by Midhun HP News | Dec 20, 2025 | Latest News, ജില്ലാ വാർത്ത
ശ്രീനിവാസന്റെ വിയോഗത്തില് അനുശോചനം രേഖപ്പെടുത്തി പ്രിയദര്ശന്. സിനിമ എനിക്ക് സമ്മാനിച്ച, എന്നെ സിനിമ പാഠങ്ങള് പഠിപ്പിച്ച എന്റെ ആത്മസുഹൃത്തിന് വിട എന്നാണ് പ്രിയദര്ശന് കുറിപ്പില് പറയുന്നത്. സ്വയം നോക്കി ചിരിക്കാന് ശ്രീനിയെപ്പോലെ മറ്റൊരാള് ഇനിയുണ്ടാവില്ലെന്നും പ്രിയദര്ശന് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:
”എല്ലാത്തിനെയും ചിരിയിലൂടെ കണ്ട പ്രിയപ്പെട്ട ശ്രീനി, സ്നേഹം നിറഞ്ഞ ഒരു പുഞ്ചിരി പോലെ മാഞ്ഞു. കഥ അന്വേഷിക്കാന് ശ്രീനിക്ക് മനുഷ്യ ഹൃദയങ്ങള് മാത്രം മതിയായിരുന്നു. സ്വയം നോക്കി ചിരിക്കാന് ശ്രീനിയെപ്പോലെ മറ്റൊരാള് ഇനിയുണ്ടാവില്ല.
ഒന്നിച്ച് സ്വപ്നം കണ്ട് സിനിമയില് എത്തിയവരാണ് ഞങ്ങള്. സിനിമയ്ക്ക് പുറത്തായിരുന്നു ഞങ്ങളുടെ ബന്ധം കൂടുതലും. കഥാചര്ച്ചകളും, ഇണക്കങ്ങളും, പിണക്കങ്ങളുമായി എത്രയോ പകലും രാത്രികളും. ചിന്തകളിലും പ്രവര്ത്തികളും പുലര്ത്തിയിരുന്ന നന്മ, അതായിരുന്നു ശ്രീനിയുടെ വ്യക്തിമുദ്ര. സിനിമ എനിക്ക് സമ്മാനിച്ച, എന്നെ സിനിമ പാഠങ്ങള് പഠിപ്പിച്ച എന്റെ ആത്മസുഹൃത്തിന് വിട”.
ശ്രീനിവാസനെക്കുറിച്ചുള്ള ഓര്മകള് മോഹന്ലാലും പങ്കുവച്ചു. സ്ക്രീനിലും ജീവിതത്തിലും ഞങ്ങള് ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചുവെന്നാണ് മോഹന്ലാല് പറയുന്നത്. വേദനയെ ചിരിയില് പകര്ത്തിയ പ്രിയപ്പെട്ടവന് എന്നാണ് മോഹന്ലാല് ശ്രീനിവാസനെ വിശേഷിപ്പിക്കുന്നത്. മോഹന്ലാലിന്റെ കുറിപ്പിലേക്ക്:
”യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളില് എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയില് ഒരുമിച്ചു പ്രവര്ത്തിച്ചവര് എന്ന നിര്വചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ. മലയാളി തന്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളില് കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്ക്രീനില് കണ്ടു.
മധ്യവര്ഗ്ഗത്തിന്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്കരിക്കാന് ശ്രീനിയെപ്പോലെ മറ്റാര്ക്ക് കഴിയും. ഞങ്ങള് ഒന്നിച്ച കഥാപാത്രങ്ങള് കാലാതീതമായി നിലനില്ക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്. ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണ്.
