by Midhun HP News | Oct 4, 2025 | Latest News, കേരളം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലേയ്ക്ക് കുതിച്ചു. ഇന്ന് ഗ്രാമിന് 80 രൂപ വര്‍ധിച്ച് വില 10,945 രൂപയായി. 640 രൂപ മുന്നേറി പവന് 87,560 രൂപയിലെത്തി. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 10,930 രൂപയും പവന് 87,440 രൂപയുമെന്ന റെക്കോര്‍ഡ് മറികടന്നു. ഇന്നലെ രാവിലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നെങ്കിലും ഉച്ചയ്ക്ക് വീണ്ടും കൂടിയിരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഉച്ചയ്ക്ക് ഉയര്‍ന്നത്.
യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകള്‍ സ്വര്‍ണവിലയുടെ മുന്നേറ്റത്തിന് വഴിവച്ചിരുന്നു. കഴിഞ്ഞദിവസം വില രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 3,897 ഡോളര്‍ എന്ന റെക്കോര്‍ഡിലുമെത്തി. വൈകാതെ ലാഭമെടുപ്പിനെ തുടര്‍ന്ന് വില താഴ്‌ന്നെങ്കിലും യുഎസില്‍ ട്രംപ് ഗവണ്‍മെന്റ് ‘ഷട്ട്ഡൗണിലേക്ക്’ നീങ്ങിയത് വീണ്ടും വില വര്‍ധിക്കാന്‍ കാരണമായി. പ്രവര്‍ത്തനഫണ്ട് സംബന്ധിച്ച ബില്‍ പാസാക്കാനാവാത്തതിനാല്‍ യുഎസില്‍ ട്രംപ് നയിക്കുന്ന ഗവണ്‍മെന്റ് അടച്ചുപൂട്ടലിലായി. അവശ്യസേവനങ്ങളൊഴികെ മറ്റ് സര്‍ക്കാര്‍ ഓഫീസുകളെല്ലാം പൂട്ടി. ഷട്ട്ഡൗണ്‍ അടുത്തയാഴ്ചയിലേക്കും നീങ്ങുമെന്നത് യുഎസില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതു ഡോളറിനും ബോണ്ടിനും തിരിച്ചടിയാകും, എന്നാല്‍ സ്വര്‍ണത്തിന് നേട്ടമാണ്.

രാജ്യാന്തര വില നിലവില്‍ ഔണ്‍സിന് 42 ഡോളര്‍ തിരിച്ചുകയറി 3,886 ഡോളറിലെത്തി. ഒരുഘട്ടത്തില്‍ വില 3,890 ഡോളറിലും എത്തിയിരുന്നു. ഇന്ത്യന്‍ രൂപ ഇന്നലെ ഡോളറിനെതിരെ 7 പൈസ താഴ്ന്ന് 88.78ല്‍ എത്തിയതും ആഭ്യന്തര സ്വര്‍ണവില വര്‍ധനയുടെ ആക്കംകൂട്ടി. സെപ്റ്റംബര്‍ 30ന് കുറിച്ച 88.80 ആണ് രൂപയുടെ എക്കാലത്തെയും താഴ്ന്ന മൂല്യം.
സംസ്ഥാനത്ത് ഇന്ന് 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 65 രൂപ വര്‍ധിച്ച് റെക്കോര്‍ഡ് 9,065 രൂപയിലെത്തി. വെള്ളിവിലയും കത്തിക്കയറുകയാണ്. ഗ്രാമിന് 2 രൂപ ഉയര്‍ന്ന് സര്‍വകാല ഉയരമായ 160 രൂപയിലാണ് ഇന്നു വ്യാപാരം. കേരളത്തില്‍ മറ്റൊരുവിഭാഗം ജ്വല്ലറികള്‍ 18 കാരറ്റ് സ്വര്‍ണത്തിന് നല്‍കിയ വില ഗ്രാമിന് 60 രൂപ ഉയര്‍ത്തി 9,000 രൂപയാണ്. വെള്ളിവില ഇവര്‍ 156 രൂപയില്‍ നിലനിര്‍ത്തുകയും ചെയ്തു. 14 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 7,000 രൂപയും 9 കാരറ്റിനുവില വില 4,520 രൂപയുമാണ്.


by Midhun HP News | Oct 4, 2025 | Latest News, ദേശീയ വാർത്ത
ഇന്ത്യൻ ആർമിയിൽ ജോലി നേടാൻ അവസരം. സിവിലിയൻ ഗ്രൂപ്പ് ‘സി’ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ആകെ 194 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി ഒക്ടോബർ 24. ഇന്ത്യൻ ആർമിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച അവസരമാണിത്.

