‘പ്രിയദർശിനി’ കുരുക്ക്: തൃശ്ശൂരിൽ 200-ലധികം സ്വകാര്യ ബസുകൾ സർവീസ് നിർത്തി

‘പ്രിയദർശിനി’ കുരുക്ക്: തൃശ്ശൂരിൽ 200-ലധികം സ്വകാര്യ ബസുകൾ സർവീസ് നിർത്തി

തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതി മലബാറിലെയും മധ്യകേരളത്തിലെയും പൊതുഗതാഗത മേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നു. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി നിലവിൽ വന്നതോടെ, തൃശ്ശൂർ ജില്ലയിൽ മാത്രം 200-ലധികം സ്വകാര്യ ബസുകളാണ് ഈ മാസം മുതൽ സർവീസ് പൂർണ്ണമായും നിർത്തിവെച്ചത്. നിത്യനിദാന ചെലവുകൾ പോലും കണ്ടെത്താൻ കഴിയാത്തവിധം വരുമാനം ഇടിഞ്ഞതാണ് ബസുകളുടെ സർവീസ് നിർത്തിവയ്ക്കാൻ ഉടമകളെ പ്രേരിപ്പിക്കുന്നത്.

സ്ഥിരം യാത്രക്കാരായ സ്ത്രീകളിൽ ഭൂരിഭാഗവും കെഎസ്ആർടിസി ബസുകളെ ആശ്രയിക്കാൻ തുടങ്ങിയതാണ് സ്വകാര്യ ബസുകൾക്ക് തിരിച്ചടിയായത്. തൃശ്ശൂർ-കൊടുങ്ങല്ലൂർ, തൃശ്ശൂർ-കുന്നംകുളം, തൃശ്ശൂർ-ഗുരുവായൂർ തുടങ്ങിയ പ്രധാന റൂട്ടുകളിൽ ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ്, ലോങ് റൂട്ട് ബസുകളെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. നഗരപ്രാന്തങ്ങളിൽ സർവീസ് നടത്തുന്ന ബസുകളുടെ അവസ്ഥയും ഒട്ടും ഭിന്നമല്ല. ധനകാര്യ പ്രതിസന്ധി മറികടക്കാനായി ഭൂരിഭാഗം ഓപ്പറേറ്റർമാരും സർവീസുകളുടെ എണ്ണം കുത്തനെ വെട്ടിക്കുറച്ചിരിക്കുകയാണ്.

ജീവനക്കാർ വഴിയാധാരമാകുന്നു; സർവീസുകൾ പകുതിയായി കുറച്ചു

പ്രതിദിനം നാല് സർവീസുകൾ (രാവിലെ രണ്ടും വൈകിട്ട് രണ്ടും) നടത്തിയിരുന്ന പല ബസുകളും ഇപ്പോൾ ജീവനക്കാരുടെ എണ്ണവും ഇന്ധനച്ചെലവും നിയന്ത്രിക്കുന്നതിനായി സർവീസുകൾ രണ്ടായി ചുരുക്കിയിട്ടുണ്ട്.

ഇത് ഒന്നോ രണ്ടോ ബസുകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. ബസുകൾ സർവീസ് നിർത്തുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യുമ്പോൾ ഡ്രൈവർമാർ, കണ്ടക്ടർമാർ, ക്ലീനർമാർ ഉൾപ്പെടെ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന പതിനായിരങ്ങളുടെ ഉപജീവനമാർഗ്ഗമാണ് ഇല്ലാതാകുന്നത്. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ ഒരു സ്ഥിരമായ പരിഹാരം സർക്കാർ തലത്തിൽ ഉണ്ടാകണം. – പ്രമുഖ ബസ് ഓപ്പറേറ്ററായ പ്രേംകുമാർ ചൂണ്ടിക്കാട്ടി.സർവീസുകൾ കുറയ്ക്കുന്നതിലൂടെ ബസ് സ്റ്റാൻഡ് ഫീസുകൾ, ബസ് അറ്റകുറ്റപ്പണി ചെലവുകൾ തുടങ്ങിയ അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ സാധിക്കുമെന്നാണ് ഉടമകൾ പറയുന്നത്. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിവിധ ജില്ലകളിൽ ബസ് ഉടമകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടായിട്ടില്ല.

യാത്രാക്ലേശം രൂക്ഷം; മലക്കപ്പാറയിൽ കെണി ഒരുക്കി ടൂറിസ്റ്റുകൾ

സ്വകാര്യ ബസുകൾ കൂട്ടത്തോടെ പിൻവാങ്ങിയതോടെ ജില്ലയിലെ പല ഉൾപ്രദേശങ്ങളിലും യാത്രാക്ലേശം അതീവ രൂക്ഷമായിട്ടുണ്ട്. എല്ലാ റൂട്ടുകളിലും കെഎസ്ആർടിസി ബസുകൾ ലഭ്യമാകാത്തതാണ് സാധാരണക്കാരായ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്.

