വെട്ടിയിട്ടും വീണില്ല; മലയാളത്തിലെ ആദ്യ ‘250 കോടി കിരീടം’ ചൂടി എമ്പുരാന്‍

വെട്ടിയിട്ടും വീണില്ല; മലയാളത്തിലെ ആദ്യ ‘250 കോടി കിരീടം’ ചൂടി എമ്പുരാന്‍

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. മാർച്ച് 27 ന് പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ ഇതിനോടകം പല റെക്കോർഡുകളും തകർത്തെറിഞ്ഞ് കഴിഞ്ഞു. ​​ഇപ്പോഴിതാ ആഗോളതലത്തിൽ 250 കോടി നേടിയിരിക്കുകയാണ് ചിത്രം. മലയാളത്തില്‍ ആദ്യമായി 250 കോടി കളക്ഷന്‍ നേടുന്ന ചിത്രം കൂടിയാണ് എമ്പുരാൻ. റിലീസ് ചെയ്ത് 11 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് പോസ്റ്റർ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.

റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പത്ത് ദിവസം കൊണ്ട് 8.3 കോടി ഗ്രോസ് കളക്ഷൻ ആണ് സിനിമ നോർത്ത് ഇന്ത്യയിൽ നിന്നും നേടിയത്. ഇതോടെ നോർത്തിലെ എക്കാലത്തെയും ഉയർന്ന മലയാളം ഗ്രോസർ ആയി എമ്പുരാൻ മാറി. ഉണ്ണി മുകുന്ദൻ ചിത്രമായ മാർക്കോയെ ആണ് എമ്പുരാൻ പിന്നിലാക്കിയത്.
വിദേശ മാർക്കറ്റുകളിലും വമ്പൻ മുന്നേറ്റമാണ് സിനിമ നടത്തുന്നത്. സൗദി അറേബ്യയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് എമ്പുരാൻ. 1 മില്യൺ ഡോളറാണ് സിനിമ ഇതുവരെ സൗദി അറേബ്യയില്‍ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. ഈ കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമാണ് എമ്പുരാൻ എന്നാണ് ട്രാക്കേഴ്സിന്‍റെ കണ്ടെത്തല്‍. 82,607 ടിക്കറ്റുകളാണ് ഒൻപതു ദിവസം കൊണ്ട് എമ്പുരാൻ സൗദി അറേബ്യയിൽ വിറ്റത്.ഇൻഡസ്ട്രി ഹിറ്റെന്ന ലേബൽ കഴിഞ്ഞ ദിവസം തന്നെ എമ്പുരാൻ സ്വന്തം പേരിലാക്കിയിരുന്നു.

മഞ്ഞുമ്മൽ ബോയ്സ് 72 ദിവസം കൊണ്ട് നേടിയ 241 കോടി നേട്ടത്തെയാണ് വെറും പത്ത് ദിവസം കൊണ്ട് എമ്പുരാൻ മറികടന്നത്. ചിത്രത്തിന്റെ വൻ വിജയത്തിൽ നിർമാതാക്കൾ പ്രേക്ഷകരോട് നന്ദി അറിയിച്ചു. ‘ഈ നിമിഷം ഞങ്ങൾക്ക് മാത്രമല്ല, തിയേറ്ററുകളിൽ പ്രതിധ്വനിച്ച ഓരോ ഹൃദയമിടിപ്പിനും, ഓരോ സന്തോഷത്തിനും, ഓരോ കണ്ണീരിനും കൂടി അവകാശപ്പെട്ടതാണ്’, എന്നാണ് ആശിർവാദ് സിനിമാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.അതേസമയം ഒരു മൂന്നാം ഭാഗത്തിന്റെ സാധ്യതകൾ ബാക്കിവെച്ചാണ് സിനിമ അവസാനിക്കുന്നത്. വിവാദങ്ങൾക്കിടെ ഒരു മൂന്നാം ഭാഗമുണ്ടാകുമോ എന്ന സംശയം ഉയർന്നിരുന്നുവെങ്കിലും ചിത്രം ഉണ്ടാകുമെന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉറപ്പ് വന്നതോടെ ആശങ്കകള്‍ അവസാനിച്ചിരുന്നു. മൂന്നാം ഭാഗത്തിന്‍റെ പേര് ‘അസ്രേല്‍’ എന്നായിരിക്കും എന്ന സൂചനകൾ സംഗീത സംവിധായകൻ ദീപക് ദേവും നൽകിയിട്ടുണ്ട്.

