by Midhun HP News | Jan 2, 2025 | Latest News, കേരളം
കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക രീതിയില്‍ വാഹനമോടിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
അതേസമയം, ബസിന് തകരാറുണ്ടായിരുന്നുവെന്ന ഡ്രൈവറുടെവാദം തള്ളി ചിന്‍മയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രംഗത്തെത്തി. സ്‌കൂള്‍ ബസിന് യാതൊരു തകരാറും ഉണ്ടായിരുന്നില്ലെന്ന് ചിന്മയ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ കെ.എന്‍ ശശി പറഞ്ഞു. ബസിന് 2027 വരെ പെര്‍മിറ്റ് ഉണ്ടെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
അതേസമയം, വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം തള്ളി മോട്ടോര്‍ വാഹന വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. അപകടത്തിന് കാരണമാകുന്ന മെക്കാനിക്കല്‍ തകരാറുകള്‍ വാഹനത്തിനില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് ആര്‍ടിഒയ്ക്ക് നല്‍കി. ഡ്രൈവറുടെ മെഡിക്കല്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് പൊലീസിന് കത്ത് നല്‍കി. ബസിന്റെ ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായി എന്നായിരുന്നു ഡ്രൈവറുടെ മൊഴി.
മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യ രാജേഷിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ നടക്കും. തുടര്‍ന്ന് മൃതദേഹം കുറുമാത്തൂര്‍ ചിന്മയ വിദ്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. വൈകിട്ടായിരിക്കും സംസ്‌കാര ചടങ്ങുകള്‍. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മറ്റൊരു കുട്ടി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. എന്നാല്‍ കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് വിവരം. പരുക്കേറ്റ മറ്റ് വിദ്യാര്‍ത്ഥികളെല്ലാം ആശുപത്രി വിട്ടു.
by Midhun HP News | Jan 2, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: കിഴവിലം സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന് പരാതിയുമായി ദമ്പതികൾ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികളാണ് കിഴുവില്ലം സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ പരാതി നൽകിയത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന 45 പവനിൽ 25 പവനോളം കാണാനില്ലെന്നാണ് പൊലീസിനും, സഹകരണ രജിസ്ട്രാർക്കും നൽകിയ പരാതിയിൽ പറയുന്നത്.
വിവാഹത്തിന് അണിഞ്ഞ 45 പവൻ ആഭരണങ്ങളാണ് രമ്യയും ഭര്‍ത്താവ് പ്രദീപ് കുമാറും സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചത്. 2008ലാണ് ലോക്കറെടുത്തത്. വര്‍ഷാവര്‍ഷം വാടക നൽകി വന്നിരുന്നു. 2015 ൽ ലോക്കര്‍ തുറന്ന് പരിശോധിച്ചപ്പോൾ അഞ്ച് മാലയും 17വളയും ഉണ്ടായിരുന്നു. കഴിഞ്ഞ മാസം 29-ാം തിയതി ബാങ്ക് ലോക്കർ വീണ്ടും തുറന്നപ്പോൾ പക്ഷേ, 17 വളകൾ കാണാനുണ്ടായിരുന്നില്ല. ബാങ്ക് അധികൃതരോട് പറഞ്ഞപ്പോൾ മോശം സമീപനമായിരുന്നെന്നും, പൊലീസീനും സഹകരണ രജിസ്ട്രാറിനും പരാതി നൽകിയെന്നും ദമ്പതികൾ പറയുന്നു.
ഒപ്പം സൂക്ഷിച്ചിരുന്ന മാലകൾ ലോക്കറിൽ തന്നെ ഉണ്ടെങ്കിലും അത് സ്വര്‍ണ്ണം തന്നെ ആണോ എന്ന കാര്യത്തിലുമുണ്ട് സംശയമെന്നാണ് ദമ്പതികൾ പറയുന്നത്. ഇതിന് പിന്നാലെ അന്വേഷിച്ചപ്പോൾ സമാനമായ സംഭവം നടന്നതായി പരാതിക്കാരുള്ളതായി അറിയാൻ കഴിഞ്ഞതായും ദമ്പതികൾ ആരോപിക്കുന്നു.എന്നാൽ സ്വർണ്ണം കാണാതെ പോയതിൽ ബാങ്കിന്‍റെ ഭാഗത്ത് വീഴ്ച്ചയൊന്നും ഇല്ലെന്നാണ് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നത്. ലോക്കറിന്‍റെ താക്കോൽ സൂക്ഷിക്കുന്നത് ലോക്കർ എടുത്തവർ തന്നെയാണന്നും, അവരറിയാതെ സ്വർണ്ണം എങ്ങനെ പുറത്തുപോകുമെന്നുാണ് ബാങ്ക് അധികൃതർ ചോദിക്കുന്നത്.
by Midhun HP News | Jan 2, 2025 | Latest News, Tech News, ദേശീയ വാർത്ത
പട്‌ന: ബിഹാര്‍ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് മലയാളിയായ കെ വിനോദ് ചന്ദ്രന്‍ പുതിയ ഗവര്‍ണര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. കേരള ഗവര്‍ണര്‍ സ്ഥാനത്തു നിന്നാണ് ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്ക് മാറ്റിയത്.