അതേസമയം, ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്ക് ഓടുന്ന ഓർഡിനറി കെ.എസ്.ആർ.ടി.സി ബസിൽ നിലവിൽ യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കാട്ടുപ്രദേശങ്ങളിലൂടെയും മലയോര പാതകളിലൂടെയും കടന്നുപോകുന്ന ഈ റൂട്ടിൽ, ബസുകൾ പരമാവധി ശേഷിയിൽ അധികം ആളുകളുമായി സർവീസ് നടത്തുന്നത് അതീവ അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

നാട്ടുകാർക്ക് ദൈനംദിന ആവശ്യങ്ങൾക്കായി ആശ്രയിക്കേണ്ട ഈ പൊതു സർവീസ്, വിനോദസഞ്ചാരികൾ വൻതോതിൽ ചൂഷണം ചെയ്യുന്നതാണ് വൻ തിരക്കിനും അപകടയാത്രയ്ക്കും കാരണമാകുന്നതെന്നാണ് മലക്കപ്പാറ സ്വദേശിയായ റിജേഷിൻറെ പരിഭവം.

ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡോക്ടേഴ്സ് സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ്–2026 പ്രഖ്യാപിച്ചു

ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡോക്ടേഴ്സ് സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ്–2026 പ്രഖ്യാപിച്ചു

ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡോക്ടേഴ്സ് സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ്–2026 പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സാമൂഹ്യസേവന സംഘടനയായ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന്ന “ഡോക്ടേഴ്സ് സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ്–2026” ജേതാക്കളെ പ്രഖ്യാപിച്ചു.

ആരോഗ്യരംഗത്ത് നിസ്വാർത്ഥമായും ധാർമ്മികമായും മാതൃകാപരമായ സേവനം അനുഷ്ഠിക്കുകയും, സാമൂഹിക പ്രതിബദ്ധതയോടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകുകയും ചെയ്ത പത്മശ്രീ ഡോ. ജെ. ഹരീന്ദ്രൻ നായർ, ഡോ. കെ. പി. അയ്യപ്പൻ, ഡോ. സാഗർ തങ്കച്ചൻ എന്നിവരെയാണ് ഈ വർഷത്തെ അവാർഡിന് തെരഞ്ഞെടുത്തത്.

ലയൺസ് ഡിസ്ട്രിക്ട് 318 Aയുടെ കീഴിലുള്ള 155-ലധികം ക്ലബുകളുടെ നേതൃത്വത്തിൽ പാറശ്ശാല മുതൽ ഹരിപ്പാട് വരെ ആയിരത്തിലധികം ഡോക്ടർമാരെ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് ജൂലൈ 1-ന് നേരിട്ട് സന്ദർശിച്ച് ആദരിക്കുകയും ചെയ്തു

ഡിസ്ട്രിക്ട് ഗവർണർ ലയൺ എൻജിനീയർ വി. അനിൽ കുമാർ, ലയൺ ഡോ. പി. രാധാകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച ജില്ലാ കോർ കമ്മിറ്റിയാണ് ദീർഘകാല ആതുരസേവനം, സാമൂഹ്യസേവനം, ലയൺസ് ക്ലബുമായി ചേർന്ന് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

അവാർഡ് സമർപ്പണച്ചടങ്ങ് 2026 ജൂലൈ 19-ന് (ഞായർ) വൈകിട്ട് 4.00 മണിക്ക് തിരുവനന്തപുരം ഐ.എം.എ. ഹാളിൽ നടക്കും. ഡിസ്ട്രിക് ട് ഗവർണർ Lion V. അനിൽ കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൻ്റ ഉൽഘാടനവും അവാർഡു ദാനവും കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മേൽ നിർവ്വഹിക്കും. ലയൺ നേതാക്കന്മാരും പ്രശസ്ത ഡോകടർമാരും സംബന്ധിക്കും. പത്രസമ്മേളനത്തിൽ Lion. R. മുരുകൻ, Lion. R. V. ബിജു, Lion. T. ബിജുകുമാർ, Lion. ഡോ. പി. രാധാകൃഷ്ണൻ നായർ, Lion. R. രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിനോട് അനുബന്ധിച്ച് ഡോ. പി. രാധാകൃഷ്ണൻ നായർ രചിച്ച പുസ്തകങ്ങളുടെ പ്രദർശനം ഉണ്ടായിരിക്കും.

