by Midhun HP News | Jul 1, 2025 | Latest News, ജില്ലാ വാർത്ത
ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുമായി വെള്ളിയാഴ്ച വൈകിട്ട് ബഹിരാകാശത്തു നിന്നും ഹാം റേഡിയോ വഴി, കുട്ടികളുമായി നടത്തുന്ന സംവാദത്തിൽ പങ്കെടുക്കാൻ അവസരം നേടിയിരിക്കുകയാണ് ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ 2 വിദ്യാർത്ഥികൾ. റിഷിദേവ് എസ്, വിസ്മയ് വി എന്നിവരാണ് ആ കൊച്ചു മിടുക്കന്മാർ.
ആറ്റിങ്ങൽ അവനവഞ്ചേരി ഐശ്വര്യ നഗറിൽ മിഴി 5 A4യിൽ സന്തോഷിന്റേയും സൗമ്യയുടെയും മകനാണ് റിഷിദേവ് എസ്. ആലംകോട് തൊട്ടിക്കല്ലിൽ എ വി ഭവനിൽ വിനോദ് കുമാറിന്റെയും അഖിലയുടെയും മകനാണ് വിസ്മയ് വി.
by Midhun HP News | Jul 1, 2025 | Latest News, കേരളം
കൊച്ചി: നടന്‍ ബാലചന്ദ്രമേനോനെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍പ്പെടുത്തിയെന്ന കേസില്‍ നടി മിനു മുനീര്‍ അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
സാമൂഹിക മാധ്യമങ്ങള്‍ വഴി ബാലചന്ദ്രമേനോനെതിരെ ലൈംഗിക ആരോപണമാണ് നടി ഉന്നയിച്ചത്. താന്‍ പല ദുരനുഭവങ്ങള്‍ നേരിട്ടുണ്ട്. താന്‍ ബാലചന്ദ്രമേനോന്‍ ചെയ്ത പല പ്രവൃത്തികള്‍ക്കും സാക്ഷിയാണ് എന്നതടക്കമുള്ള വെളിപ്പെടുത്തലുകളാണ് നടി സോഷ്യല്‍മീഡിയ വഴി നടത്തിയത്. ഇത് തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് ബാലചന്ദ്രമേനോന്‍ ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസിന് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മിനു മുനീറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
തനിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് നടി ഉന്നയിച്ചതെന്നാണ് ബാലചന്ദ്രമേനോന്‍ പറയുന്നത്. എന്നാല്‍ തനിക്ക് ചില അനുഭവങ്ങള്‍ ഉണ്ടായി, അതാണ് താന്‍ പറഞ്ഞതെന്നാണ് മിനു മുനീറിന്റെ പ്രതികരണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണെന്നും തെളിവില്ലെന്നുമാണ് പൊലീസ് പറയുന്നത്. നടി ചില ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അതൊന്നും തെളിയിക്കുന്നതിനുള്ള തെളിവ് നടിയുടെ കൈവശം ഇല്ലെന്നുമാണ് പൊലീസിന്റെ ഭാഷ്യം.
by Midhun HP News | Jul 1, 2025 | Latest News, കേരളം
വായന മാസാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ വായന മധുരം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പുസ്തക വായന സമൂഹത്തിലേക്ക് വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. സ്കൂളിൽ പ്രവർത്തിച്ചു വരുന്ന പുസ്തകക്കളരിയിലെ കുട്ടികൾ തെരഞ്ഞെടുത്ത മാധവിക്കുട്ടിയുടെ നെയ്പ്പായസം എന്ന കഥയാണ് ഈ പ്രവർത്തനത്തിനായി തെരഞ്ഞെടുത്തത്.
കുട്ടികൾ ക്ലാസ് തല വായനയും ചർച്ചയും വായനക്കുറിപ്പും പൂർത്തിയാക്കിയശേഷം കഥയുടെ ആയിരം പകർപ്പുകൾ പൊതുസമൂഹത്തിനായി നൽകിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്കൂളിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭ ചെയർപെഴ്സൺ അഡ്വ. എസ്. കുമാരി കഥയുടെ പകർപ്പ് ഏറ്റുവാങ്ങിക്കൊണ്ട് വായനമധുരം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
കഥയുടെ അവസാനം നൽകിയിട്ടുള്ള കഥയിലെ നായകന് തന്റെ ഭാര്യയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ സങ്കടത്തേക്കാൾ അധികം ദേഷ്യം തോന്നാൻ കാരണം എന്ത്? എന്ന ചോദ്യത്തിന് പകർപ്പിൽ കൊടുത്തിട്ടുള്ള ക്യു ആർ കോഡ് വഴിയോ വാട്ട്സാപ്പ് സന്ദേശം വഴിയോ ഉത്തരം നൽകണമെന്നാണ് നിർദ്ദേശിച്ചിട്ടുണ്ട്.