26 വര്‍ഷത്തിനു ശേഷം ബിഹാറില്‍ ഗവര്‍ണറാകുന്ന മുസ്ലിം സമുദായത്തില്‍പ്പെട്ടയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. തിങ്കളാഴ്ചയാണ് പട്‌നയിലെത്തിയ ആരിഫ് മുഹമ്മദ് ഖാനെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, സ്പീക്കര്‍ നന്ദ കിഷോര്‍ യാദവ് തുടങ്ങിയവര്‍ സ്വീകരിച്ചു. ഇതിനു പിന്നാലെ മുഖ്യമന്ത്രി നിതീഷ് കുമാർ നിയുക്ത ഗവർണറെ സന്ദർശിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ആരിഫ് മുഹമ്മദ് ഖാൻ മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, റാബ്രി ദേവി എന്നിവരെ വസതിയിലെത്തി സന്ദർശിച്ചു. പുതുവത്സരാശംസ നേരാനാണ് ലാലുവിന്റെ വീട്ടിലെത്തിയതെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ആരിഫ് മുഹമ്മദ് ഖാനുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മനാട്ടിലെത്തി, നിതീഷിന്റെ അമ്മയുടെ ചരമവാർഷിക ചടങ്ങുകളിലും ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തിരുന്നു.
by Midhun HP News | Jan 2, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യത്തെ വിവിധ എന്‍ജിനീയറിങ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (മെയ്ന്‍) ജനുവരി 22 മുതല്‍ 30 വരെ നടക്കും. എന്‍ടിഎ പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനമനുസരിച്ച്, ആദ്യ സെഷനിലെ പേപ്പര്‍ 1 (BE/BTech) ജനുവരി 22, 23, 24, 28, 29 തീയതികളില്‍ രണ്ട് ഷിഫ്റ്റുകളിലായി നടക്കും. ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ച കഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 6 വരെയുമാണ്.
പേപ്പര്‍ 2A (BArch), പേപ്പര്‍ 2B (B.Planning), പേപ്പര്‍ 2A, 2B (BArch, B Planning) ഒരുമിച്ച് എന്നിവയ്ക്കുള്ള പരീക്ഷ ജനുവരി 30 ന് നടക്കും. പേപ്പര്‍ 2A, പേപ്പര്‍ 2B എന്നിവയ്ക്കുള്ള പരീക്ഷ ഉച്ച കഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 6:30 വരെ നടത്തുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് ഉടന്‍ എന്‍ടിഎ പുറത്തിറക്കും. സ്ലിപ്പ് പുറത്തിറക്കി കഴിഞ്ഞാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് സ്ലിപ്പുകള്‍ ആക്സസ് ചെയ്യാന്‍ കഴിയും. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, ജനുവരി ആദ്യ വാരത്തോടെ തന്നെ സ്ലിപ്പുകള്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജെഇഇ മെയിന്‍ പരീക്ഷയുടെ തീയതിക്ക് മൂന്ന് ദിവസം മുമ്പ് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇതിനുള്ള ക്രമീകരണങ്ങള്‍ എന്‍ടിഎ ഒരുക്കും. പരീക്ഷയുടെ ആദ്യ സെഷന്റെ ഫലം ഫെബ്രുവരി 12ന് പ്രഖ്യാപിക്കും.
പേപ്പര്‍ 1
എന്‍ഐടികള്‍, ഐഐഐടികള്‍, മറ്റ് കേന്ദ്ര സാങ്കേതിക സ്ഥാപനങ്ങള്‍ (സിഎഫ്ടിഐകള്‍) എന്നിവയിലെ ബിരുദ എന്‍ജിനീയറിങ് പ്രോഗ്രാമുകളിലേക്ക് (ബിഇ/ബിടെക്) പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തുന്ന പരീക്ഷയാണിത്. ജെഇഇ മെയിന്‍ (പേപ്പര്‍ 1) യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടികള്‍) പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാന്‍സ്ഡിലും പങ്കെടുക്കാന്‍ അര്‍ഹതയുണ്ട്.
പേപ്പര്‍ 2
രാജ്യത്തുടനീളമുള്ള വിവിധ സര്‍വകലാശാലകളില്‍ ബി.ആര്‍ക്ക്, ബി.പ്ലാനിംഗ് കോഴ്‌സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായാണ് പേപ്പര്‍ 2 പരീക്ഷ.
by Midhun HP News | Jan 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 2025ലെ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പിഎസ് സി പ്രസിദ്ധീകരിച്ചു. 2024 ഡിസംബര്‍ 31 വരെ വിജ്ഞാപനം ചെയ്തതും ഇതിനകം പരീക്ഷകള്‍ നിശ്ചയിക്കാത്തതുമായ തസ്തികളുടെ സാധ്യതാ പരീക്ഷാ കലണ്ടറാണ് പിഎസ് സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. പൊതുപ്രാഥമിക പരീക്ഷകള്‍, ഒറ്റത്തവണ പരീക്ഷകള്‍, മുഖ്യപരീക്ഷകള്‍ എന്നിവയുടെ സമയക്രമമാണ് പ്രസിദ്ധീകരിച്ചത്.
