തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍; കെ സ്മാര്‍ട്ട് പദ്ധതി ഇന്ന് മുതല്‍

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍; കെ സ്മാര്‍ട്ട് പദ്ധതി ഇന്ന് മുതല്‍

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായി കൊണ്ട് ഇന്നുമുതല്‍ കെ-സ്മാര്‍ട്ട് സോഫ്റ്റ്വെയര്‍ നിലവില്‍ വരും. തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ (ഐകെഎം) രൂപകല്‍പ്പന ചെയ്ത പ്ലാറ്റ്‌ഫോമാണ് കെസ്മാര്‍ട്ട്.

മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും നടപ്പിലാക്കിയതിനുശേഷം ആണ് പഞ്ചായത്തുകളില്‍ കൂടി കെ-സ്മാര്‍ട്ട് നിലവില്‍ വരുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പ്രാദേശിക സര്‍ക്കാരുകളുടെ എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ഒരുക്കിനല്‍കുന്നത്. ജനന-മരണ-വിവാഹ റജിസ്‌ട്രേഷന്‍ മുതല്‍ വസ്തു നികുതിയും, കെട്ടിട നിര്‍മാണ പെര്‍മിറ്റും വരെ നിരവധിയായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ജനങ്ങള്‍ക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കേണ്ടതുണ്ട്. വിവിധങ്ങളായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വിവിധ സോഫ്റ്റ്വെയറുകളെ ആശ്രയിക്കേണ്ടി വരുന്ന സ്ഥിതിവിശേഷത്തെ മാറ്റിക്കൊണ്ട്, ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപന ഓഫീസിലെത്താതെ തന്നെ ഈ സേവനങ്ങളെല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ കെ സ്മാര്‍ട്ടിലൂടെ കഴിയുന്നുവെന്നതാണ് പ്രത്യേകത.

മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയോ വെബ്‌സൈറ്റ് മുഖേനയോ ജനങ്ങള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും കഴിയുന്ന രീതിയിലാണ് കെ- സ്മാര്‍ട്ടിന്റെ ഘടന.

ത്രിതല പഞ്ചായത്തുകളിലെ കെ-സ്മാര്‍ട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10.30ന് തിരുവനന്തപുരം ഉദയാ പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. നിലവില്‍ കെ സ്മാര്‍ട്ട് വിന്യസിച്ചിട്ടുള്ള 87 മുന്‍സിപ്പാലിറ്റികള്‍ക്കും 6 കോര്‍പറേഷനുകള്‍ക്കുമൊപ്പം 941 ഗ്രാമ പഞ്ചായത്തുകളിലും 152 ബ്ലോക്ക്, 14 ജില്ലാ പഞ്ചായത്തുകളിലും കെ സ്മാര്‍ട്ട് ലഭ്യമാവും.

ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍: ഉത്തരവുകളും കുറിപ്പുകളും മലയാളത്തിലാകണമെന്ന് കര്‍ശന നിര്‍ദേശം

ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍: ഉത്തരവുകളും കുറിപ്പുകളും മലയാളത്തിലാകണമെന്ന് കര്‍ശന നിര്‍ദേശം

ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍ തന്നെയാകണമെന്ന് സര്‍ക്കുലര്‍. ഉത്തരവുകളും കുറിപ്പുകളും കത്തിടപാടുകളുമെല്ലാം മലയാളത്തിലാകണമെന്നാണ് കര്‍ശന നിര്‍ദേശം. ഇംഗ്ലീഷും മറ്റുഭാഷകളും ഉപയോഗിക്കുന്നത് പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമായിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഭരണഭാഷ മലയാളമാണെന്ന് 2017ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പിലായിട്ടില്ല. ഉത്തരവുകളൊക്കെയുണ്ടെങ്കിലും വകുപ്പിലെ പല സെക്ഷനുകളും ഇപ്പോഴും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതും ഉത്തരവുകളിറക്കുന്നതും കത്തിടപാടുകള്‍ നടത്തുന്നതും ഇംഗ്ലീഷിലാണ്.

