കേരളത്തിന്റെ സ്വന്തം ബാക്ടീരിയ വരുന്നു; മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തും

കേരളത്തിന്റെ സ്വന്തം ബാക്ടീരിയ വരുന്നു; മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തും

തിരുവനന്തപുരം: സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സ്വന്തമായി ഒരു സംസ്ഥാന സൂക്ഷ്മാണുവിനെ (മൈക്രോബ്) പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നു. ഈ മാസം 23-ന് തിരുവനന്തപുരം കഴക്കൂട്ടം കിന്‍ഫ്രയിലെ സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ മൈക്രോബയോമില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും.

സാധാരണയായി രോഗകാരികളെന്ന ധാരണയില്‍ മാത്രം പൊതുസമൂഹം നോക്കിക്കാണുന്ന സൂക്ഷമാണുക്കള്‍ ദഹനം, രോഗപ്രതിരോധം, മണ്ണിന്റെ ആരോഗ്യസംരക്ഷണം, മികച്ച വിളവ്, പരിസ്ഥിതി സന്തുലനം തുടങ്ങിയ മേഖലകളില്‍ ഗുണകരമായ പങ്കുവഹിക്കുന്നുണ്ട്. ദൈനംദിന ജീവിതത്തില്‍ സൂക്ഷ്മാണുക്കള്‍ നല്‍കുന്ന അനന്തമായ ഗുണഫലങ്ങളെക്കുറിച്ചുള്ള പൊതുചര്‍ച്ചയ്ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോമിന്റെ ഡയറക്ടറായ ഡോ. സാബു തോമസാണ് സംസ്ഥാന സൂക്ഷ്മാണു എന്ന ആശയം മുന്നോട്ടുവച്ചത്.

മൈക്രോബയോം മേഖലയിലെ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും പൊതുജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്തുകയുമാണ് ഈ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സൂക്ഷ്മാണുക്കള്‍ കേവലം രോഗകാരികളല്ലെന്നും കൃഷി, ആരോഗ്യം, പരിസ്ഥിതി എന്നിവയില്‍ അവ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുക. ലൈഫ് സയന്‍സ് രംഗത്തേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുകയും നൂതന പഠനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുക. കൃഷിയിലും മറ്റും രാസവസ്തുക്കളുടെ ഉപയോഗം കുറച്ച് പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ സൂക്ഷ്മാണുക്കളെ ഉപയോഗിക്കുക.

2013ല്‍ ഇന്ത്യ ‘ലാക്ടോബാസില്ലസ് ഡെല്‍ബ്രൂക്കി’ എന്ന ബാക്ടീരിയയെ ദേശീയ സൂക്ഷ്മാണുവായ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് കേരളം ഇപ്പോള്‍ സംസ്ഥാന തലത്തില്‍ ഈ തീരുമാനം കൈക്കൊള്ളുന്നത്. പുളിപ്പിക്കല്‍ പ്രക്രിയയിലൂടെ ദഹനസഹായവും പ്രതിരോധശക്തി വര്‍ധനയും നല്‍കുന്ന പ്രോബയോട്ടിക് ഗുണങ്ങളുള്ള ബാക്ടീരിയയാണ് ഇത്. സംസ്ഥാന സൂക്ഷമാണുവിനെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ കിന്‍ഫ്രയില്‍ ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ മൈക്രോബയോമിന്റെ സമര്‍പ്പണവും റിസര്‍ച്ച് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ലാന്‍ഡ്സ്‌കേപ് ഓഫ് മൈക്രോബയോം എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും.

പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ മുദാക്കൽ അമുന്തിരത്ത് ക്ഷേത്രത്തിനു സമീപം അളകാപുരിയിൽ ബൈജുവിന്റെ മകൻ (17) സിദ്ധാർത്ഥിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സിദ്ധാർത്ഥ് ഇളമ്പ ഗവൺമെന്റ് എച്ച് എസ്സിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്.

