by Midhun HP News | Apr 9, 2025 | Latest News, കേരളം
വീട്ടിലെ പ്രസവം ഉള്‍പ്പെടെ അശാസ്ത്രീയ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പ്രവണത സംസ്ഥാനത്ത് വ്യാപകമെന്ന് റിപ്പോര്‍ട്ടുകള്‍. മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം സംഘങ്ങളെ കുറിച്ചുള്ള ചര്‍ച്ച സജീവമാകുന്നത്. വീട്ടില്‍ പ്രസവിച്ചവരെ ആദരിക്കുന്ന ചടങ്ങുള്‍പ്പെടെ സംഘടിപ്പിച്ചും കൂടുതല്‍ പേരെ ഈ രീതിയിലേക്ക് ആകര്‍ഷിക്കുന്ന സാഹചര്യം പോലും നിലവിലുണ്ട്. മലപ്പുറത്ത് സംഘടിപ്പിച്ച ചടങ്ങ് എന്ന പേരില്‍അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോ യുവതിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. വീട്ടില്‍ പ്രസവിച്ചവര്‍ക്ക് ആദരിക്കുകയും പുരസ്‌കാരം നല്‍കുന്നതിന്റെയും ചടങ്ങാണ് വീഡിയോയുടെ ഉള്ളടക്കം.
വീട്ടില്‍ അക്യുമാസ്റ്റര്‍മാരുടെ സഹായത്തോടെ പ്രസവം നടത്തിയവരെ ധീര വനിതകള്‍ എന്നാണ് വിഡിയോയില്‍ ഒന്നില്‍ വിശേഷിപ്പിക്കുന്നത്. മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ സ്വാഭാവികമായി നടക്കുന്ന പ്രസവങ്ങളെ എന്തോ വലിയ റിസ്‌കുള്ള കാര്യമെന്ന് പറഞ്ഞ് പേടിപ്പിച്ച് ആശുപത്രിയില്‍ കൊണ്ടുപോയി പ്രസവിപ്പിക്കുന്നു എന്നുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളോടെയാണ് ഇത്തരം വിഡിയോകള്‍ അശാസ്ത്രീയത പ്രോത്സാഹിപ്പിക്കുന്നത്.
‘പണ്ട് കാലത്ത് നടന്നത് പോലെ പുതു ജീവനെ ഏറ്റെടുക്കുന്ന സുന്ദര മുഹൂര്‍ത്തത്തിന് കാരണക്കാരയവര്‍’ എന്ന് പറഞ്ഞാണ് യുവതികളെ പരിചയപ്പെടുത്തുന്നത്. ചടങ്ങില്‍ അക്യു മാസ്റ്റര്‍ എന്ന് പേരിലും ചിലരെ പരിചയപ്പെടുത്തുന്നു. പെണ്‍കുട്ടികളില്‍ ചിലര്‍ മുഖം മറച്ചാണ് ചടങ്ങിനെത്തിയത് എന്നതും ശ്രദ്ധേയമാണ്. സമയമെത്തിയാല്‍ വീട്ടിലായാലും ആശുപത്രിയിലായാലും മരിക്കും. വീടുകളിലെ പ്രസവം വരെ സേഫ് ആണ്. അതിനാല്‍ വീട്ടില്‍ പ്രസവിക്കുന്നവരുടെ എണ്ണം കൂടണം എന്നും വീഡിയോയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍ പ്രസവിച്ച പെരുമ്പാവൂര്‍ സ്വദേശി അസ്മ മരിച്ച. സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ചാം തീയതി വൈകീട്ടാണ് യുവതിയുടെ പ്രസവം നടന്നത് രാത്രിയോടെ മരണം സംഭവിച്ചു. അമിത രക്തസ്രാവമാണെന്നാണ് മരണത്തിന് കാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈദ്യസഹായം യഥാസമയം ലഭിക്കാത്തതിനാല്‍ രക്തം വാര്‍ന്നാണു മരണമെന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണു വ്യക്തമായത്. വൈകീട്ട് 6 നു പ്രസവിച്ച അസ്മ രാത്രി ഒന്‍പതിനാണു മരിച്ചത്. 3 മണിക്കൂറോളം രക്തസ്രാവമുണ്ടായി. ഇതു നിയന്ത്രിക്കാന്‍ വൈദ്യസഹായം ലഭ്യമാക്കിയില്ലെന്നുമാണ് വിലയിരുത്തല്‍.
