്രീധന വിരുദ്ധ സെമിനാറും പ്രതിജ്ഞ വാചകം ചൊല്ലലും സംഘടിപ്പിച്ചു

ആറ്റിങ്ങൽ: സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഈസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച സ്ത്രീധന വിരുദ്ധ സെമിനാർ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം.മുരളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ സെന്റെർ അംഗവും നഗരസഭ മുൻ ചെയർമാനുമായ എം. പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ് സ്വാഗതവും, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ഇ.അനസ് നന്ദിയും പറഞ്ഞു.

സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരിൽ നിരവധി പെൺകുട്ടികൾ പീഡിതരാവുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു സെമിനാർ സംഘടിപ്പിച്ചത്. മറ്റ് രാജ്യങ്ങൾ പോലും ഉറ്റു നോക്കുന്ന പ്രബുദ്ധരായ ജനതയാണ് കേരളത്തിലുള്ളത്. എന്നാൽ അടുത്ത കാലങ്ങളായി സ്ത്രീധനത്തിന്റെ പേരിൽ നിരവധി പെൺകുട്ടികൾ അരുംകൊല ചെയ്യപ്പെടുന്നു. പണ്ട് കാലത്ത് ജൻമിത്ത മുതലാളിത്തമാണ് സാക്ഷരത ലഭിക്കാത്ത ഒരു വിഭാഗത്തെ ഇത്തരം പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നത്. എന്നാൽ ഈ കാലഘട്ടത്തിൽ ധനത്തിനോട് അമിത ആർത്തി കാണിക്കുന്ന വിദ്യാസമ്പന്നർ ഇതിന് മുതിരുന്നു എന്നതാണ് വിരോധാഭാസം. ജൻമിത്ത മേലാളൻമാരുടെ അതിക്രമം അക്കാലത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഇടത് സർക്കാരുകളും നിരന്തരം ചോദ്യചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അമർച്ച ചെയ്യാൻ സാധിച്ചു. നിലവിലും അത്തരം കാടത്ത സംസ്കാരം സമൂഹത്തിന്റെ ചിലയിടങ്ങളിൽ വീണ്ടും ഉടലെടുത്തിരിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കാനും, യുവ തലമുറക്ക് ഒരവബോധം സൃഷ്ടിക്കാനുമാണ് ഈസ്റ്റ് ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് സ്ത്രീധന വിരുദ്ധ സെമിനാർ സംഘടിപ്പിച്ചതെന്ന് എം.പ്രദീപ് അറിയിച്ചു.

അവനവഞ്ചേരി തെരുവ് ജംഗ്ഷനിൽ സംഘടിപ്പിച്ച സെമിനാറിൽ പാർട്ടി അംഗം കുമാരി ദേവിക പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ലോക്കൽ കമ്മിറ്റി പരിധിയിലെ വിവിധ ബ്രാഞ്ചുകളിൽ നിന്നെത്തിയ അവിവാഹിതരായ നിരവധി യുവാക്കൾ പ്രതീകാത്മകമായി മൊബൈലിലെ ഫ്ലാഷ് ലൈറ്റുകൾ പ്രകാശിപ്പിച്ചു കൊണ്ട് പ്രതിജ്‌ഞാ വാചകം ഏറ്റുചൊല്ലി. നഗരസഭാ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, എൽ സി അംഗങ്ങളായ റ്റി. ദിലീപ് കുമാർ, ബിസിഡി സുധീർ, ആർ.രാമൻകുട്ടി, ജി.ബാബു, എൻ.മണിയൻ, ബാലചന്ദ്രൻ, കൗൺസിലർ എം.താഹിർ, കെ.പി.രാജഗോപാലൻ പോറ്റി തുടങ്ങിയവർ പങ്കെടുത്തു. ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ സാംസ്കാരിക സമ്മേളനവും ജനകീയ ക്വിസ് മത്സരവും, പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായുളള വൃക്ഷ തൈ നടീൽ, ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ തുടങ്ങി വ്യത്യസ്ഥമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത് എന്ന് സെക്രട്ടറി സി.ചന്ദ്രബോസ് അറിയിച്ചു.

കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 990, എറണാകുളം 916, തൃശൂര്‍ 780, കോട്ടയം 673, കോഴിക്കോട് 648, കൊല്ലം 606, പാലക്കാട് 345, ഇടുക്കി 332, മലപ്പുറം 290, കണ്ണൂര്‍ 255, ആലപ്പുഴ 228, പത്തനംതിട്ട 213, വയനാട് 92, കാസര്‍ഗോഡ് 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 64,999 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,62,454 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,55,881 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4886 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 230 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 74,618 കോവിഡ് കേസുകളില്‍, 8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 45 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 55 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 87 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 32,236 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5913 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 452 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8424 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 830, കൊല്ലം 793, പത്തനംതിട്ട 924, ആലപ്പുഴ 393, കോട്ടയം 990, ഇടുക്കി 234, എറണാകുളം 1730, തൃശൂര്‍ 107, പാലക്കാട് 429, മലപ്പുറം 510, കോഴിക്കോട് 813, വയനാട് 272, കണ്ണൂര്‍ 264, കാസര്‍ഗോഡ് 135 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 74,618 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,72,930 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,53,43,607), 52 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,38,91,517) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,99,040)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 6444 പുതിയ രോഗികളില്‍ 5521 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1176 പേര്‍ ഒരു ഡോസ് വാക്‌സിനും 2348 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1997 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ഒക്‌ടോബര്‍ 25 മുതല്‍ നവംബര്‍ 1 വരെയുള്ള കാലയളവില്‍, ശരാശരി 72,200 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 7684 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 13 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 5%, 10%, 25%, 12%, 14%, 9% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

വയോജനങ്ങൾക്കായി ഹെൽപ് ലൈൻ പ്രവർത്തനം ആരംഭിച്ചു

വയോജനങ്ങൾക്കായി ഹെൽപ് ലൈൻ പ്രവർത്തനം ആരംഭിച്ചു

മുതിർന്ന പൗരൻമാരുടെ പരാതികൾ പരിഹരിക്കാനും അവരുടെ ക്ഷേമവും സുംരക്ഷണവും ഉറപ്പ് വരുത്തുന്നതിനുമായി സംസ്ഥാനതലത്തിൽ 14567 എന്ന ടോൾ ഫ്രീ ഹൽപ്പ് ലൈൻ പ്രവർത്തനും ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈൻ മുഖേന ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി പൊഫ. ആർ ബിന്ദു നിർവഹിച്ചു. ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പദ്ധതിയുടെ ബ്രോഷറിന്റെയും പോസ്റ്ററിന്റെയും പ്രകാശനം നിർവഹിച്ചു.

കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് ഹെൽപ് ലൈൻ സജ്ജീകരിച്ചിരിക്കുന്നത്. മുതിർന്ന പൗരൻമാർക്ക് ഏതു ആവശ്യങ്ങൾക്കും 14567 എന്ന ടോൾഫ്രീ നമ്പറിൽ രാവിലെ 8 മുതൽ രാത്രി 8 വരെ ബന്ധപ്പെടാം. ഹെൽപ് ലൈൻ ആഴ്ചയിൽ എല്ലാദിവസവും പ്രവർത്തിക്കും. 60 വയസ് മുതലുള്ളവർക്കു സേവനം ലഭിക്കും. ഫോണിലൂടെയുള്ള സംശയ നിവാരണത്തിന് കാൾ ഓഫീസർമാരും, നേരിട്ടുള്ള ഇടപെടലുകൾക്കായി ഫീൽഡ് റെസ്പോൺസ് ഓഫീസർമാരും ലീഡേഴ്സും പ്രൊജക്ട് മാനേജരും അഡ്മിൻ /ഫിനാൻസ് ഓഫീസറും അടങ്ങുന്നതാണ് എൽഡർലൈൻ ടീം. ഹെൽപ്ലൈൻ വഴി ലഭിക്കുന്ന പരാതികൾ CRM പോർട്ടലിൽ രേഖപ്പെടുത്തും.

പരാതിയുടെ സ്വഭാവം പരിശോധിച്ച ശേഷം ബന്ധപ്പെട്ട വകുപ്പുകൾക്ക് തുടർനടപടി സ്വീകരിക്കാൻ കൈമാറും. നടപടി സ്വീകരിച്ചതായി ഉറപ്പാക്കുകയും ചെയ്യും. കേരള പോലീസ്, ഹെൽത്ത് ഡിപാർട്ട്മെന്റ്, ലീഗൽ സർവീസസ് അതോറിറ്റി, കുടുംബശ്രീ, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ, റവന്യു ഡിപ്പാർട്ട്മെന്റ് മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ സുംയുക്ത സഹകരണത്തോടെയാണ് ഹെൽപ് ലൈൻ പ്രവർത്തിക്കുക.

സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകൾ വയോജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ, അതുമായി ബന്ധപ്പെട്ടുള്ള പരാതികൾ, പെൻഷൻ/ സർക്കാർ സന്നദ്ധ സ്ഥാപനങ്ങൾ നടത്തുന്ന വൃദ്ധ സദനങ്ങൾ, വയോജന സംരക്ഷണ കേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ, മാർഗനിർദേശങ്ങൾ, മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 മായി ബന്ധപ്പെട്ടുള്ള സഹായങ്ങൾ, മറ്റു നിയമ സഹായങ്ങൾ മുതിർന്ന പൗരൻമാർക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ആവശ്യമായ ഇടപെടലുകൾക്കും ഈ നമ്പറിൽ സഹായം ലഭിക്കും.