ദീപക്കിന്റെ വിഡിയോ പകര്‍ത്തിയ യുവതി ഒളിവിലെന്ന് സൂചന; ഫോണ്‍ കണ്ടെത്താന്‍ പൊലീസ്

ദീപക്കിന്റെ വിഡിയോ പകര്‍ത്തിയ യുവതി ഒളിവിലെന്ന് സൂചന; ഫോണ്‍ കണ്ടെത്താന്‍ പൊലീസ്

കോഴിക്കോട്: ഇന്‍സ്റ്റഗ്രാം റീലിലൂടെയുള്ള ലൈംഗിക അതിക്രമ ആരോപണത്തെത്തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ യുവതി ഒളിവിലെന്ന് സൂചന. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനൊപ്പം യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പൊലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കിയതോടെ യുവതിയുടെ വാദം പൊളിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായതോടെ യുവതി തന്റെ ഫെയ്‌സ്്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടതില്‍ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ ദീപക് മാനസികമായി തകര്‍ന്നിരുന്നുവെന്നും സുഹൃത്തുക്കളും ബന്ധുക്കളും മൊഴി നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് ഇന്ന് (ചൊവ്വാഴ്ച) തുടക്കമാകും. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള അവസാന സമ്മേളനം എന്ന നിലയില്‍ വിവിധ വിഷയങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും സഭയില്‍ കൊമ്പുകോര്‍ക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ജനങ്ങള്‍ക്ക് മുന്നില്‍ തങ്ങളുടെ നിലപാട് മുന്നോട്ടുവെയ്ക്കാനുള്ള വേദിയായി ഇത് മാറും. സര്‍ക്കാരിനുവേണ്ടി ഗവര്‍ണര്‍ ഇന്ന് നയപ്രഖ്യാപന പ്രസംഗം നടത്തും.

രാവിലെ 8.45ന് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ എന്‍ ഷംസീറും ചേര്‍ന്ന് ഗവര്‍ണറെ സ്വീകരിക്കും. ആദ്യദിവസം നയപ്രഖ്യാപനപ്രസംഗം മാത്രമേ ഉണ്ടാകൂ. അന്തരിച്ച സഭാംഗം കാനത്തില്‍ ജമീലയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ച് ബുധനാഴ്ച പിരിയും.

22, 27, 28 തീയതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയാണ്. 29ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. ജീവനക്കാരുടെയും അധ്യാപകരുടെയും അഷ്വേര്‍ഡ് പെന്‍ഷന്‍ സ്‌കീം ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ പ്രഖ്യാപനം ബജറ്റിലുണ്ടാകും.മാര്‍ച്ച് 26ന് സഭ പിരിയും. അതിനിടയില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടായാല്‍ സമ്മേളനം വെട്ടിച്ചുരുക്കും. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സിപിഎമ്മിലെ ഡി കെ മുരളി നല്‍കിയ പരാതി സഭ പരിഗണിച്ച് പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടേക്കും. കഴിഞ്ഞ സമ്മേളന കാലത്ത് പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചിരുന്നു. പിന്നീട് കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയും അന്തരിച്ചു. ലൈംഗികാതിക്രമ കേസില്‍ ജയിലിലായ പാലക്കാട് അംഗം രാഹുല്‍ മാങ്കൂട്ടത്തിലും സഭയില്‍ എത്തില്ല.

അയ്യപ്പന്‍ ഇനി യോഗനിദ്രയില്‍; ഇന്ന് ദര്‍ശനം നടത്തിയത് രാജപ്രതിനിധി മാത്രം; ശബരിമല നട അടച്ചു

അയ്യപ്പന്‍ ഇനി യോഗനിദ്രയില്‍; ഇന്ന് ദര്‍ശനം നടത്തിയത് രാജപ്രതിനിധി മാത്രം; ശബരിമല നട അടച്ചു

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിന്റെ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. അയ്യപ്പനെ വിഭൂതി കൊണ്ട് മൂടി യോഗനിദ്രയിലാക്കി. ഇന്ന് രാവിലെ തീര്‍ഥാടകര്‍ക്ക് ദര്‍ശനം ഉണ്ടായിരുന്നില്ല. രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം നടത്താന്‍ അനുവാദം ഉണ്ടായിരുന്നത്.

ദര്‍ശനത്തിന് ശേഷം രാജപ്രതിനിധി പതിനെട്ടാം പടിയുടെ മുകളിലെ ഗേറ്റ് പൂട്ടി. തുടര്‍ന്ന് പതിനെട്ടാം പടി ഇറങ്ങി. അദ്ദേഹത്തോടൊപ്പം ഉടവാളും പരിചയും വിളക്കുമായി മറ്റൊരാള്‍ അകമ്പടിയായി ഉണ്ടായിരുന്നു. പതിനെട്ടാം പടി ഇറങ്ങി താഴെയെത്തിയ രാജപ്രതിനിധിക്ക് ശബരിമല മേല്‍ശാന്തി ശ്രീകോവില്‍ പൂട്ടി താക്കോല്‍ കൈമാറി. മാളികപ്പുറം മേല്‍ശാന്തി അടക്കം അവിടെ സന്നിഹിതരായിരുന്നു.

രാജപ്രതിനിധിയും ശബരിമല മേല്‍ശാന്തിയും പതിനെട്ടാം പടിക്ക് മുന്നില്‍ സാഷ്ടാംഗം പ്രണാമം നടത്തി. അതിന് ശേഷം താക്കോല്‍കൂട്ടവും ഒരു വര്‍ഷത്തെ ചെലവിനുള്ള പണക്കിഴിയും ദേവസ്വം അധികാരികള്‍ക്ക് രാജപ്രതിനിധി കൈമാറി. രാജപ്രതിനിധി ഇറങ്ങുന്നതിന് മുന്‍പ് മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് അയ്യപ്പന് ചാര്‍ത്തിയ തിരുവാഭരണ പേടകങ്ങള്‍ പന്തളത്തേയ്ക്ക് യാത്രയായി.