by Midhun HP News | Apr 9, 2025 | Latest News, കേരളം
കോഴിക്കോട് : കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള റോപ് വേ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. കോഴിക്കോട് മുതല്‍ വയനാട് വരെയുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം മേഖലയിലെ സാഹസിക ടൂറിസത്തിന് ഉത്തേജനം നല്‍കാനും ലക്ഷ്യമിട്ടുള്ളതാണ് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച റോപ്പ്‌വേ പദ്ധതി.
കോഴിക്കോട് അടിവാരം മുതല്‍ വയനാട്ടിലെ ലക്കിടി വരെ ബന്ധിപ്പിക്കുന്ന 3.67 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള, 200 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കെഎസ്‌ഐഡിസിക്ക് (കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍) അടുത്തിടെ അനുമതി നല്‍കിയിരുന്നു.
അടിവാരത്തെ ആദ്യത്തെ ഹെയര്‍പിന്‍ വളവില്‍ നിന്ന് ആരംഭിച്ച് മുകളിലുള്ള ലക്കിടിയില്‍ അവസാനിക്കും. 68 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 40 എസി കേബിള്‍ കാറുകള്‍ റോപ്പ്‌വേയില്‍ ഉണ്ടായിരിക്കും. അടിവാരത്തിനും ലക്കിടിക്കും ഇടയില്‍ റോപ്പ്‌വേയ്ക്കായി 40 ടവറുകള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ വയനാട്ടില്‍ നിന്ന് അടിവാരത്തേക്ക് രോഗികളെ കൊണ്ടുപോകുന്നതിന് ഒരു ആംബുലന്‍സ് കേബിള്‍ കാര്‍ സൗകര്യവുമുണ്ടാകും.
നിലവില്‍ സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വയനാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ ഒമ്പത് ഹെയര്‍പിന്‍ വളവുകളുള്ള താമരശ്ശേരി ചുരം റോഡിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. കനത്ത ഗതാഗതക്കുരുക്ക് മൂലം പലപ്പോഴും ആളുകള്‍ മണിക്കൂറുകളോളം റോഡില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്.
രണ്ട് ഹെക്ടര്‍ വനഭൂമിയിലൂടെ കടന്നുപോകുന്ന റോപ്പ്‌വേ, അടിവാരത്തിനും ലക്കിടിക്കും ഇടയിലുള്ള യാത്രാ സമയം വെറും 15 മിനിറ്റായി കുറയ്ക്കും. സമയം ലാഭിക്കുന്നതിനൊപ്പം, താമരശ്ശേരി ചുരത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനും റോപ്പ്‌വേ യാത്ര ആളുകള്‍ക്ക് അവസരമൊരുക്കുന്നു.
പൊതുസ്വകാര്യ പങ്കാളിത്ത (പിപിപി) രീതിയില്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് പറഞ്ഞു. വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട വികസന ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിക്ക് വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്, അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. അടിവാരത്തെ ആദ്യത്തെ ഹെയര്‍പിന്‍ വളവിന് സമീപം റോപ്പ്‌വേ ആരംഭിച്ച് ഒമ്പതാം വളവിന് ശേഷം ലക്കിടിയില്‍ അവസാനിക്കും. റോപ്പ്‌വേ കടന്നുപോകുന്ന വനഭൂമിക്ക് പകരമായി നൂല്‍പ്പുഴയില്‍ അഞ്ച് ഏക്കര്‍ ഭൂമി വനം വകുപ്പിന് കൈമാറിയിട്ടുണ്ട്.
by Midhun HP News | Apr 9, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: വിദ്യാർത്ഥികളിൽ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ശാർക്കര നോബിൾ ഗ്രൂപ്പ് സ്കൂൾസിൽ അവധിക്കാല നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ (വ്യാഴം) മുതൽ മെയ് 25 വരെയാണ് ക്യാമ്പ് നടക്കുന്നത്.
