66 പൈസയുടെ നേട്ടത്തില്‍ നിന്ന് തിരിച്ചിറങ്ങി രൂപ; 10 പൈസയുടെ നഷ്ടം, ഓഹരി വിപണിയില്‍ മുന്നേറ്റം

66 പൈസയുടെ നേട്ടത്തില്‍ നിന്ന് തിരിച്ചിറങ്ങി രൂപ; 10 പൈസയുടെ നഷ്ടം, ഓഹരി വിപണിയില്‍ മുന്നേറ്റം

ഡല്‍ഹി: തുടര്‍ച്ചയായി മൂന്ന് ദിവസം മുന്നേറ്റം കാഴ്ച വെച്ച രൂപയുടെ മൂല്യത്തില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 10 പൈസയുടെ നഷ്ടത്തോടെ 86.66ലേക്കാണ് രൂപ താഴ്ന്നത്. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും ആഗോളതലത്തില്‍ വ്യാപാര താരിഫുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അനിശ്ചിതത്വങ്ങളുമാണ് രൂപയെ സ്വാധീനിച്ചത്.

മൂന്ന് ദിവസം കൊണ്ട് 66 പൈസയുടെ നേട്ടം ഉണ്ടാക്കിയ ശേഷമാണ് രൂപയുടെ ഇടിവ്. ഇന്നലെ 25 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. അതേസമയം ബ്രെന്‍ഡ് ക്രൂഡിന്റെ വില കുറഞ്ഞു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 70.37 ഡോളറായാണ് കുറഞ്ഞത്. ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്. സെന്‍സെക്‌സ് നൂറ് പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. റിലയന്‍സ്, എന്‍ടിപിസി, ടാറ്റ സ്്റ്റീല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

ഇന്നും കനത്ത വേനല്‍മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

ഇന്നും കനത്ത വേനല്‍മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും കനത്ത വേനല്‍മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചുദിവസം മഴ തുടര്‍ന്നേക്കും.

കേരളത്തിലെ 14 ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ പ്രത്യേക മഴ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ല. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിന് സാധ്യത ഏറെയാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്ന

ഇന്നലെ പെയ്ത മഴയില്‍ തിരുവനന്തപുരം തമ്പാനൂരിലും വഞ്ചിയൂരിലും വെള്ളക്കെട്ടുണ്ടായി. ചാലയില്‍ കടകളില്‍ വെള്ളം കയറി. തലസ്ഥാന നഗരത്തില്‍ ഇന്നലെ 45 മിനിറ്റിനിടെ 77.7 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

‘വളര്‍ത്തച്ഛന്റെ സ്‌നേഹം നഷ്ടമാകുമോ എന്ന് ഭയം’; 12 കാരിയുടെ മൊഴി പുറത്ത്

‘വളര്‍ത്തച്ഛന്റെ സ്‌നേഹം നഷ്ടമാകുമോ എന്ന് ഭയം’; 12 കാരിയുടെ മൊഴി പുറത്ത്

കണ്ണൂര്‍: പാപ്പിനിശ്ശേരി പാറക്കലില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊന്ന കേസില്‍ പ്രതിയായ 12 കാരിയുടെ മൊഴി പുറത്ത്. വളര്‍ത്തച്ഛന് തന്നോടുള്ള സ്‌നേഹം നഷ്ടമാകുമോ എന്ന ഭയമായിരുന്നു കൊലയ്ക്ക് പിന്നിലെന്നാണ് കുട്ടിയുടെ മൊഴി.

കുട്ടി പറഞ്ഞ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. എന്നാല്‍ പൊലീസിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ പിടിച്ചുനില്‍ക്കാന്‍ പെണ്‍കുട്ടിക്ക് സാധിച്ചില്ല. മാതാപിതാക്കള്‍ക്ക് ചെറിയ കുഞ്ഞിനോട് സ്‌നേഹം കൂടിയതു കാരണമുണ്ടായ വൈരാഗ്യം തന്നെയാണ് കൊലപാതകത്തിനു പിന്നിലെ കാരണം. തന്നോട് സ്‌നേഹം കുറവായിരുന്നു എന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

കൊലപാതകത്തില്‍ പന്ത്രണ്ടുകാരിയിലേക്ക് പൊലീസ് എത്തിയത് രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു. മരിച്ച കുട്ടിയുടെ പിതാവിനും മാതാവിനും ഉണ്ടായ ചില സംശയങ്ങളാണ് അന്വേഷണം വഴിതിരിച്ചുവിട്ടത്.