സമൂഹത്തിന്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികള്. വേദനയെ ചിരിയില് പകര്ത്തിയ പ്രിയപ്പെട്ടവന്. സ്ക്രീനിലും ജീവിതത്തിലും ഞങ്ങള് ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു.. പ്രിയപ്പെട്ട ശ്രീനിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു…”



by Midhun HP News | Dec 20, 2025 | Latest News, കേരളം
കേരളാ ഹൈക്കോടതി വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ടെലിഫോൺ ഓപ്പറേറ്റർ, അറ്റൻഡർ തുടങ്ങിയ ഏഴ് ഒഴിവുകളാണ് ഉള്ളത്. എട്ടാം ക്ലാസ്,ഡിപ്ലോമ പാസായവർക്ക് ആണ് അവസരം. നിയമനം ലഭിക്കുന്നവർക്ക് 23,700 മുതൽ 66,800 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 17-01-2026.
തസ്തിക & ഒഴിവുകളുടെ എണ്ണം
ടെലിഫോൺ ഓപ്പറേറ്റർ – 01
ബൈൻഡർ – 01
ബൈൻഡർ – 01
ഹെൽപ്പർ – 01
ഡ്യൂപ്ലിക്കേറ്റർ ഓപ്പറേറ്റർ – 01
അറ്റൻഡർ ഗ്രേഡ് II – 02
യോഗ്യത
ടെലിഫോൺ ഓപ്പറേറ്റർ: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം. സർക്കാർ അംഗീകൃത സ്ഥാപനം നൽകുന്ന ഇലക്ട്രോണിക്സിൽ ഡിപ്ലോമ. ടെലിഫോൺ ഓപ്പറേറ്റർ/റിസപ്ഷനിസ്റ്റ് ആയി ആറ് മാസത്തെ പരിചയം.
ബൈൻഡർ: എട്ടാം ക്ലാസ് പാസായിരിക്കണം. ബൈൻഡിങ്ങുമായി ബന്ധപ്പെട്ട കോഴ്സ് പഠിച്ചിരിക്കണം.
ഹെൽപ്പർ: എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം. ഐ.ടി.ഐ. ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ട്രേഡിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം.
ഡ്യൂപ്ലിക്കേറ്റർ ഓപ്പറേറ്റർ: എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം.
അറ്റൻഡർ ഗ്രേഡ് II: എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം.
അഭിമുഖം അല്ലെങ്കിൽ എഴുത്ത് പരീക്ഷയിലൂടെയാകും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് https://hckrecruitment.keralacourts.in/hckrecruitment/Recruitment/notifications സന്ദർശിക്കുക.
by Midhun HP News | Dec 20, 2025 | Latest News, കായികം
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമില് നിലനിര്ത്തി. ബിസിസിഐ ആസ്ഥാനത്തു നടന്ന വാര്ത്താ സമ്മേളനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്.
ഫോം ഔട്ടായ ശുഭ്മാന് ഗില്ലിനെ ഒഴിവാക്കി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില് തിളങ്ങിയ ഓപ്പണര് ഇഷാന് കിഷനേയും ടീമില് ഉള്പ്പെടുത്തി. റിങ്കു സിങും ലോകകപ്പ് ടീമിലുണ്ട്. ജിതേഷ് ശർമയെ തഴഞ്ഞതും ശ്രദ്ധേയമായി.
ലോകകപ്പ് ടീമിനൊപ്പം ന്യൂസിലന്ഡിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസിലന്ഡിനെതിരെ 3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. ജനുവരി 11 മുതൽ 31 വരെയാണ് ന്യൂസിലൻഡിനെതിരായ വൈറ്റ് ബോൾ പരമ്പര. ലോകകപ്പിനുള്ള ഇന്ത്യന് ടീം: ഇന്ത്യന് ടീം: സൂര്യകുമാര് യാദവ് (ക്യാപ്റ്റന്), അഭിഷേക് ശര്മ, തിലക് വര്മ, അക്ഷര് പട്ടേല്, ഹര്ദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്), ഇഷാന് കിഷന്, വാഷിങ്ടന് സുന്ദര്, കുല്ദീപ് യാദവ്, വരുണ് ചക്രവര്ത്തി, റിങ്കു സിങ്, ജസ്പ്രിത് ബുംറ, ഹര്ഷിത് റാണ, അര്ഷ്ദീപ് സിങ്.
