തൃശൂര്‍ മേയര്‍ക്കെതിരെ വിഎസ് സുനില്‍ കുമാര്‍

തൃശൂര്‍ മേയര്‍ക്കെതിരെ വിഎസ് സുനില്‍ കുമാര്‍

തൃശൂര്‍: തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് ചോറ് ഇവിടെയും കുറ് അവിടെയും ഉള്ള ആളാണെന്ന് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ വിഎസ് സുനില്‍ കുമാര്‍. ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്ന് മേയര്‍ ക്രിസ്മസ് കേക്ക് സ്വീകരിച്ചത് ആസൂത്രിതമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്കായി നേരിട്ടും പരോക്ഷമായും പ്രവര്‍ത്തിച്ച ഇടതുമുന്നണി മേയറാണ് അദ്ദേഹം. ഇടതുമുന്നണിയുടെ ചെലവില്‍ ഇത്തരം പ്രവര്‍ത്തനം നടത്തുന്നതിനോട് വ്യക്തിപരമായും രാഷ്ട്രീയമായും യോജിക്കാനാവില്ലെന്ന് സുനില്‍ കുമാര്‍ പറഞ്ഞു

‘ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ കൈയില്‍ നിന്നും കേക്ക് സ്വീകരിച്ചത് ആസൂത്രിതമാണ്. സുരേന്ദ്രന്‍ കേക്ക് കൊടുത്തതിനെ താന്‍ കുറ്റം പറയില്ല. കേരളത്തില്‍ ഒരുപാട് മേയര്‍മാര്‍ ഉണ്ടായിട്ടും തൃശൂര്‍ മേയര്‍ക്ക് മാത്രമാണ് കേക്ക് കൊടുത്തത്. വഴി തെറ്റി വന്ന് കൊത്തതല്ല. കേക്ക് സ്വീകരിച്ചതില്‍ എനിക്ക് ഒരു അത്ഭുതവും തോന്നിയിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്കായി നേരിട്ടും പരോക്ഷമായും പ്രവര്‍ത്തിച്ച ഇടതുമുന്നണി മേയറാണ് അദ്ദേഹം. ഇടതുമുന്നണിയുടെ ചെലവില്‍ ഇത്തരം പ്രവര്‍ത്തനം നടത്തുന്നതിനോട് വ്യക്തിപരമായും രാഷ്ട്രീയ പരമായും യോജിക്കാനാവില്ല’- സുനില്‍ കുമാര്‍ പറഞ്ഞു.

ബിജെപിയുടെ സ്‌നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എംകെ വര്‍ഗീസിനെ സന്ദര്‍ശിച്ച് കേക്ക് കൈമാറിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മേയര്‍ക്കെതിരെ വിഎസ് സുനില്‍ കുമാര്‍ രംഗത്തെത്തിയത്. കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും സ്‌നേഹത്തിന്റെ സന്ദര്‍ശനം മാത്രമാണെന്നും കെ സുരേന്ദ്രന്‍റെ സന്ദര്‍ശനത്തിന് ശേഷം എംകെ വര്‍ഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ക്രിസ്മസ് ദിവസം തന്റെ വസതിയില്‍ ആര് വന്നാലും സ്വീകരിക്കും എന്നും ക്രിസ്മസ് സ്‌നേഹത്തിന്റെ ദിവസമാണെന്നും മറ്റൊരു ചിന്തയും ഇല്ലെന്നും വര്‍ഗീസ് പറഞ്ഞിരുന്നു.