വിഷയം വീണ്ടും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിലെ ഔദ്യോഗികഭാഷ വിഭാഗം ശ്രദ്ധയില്‍ പെടുത്തിയതിനെത്തുടര്‍ന്നാണ് കര്‍ശന നിര്‍ദേശമെന്ന രീതിയില്‍ ധനവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.വകുപ്പില്‍ നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍, സര്‍ക്കുലറുകള്‍, അര്‍ധ ഔദ്യോഗിക കത്തുകള്‍, അനൗദ്യോഗിക കുറിപ്പ്, മറ്റ് കത്തിടപാടുകള്‍, റിപ്പോര്‍ട്ടുകള്‍, മറ്റ് വകുപ്പുകള്‍ക്കുള്ള മറുപടികള്‍ തുടങ്ങിയ എല്ലാത്തരം ആശയവിനിമയങ്ങളും മലയാളത്തില്‍ തന്നെയാകണമെന്നാണ് നിര്‍ദേശം.

കേന്ദ്രസര്‍ക്കാര്‍, ഇതര സംസ്ഥാനങ്ങള്‍, ഹൈക്കോടതി, സുപ്രീം കോടതി, മറ്റ് രാജ്യങ്ങള്‍, തമിഴ്, കന്നഡ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിട്ടുള്ള സാഹചര്യം, മറ്റ് ഭാഷാ ന്യൂനപക്ഷങ്ങളുമായുള്ള കത്തിടപാടുകള്‍, ഇംഗ്ലീഷ് തന്നെ ഉപയോഗിക്കണമെന്ന് വ്യവസ്ഥയുള്ള സംഗതികള്‍ എന്നീ എട്ട് സാഹചര്യങ്ങളില്‍ മാത്രമാണ് മലയാളം ഉപയോഗിക്കുന്നതില്‍ ഇളവ് ലഭിക്കുക.

സംശയ നിവാരണത്തിന് ‘വെര്‍ച്വല്‍ പിആര്‍ഒ’, ഹൈടെക് ആകാന്‍ മോട്ടോര്‍ വാഹന വകുപ്പ്

സംശയ നിവാരണത്തിന് ‘വെര്‍ച്വല്‍ പിആര്‍ഒ’, ഹൈടെക് ആകാന്‍ മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് എളുപ്പം ലഭ്യമാക്കുക ലക്ഷ്യമിട്ട് വെര്‍ച്വല്‍ പിആര്‍ഒ സംവിധാനം അവതരിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ‘എംവിഡി വെര്‍ച്വല്‍ പിആര്‍ഒ’ എന്ന പേരില്‍ ഒരു പുതിയ ഡിജിറ്റല്‍ സര്‍വീസ് ഡയറക്ടറി കാര്‍ഡ് ആണ് അവതരിപ്പിച്ചിട്ടുള്ളത്. മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങളെക്കുറിച്ചുള്ള അവശ്യ വിവരങ്ങള്‍, വിശദീകരണ വീഡിയോകള്‍, ഓഡിയോകള്‍, ഡോക്യുമെന്റുകള്‍, ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലേക്കുള്ള നേരിട്ടുള്ള ഹൈപ്പര്‍ലിങ്കുകള്‍ എന്നിവ വെര്‍ച്വല്‍ പിആര്‍ഒ കാര്‍ഡിലൂടെ ലഭിക്കുന്നു.

ഓഫീസുകളിലും പൊതു ഇടങ്ങളിലും സോഷ്യല്‍ മീഡിയയിലും ലഭ്യമായ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ, ഉപയോക്താക്കള്‍ക്ക് വെര്‍ച്വല്‍ പിആര്‍ഒ കാര്‍ഡ് പ്ലാറ്റ്‌ഫോമിലേക്ക് വേഗത്തില്‍ ആക്‌സസ് ചെയ്യാന്‍ കഴിയും. ഓണ്‍ലൈന്‍ സേവനങ്ങളും ഇത് എങ്ങനെ ചെയ്യാമെന്നുള്ള ട്യൂട്ടോറിയലും ഉള്‍പ്പെടുന്നതാണ് വെര്‍ച്വര്‍ പിആര്‍ഒ. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്.