ഫെബ്രുവരി ഏഴിനാണ് ലോകകപ്പ് പോരാട്ടങ്ങള്ക്ക് തുടക്കമാകുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് പോരാട്ടങ്ങൾ. മാര്ച്ച് എട്ടിനാണ് ഫൈനല്. ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. പാകിസ്ഥാൻ, യുഎസ്എ, നമീബിയ, നെതർലൻഡ്സ് എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ എതിരാളികൾ. ഫെബ്രുവരി ഏഴിന് യുഎസ്എയുമായുള്ള മത്സരത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പ് പോരാട്ടം തുടങ്ങുന്നത്.



by Midhun HP News | Dec 20, 2025 | Latest News, ദേശീയ വാർത്ത
ഇസ്ലാമബാദ്: തോഷാഖാന അഴിമതിക്കേസില് ജയിലില് കഴിയുന്ന പാകിസ്ഥാന് മുന് പ്രധാനമന്ത്രിക്കും ഭാര്യ ബുഷ്റ ബീബിക്കും 17 വര്ഷത്തെ തടവ് വിധിച്ച് പാക് കോടതി. പാകിസ്ഥാനിലെ റാവല്പിണ്ടിയിലെ അതീവ സുരക്ഷാ ജയിലില് നടന്ന വിചാരണയില് പ്രത്യേക കോടതി ജഡ്ജി ഷാരൂഖ് അര്ജുമന്ദ് ആണ് വിധി പ്രഖ്യാപിച്ചത്.
2021ല് ഇമ്രാന് ഖാന് പ്രധാനമന്ത്രിയായിരിക്കെ, സൗദി അറേബ്യ സര്ക്കാരില്നിന്ന് ദമ്പതിമാര്ക്ക് ലഭിച്ച ഔദ്യോഗിക സമ്മാനങ്ങളിലെ തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ടതാണ് തോഷാഖാന കേസ്. പാക് ശിക്ഷാ നിയമത്തിലെ 409-ാം വകുപ്പ് പ്രകാരം 10 വര്ഷത്തെ കഠിന തടവിനും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള് പ്രകാരം ഏഴുവര്ഷം വീതവുമാണ് ശിക്ഷ. ഇരുവരും പത്ത് ദശലക്ഷം രൂപ വീതം പിഴയൊടുക്കുകയും വേണം.



സൗദി കിരീടാവകാശി ഇമ്രാന് ഖാന് സമ്മാനിച്ച വിലയേറിയ ബള്ഗാരി ഡയമണ്ട് ജ്വല്ലറി സെറ്റാണ് തോഷാഖാന കേസിലേക്ക് നയിച്ചത്. പാക് നിയമപ്രകാരം ഭരണാധികാരികള്ക്ക് ലഭിക്കുന്ന ഇത്തരം വിലപിടിപ്പുള്ള സമ്മാനങ്ങള് തോഷാഖാന എന്ന സര്ക്കാര് ഖജനാവിലേക്ക് നല്കണം. അവ സ്വന്തമാക്കാന് ഉദ്ദേശിക്കുന്നുവെങ്കില് അതിന്റെ വിപണി മൂല്യത്തിന്റെ നിശ്ചിത ശതമാനം തുക സര്ക്കാരിലേക്ക് നല്കണം. എന്നാല്, ഇതിന്റെ യഥാര്ഥ വില കുറച്ചുകാണിച്ച് വളരെ ചെറിയ തുക മാത്രം ഖജനാവിലടച്ചാണ് ഇമ്രാനും ബുഷ്റ ബീബിയും സ്വന്തമാക്കിയെന്നാണ് കേസ്.