ലോവർ ഡിവിഷൻ ക്ലർക്ക്, ഫയർമാൻ, വെഹിക്കിൾ മെക്കാനിക്, ഫിറ്റർ, വെൽഡർ, ട്രേഡ്സ്മാൻ മേറ്റ്, വാഷർമാൻ, കുക്ക് എന്നി തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്.
ഡൽഹി, ജബൽപൂർ, കാങ്കിനാര, പ്രയാഗ്‌രാജ്, ആഗ്ര, മീററ്റ്, പൂനെ,ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലാകും നിയമനം ലഭിക്കുക.
വിദ്യാഭ്യാസ യോഗ്യത
വെഹിക്കിൾ മെക്കാനിക്, ഇലക്ട്രീഷ്യൻ, ടെലികോം മെക്കാനിക്, എന്‍ജിനിയർ എക്യുപ്‌മെന്റ് മെക്കാനിക്: 10+2 പാസായിരിക്കണം, ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത ഐടിഐയിൽ നിന്നുള്ള സർട്ടിഫിക്കറ്റ്.
മെഷിനിസ്റ്റ്, ഫിറ്റർ, വെൽഡർ, ടിൻ ആൻഡ് കോപ്പർ സ്മിത്ത്, അപ്ഹോൾസ്റ്റർ: ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഐടിഐ സർട്ടിഫിക്കറ്റ്.
സ്റ്റോർകീപ്പർ / ലോവർ ഡിവിഷൻ ക്ലർക്ക് (എൽഡിസി): 12-ാം ക്ലാസ് പാസായിരിക്കണം. എൽഡിസി അപേക്ഷകർക്ക് ഇംഗ്ലീഷിൽ ഒരു മിനിറ്റിൽ 35 വാക്കുകളോ ഹിന്ദിയിൽ ഒരു മിനിറ്റിൽ 30 വാക്കുകളോ ടൈപ്പ് ചെയ്യാൻ കഴിയണം.
ഫയർമാൻ: മെട്രിക്കുലേഷൻ (10-ാം ക്ലാസ്) പാസായിരിക്കണം. ശാരീരികക്ഷമതയുള്ളവരും അഗ്നിശമന ഉപകരണങ്ങളെക്കുറിച്ച് അറിവുള്ളവരുമായിരിക്കണം.
കുക്ക്: മെട്രിക്കുലേഷൻ (10-ാം ക്ലാസ്) പാസായിരിക്കണം, പാചകത്തെക്കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം.
ട്രേഡ്സ്മാൻ മേറ്റ് / വാഷർമാൻ: അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ (10-ാം ക്ലാസ്) പാസായിരിക്കണം.
18 മുതൽ 25 വരെയാണ് പ്രായപരിധി. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായ പരിധിയിൽ ഇളവുകൾ ലഭിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ,സ്കിൽ ടെസ്റ്റ് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. കൂടുതൽ വിവരങ്ങൾക്ക് https://indianarmy.nic.in/ സന്ദർശിക്കുക.


by Midhun HP News | Oct 4, 2025 | Latest News, ജില്ലാ വാർത്ത
എൻ ആർ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ഒക്ടോബർ ആറിന് രാജഭവനിലേക്ക് നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചിന്റെ പ്രചരണാർത്ഥം എൻ ആർ ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ മുദാക്കൽ പഞ്ചായത്തിലെ വാളക്കാട് വെച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ഡി കെ മുരളി എംഎൽഎ ക്യാപ്റ്റൻ എസ്.പ്രവീൺചന്ദ്രക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.


