എംപി ഫണ്ട്: സുരേഷ് ഗോപി പിന്നില്‍; ഷാഫി ചെലവഴിച്ചത് നാലു ശതമാനം മാത്രം

എംപി ഫണ്ട്: സുരേഷ് ഗോപി പിന്നില്‍; ഷാഫി ചെലവഴിച്ചത് നാലു ശതമാനം മാത്രം

ഡല്‍ഹി: 18-ാം ലോക്‌സഭ നിലവില്‍ വന്നിട്ട് 20 മാസം പൂര്‍ത്തിയായപ്പോള്‍ എംപി ഫണ്ട് വിനിയോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം വളരെ പിന്നില്‍. കേരളത്തിലെ എംപിമാരുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗം ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. മണ്ഡലത്തിലെ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിവര്‍ഷം 5 കോടി രൂപയാണ് അനുവദിക്കുന്നത്. ഇതില്‍ കേവലം ആറു ശതമാനത്തിന് അടുത്ത് മാത്രമാണ് (5.97 ശതമാനം) തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ചെലവഴിച്ചിട്ടുള്ളത്.

എംപി ഫണ്ട് ചെലവഴിക്കലില്‍ ലോക്‌സഭ എംപിമാരുടെ ദേശീയ ശരാശരി 28.1 ശതമാനമാണ്. രാജ്യസഭ എംപിമാരുടേത് 44.2 ശതമാനവും. എന്നാല്‍ കേരളത്തിലെ എംപിമാരുടെ ചെലവഴിക്കല്‍ വളരെ കുറവാണ്. 11.4 ശതമാനം മാത്രമാണ് കേരളത്തിലെ ലോക്‌സഭ എംപിമാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള രാജ്യസഭ എംപിമാരാകട്ടെ 14.74 ശതമാനവും ചെലവഴിച്ചുവെന്നാണ് 2026 ജനുവരി 21 ലെ എംപിഎല്‍എഡിഎസ് ഡാഷ്‌ബോര്‍ഡ് വ്യക്തമാക്കുന്നത്.

കേരളത്തിലെ ലോക്‌സഭ എംപിമാരില്‍ എം കെ രാഘവന്‍, ഇടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നാണ് കണക്കുകള്‍. അബ്ദുസമദ് സമദാനി 0.33 ശതമാനം ചെലവഴിച്ചപ്പോള്‍, കെ ഫ്രാന്‍സിസ് ജോര്‍ജ്, ഷാഫി പറമ്പില്‍ എന്നിവര്‍ നാലു ശതമാനമാണ് ചെലവഴിച്ചത്. ശശി തരൂര്‍ – 13.28 ശതമാനം, പ്രിയങ്കാ ഗാന്ധി വധ്ര – 13.37 ശതമാനം, അടൂര്‍ പ്രകാശ് – 14.25 ശതമാനം, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ – 14.32 ശതമാനം, ഹൈബി ഈഡന്‍ – 15.23 ശതമാനം എന്നിങ്ങനെയാണ് മറ്റ് എംപിമാര്‍ ചെലവാക്കിയിട്ടുള്ളത്.

കേരളത്തിലെ ലോക്‌സഭ എംപിമാരില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചിട്ടുള്ളത് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസാണ്. 24.33 ശതമാനം. കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ – 21.42 ശതമാനം, വി കെ ശ്രീകണ്ഠന്‍ – 18.73 ശതമാനം എന്നിവരാണ് കൂടുതല്‍ പണം വിനിയോഗിച്ച എംപിമാര്‍. രാജ്യസഭ എംപിമാരില്‍ മികച്ച ഫണ്ട് വിനിയോഗം ജോണ്‍ബ്രിട്ടാസിനാണ്. 26.32 ശതമാനമാണ്. കേരളത്തിലെ മൊത്തം രാജ്യസഭാംഗങ്ങളുടെ ഫണ്ട് വിനിയോഗം വെറും 14.74 ശതമാനം മാത്രമാണ്.