രാത്രി ഉറങ്ങുന്നതിനു മുന്‍പ് വാതില്‍ അകത്ത് നിന്നും പൂട്ടിയിരുന്നു. പുറത്തുനിന്ന് ആര്‍ക്കും അകത്തേക്ക് കയറാനാകില്ലെന്നും മുത്തുവും ഭാര്യയും ഉറപ്പിച്ചു പറഞ്ഞു. ഇതോടെയാണ് അതുവരെ പൊലീസിനു യാതൊരു സംശയവും തോന്നാതിരുന്ന പെണ്‍കുട്ടിയിലേക്ക് അന്വേഷണം വിരല്‍ചൂണ്ടിയത്.

ഡ്രൈവിങ് ആസ്വദിക്കൂ; ഇന്ന് ടിഎസ്പി ഡേ, ആശംസകളുമായി മോട്ടോര്‍ വാഹനവകുപ്പ്

ഡ്രൈവിങ് ആസ്വദിക്കൂ; ഇന്ന് ടിഎസ്പി ഡേ, ആശംസകളുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: റോഡിലെ പരസ്പര സഹകരണത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്ന ടിഎസ്പി ഡേയില്‍ ആശംസകളുമായി മോട്ടോര്‍ വാഹനവകുപ്പ്. എല്ലാവര്‍ക്കും കുറ്റപ്പെടുത്തലുകള്‍ ഇല്ലാത്ത, മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാത്ത ഒരു ഡ്രൈവിങ് ദിനം ആശംസിക്കുന്നതായും എംവിഡി കുറിച്ചു.

റോഡില്‍ ഉപയോഗിച്ചു വരുന്ന സ്ഥിരം കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കണം, നിരത്തില്‍ കണ്ടില്ല എന്ന് നടിക്കുന്ന നല്ല കാര്യങ്ങളെ നന്ദി പൂര്‍വ്വം അംഗീകരിക്കണം. ഇവിടെയാണ് റോഡില്‍ ഒരു ടിഎസ്പി സംസ്‌കാരത്തിന്റെ ആവശ്യകത നമുക്ക് ബോധ്യപ്പെടുന്നത്. നന്ദി പ്രകടനങ്ങള്‍ക്ക് റോഡില്‍ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ സാധിക്കുമെന്നും കുറിപ്പ് പറയുന്നു.

എംവിഡി കുറിപ്പിന്റെ പൂര്‍ണരൂപം

എവിടെ നോക്കിയാ ഇവനൊക്കെ വണ്ടി ഓടിക്കുന്നത് ? ആരാ ഇവനൊക്കെ ലൈസന്‍സ് കൊടുക്കുന്നത് ?

റോഡില്‍ നാം ഉപയോഗിച്ചു വരുന്ന സ്ഥിരം കുറ്റപ്പെടുത്തലുകളില്‍ ഒന്ന് മാത്രം…

ഒന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ റോഡില്‍ ഒരാളെയെങ്കിലും ചീത്ത പറയാതെ (മനസ്സുകൊണ്ടെങ്കിലും) നമുക്ക് ഒരു യാത്രയെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ? ഇല്ല എന്ന് തന്നെയാകും ഉത്തരം,അല്ലേ ?

ഇത് നമ്മള്‍ എല്ലാം തികഞ്ഞവര്‍ ആയത് കൊണ്ടാണോ ? ഇവിടെയാണ് റോഡില്‍ ഒരു ടിഎസ്പി സംസ്‌കാരത്തിന്റെ ആവശ്യകത നമുക്ക് ബോധ്യപ്പെടുന്നത്. നിരത്തില്‍ നാം പലപ്പോഴും കണ്ടില്ല എന്ന് നടിക്കുന്ന നല്ല കാര്യങ്ങളെ നന്ദി പൂര്‍വ്വം ഒന്ന് അംഗീകരിച്ചു നോക്കിയാലോ ! അതെ നന്ദി പ്രകടനങ്ങള്‍ക്ക് റോഡില്‍ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ സാധിക്കും..