വാളക്കാട് നിന്നും ആരംഭിച്ച ജാഥ ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി കടയ്ക്കാവൂർ പഞ്ചായത്തിലെ ചെക്കാല വിളാകം ജംഗ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം യൂണിയന്റെ ജില്ലാ പ്രസിഡണ്ട് അഡ്വ. ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സിപിഐഎം മുദാക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ദിനേശ് കുമാർ, യൂണിയൻ ഏരിയ പ്രസിഡന്റ് പിസി ജയശ്രീ, ട്രഷറർ വക്കം സുനിൽ,
ഡി ഹരീഷ്ദാസ്, വിജയ് വിമൽ, ദീപം അനിൽകുമാർ, ആർ.സരിത, സിമി എന്നിവർ സംസാരിച്ചു.

by Midhun HP News | Oct 4, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക് കോളേജിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന തുടർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന താഴെപ്പറയുന്ന കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
വിദ്യാഭ്യാസ യോഗ്യത: എസ്എസ്എൽസി
1 സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫ്രഞ്ച് ലാംഗ്വേജ് (4 മാസം)
2 ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (6 മാസം)
3 മൊബൈൽ ഫോൺ ടെക്നോളജി (3മാസം)
4 സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഇലക്ട്രിക്കൽ വയറിങ് (10 മാസം)
അപേക്ഷ ഫോറവും വിശദവിവരങ്ങളും പോളിടെക്നിക് കോളേജിന്റെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിലെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
ഫോൺ നമ്പർ: 6235557495, 9567271987