കേരള എംപിമാരുടെ താരതമ്യേന മോശം ഫണ്ട് വിനിയോഗത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. ‘ഭരണപരമായ വീഴ്ചകളാണ്’ ഫണ്ട് വിനിയോഗത്തിലെ മോശം അവസ്ഥയ്ക്ക് കാരണമെന്നാണ് സുരേഷ് ഗോപി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. ‘പരിഷ്‌കരിച്ച എംപിഎല്‍എഡിഎസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഓരോ നിര്‍ദ്ദേശവും ജില്ലാ നിര്‍വ്വഹണ അതോറിറ്റി 45 ദിവസത്തിനുള്ളില്‍ അംഗീകരിക്കണം. എന്നാല്‍, പ്രായോഗികമായി നടപ്പാക്കല്‍ ഓഫീസുകളില്‍ നിന്ന് എസ്റ്റിമേറ്റുകളും നിര്‍ബന്ധിത രേഖകളും ലഭിക്കുന്നതില്‍ പതിവായി കാലതാമസം ഉണ്ടാകാറുണ്ട്. ഇത് പല പദ്ധതികളും സമയപരിധി മൂലം നഷ്ടപ്പെടാന്‍ കാരണമാകുന്നു.’ സുരേഷ് ഗോപി പറഞ്ഞു.

എസ് ജാനകിയുടെ മകന്‍ അന്തരിച്ചു; നഷ്ടമായത് സഹോദരനെയെന്ന് കെഎസ് ചിത്ര

എസ് ജാനകിയുടെ മകന്‍ അന്തരിച്ചു; നഷ്ടമായത് സഹോദരനെയെന്ന് കെഎസ് ചിത്ര

ഗായിക എസ് ജാനകിയുടെ മകന്‍ മുരളി കൃഷ്ണ അന്തരിച്ചു. ഗായിക കെഎസ് ചിത്രയാണ് മരണ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തനിക്ക് നഷ്ടമായത് സ്‌നേഹനിധിയായൊരു സഹോദരനെയാണ് എന്നാണ് ചിത്ര പറയുന്നത്. ഈ സങ്കടം മറി കടക്കാനുള്ള കരുത്ത് ദൈവം അമ്മയ്ക്ക നല്‍കട്ടെയെന്നും ചിത്ര പറയുന്നു.

‘ഇന്ന് രാവിലെ മുരളി അണ്ണന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്തയറിഞ്ഞ് ഞെട്ടിപ്പോയി. സ്‌നേഹനിധിയായൊരു സഹോദരനെയാണ് നഷ്ടമായത്. ഈ അസഹനീയമായ വേദനയെയും സങ്കടത്തെയും മറി കടക്കാനുള്ള കരുത്ത് ദൈവം അമ്മയ്ക്ക് നല്‍കട്ടെ. പരേതനായ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ. ഓം ശാന്തി’ എന്നാണ് കെഎസ് ചിത്ര കുറിച്ചിരിക്കുന്നത്.

ഇന്ത്യ-ന്യൂസിലൻഡ് കാര്യവട്ടം ടി20: വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ വന്‍ ഇളവ് പ്രഖ്യാപിച്ച് കെസിഎ

ഇന്ത്യ-ന്യൂസിലൻഡ് കാര്യവട്ടം ടി20: വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ വന്‍ ഇളവ് പ്രഖ്യാപിച്ച് കെസിഎ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31-ന് നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി-20 മത്സരം നേരിൽ കാണാൻ വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ച് കെസിഎ. 250 രൂപയാണ് വിദ്യാർത്ഥികളുടെ ടിക്കറ്റ് വില.ഇതിനായുള്ള പ്രത്യേക ടിക്കറ്റ് കൺസെഷൻ നടപടിക്രമങ്ങളും അസോസിയേഷൻ പുറത്തിറക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയുള്ള ഗ്രൂപ്പ് ബുക്കിംഗുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ടിക്കറ്റുകൾ ആവശ്യമുള്ള സ്ഥാപനങ്ങൾ മേധാവി സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക ലെറ്റർഹെഡിലുള്ള അപേക്ഷ generalconvener@keralacricket.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. അപേക്ഷയോടൊപ്പം വിദ്യാർത്ഥികളുടെ മുഴുവൻ പേരും സ്കൂൾ/കോളേജ് ഐഡി കാർഡ് നമ്പറും സമർപ്പിക്കണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് പത്ത് വിദ്യാർത്ഥികളെങ്കിലും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.