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; നരഹത്യ കേസിൽ ജാമ്യം തേടി അല്ലു അർജുൻ

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; നരഹത്യ കേസിൽ ജാമ്യം തേടി അല്ലു അർജുൻ

ഹൈ​ദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസിൽ ജാമ്യ അപേക്ഷയുമായി അല്ലു അർജുൻ കോടതിയെ സമീപിച്ചു. നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബർ 13 ന് നടനെ വസതിയിൽ എത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, തെലങ്കാന ഹൈക്കോടതി അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷ റദ്ദാക്കാൻ പൊലീസ് സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

സന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു ദാരുണമായ സംഭവം. അല്ലു അര്‍ജുന്റെ വലിയ ഫാനായ മകന്‍ ശ്രീതേജിന്റെ നിര്‍ബന്ധപ്രകാരം പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് സന്ധ്യ തിയറ്ററില്‍ എത്തിയതായിരുന്നു ദില്‍ഷുക്നഗര്‍ സ്വദേശിനിയായ രേവതിയും കുടുംബവും. ഇതിനിടെ അല്ലു അര്‍ജുന്‍ തിയറ്ററിലേക്ക് എത്തുകയും താരത്തെ കാണാന്‍ ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു.

തിയേറ്ററിലേക്ക് കയറാനുള്ള ശ്രമത്തിനിടെ രേവതിയും മകന്‍ ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ രേവതിയേയും ശ്രീതേജിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രേവതി മരിച്ചു. സംഭവത്തിൽ അല്ലു അർജുന്റെ ബൗൺസറായ ആന്റണി അറസ്റ്റിലായിരുന്നു. ആന്റണിയുടെ നേതൃത്വത്തിലുള്ള ബൗൺസർമാർ ആരാധകരെ തള്ളുകയും മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സംഭവ സമയത്ത് തിയേറ്ററിന്റെ നിയന്ത്രണം പൂർണമായും ബൗൺസർമാർ ഏറ്റെടുത്തിരുന്നു.

സന്ധ്യ തിയേറ്ററിലെ തിരക്ക് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നതോടെ അല്ലു അർജുനെതിരായ കുരുക്ക് മുറുകുന്നുവെന്ന് സൂചന. ഇടുങ്ങിയ ഗേറ്റിലൂടെ ആളുകൾ തിക്കിത്തിരക്കുന്ന ദൃശ്യങ്ങളും അല്ലു അർജുന്റെ ബൗൺസർമാർ ആളുകളെ മർദിക്കുന്നതും പുതിയ ദൃശ്യങ്ങളിലുണ്ട്.

വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിന് ആശ്വാസം; ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിന് ആശ്വാസം; ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.ഹാരിസണ്‍ മലയാളം, എല്‍സ്‌റ്റോണ്‍ ടീ എസ്‌റ്റേറ്റ് എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. ലാന്‍ഡ് അക്വിസിഷന്‍ നിയമ പ്രകാരം നാളെ മുതല്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താം. ഏറ്റെടുക്കുന്ന ഭൂമിക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകള്‍ക്ക് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

ദുരിതബാധിതര്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെയാണ് ഇതിനെതിരെ എസ്‌റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജികളിന്മേല്‍ നവംബര്‍ 26നാണ് വാദം പൂര്‍ത്തിയായത്. തുടര്‍ന്ന് വിധി പറയാന്‍ മാറ്റിവെയ്ക്കുകയായിരുന്നു. ഹൈക്കോടതി നിലവില്‍ അവധിയാണ്. എന്നാല്‍ ഇന്ന് രാവിലെ അപ്രതീക്ഷിതമായി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കുകയായിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പകത്തിന്റെ ബെഞ്ചാണ് ഹര്‍ജികളിന്മേല്‍ ഉത്തരവിട്ടത്.

ലാന്‍ഡ് അക്വിസിഷന്‍ പ്രകാരം എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയത്. എന്നാല്‍ 2013ലെ ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം നഷ്ടപരിഹാരം ഉറപ്പാക്കണം. നഷ്ടപരിഹാര തുക സംബന്ധിച്ച് എന്തെങ്കിലും എതിര്‍പ്പ് ഉണ്ടെങ്കില്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് വീണ്ടും നിയമ നടപടി സ്വീകരിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.