യുഎസ് താരിഫില്‍ മുങ്ങി ഓഹരി വിപണി; നാലുദിവസത്തിനിടെ വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത് 10,000 കോടി രൂപ

യുഎസ് താരിഫില്‍ മുങ്ങി ഓഹരി വിപണി; നാലുദിവസത്തിനിടെ വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത് 10,000 കോടി രൂപ

മുംബൈ: ഇന്ത്യയുള്‍പ്പെടെ മിക്ക രാജ്യങ്ങളിലും യുഎസ് ഏര്‍പ്പെടുത്തിയ പകരച്ചുങ്കം ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചടിയായി. ഈ മാസത്തിന്റെ തുടക്കത്തിലെ നാലു വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍ നിന്ന് 10,355 കോടി രൂപയാണ് പിന്‍വലിച്ചത്.

മാര്‍ച്ച് 21 മുതല്‍ മാര്‍ച്ച് 28 വരെയുള്ള ആറ് വ്യാപാര സെഷനുകളിലായി 30,927 കോടി രൂപയുടെ നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് വില്‍പ്പന. ഫെബ്രുവരിയില്‍ വിദേശ നിക്ഷേപകര്‍ 34,574 കോടി രൂപയുടെ നിക്ഷേപമാണ് ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. അതേസമയം ജനുവരിയില്‍ ഇത് 78,027 കോടി രൂപയായിരുന്നു. യുഎസ് താരിഫ് ആഗോള വിപണിയില്‍ തീര്‍ത്ത അനിശ്ചിതത്വമാണ് ഇതിന് കാരണമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കുമേല്‍ അമേരിക്ക പകരച്ചുങ്കം പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 27 ശതമാനമാണ് പകരച്ചുങ്കമായി അമേരിക്ക ചുമത്തിയത്.

അയ്യപ്പ സ്വാമിയുടെ സ്വര്‍ണ ലോക്കറ്റ് വിഷുവിന്; വ്യാജനെ തടയാന്‍ ഹോളോഗ്രാം

അയ്യപ്പ സ്വാമിയുടെ സ്വര്‍ണ ലോക്കറ്റ് വിഷുവിന്; വ്യാജനെ തടയാന്‍ ഹോളോഗ്രാം

ശബരിമല: അയ്യപ്പ സ്വാമിയുടെ സ്വര്‍ണ ലോക്കറ്റ് വിഷുവിന് സന്നിധാനത്ത് പുറത്തിറക്കും. ഇതിനായി പ്രമുഖ സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളായ ജിആര്‍ടി ജ്വല്ലേഴ്‌സ്(തമിഴ്‌നാട്), കല്യാണ്‍ എന്നിവര്‍ ദേവസ്വം ബോര്‍ഡുമായി കരാര്‍ ഒപ്പിട്ടു. 1,2,4,6,8 ഗ്രാം തൂക്കമുള്ള 916 അയ്യപ്പന്‍ ലോക്കറ്റുകളാണ് പുറത്തിറക്കുന്നത്. ഇതിന്റെ വ്യാജന്‍ ഇറങ്ങാതിരിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ ഹോളോഗ്രാം പതിക്കും.

കല്ലിൻമൂട് വാർഡ് വീണ്ടും പുരസ്കാരനിറവിൽ

കല്ലിൻമൂട് വാർഡ് വീണ്ടും പുരസ്കാരനിറവിൽ

മാലിന്യ സംസ്കരണം, ജല സുരക്ഷ ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തിലെ മികച്ച വാർഡായി കല്ലിൻ മൂട് വാർഡിനെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുത്തു.

ഇന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ പി സി അധ്യക്ഷത വഹിച്ച യോഗത്തിൽ ചിറയിൻകീഴ് എംഎൽഎ വി.ശശിയിൽ നിന്ന് പുരസ്കാരം കല്ലിൻ മൂട് വാർഡ് മെമ്പറും മുദാക്കൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പൂവണത്തുംമൂട് മണികണ്ഠൻ ഏറ്റുവാങ്ങി ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

മഴ മുന്നറിയിപ്പിൽ മാറ്റം, ഏഴു ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം, ഏഴു ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഏഴു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ പ്രവചനത്തിൽ പറയുന്നു. നേരത്തെ നാലു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ജാ​ഗ്രതയുടെ ഭാ​ഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്.

ഇന്നും നാളെയും മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.