ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കം; യുവാക്കളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം

ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കം; യുവാക്കളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം

പാലക്കാട്: പെരിങ്ങോട് ബൈക്ക് യാത്രികരെ കാറിടിച്ച് വീഴ്ത്തിയ ശേഷം മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം. ഇന്നലെ രാത്രി എട്ട് മണിയോടെ കറുകപുത്തൂർ – പെരിങ്ങോട് പാതയിൽ പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് സംഭവം. ആക്രമിച്ച ശേഷം അക്രമികൾ കടന്നു കളഞ്ഞു.

ആക്രമണത്തിൽ മതുപ്പുള്ളി സ്വദേശിയായ താനിയിൽ രഞ്ജിത്, ഇപി രഞ്ജിത് എന്നിവർക്ക് തലക്കും കൈക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ചാലിശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന യുവാക്കളെ കാറിൽ പിന്തുടർന്നെത്തിയ ഒരു സംഘം അക്രമികൾ ഇടിച്ചു വീഴ്ത്തി. അതിനു ശേഷം മാരാകായുധങ്ങൾ ഉപയോഗിച്ച് യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നു.

അഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഇതിൽ ചിലരെ യുവാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ പ്രദേശത്ത് ഉണ്ടായിരുന്നു. ഈ സംഘത്തിൽ പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് പ്രതികൾക്കായി അന്വേഷണം തുടങ്ങി.

എയർ കേരള ജൂണിൽ പറന്നുയരും, ആദ്യ സർവീസ് കൊച്ചിയിൽ നിന്ന്

എയർ കേരള ജൂണിൽ പറന്നുയരും, ആദ്യ സർവീസ് കൊച്ചിയിൽ നിന്ന്

നെടുമ്പാശ്ശേരി: എയർ കേരളയുടെ ആഭ്യന്തര വിമാന സർവീസ് ജൂണിൽ ആരംഭിക്കും. കൊച്ചിയില്‍ നിന്നായിരിക്കും ആദ്യ സര്‍വീസ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് എയര്‍ കേരളയുടെ ഹബ്ബ്. ആദ്യഘട്ടത്തില്‍ അഞ്ച് വിമാനങ്ങളാണ് സര്‍വീസിനായി ഉപയോഗിക്കുക. 76 സീറ്റുകളുള്ള വിമാനമായിരിക്കും സര്‍വീസ് നടത്തുക.

വിമാനങ്ങള്‍ പാട്ടത്തിനെടുത്താണ് സര്‍വീസ് തുടങ്ങുന്നത്. വിമാനങ്ങള്‍ ലഭ്യമാക്കുന്നതിന് ഐറിഷ് കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ 20 വിമാനങ്ങള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യം. കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയര്‍ കേരളയില്‍ കേരള സർക്കാരിനും സിയാലിനും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി 26 ശതമാനം ഓഹരിയുണ്ട്.

കൂടുതല്‍ ആളുകളെ വിമാനയാത്ര ചെയ്യാന്‍ പ്രേരിപ്പിക്കും വിധത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും എയര്‍ കേരള സര്‍വീസ് നടത്തുക. രണ്ട് വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര സര്‍വീസും കൂടി തുടങ്ങാനാണ് എയര്‍ കേരള ലക്ഷ്യമിടുന്നത്. എയർകേരള സർവീസ് ആരംഭിക്കുന്നതോടെ കേരളത്തിന്‍റെ ടൂറിസം, ട്രാവൽ മേഖലയിൽ വിപ്ലവം സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

സേവനത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ താങ്ങാവുന്ന ടിക്കറ്റ് നിരക്കാണ് എയർ കേരള വാഗ്ദാനം ചെയ്യുന്നത്. അന്താരാഷ്ട്ര റൂട്ടിൽ അനുമതി കിട്ടിയാൽ തായ്‌ലൻഡ്, വിയറ്റ്‌നാം, മലേഷ്യ, യുഎഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ റൂട്ടുകൾക്ക് മുൻഗണന നൽകാനാണ് കമ്പനി അധികൃതരുടെ തീരുമാനം. ആഭ്യന്തരമായി ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയെ ടയർ-രണ്ട് നഗരങ്ങളുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.

റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസ്; എഡിറ്റര്‍ അരുണ്‍കുമാര്‍ ഒന്നാം പ്രതി

റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസ്; എഡിറ്റര്‍ അരുണ്‍കുമാര്‍ ഒന്നാം പ്രതി

കൊച്ചി: സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിനിടെ വിദ്യാര്‍ത്ഥിനിക്കെതിരെ ദ്വയാര്‍ത്ഥപ്രയോഗം നടത്തിയെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസെടുത്തു. വനിതാ ശിശു വികസനവകുപ്പ് ഡയറക്ടര്‍ നേരിട്ടു നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.

ചാനല്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ അരുണ്‍കുമാറാണ് ഒന്നാം പ്രതി. അരുൺ കുമാർ, റിപ്പോർട്ടർ അടക്കം മൂന്ന് മാധ്യമ പ്രവർത്തകർക്കെതിരെയാണ് കേസ്. കലോത്സവത്തില്‍ ഒപ്പന മത്സരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ വാര്‍ത്തയ്ക്ക് പിന്നാലെ, അവതാരകന്‍ അടക്കം നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്.

ആക്ഷേപമുയര്‍ന്നതോടെ സംഭവത്തില്‍ ശിശുക്ഷേമ വകുപ്പ് വിശദീകരണം തേടിയിരുന്നു. ഇതിനുശേഷമാണ് വനിതാ ശിശുക്ഷേമവകുപ്പ് ഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. പരാതി ഡിജിപി കന്റോണ്‍മെന്റ് പൊലീസിന് കൈമാറുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആത്മഭിമാനം കളങ്കപ്പെടുത്തുന്ന വിധം വാര്‍ത്തയും ചര്‍ച്ചയും തയ്യാറാക്കി എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും

ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും. ക്ഷേത്രത്തില്‍ അഷ്ടബന്ധം ഉറപ്പിക്കുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് ഉച്ചയ്ക്ക് പതിവിലും നേരത്തേ 1.30 ന് അടയ്ക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

11 മുതല്‍ ദര്‍ശന നിയന്ത്രണം ഉണ്ടാകും. ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രം നട തുറന്ന് ശീവേലിക്കു ശേഷം ഭക്തര്‍ക്ക് പതിവ് ദര്‍ശന സൗകര്യം തുടരുമെന്നും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

സ്വര്‍ണവില 60,000 തൊടുമോ? 59,000 കടന്ന് കുതിപ്പ്

സ്വര്‍ണവില 60,000 തൊടുമോ? 59,000 കടന്ന് കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 59,000 കടന്നു. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59000 കടന്ന് കുതിച്ചത്. 59,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 7390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്‍ധിച്ച ശേഷം കഴിഞ്ഞ ദിവസം വില ഇടിഞ്ഞിരുന്നു. എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കിയാണ് ഇന്നലെയും ഇന്നുമായി വില ഉയര്‍ന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.