by Midhun HP News | Oct 4, 2025 | Latest News, കായികം, ജില്ലാ വാർത്ത
അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഒന്നാം ഇന്നിങ്‌സില്‍ വെറും 162ല്‍ പുറത്തായ വിന്‍ഡീസ് 286 റണ്‍സ് ലീഡ് വഴങ്ങിയാണ് മൂന്നാം ദിനമായ ഇന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അവര്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ സന്ദര്‍ശകര്‍ക്ക് ഇനിയും 260 റണ്‍സ് കൂടി വേണം. ശേഷിക്കുന്നത് 8 വിക്കറ്റുകളും.
ഓപ്പണര്‍മാരായ ജോണ്‍ കാംപെല്‍ (14), ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (8) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിനു നഷ്ടമായത്. മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയുമാണ് ഓപ്പണര്‍മാരെ മടക്കിയത്.
നേരത്തെ രണ്ടാം ദിനമായ ഇന്നലെ ഇന്ത്യ 5 വിക്കറ്റിന് 448 റണ്‍സെന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. പിന്നാലെയാണ് മൂന്നാം ദിനം വിന്‍ഡീസിനെ ബാറ്റിങിനു വിട്ടത്. കരിയറിലെ കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലിന്റെ മിന്നും ബാറ്റിങ്. പിന്നാലെ ആറാം ടെസ്റ്റ് സെഞ്ച്വറിയുമായി രവീന്ദ്ര ജഡേജയും. ഓപ്പണര്‍ കെഎല്‍ രാഹുല്‍ കരിയറിലെ 11ാം സെഞ്ച്വറി നേടി ആദ്യം വഴി വെട്ടിയിരുന്നു. മൂവരുടേയും മികവിലാണ് ഇന്ത്യ സുരക്ഷിത സീറ്റില്‍ എത്തിയത്.
190 പന്തില്‍ 12 ഫോറും 2 സിക്സും സഹിതം 103 റണ്‍സെടുത്താണ് ജുറേല്‍ സെഞ്ച്വറിയിലെത്തിയത്. താരത്തെ ഒടുവില്‍ ഖരി പിയറെ പുറത്താക്കി വിന്‍ഡീസിനു ബ്രേക്ക് ത്രൂ നല്‍കി. താരം 210 പന്തില്‍ 15 ഫോറും 3 സിക്സും സഹിതം 125 റണ്‍സുമായി മടങ്ങി. ജഡേജയ്ക്കൊപ്പം ചേര്‍ന്നു 206 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ജുറേലിന്റെ മടക്കം.
പിന്നാലെ ജഡേജയും ശതകം തൊട്ടു. താരത്തിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറി. സ്‌കോര്‍ 92ല്‍ നില്‍ക്കെ 98ലേക്ക് സിക്സടിച്ചെത്തിയ ജഡേജ 168 പന്തില്‍ 5 സിക്സും 6 ഫോറും സഹിതം 100 റണ്‍സിലെത്തി. കളി നിര്‍ത്തുമ്പോള്‍ ജഡേജ 104 റണ്‍സുമായും വാഷിങ്ടന്‍ സുന്ദര്‍ 9 റണ്‍സുമായും ക്രീസില്‍.
രണ്ടാം ദിനം തുടക്കത്തില്‍ കരിയറിലെ 11ാം സെഞ്ച്വറിയടിച്ച് കെഎല്‍ രാഹുലും മികവ് പുലര്‍ത്തി. താരം 197 പന്തില്‍ 12 ഫോറുകള്‍ സഹിതം 100 റണ്‍സുമായി മടങ്ങി. ദിവസങ്ങള്‍ക്കു മുന്‍പ് ഓസ്ട്രേലിയ എ ടീമിനെതിരായ ചതുര്‍ദിന ടെസ്റ്റില്‍ കിടിലന്‍ സെഞ്ച്വറിയടിച്ച് ഇന്ത്യ എ ടീമിനെ ജയത്തിലേക്ക് നയിച്ച രാഹുല്‍ മിന്നും ഫോം അഹമ്മദാബാദിലും തുടര്‍ന്നു. താരത്തിന്റെ കരിയറിലെ 11ാം ടെസ്റ്റ് സെഞ്ച്വറിയാണ് അഹമ്മദാബാദില്‍ പിറന്നത്.
2 വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യക്ക് ശുഭ്മാന്‍ ഗില്ലിനെയാണ് ആദ്യം നഷ്ടമായത്. അര്‍ധ സെഞ്ച്വറിക്കു പിന്നാലെ ക്യാപ്റ്റന്‍ പുറത്തായി. 94 പന്തുകള്‍ നേരിട്ട് ഗില്‍ 50 റണ്‍സിലെത്തി. പിന്നാലെ വിന്‍ഡീസ് ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്സാണ് താരത്തെ മടക്കിയത്.
ഉച്ച ഭക്ഷണത്തിനു പിന്നാലെയാണ് രാഹുല്‍ പുറത്തായത്. താരത്തെ ജോമല്‍ വാറിക്കനാണ് പുറത്താക്കിയത്.
വിന്‍ഡീസിനായി ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്സ് 2 വിക്കറ്റുകള്‍ വീഴ്ത്തി. ജയ്ഡന്‍ സീല്‍സ്, ജോമല്‍ വാറിക്കന്‍, ഖരി പിയറെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
യശസ്വി ജയ്‌സ്വാള്‍ (54 പന്തില്‍ 36), സായ് സുദര്‍ശന്‍ (19 പന്തില്‍ ഏഴ്) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. 68 റണ്‍സെടുത്തു നില്‍ക്കെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ യശസ്വി ജയ്സ്വാളാണ് ആദ്യം പുറത്തായത്. ജെയ്ഡന്‍ സീല്‍സിന്റെ പന്തില്‍ ഷായ് ഹോപ് ക്യാച്ചെടുത്താണ് യശസ്വി മടങ്ങിയത്. സ്‌കോര്‍ 90ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. സായ് സുദര്‍ശനാണ് മടങ്ങിയത്. താരം 7 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്. റോസ്റ്റന്‍ ചെയ്‌സിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണ് സായ് മടങ്ങിയത്.

ടോസ് വിജയിച്ച് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 44.1 ഓവറില്‍ 162 റണ്‍സെടുത്ത് ഓള്‍ഔട്ടായി. 48 പന്തില്‍ 32 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്‌സാണ് വെസ്റ്റിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. ഷായ് ഹോപ് (36 പന്തില്‍ 26), റോസ്റ്റന്‍ ചെയ്‌സ് (43 പന്തില്‍ 24) എന്നിവരാണു വിന്‍ഡീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. പേസര്‍മാരായ മുഹമ്മദ് സിറാജിന്റെയും ജസ്പ്രിത് ബുംറയുടേയും തകര്‍പ്പന്‍ പ്രകടനമാണ് വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞത്. സിറാജ് നാലും ബുംറ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.


Recent Comments