അതി വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് നീന്തൽ പരിശീലനം നടക്കുന്നത്. നീന്തൽ പരിശീലന ക്യാമ്പ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫ് അലി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുൽ വാഹിദ്, വൈസ് പ്രസിഡന്റ് ആർ.സരിത, പി.മണികണ്ഠൻ, മോനി ശാർക്കര, വിവിധ സ്കൂളുകളിലെ പ്രഥമ അധ്യാപകർ തുടങ്ങിയവർ പങ്കെടുക്കും. 12 വയസ്സിന് താഴെയുള്ളതും 150 സെന്റീമീറ്ററിന് താഴെ ഉയരമുള്ള വിദ്യാർത്ഥികൾക്കാണ് നീന്തൽ പരിശീലനം നൽകുന്നത്. ചിറയിൻകീഴും പരിസരപ്രദേശങ്ങളിലും വിദ്യാർത്ഥികൾക്ക് ശാസ്ത്രീയമായ നീന്തൽ പരിശീലനത്തിനുള്ള സാഹചര്യം ഇല്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് സ്കൂളിൽ ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സ്കൂൾ മാനേജർ പി.സുഭാഷ് ചന്ദ്രൻ അറിയിച്ചു.
by Midhun HP News | Apr 9, 2025 | Latest News, ജില്ലാ വാർത്ത
സ്ത്രീ ശാക്തീകരണത്തിനായി സംസ്ഥാന സർക്കാരും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷനും സംയുക്തമായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന മൈക്രോ ക്രെഡിറ്റ് പദ്ധതിയുടെ ഭാഗമായി നഗരൂർ ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കൾക്കുള്ള തുക കൈമാറി.
ഉദ്ഘാടനം ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു. മുപ്പത്തിമൂന്ന് കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ 494 ഗുണഭോക്താക്കൾക്കായി 3 കോടി രൂപയാണ് അനുവദിച്ചത്. സ്വയം തൊഴിൽ സംഭരംഭങ്ങളിലൂടെ സ്ത്രീകൾക്ക് തൊഴിലും കുടുംബത്തിന് ആകമാനം സുരക്ഷിതത്വവും ഉറപ്പാക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നും ഇതിലൂടെ ആത്മവിശ്വാസത്തോടെ ജീവിയ്ക്കാനുള്ള കരുത്ത് ലഭിക്കുമെന്നും എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആർ.സുരേഷ്‌കുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അനിൽകുമാർ.കെ, വിജയലക്ഷ്മി എ.എസ്, അംഗങ്ങളായ അർച്ചന സഞ്ജു, ഉഷ എസ്, ശ്രീലത ബാസി, സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ജനറൽ മാനേജർ ഷാജി എ.ആർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷീജ ആർ എന്നിവർ ആശംസകൾ അറിയിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഷീബ സ്വാഗതവും മെമ്പർ സെക്രട്ടറി ദീപ നന്ദിയും പറഞ്ഞു
by Midhun HP News | Apr 9, 2025 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറമൂട് നിന്നും കാണാതായ പത്താംക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. വെഞ്ഞാറമൂട് മുളങ്കുന്നം ലക്ഷംവീട്ടില്‍ അനില്‍കുമാര്‍-മായ ദമ്പതിമാരുടെ മകൻ അർജുൻ ആണ് മരിച്ചത്. വീടിനടുത്തുള്ള പറമ്പിലെ ഉപയോഗിക്കാത്ത കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അർജുനെ കാണാതായത്. വീട്ടിൽനിന്നും കളിക്കാനായി പോയ കുട്ടി പിന്നീട് മടങ്ങിയെത്തിയില്ല. വീട്ടിൽ ചെറിയ തോതിൽ വഴക്കുണ്ടായിരുന്നതായി കുടുംബം പറയുന്നു. കുട്ടിയെ കാണാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. കുട്ടിയെ കണ്ടെത്താൻ പൊലീസും നാട്ടുകാരും വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് യാതൊരു തുമ്പും കിട്ടിയിരുന്നില്ല. ഇതിനിടെയാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നടത്തിവരികയാണ്.
Recent Comments