പതിനാറ് വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്കൊപ്പം നിർബന്ധമായും ഒരു അധ്യാപകൻ ഉണ്ടായിരിക്കണം. ഓരോ പത്ത് വിദ്യാർത്ഥികൾക്കും ഒരു അധ്യാപകൻ എന്ന ക്രമത്തിൽ 250 രൂപ ടിക്കറ്റിൽ അധ്യാപകർക്കും പ്രവേശനം അനുവദിക്കും. അപേക്ഷകൾ പരിശോധിച്ച് ബുക്കിംഗ് ഉറപ്പുവരുത്തിയ ശേഷം കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥാപനത്തെ അറിയിക്കും. തുടർന്ന് നിശ്ചിത തുക അടച്ച് വിവരങ്ങൾ അസോസിയേഷനെ അറിയിക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ടിൽ പണം എത്തിയെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ടിക്കറ്റുകൾ അനുവദിക്കുകയുള്ളൂ. അപൂർണ്ണമായതോ മാനദണ്ഡങ്ങൾ പാലിക്കാത്തതോ ആയ അപേക്ഷകൾ പരിഗണിക്കില്ലെന്നും കെ.സി.എ അറിയിച്ചു.

ടെലിഗ്രാം വഴി കുട്ടികളുടെ നഗ്നവീഡിയോ വില്‍പന; മലപ്പുറം സ്വദേശി അറസ്റ്റില്‍

ടെലിഗ്രാം വഴി കുട്ടികളുടെ നഗ്നവീഡിയോ വില്‍പന; മലപ്പുറം സ്വദേശി അറസ്റ്റില്‍

മലപ്പുറം: കുട്ടികളുടേത് ഉള്‍പ്പെടെയുള്ള അശ്ലീല വീഡിയോകള്‍ ടെലഗ്രാം വഴി വില്‍പ്പന നടത്തിയ യുവാവിനെ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി സഫ വാനാ(20)ണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാം ഉപയോഗിച്ച് വിവിധ ഗ്രൂപ്പുകളിലും സ്വകാര്യ ചാനലുകളിലൂടെയും ഇത്തരം അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച് സാമ്പത്തിക ലാഭം നേടുകയായിരുന്നു പ്രതി.

മലപ്പുറം ജില്ലാ പൊലീസ് മേധാവി വിശ്വനാഥ് ആര്‍ ഐപിഎസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

പോക്സോ, ഇന്‍ഫര്‍മേഷന്‍ ആന്റ ടെക്നോളജി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നേരത്തെ മയക്കുമരുന്ന് കേസിലും പ്രതിയായിരുന്നു സഫ് വാനെന്ന് പൊലീസ് പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകള്‍, ജാമ്യഹര്‍ജിയില്‍ ഇന്ന് വാദം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകള്‍, ജാമ്യഹര്‍ജിയില്‍ ഇന്ന് വാദം

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ജയിലിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. പൊലീസ് റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷമാകും ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുക. കോട്ടയം സ്വദേശിനിയെ തിരുവല്ലയിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത കേസില്‍ കഴിഞ്ഞ 11നാണ് രാഹുല്‍ റിമാന്‍ഡിലായത്.

തിരുവല്ല മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞദിവസം രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്. ജാമ്യം തള്ളിയുള്ള മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് രാഹുലിന് പ്രതികൂലം ആകാന്‍ ആണ് സാധ്യത. ആദ്യ കേസിലെ പരാതിക്കാരി ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ജാമ്യ ഹര്‍ജിയെ എതിര്‍ക്കാന്‍ ആണ് പ്രോസിക്യൂഷന്‍ നീക്കം.

അതേസമയം, ഗുരുതര വെളിപ്പെടുത്തലുമായി അതിജീവിത കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. രാഹുല്‍ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്നും ഗര്‍ഭിണിയായിരിക്കെ തന്നെ മൃഗീയമായി പീഡിപ്പിച്ചെന്നും പരാതിക്കാരി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.