ശരി ഉത്തരങ്ങൾ അയക്കുന്നവരിൽ നിന്ന് കണ്ടെത്തുന്ന വിജയിക്ക് ആയിരം രൂപയുടെ പുസ്തകങ്ങൾ സമ്മാനമായി നൽകാനാണ് തീരുമാനം. നഗരസഭ കൗൺസിലർ കെ.പി.രാജാഗോപാലൻ പോറ്റി, സ്കൂൾ പി.ടി.എ. പ്രസിഡന്റ് ജി.ആർ. ജിബി, സ്കൂൾ ഹെഡ്മാസ്റ്റർ എസ്. ഷാജികുമാർ, അധ്യാപകരായ എൻ. സാബു, എ.സി. ലതി എന്നിവർ സംബന്ധിച്ചു. കുട്ടികൾ വീടുകളും കടകളും സന്ദർശിച്ചും വഴിയാത്രക്കാരായ ആളുകളെയും ഓട്ടോ തൊഴിലാളികളെയുമൊക്കെ നേരിട്ട് കണ്ടും കഥയുടെ ആയിരം കോപ്പികൾ കൈമാറിക്കഴിഞ്ഞു.
by Midhun HP News | Jul 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പോളിടെക്‌നിക് വിദ്യാര്‍ഥിനി വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍. നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറില്‍ സുരേഷ് കുമാര്‍-ദിവ്യ ദമ്പതികളുടെ മകള്‍ മഹിമ സുരേഷാണ് (20) മരിച്ചത്. സംഭവത്തില്‍ ഇതുവരെ ദുരൂഹത ഇല്ലെന്ന് നരുവാമൂട് പൊലീസ് പറഞ്ഞു.
വീടിന്റെ അടുക്കളയിലാണ് സംഭവം. വീടിനുള്ളില്‍ നിന്ന് പുകയും നിലവിളിയും കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. പിന്‍വാതില്‍ പൊളിച്ച് അകത്തുകയറി മഹിമയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മുന്‍വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
കൈമനം വനിത പോളിടെക്നിക്കിലെ കൊമേഴ്ഷ്യല്‍ പ്രാക്ടീസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയും യൂണിയന്‍ മാഗസിന്‍ എഡിറ്ററുമാണ് മഹിമ. വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് സംഭവം. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.
by Midhun HP News | Jul 1, 2025 | Latest News, ദേശീയ വാർത്ത
കോയമ്പത്തൂര്‍: വനത്തിനുള്ളില്‍ മൃഗവേട്ടയ്ക്കിടെ യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുക്കളായ രണ്ടുപേർ അറസ്റ്റില്‍. സുരണ്ടെമലൈ സ്വദേശി സഞ്ജിത്ത് ആണ് കൊല്ലപ്പെട്ടത്. മാനെന്ന് കരുതി യുവാവിനെ വെടിവെക്കുകയായിരുന്നു എന്നാണ് പ്രതികൾ പറയുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. കാരമട ഫോറസ്റ്റ് റേഞ്ചില്‍ പില്ലൂര്‍ അണക്കെട്ടിന് സമീപമുള്ള അത്തിക്കടവ് വനത്തിലേക്കാണ് നായാട്ടിനായി ബന്ധുക്കളായ മൂവര്‍ സംഘം അനധികൃതമായി കടന്നത്. മദ്യലഹരിയിലായിരുന്നു ഇവര്‍ കാട്ടിലേക്ക് പോയത്.
വേട്ടയ്ക്കിടെ അനക്കം കണ്ട് മാനാണെന്ന് തെറ്റിദ്ധരിച്ച് പാപ്പയ്യന്‍ എന്നയാള്‍ സഞ്ജിത്തിനെ വെടിവെക്കുകയായിരുന്നു എന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ വനത്തിനുള്ളില്‍ വെച്ച് ഇവര്‍ വീണ്ടും മദ്യപിക്കുകയും തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് സഞ്ജിത്തിനെ വെടിവെക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.
വെടിയേറ്റു വീണ സഞ്ജിത്ത് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. തുടര്‍ന്ന് പ്രതികളായ രണ്ടുപേരും മൃതദേഹം അവിടെത്തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പിന്നീട് സഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തുകയും, തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഒളിവിലായിരുന്ന അന്‍സൂര്‍ സ്വദേശി എം പാപ്പയ്യന്‍, കാരമട വെള്ളിയങ്കാട് സ്വദേശി മുരുകേശന്‍ എന്നിവര്‍ പിടിയിലായി. ഇവരുടെ പക്കല്‍ നിന്നും നാടന്‍ തോക്ക് കണ്ടെടുത്തിട്ടുണ്ട്.
Recent Comments