വയോജനങ്ങൾ നേരിടുന്ന മാനസിക പ്രയാസങ്ങൾക്കും കോവിഡാനന്തര മാനസിക സംഘർഷങ്ങൾക്കും പിൻതുണയും ലഭിക്കും. അഗതികളായ വയോജനങ്ങളുടെ പുനരധിവാസം, മാനസികവും ശാരീരികവുമായി ചൂഷണം നേരിടുന്ന പ്രായമായവർക്കുള്ള പിൻതുണയും ഉറപ്പാക്കാനാവും.

മടവൂർ എൽപിഎസിൽ പ്രവേശനോത്സവം നടന്നു

മടവൂർ എൽപിഎസിൽ പ്രവേശനോത്സവം നടന്നു

മടവൂർ: കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച അടച്ചു പൂട്ടലുകളുടെ നീണ്ട ഇടവേളക്കുശേഷം മഴയുടെ അകമ്പടിയോ, കൂട്ടുകാരുടെ കരച്ചിലുകളോ ഇല്ലാതെ മടവൂർ ജിപിഎസ് എന്ന വിദ്യാലയ മുത്തശ്ശിയുടെ അങ്കണ ത്തിലേക്കുള്ള ആദ്യ യാത്ര വേറിട്ടൊരനുഭവമായ സന്തോഷത്തിലാണ് കൊച്ചു കൂട്ടുകാർ. കൂട്ടുകാരെ കാണാതെ, അധ്യാപകരെ കാണാതെ, വിദൂരതയിലിരുന്നു നേടിയ പഠനാനുഭവങ്ങൾ നേരിട്ട് അനുഭവവേദ്യമായ സന്തോഷമായിരുന്നു കൂട്ടുകാരുടെ മുഖത്ത്.

പ്രവേശനോത്സവം സമ്മാനിച്ച ഉത്സവച്ഛായ അതിന് ഇരട്ടിമധുരമേകി. വർണബലൂണുകളും അക്ഷര ബലൂണുകളും, അക്ഷരമരവും സമ്മാനപ്പൊതിയു മൊക്കെ അറിവിന്റെ വിസ്മയലോകത്തേക്ക് കൂട്ടുകാർക്ക് ആതിഥ്യമരുളി. അപരിചിതത്വത്തിന്റെ അതിർ വരമ്പുകൾ ഒന്നുമില്ലാതെ, വിദ്യാലയാ ന്തരീക്ഷവുമായി ചങ്ങാത്തത്തിലായ കൂട്ടുകാർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നല്ലൊരു അധ്യയന കാലത്തെ….

സ്കൂളിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്ത് കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റി

സ്കൂളിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്ത് കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റി

കടയ്ക്കാവൂർ: സ്കൂൾ പ്രവേശനോൽസവത്തോടനുബന്ധിച്ച് കുട്ടികളുടെ സുരക്ഷിതത്വത്തിനായി കടയ്ക്കാവൂർ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്പിബി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി കോറോണ പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു. സാനിറ്റൈസറുകൾ, മാസ്ക്കുക, ഹാൻ്റ് വാഷ്, കൈയ്യുറകൾ മുതലായവയുടെ കിറ്റുകൾ സ്കൂൾ ഹെഡ്മിസ്ട്രസിന് കൈമാറി.

സാമൂഹ്യ അകലം പാലിക്കുകയും മുൻകരുതൽ നടപടികൾ എടുക്കുകയും ചെയ്താൽ കൊറോണയെ ഒരളവ് വരെ പ്രതിരോധിച്ച് നിർത്തുവാൻ കഴിയുമെന്ന് സാധന സാമഗ്രികൾ സ്കൂളിന് കൈമാറിക്കൊണ്ട് കടയ്ക്കാവൂർ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അഡ്വ.റസൂൽ ഷാൻ പറഞ്ഞു. കോൺഗ്രസ്സിൻ്റെ മാതൃകാപരമായ പ്രവർത്തനത്തിൽ തൃപ്തിയുണ്ടെന്നും ഇത്തരം കാര്യങ്ങൾ ഇനിയും ഉണ്ടാകേണ്ടതുണ്ടെന്നും ഏറ്റുവാങ്ങി കൊണ്ട് ഹെഡ്മിസ്ട്രസ് ശോഭ ടീച്ചർ പറഞ്ഞു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ ക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ രാജീവ്, പഞ്ചായത്ത് മെംബർമാരായ പെരുംകുളം അൻസർ, ലല്ലു കൃഷ്ണൻ, സജി കടയ്ക്കാവൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.