റോഡിലെ കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കൂ…പകരം നന്മകള്‍ തിരയൂ…അവയോട് നന്ദി പറയൂ…മനസ്സ് സന്തോഷമായി വെക്കൂ…ഡ്രൈവിംഗ് ആസ്വദിക്കൂ…

റോഡിലെ പരസ്പര സഹകരണത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നതിന് ഒരു ദിനം ‘ TSP Day ‘ മാര്‍ച്ച് 19.

എല്ലാവര്‍ക്കും കുറ്റപ്പെടുത്തലുകള്‍ ഇല്ലാത്ത , മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാത്ത ഒരു ഡ്രൈവിംഗ് ദിനം ആശംസിക്കുന്നു.

മൂന്ന് മാസത്തിനിടെ കൈക്കൂലി കേസില്‍ വിജിലന്‍സ് കൈയോടെ പൊക്കിയത് 23 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ

മൂന്ന് മാസത്തിനിടെ കൈക്കൂലി കേസില്‍ വിജിലന്‍സ് കൈയോടെ പൊക്കിയത് 23 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ

തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 18 വരെ 23 സര്‍ക്കാര്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തതായി വിജിലന്‍സ്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടുന്നതിനുള്ള ‘ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പ്’ന്റെ ഭാഗമായാണ് അറസ്റ്റ്. കൈക്കൂലി വാങ്ങാനായി ഉദ്യോഗസ്ഥര്‍ നാല് ഏജന്റുമാരെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു.

2024ല്‍ ഇത്തരത്തില്‍ 34 ട്രാപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ ട്രാപ്പ് കേസുകളുടെ എണ്ണം 21 ആയി. ഇങ്ങനെയാണ് കാര്യങ്ങള്‍ എങ്കില്‍ ഇത്തവണ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ പിടിയിലായത് റവന്യൂ വകുപ്പിലാണ്. പന്ത്രണ്ട് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെയാണ് വിജിലന്‍സ് സംഘം കൈയോടെ പിടികൂടിയത്. പിന്നീട് കുടുതല്‍ പേര്‍ പിടിയിലയത് പൊലീസില്‍ നിന്നും മോട്ടോര്‍ വാഹനവകുപ്പില്‍നിന്നുമാണ്.

വാട്ടര്‍ അതോറിറ്റി, ആരോഗ്യം, സര്‍വേ, തദ്ദേശ സ്വയംഭരണം, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍, പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ ഉദ്യോഗസ്ഥനും അറസ്റ്റിലായി. എറണാകുളം ജില്ലയില്‍ നിന്നുള്ള ആറ് ഉദ്യോഗസ്ഥരും, മലപ്പുറം (3) തിരുവനന്തപുരം (2) കോട്ടയം (2) ഇടുക്കി, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ ഓരോ പേരും വീതം പിടിയിലായി. കഴിഞ്ഞ വര്‍ഷം 39 പേരാണ് പിടിയിലായത്.

യോഗേഷ് ഗുപ്ത ഡയറക്ടറായി ചുമതലയേറ്റെടുത്ത ശേഷം വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ മാറ്റങ്ങളുണ്ടായെന്ന് മുതിര്‍ന്ന വിജിലന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ അഴിമതി ആവശ്യപ്പെടുമ്പോള്‍ ജനങ്ങള്‍ സധൈര്യം വിവരങ്ങള്‍ കൈമാറുന്നു. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരും വളരെ ജാഗ്രതയോടെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ പലരും പുതിയ വഴികള്‍ കണ്ടെത്തുന്നതായും വിജിലന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിജിലന്‍സിന്റെ ചരിത്രത്തില്‍ മൂന്ന് മാസത്തിനിടെ അറസ്റ്റ് ചെയ്ത അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും ട്രാപ്പ് കേസുകളുടെ എണ്ണത്തിലും ഇത് ഏറ്റവും ഉയര്‍ന്ന കണക്കാണ്.