മദ്യം വാങ്ങാന്‍ പ്രായപരിധി നിയന്ത്രണം വരുന്നു; ‘നോ ഐഡി നോ എൻട്രി’ നിബന്ധനയ്ക്ക് നീക്കം

മദ്യം വാങ്ങാന്‍ പ്രായപരിധി നിയന്ത്രണം വരുന്നു; ‘നോ ഐഡി നോ എൻട്രി’ നിബന്ധനയ്ക്ക് നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ പ്രായപരിധി നിയന്ത്രണം കർശനമാക്കാൻ ആലോചന. മദ്യം വാങ്ങാന്‍ 23 വയസ് പൂര്‍ത്തിയാകണമെന്ന നിബന്ധന കർശനമാക്കാനാണ് ആലോചന. കർണാടക മോഡൽ കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള ചർച്ച പുരോഗമിക്കുകയാണ്. ‘നോ ഐഡി നോ എൻട്രി’ എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കാനാണ് ആലോചന.

വീര്യം കുറഞ്ഞ മദ്യത്തിനു നികുതിയിളവ് നൽകി വിൽപന യുവാക്കളെ ലക്ഷ്യമിട്ടെന്ന ആരോപണത്തിനിടെയാണ് പ്രായപരിധി കര്‍ശനമാക്കുന്നത്. എക്സൈസ് മന്ത്രി കണ്ട ഫയൽ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.18 വയസായിരുന്നു സംസ്ഥാനത്ത് ആദ്യം മദ്യം വാങ്ങാനുള്ള പ്രായ പരിധി. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ഇത് 21 വയസാക്കി. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഇത് 23 വയസായും ഉയര്‍ത്തിയിരുന്നു.

പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം ഇന്നുകൂടി

പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം ഇന്നുകൂടി

തിരുവനന്തപുരം: പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനു പൂര്‍ത്തിയാകും. മുഖ്യഘട്ടത്തിലെ ഈ അവസാന അലോട്ട്‌മെന്റ് ലഭിച്ചവരില്‍ 90 ശതമാനത്തോളം പേര്‍ വ്യാഴാഴ്ചയോടെ സ്‌കൂളില്‍ ചേര്‍ന്നു. തിങ്കളാഴ്ച പ്ലസ്വണ്‍, വി.എച്ച്.എസ്.ഇ. ക്ലാസ് തുടങ്ങും. ആദ്യ രണ്ട് അലോട്ട്‌മെന്റില്‍ താത്കാലിക പ്രവേശനത്തിന് അവസരമുണ്ടായിരുന്നു. എന്നാല്‍, മൂന്നാം അലോട്ട്‌മെന്റില്‍ ആ സൗകര്യമില്ല.

അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസടച്ച് സ്ഥിരമായി സ്‌കൂളില്‍ ചേരണം. അല്ലാത്തവരുടെ അവസരം നഷ്ടമാകും. മുഖ്യഘട്ടത്തില്‍ അലോട്ട്‌മെന്റ്‌റ് ലഭിക്കാത്തവര്‍ 13-നു തുടങ്ങുന്ന സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കപ്പെടാന്‍ അപേക്ഷ പുതുക്കണം. ഓരോ സ്‌കൂളിലും ഒഴിവുള്ള സിറ്റിന്റെ വിശദാംശം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അതുപരിശോധിച്ച് പുതിയ ഓപ്ഷന്‍ ചേര്‍ത്താണ് അപേക്ഷ പുതുക്കേണ്ടത്.

ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും സപ്ലിമെന്ററി അലോ ട്‌മെന്റ്‌റിന് അപേക്ഷിക്കാം. തെറ്റായ വിവരം തിനാലും മുഖ്യ അലോട്മെന്റ്‌റില്‍ പരിഗണി നല്‍കിയതിനാലും ഓപ്ഷന്‍ നല്‍കാത്ത ക്കപ്പെടാതെ പോയവര്‍ക്ക് സപ്ലിമെന്ററി അലോട്‌മെന്റ് ഘട്ടത്തില്‍ തെറ്റു തിരുത്താം.. അങ്ങനെയുള്ളവര്‍ നേരത്തേ കൊടുത്ത അപേക്ഷ തിരുത്തിയാല്‍ മതി.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 1000 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 1000 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 1000 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,07,800 രൂപ. ഗ്രാമിന് 125 രൂപയാണ് കൂടിയത്. 13,475ല്‍ എത്തി. ഈ മാസം ആദ്യം പവന് 1,03,240 എന്ന കുറഞ്ഞ വിലയില്‍ എത്തിയ സ്വര്‍ണവില. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞുമാണ് വ്യാപാരം നടന്നത്.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ആഗോള വിപണിയില്‍ എണ്ണവില കുറയുന്നതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിന് പുറമേ അമേരിക്ക- ഇറാന്‍ സമാധാന കരാറിനെ തുടര്‍ന്ന് എണ്ണവില ഗണ്യമായി കുറഞ്ഞതും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.