പിഴകളും മറ്റ് ഫീസുകളും ഓണ്‍ലൈനായി അടക്കുന്നത് മുതല്‍ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങളും ഈ സംവിധാനത്തില്‍ സാധ്യമാകും. ‘പൊതുജനങ്ങള്‍ സാധാരണയായി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാര്‍ വഴിയാണ് ആര്‍ടിഒ ഓഫീസുകളില്‍ നിന്ന് വിവരങ്ങള്‍ തേടുന്നത്. എന്നാല്‍ ഭരണപരിഷ്‌കാരങ്ങളെ തുടര്‍ന്ന് ഉച്ചകഴിഞ്ഞ് എംവിഡി ഓഫീസില്‍ നിന്ന് ജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നത് കുറവാണ്. സാധാരണയായി ഒരു പിആര്‍ഒ നല്‍കുന്ന എല്ലാ വിവരങ്ങളും ഈ വെര്‍ച്വല്‍ പിആര്‍ഒ വഴി ലഭിക്കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.

കൂടാതെ ഇ-ചലാനുകള്‍ അടയ്ക്കുന്നതിനോ ലൈസന്‍സുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനോ ഉള്ള ട്യൂട്ടോറിയലുകള്‍ പൊതുജനങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. ഭാവിയില്‍ നിര്‍ദ്ദിഷ്ട ഫയലുകളെക്കുറിച്ച് അന്വേഷിക്കുന്നതിനുള്ള സംവിധാനം കൂടി വെര്‍ച്വര്‍ പിആര്‍ഒയില്‍ ഉള്‍പ്പെടുത്തും. നിലവില്‍ ആര്‍ടിഒയാണ് വിവരങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. ഇക്കാര്യം പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയിടുന്നതായും മന്ത്രി കെ ബി ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. റോഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും ഈ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തും.

ബിഎംഒ ഹ്യൂമന്‍ ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ‘ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ്’ പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി സഹകരിച്ചാണ് വെര്‍ച്വല്‍ പിആര്‍ഒ വികസിപ്പിച്ചെടുത്തത്. ലൈസന്‍സ് ടെസ്റ്റ്, ഫിറ്റ്‌നെസ് പരിശോധന തുടങ്ങിയ ചില പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ നടത്തുന്നത്. ഇതില്‍ ഓട്ടോമാറ്റിക് വാഹന പരിശോധന സംവിധാനം വൈകാതെ യഥാര്‍ഥ്യമാകും. ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകളും ഡിജിറ്റലാക്കുന്നതിനുള്ള സംവിധാനങ്ങളും മോട്ടോര്‍ വാഹന വകുപ്പ് ആലോചിച്ച് വരികയാണ്. ഇത് വൈകാതെ യാഥാര്‍ഥ്യമാകുമെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.

എംവിഡി സേവനങ്ങളില്‍ കൂടുതല്‍ ഡിജിറ്റലൈസേഷനുള്ള പദ്ധതികളും മന്ത്രി ഗണേഷ് കുമാര്‍ വിവരിച്ചു. െ്രെഡവിംഗ് ടെസ്റ്റുകളും വാഹന ഫിറ്റ്‌നസ് പരിശോധനകളും ഉടന്‍ തന്നെ പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ആക്കും. ആളുകള്‍ക്ക് ഈ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ആക്‌സസ് ചെയ്യാന്‍ പ്രാപ്തമാക്കും. മാര്‍ച്ച് 18 മുതല്‍ എംവിഡിയില്‍ നടപ്പിലാക്കിയ ഫയല്‍ മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ വിജയവും മന്ത്രി ചടങ്ങില്‍ ചൂണ്ടിക്കാട്ടി.

ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് ഇല്ലാതാക്കുമെന്ന് മന്ത്രി അറിയിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഫലങ്ങള്‍ തത്സമയം അപ്‌ഡേറ്റ് ചെയ്യുന്നതിന് ടാബ്‌ലെറ്റുകള്‍ സജ്ജമാക്കും. ലൈസന്‍സ് പുതുക്കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ശേഷം പ്രിന്റ് ലഭിക്കുന്നതിനുള്ള ലൈസന്‍സ് കിയോസ്‌കുകള്‍ സ്ഥാപിക്കുകയാണ് അടുത്ത ലക്ഷ്യം. ലൈസന്‍സ് പ്രിന്റിങ് സ്വകാര്യ കിയോസ്‌ക്കുകള്‍ക്ക് ഔട്ട്‌സോഴ്‌സ് ചെയ്യാനുള്ള സൗകര്യമൊരുക്കും. അവര്‍ക്ക് എംവിഡിയുടെ സെര്‍വറിലേക്ക് ഒരു ഫീസ് ഈടാക്കി പ്രവേശനം ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘എംവിഡി വെര്‍ച്വല്‍ പ്രോ’ വഴി ലഭ്യമാകുന്ന സേവനങ്ങള്‍ ഇവയാണ് :

മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ്

വാഹന രജിസ്‌ട്രേഷന്‍

ഇ-ചലാന്‍

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്

പെര്‍മിറ്റ് ടാക്‌സ്

സര്‍ക്കുലര്‍/അറിയിപ്പ്

റോഡ് സുരക്ഷാ അവബോധം

112 എസ്ഒഎസ്

വ്യാജ വെബ്സൈറ്റ് കാണിച്ച് വലയില്‍ വീഴ്ത്തും; സാമൂഹ്യമാധ്യമങ്ങളില്‍ നിക്ഷേപ തട്ടിപ്പ്, മുന്നറിയിപ്പ്

വ്യാജ വെബ്സൈറ്റ് കാണിച്ച് വലയില്‍ വീഴ്ത്തും; സാമൂഹ്യമാധ്യമങ്ങളില്‍ നിക്ഷേപ തട്ടിപ്പ്, മുന്നറിയിപ്പ്

തിരുവനന്തപുരം: സാമ്പത്തികലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന സാമൂഹ്യമാധ്യമ തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി പൊലീസ്. സാമൂഹ്യമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വളരെ പെട്ടെന്ന് വന്‍ തുക കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരെ ടെലിഗ്രാം/ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ പറഞ്ഞ് തട്ടിപ്പുകാര്‍ സമീപിക്കുമെന്നും പൊലീസ് പറയുന്നു.

വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച വന്‍ തുകയുടെയും മറ്റും കണക്കുകള്‍ പറയാനുണ്ടാവുക. അവര്‍ക്ക് പണം ലഭിച്ചു എന്നു തെളിയിക്കാന്‍ സ്‌ക്രീന്‍ഷോട്ടുകളും പങ്കുവെയ്ക്കും. എന്നാല്‍, ആ ഗ്രൂപ്പില്‍ നിങ്ങള്‍ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആള്‍ക്കാരാണെന്ന കാര്യം നമ്മള്‍ ഒരിക്കലും അറിയില്ല എന്നതാണ് സത്യം.

തുടര്‍ന്ന് ഒരു വ്യാജ വെബ്സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്കുപോലും തട്ടിപ്പുകാര്‍ അമിത ലാഭം നല്‍കും. ഇതോടെ തട്ടിപ്പുകാരില്‍ ഇരകള്‍ക്ക് കൂടുതല്‍ വിശ്വാസമാകും. നിക്ഷേപിച്ചതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി പിന്നീട് സ്‌ക്രീന്‍ഷോട്ട് നല്‍കും. എന്നാല്‍ ഇത് സ്‌ക്രീന്‍ഷോട്ട് മാത്രമാണെന്നും പിന്‍വലിക്കാന്‍ ആകില്ലെന്നും നിക്ഷേപകര്‍ക്ക് വൈകിയാണ് മനസിലാകുന്നത്.

പണം പിന്‍വലിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ജിഎസ്ടിയുടെയും നികുതിയുടെയും മറവില്‍ തട്ടിപ്പുകാര്‍ കൂടുതല്‍ പണം തട്ടിയെടുക്കുന്നു. നിങ്ങള്‍ക്ക് ലഭിച്ചതായി കാണിക്കുന്ന വന്‍ തുക സ്‌ക്രീനില്‍ മാത്രമേ കാണാന്‍ കഴിയൂ. ഒരിക്കലും ആ തുക നിങ്ങള്‍ക്ക് പിന്‍വലിക്കാന്‍ കഴിയില്ല. അപ്പോള്‍ മാത്രമായിരിക്കും തട്ടിപ്പില്‍ പെട്ടതായി നിങ്ങള്‍ തിരിച്ചറിയുക.തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നല്‍കാതെ വിവേകത്തോടെ പെരുമാറുന്നതാണ്. പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov. in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ടിടങ്ങളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ടിടങ്ങളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

അതേസമയം കന്യാകുമാരി തീരത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പുലർച്ചെ 02.30 മുതൽ നാളെ രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ജാ​ഗ്രതാ നിർദേശം

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.

5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.