by Midhun HP News | Dec 20, 2025 | Latest News, കായികം
അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഓസ്ട്രേലിയ ജയത്തിലേക്ക് അടുത്തു. നാലാം ദിനം കളി അവസാനിക്കുമ്പോള് 435 റണ്സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇംഗ്ലണ്ടിന് ആറ് വിക്കറ്റുകള് നഷ്ടമായി. നിലവില് അവര് 6 വിക്കറ്റ് നഷ്ടത്തില് 206 റണ്സെന്ന നിലയില്. 4 വിക്കറ്റുകള് മാത്രം കൈയിലിരിക്കെ അവസാന ദിനത്തില് ഇംഗ്ലീഷ് ബാറ്റിങ് നിര താണ്ടേണ്ടത് 228 റണ്സ് കൂടി. കളി നിര്ത്തുമ്പോള് 2 റണ്സുമായി ജാമി സ്മിത്തും 11 റണ്സുമായി വില് ജാക്സുമാണ് ക്രീസില്.
ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില് 371 റണ്സും രണ്ടാം ഇന്നിങ്സില് 349 റണ്സുമാണ് നേടിയത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 286 റണ്സില് അവസാനിച്ചു. ഈ ടെസ്റ്റും ജയിച്ചാല് ആഷസ് കിരീടം ഓസ്ട്രേലിയ നിലനിര്ത്തും. ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച് ഓസീസ് പരമ്പരയില് 2-0ത്തിനു മുന്നിലാണ്.
435 റണ്സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിനു രണ്ടാം ഇന്നിങ്സിലും ക്ലച്ച് പിടിക്കാന് ആയില്ല. ഓപ്പണര് സാക് ക്രൗളി ഒരറ്റത്ത് പൊരുതി നിന്നെങ്കിലും കാര്യമായ പിന്തുണ മറുഭാഗത്തു നിന്നു കിട്ടിയില്ല. ബെന് ഡക്കറ്റ് (4), ഒലി പോപ്പ് (17), ജോ റൂട്ട് (39), ഹാരി ബ്രൂക്ക് (30), ക്യാപ്റ്റന് ബെന് സ്റ്റോക്സ് (5) എന്നിവരാണ് തുടക്കത്തില് മടങ്ങിയത്. പിന്നാലെ ആറാം വിക്കറ്റായി ക്രൗളിയും മടങ്ങിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. താരം 8 ഫോറുകള് സഹിതം 85 റണ്സെടുത്തു. നതാന് ലിയോണാണ് ചെറുത്തു നില്പ്പിന് അന്ത്യം കുറിച്ചത്.
രണ്ടാം ഇന്നിങ്സില് ഇംഗ്ലണ്ടിനു നഷ്ടമായ ആറ് വിക്കറ്റുകള് ക്യാപ്റ്റന് പാറ്റ് കമ്മിന്സും നതാന് ലിയോണും മൂന്ന് വീതം സ്വന്തമാക്കി പങ്കിട്ടു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സിലും കമ്മിന്സ് 3 വിക്കറ്റുകള് വീഴ്ത്തിയിരുന്നു. ലിയോണ് രണ്ട് വിക്കറ്റും സ്വന്തമാക്കിയിരുന്നു.
നേരത്തെ രണ്ടാം ഇന്നിങ്സില് കൂറ്റന് സ്കോറിലേക്ക് കുതിച്ച ഓസീസിനെ ഇംഗ്ലീഷ് ബൗളര്മാര് പിടിച്ചു നിര്ത്തിയാണ് കളിയിലേക്ക് തിരിച്ചെത്തി. 4 വിക്കറ്റ് നഷ്ടത്തില് 271 റണ്സെന്ന നിലയിലാണ് ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ചത്. ഓപ്പണര് ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയും ആറാമനായി എത്തിയ അലക്സ് കാരിയുടെ അര്ധ സെഞ്ച്വറിയുമാണ് ഓസീസിനു കരുത്തായത്. 85 റണ്സ് ലീഡുമായാണ് ഓസീസ് രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. നാലാം ദിനത്തില് പക്ഷേ ഇംഗ്ലണ്ട് തിരിച്ചടിച്ചു. സ്കോര് 311ല് നില്ക്കെ ഹെഡ് മടങ്ങിയതിനു പിന്നാലെ ഓസീസ് ഇന്നിങ്സ് അതിവേഗം തീര്ന്നു. ഓസീസിന്റെ ശേഷിച്ച 6 വിക്കറ്റുകള് വെറും 38 റണ്സിനിടെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് തിരിച്ചു വന്നത്.