നാളെ മുതല്‍ ആവശ്യമെങ്കില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താം. ഇതിനാവശ്യമായ സഹായം എസ്റ്റേറ്റ് എസ്റ്റേറ്റ് ഉടമകള്‍ സര്‍ക്കാരിന് ചെയ്ത് കൊടുക്കണം. ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് എസ്റ്റേറ്റ് ഉടമകള്‍ തടസ്സം നില്‍ക്കരുത്. ഭൂമി ഏറ്റെടുക്കുന്നതിന് മുന്‍പായി തന്നെ നഷ്ടപരിഹാരം നല്‍കി എന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

ചാര്‍ജ് മെമ്മോയില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി എന്‍ പ്രശാന്ത്

ചാര്‍ജ് മെമ്മോയില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി എന്‍ പ്രശാന്ത്

തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ പോരില്‍ അസാധാരണ നടപടിയുമായി എന്‍ പ്രശാന്ത്. അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം ചോദിച്ചിരിക്കുകയാണ് സസ്‌പെന്‍ഷനില്‍ കഴിയുന്ന എന്‍ പ്രശാന്ത്. അഞ്ചു കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയത്.

തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്കെതിരെ ഐഎഎസ് ഉദ്യോ​ഗസ്ഥരായ ജയതിലകും ഗോപാലകൃഷ്ണനും ആർക്കും പരാതി നല്‍കിയിട്ടില്ല. പരാതിക്കാരന്‍ ഇല്ലാതെ സ്വന്തം നിലയ്ക്ക് മെമ്മോ നല്‍കിയത് എന്തിന്?. സസ്‌പെന്‍ഷന് മുമ്പ് തന്റെ ഭാഗം കേള്‍ക്കാത്തത് എന്തിന്?. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ശേഖരിച്ചത് ആരാണ്?. ഇത് എടുത്തത് ഏത് അക്കൗണ്ടില്‍ നിന്നാണ്?. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വ്യാജമാണോ എന്ന് ഉറപ്പു വരുത്തിയിട്ടുണ്ടോ എന്നും പ്രശാന്ത് കത്തില്‍ ചോദിക്കുന്നു.

താന്‍ നല്‍കിയ കത്തിന് മറുപടി നല്‍കിയാലേ ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കൂ എന്നാണ് പ്രശാന്തിന്റെ നിലപാട്. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെയും ഫെയ്‌സ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് പ്രശാന്തിനെ സസ്‌പെന്റ് ചെയ്തത്. തൊട്ടു പിന്നാലെയാണ് വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ചാര്‍ജ് മെമ്മോ നല്‍കിയിരുന്നു.

“ദ്യുതി 2024” ന്റെ ഭാഗമായി ജലം ജീവിതം പദ്ധതി ഉദ്ഘാടനം ചെയ്തു

“ദ്യുതി 2024” ന്റെ ഭാഗമായി ജലം ജീവിതം പദ്ധതി ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങൽ: ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സപ്തദിന സഹവാസ ക്യാമ്പിന്റെ ആറാം ദിവസം ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ “ദ്യുതി 2024” ന്റെ ഭാഗമായി ജലസംരക്ഷണ ദ്രവ്യ മാലിന്യ സംസ്കരണ സന്ദേശ പ്രചാരണം “ജലം ജീവിതം” പദ്ധതി രണ്ടാം ഘട്ട തുടക്കം ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി നിർവഹിച്ചു.

പൊതു വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന സർക്കാർ അമൃത് മിഷൻ, വി എച്ച് എസ് ഇ, എൻ എസ് എസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജലം പാഴാക്കാതെയും മലിനപ്പെടുത്താതെയും സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പിടിഎ പ്രസിഡന്റ് മേവർക്കൽ നാസർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പാൾ നിഷ വി സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ സിന്ധു എസ് നായർ, രാജേഷ് തുടങ്ങിയവർ സംസാരിച്ചു തുടർന്ന് വിദ്യാർത്ഥികൾ തെരുവുനാടകവും അരങ്ങേറി.