പരീക്ഷാ കലണ്ടറില്‍ ഉള്‍പ്പെട്ട എല്ലാ തസ്തികകളുടേയും പരീക്ഷാ സിലബസ് ജനുവരി പതിനഞ്ചോടുകൂടി പ്രസിദ്ധീകരിക്കും. 2025 മെയ് – ജൂലൈ മാസങ്ങളിലായി നടക്കുന്ന ബിരുദതല പൊതുപ്രാഥമിക പരീക്ഷയില്‍ സെക്രട്ടേറിയറ്റ്/പിഎസ്സി. അസിസ്റ്റന്റ് തസ്തികയും ഉള്‍പ്പെടും. നൂറ് മാര്‍ക്ക് വീതമുള്ള രണ്ടു പേപ്പറുകള്‍ ഉള്‍പ്പെടുന്നതായിരിക്കും അസിസ്റ്റന്റ് തസ്തികയുടെ മുഖ്യപരീക്ഷ. മുഖ്യപരീക്ഷ ഓഗസ്റ്റ് – ഡിസംബര്‍ കാലയളവില്‍ നടക്കും. പ്രാഥമിക പരീക്ഷയുടേയും മുഖ്യപരീക്ഷയുടെയും സിലബസ് പരീക്ഷാ കലണ്ടറിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബിരുദതല പൊതുപ്രാഥമിക പരീക്ഷയില്‍ എസ്‌ഐ, എപിഎസ്‌ഐ, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ തസ്തികകളും ഉള്‍പ്പെടും. ഇവയുടെ മുഖ്യപരീക്ഷയും ഓഗസ്റ്റ് – ഡിസംബര്‍ കാലയളവില്‍ നടക്കും. വിവിധ യൂണിഫോംഡ് തസ്തികകളിലേക്ക് പരീക്ഷകള്‍ക്ക് ശേഷം നടക്കുന്ന കായികക്ഷമതാ പരീക്ഷകളുടെ സമയക്രമം ജനുവരി 15 ന് പ്രസിദ്ധീകരിക്കുന്നതാണ്. കേരള ജനറല്‍ സര്‍വീസില്‍ ഡിവിഷണല്‍ അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷ 2025 മെയ് – ജൂലൈ മാസങ്ങളിലായി നടക്കും. മുഖ്യപരീക്ഷ 2025 ഓഗസ്റ്റ് -ഒക്ടോബര്‍ മാസങ്ങളിലായിരിക്കും. ഈ തസ്തികയുടെ പൊതു പ്രാഥമിക പരീക്ഷയും മുഖ്യപരീക്ഷയും വിജ്ഞാപനത്തില്‍ പറയുന്ന സിലബസ് അനുസരിച്ചായിരിക്കും. പ്രാഥമിക പരീക്ഷ ഒരു മണിക്കൂര്‍ പതിനഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ളതായിരിക്കും. മുഖ്യപരീക്ഷയ്ക്ക് വിജ്ഞാപനത്തില്‍ പറഞ്ഞതുപ്രകാരം സബ്ജക്റ്റ് മിനിമം നിര്‍ബന്ധമാണ്. എന്നാല്‍ പ്രാഥമിക പരീക്ഷയ്ക്ക് ഈ നിബന്ധനയില്ല.
മറ്റ് പ്രധാന പരീക്ഷകളുടെ സാധ്യതാസമയക്രമം
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍: ഏപ്രില്‍ – ജൂണ്‍
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്: ഏപ്രില്‍ – ജൂണ്‍
ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്): ഏപ്രില്‍ – ജൂണ്‍
സിവില്‍ എക്‌സൈസ് ഓഫീസര്‍: മെയ് – ജൂലായ്
ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍: ജൂണ്‍ – ആഗസ്ത്
സിവില്‍ പോലീസ് ഓഫീസര്‍: ജൂണ്‍ – ആഗസ്ത്
അസിസ്റ്റന്റ് പ്രൊഫസര്‍ മെഡിക്കല്‍ വിദ്യാഭ്യാസം: ജൂണ്‍ – ആഗസ്ത്
അഗ്രികള്‍ച്ചറല്‍ ഓഫീസര്‍: ജൂലൈ – സെപ്തംബര്‍
സ്റ്റാഫ് നഴ്‌സ്: ജൂലൈ – സെപ്തംബര്‍
ഡ്രൈവര്‍: ആഗസ്ത് – ഒക്ടോബര്‍
ഹൈസ്‌കൂള്‍ ടീച്ചര്‍: ആഗസ്ത് – ഒക്ടോബര്‍
അസിസ്റ്റന്റ് സെയില്‍സ്മാന്‍: ആഗസ്ത് – ഒക്ടോബര്‍
അസിസ്റ്റന്റ് ഡെന്റല്‍ സര്‍ജന്‍: സെപ്തംബര്‍ – നവംബര്‍
ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍: ഒക്ടോബര്‍ – ഡിസംബര്‍
Recent Comments