by Midhun HP News | Feb 8, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: വിവാഹം പല കാരണങ്ങളാല്‍ മുടങ്ങാറുണ്ട്. അതിന് കാരണം കുടുംബ തര്‍ക്കങ്ങളോ പൊരുത്തക്കേടുകളോ മറ്റോ ആയിരിക്കും. എന്നാല്‍ മഹാരാഷ്ട്രയില്‍ യുവാവിന്റെ വിവാഹം മുടങ്ങാന്‍ കാരണമായത് സിബില്‍ സ്‌കോര്‍ കുറവായതാണ്. മഹാരാഷ്ട്രയിലെ മൂര്‍തിസാപു ജില്ലയിലായിരുന്നു സംഭവം.
വിവാഹനിശ്ചയം പുരോഗമിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ അമ്മാവന്‍ യുവാവിനോട് അസാധാരണമായ ഒരു അഭ്യര്‍ഥന നടത്തിയത്. അത് സിബില്‍ സ്‌കോര്‍ കാണണമെന്നായിരുന്നു. ഇതോടെയാണ് കാര്യങ്ങള്‍ മാറി മറഞ്ഞത്. പരിശോധനയില്‍ യുവാവ് വിവിധ ബാങ്കുകളില്‍ നിന്നായി ഒന്നിലധികം വായ്പ എടുത്തതായി കണ്ടെത്തി. കൂടാതെ സിബില്‍ സ്‌കോര്‍ കുറവാണെന്നും കണ്ടെത്തി.
ഇത്രയേറെ സാമ്പത്തിക ബാധ്യതയുള്ള യുവാവിന് മരുമകളെ കല്യാണം കഴിച്ചുകൊടുത്താല്‍ ഭാവിയില്‍ ഉണ്ടാകുന്ന ആശങ്കകള്‍ അമ്മാവന്‍ കുടുംബത്തെ അറിയിച്ചു. വീട്ടുകാരും അമ്മാവന്റെ അഭ്യര്‍ഥന ശരിവച്ചതോടെ വധുവിന്റെ വീട്ടുകാര്‍ കല്യാണത്തില്‍ നിന്ന് പിന്‍മാറി.
by Midhun HP News | Feb 8, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി അധികാരത്തിലേക്ക്. ലീഡ് നിലയില്‍ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപി മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്. കോണ്‍ഗ്രസിന് ഒരു സീറ്റിലും ലീഡില്ല. വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ തുടക്കത്തില്‍ പിന്നില്‍നിന്ന മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നേരിയ വോട്ടുകള്‍ക്ക് ലീഡ് പിടിച്ചു. മനീഷ് സിസോദിയയും മുന്നിലാണ്. മുഖ്യമന്ത്രി അതിഷി പിന്നിലാണ്.
എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നീ പ്രമുഖ പാര്‍ട്ടികളുടെ ത്രികോണമത്സരത്തിനാണ് രാജ്യ തലസ്ഥാനം വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിക്ക് അനകൂലമാണ്
ഇതോടെ 27 വർഷത്തിനു ശേഷം ശക്തമായ തിരിച്ചുവരവിനാണ് ബിജെപി ഡൽഹിയിൽ തയാറെടുക്കുന്നത്. 19 എക്സിറ്റ് പോളുകളിൽ 11 എണ്ണവും ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിക്കുമ്പോൾ 4 എണ്ണത്തിൽ എഎപിയാണു മുന്നിൽ. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.
by Midhun HP News | Feb 8, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ മുന്നേറ്റം തുടരുന്നു. പവന് 120 രൂപ ഉയര്‍ന്ന് 63,560ല്‍ എത്തി. ഗ്രാം വിലയിലുണ്ടായത് 15 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7945 രൂപ.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ഉണ്ടായ അനിശ്ചിതത്വം കൂടുതല്‍ പേരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഈ പ്രവണത തുടരുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍.
കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യ അറുപതിനായിരം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും മുന്നേറ്റം തുടരുകയായിരുന്നു.
by Midhun HP News | Feb 8, 2025 | Latest News, ദേശീയ വാർത്ത
തൊടുപുഴ: തമിഴ് സിനിമ, സീരിയല്‍ നടനും സിപിഎം പ്രവര്‍ത്തകനുമായ കെ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു. 57 വയസ്സുണ്ട്. മൂന്നാര്‍ ഇക്കാ നഗര്‍ സ്വദേശിയാണ്. തൊടുപുഴയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ അടിമാലിയില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണം. സിപിഎം ഇക്കാനഗര്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറിയാണ്. ഹിറ്റ് തമിഴ് സിനിമകളായ മൈന, കഴുക്, കുംകി തുടങ്ങിയവ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ചിപ്പി എന്ന തമിഴ് സീരിയലിലും അഭിനയിച്ചിട്ടുണ്ട്. മൂന്നാറില്‍ ചിത്രീകരിച്ച വിവിധ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളുടെ ലൊക്കേഷന്‍ മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍വതിയാണ് ഭാര്യ. വിദ്യ, വിവേക് എന്നിവര്‍ മക്കളാണ്.
by Midhun HP News | Feb 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം വിഴിഞ്ഞം വവ്വാമൂലയിൽ വൃക്ക രോഗബാധിതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി ഭർത്താവ്. 29 വയസുകാരിയെയും 5 വയസ്സുള്ള ഇരട്ട കുട്ടികളോടുമാണ് ക്രൂരത. ഇന്നലെ ഉച്ചമുതൽ ഭക്ഷണമോ മരുന്നോ കഴിക്കാനാകാതെ ബുദ്ധിമുട്ടിലായതോടെ അമ്മയും മക്കളും രാത്രിയോടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ അഭയം തേടി.വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ഇവർക്ക് ഭക്ഷണം വാങ്ങി നൽകിയത്.
സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് മുൻപ് വിഴിഞ്ഞം സ്റ്റേഷനിൽ കേസ് നൽകിയിരുന്നു. ഇത് സംബന്ധിച്ച് നെയ്യാറ്റിൻകര കോടതിയിൽ നിന്നും പ്രൊട്ടക്ഷൻ ഓർഡർ വാങ്ങിയിരുന്നതായി യുവതി പറയുന്നു.വിഴിഞ്ഞം പൊലീസ് ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ആണ്. ഭാര്യയും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യയെയും മക്കളെയും വീടിന് പുറത്താക്കി വീട് പൂട്ടി ഭർത്താവ് സ്ഥലം വിടുന്നത്.
പ്രൊട്ടക്ഷൻ ഓർഡർ നീട്ടി നൽകുന്നതുമായി ബന്ധപ്പെട്ട് യുവതി കോടതിയെ സമീപിച്ചിരുന്നു. ഒരു കാരണവശാലും വീട് തുറന്നുകൊടുക്കില്ലെന്ന് ഭർത്താവ് പറഞ്ഞതായി യുവതി പറയുന്നു. ഭർത്താവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തിൽ കേസെടുക്കുമെന്ന് വിഴിഞ്ഞം പൊലീസ് വ്യക്തമാക്കിയിരുന്നു.
Recent Comments