നാലാം ദിനത്തില് ആദ്യം മടങ്ങിയത് ഹെഡാണ്. തലേദിവസത്തെ സ്കോറിനോട് 28 റണ്സ് കൂടി ചേര്ത്ത് 170 റണ്സുമായി ഹെഡ് മടങ്ങി. ഹെഡ് 16 ഫോറും രണ്ട് സിക്സും പറത്തി. പിന്നാലെ ആറാം വിക്കറ്റായി അര്ധ സെഞ്ച്വറിക്കാരന് അലക്സ് കാരിയും പുറത്ത്. താരം 72 റണ്സ് നേടി.
ജാക്ക് വെതറാള്ഡ് (1), മര്നസ് ലാബുഷെയ്ന് (13), ഉസ്മാന് ഖവാജ (40), കാമറൂണ് ഗ്രീന് (7), ജോഷ് ഇംഗ്ലിസ് (10), ക്യാപ്റ്റന് പാറ്റ് കമ്മിന്സ് (6), നതാന് ലിയോണ് (0), സ്കോട്ട് ബോളണ്ട് (1) എന്നിവരാണ് പുറത്തായ മറ്റുള്ളവര്.
ഇംഗ്ലണ്ടിനായി ജോഷ് ടോംഗ് 4 വിക്കറ്റുകള് വീഴ്ത്തി. ബ്രയ്ഡന് കര്സ് 3 വിക്കറ്റും സ്വന്തമാക്കി. ജോഫ്ര ആര്ച്ചര്, വില് ജാക്സ്, ബെന് സ്റ്റോക്സ് എന്നിവര് ഓരോ വിക്കറ്റെടുത്തു.
ആദ്യ ഇന്നിങ്സില് ക്യാപ്റ്റന് ബെന് സ്റ്റോക്സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറര്. താരം 83 റണ്സെടുത്തു. ക്യാപ്റ്റനു ഉറച്ച പിന്തുണ നല്കി ജോഫ്ര ആര്ച്ചറും തലേദിവസത്തെ ബാറ്റിങ് മികവ് ആവര്ത്തിച്ചതോടെ അവര് 286ല് എത്തി ഓസീസ് ലീഡ് കുറയ്ക്കുകയായിരുന്നു. ആര്ച്ചര് 51 റണ്സെടുത്തു. ജോഷ് ടോംഗ് 7 റണ്സുമായി പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഒരു ഘട്ടത്തില് 94ന് നാല് എന്ന നിലയിലേക്ക് തകര്ന്നിരുന്നു. ട്രാവിസ് ഹെഡ്, ജാക്ക് വെതറാള്ഡ്, മര്നസ് ലാബുഷെയ്ന് എന്നിവരെ തുടക്കത്തില് തന്നെ നഷ്ടമായതോടെ ഓസീസ് തകര്ച്ചയുടെ വക്കിലെത്തിയത്.
അലക്സ് കാരിയുടെയും ഉസ്മാന് ഖവാജയുടെയും വാലറ്റത്ത് മിച്ചല് സ്റ്റാര്ക്കും നടത്തിയ രക്ഷാപ്രവര്ത്തനത്തിന്റെ കരുത്തിലാണ് ഓസീസ് മികച്ച സ്കോര് നേടിയത്. അലക്സ് കാരി സെഞ്ച്വറിയോടെ 106 റണ്സും ഖവാജ 82 റണ്സും നേടി. സ്റ്റാര്ക്ക് 54 റണ്സും കണ്ടെത്തി.



Recent Comments