നാൽപ്പതിലധികം സ്‌കൂളുകളിൽ ബോംബ് ഭീഷണി; കുട്ടികളെ മടക്കിയയച്ചു, പരിശോധന നടത്തി പൊലീസും ഫയർഫോഴ്‌സും

നാൽപ്പതിലധികം സ്‌കൂളുകളിൽ ബോംബ് ഭീഷണി; കുട്ടികളെ മടക്കിയയച്ചു, പരിശോധന നടത്തി പൊലീസും ഫയർഫോഴ്‌സും

രാജ്യതലസ്ഥാനത്തെ നാ‌ൽപ്പതിലധികം സ്‌കൂളുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശങ്ങൾ സ്‌കൂൾ അധികൃതർക്ക് ലഭിച്ചതെന്നാണ് വിവരം. ആർ കെ പുരയിലെ ഡൽഹി പബ്ളിക്‌ സ്‌കൂളിനും, പശ്ചിം വിഹാറിലെ ജി ഡി ഗോയങ്ക സ്‌കൂളിനുമാണ് ആദ്യമായി ബോംബ് ഭീഷണി ലഭിച്ചത്. പുലർച്ചെ 6:15 ഓടെയാണ് ആദ്യ സന്ദേശം ലഭിച്ചത്. ഈ സമയം കുട്ടികൾ പലരും സ്‌കൂളുകളിൽ എത്തിയിരുന്നു. ജീവനക്കാരുമുണ്ടായിരുന്നു. ഇവരെയെല്ലാം മടക്കിയയച്ചു.
ജി ഡി ഗോയങ്ക സ്‌കൂളിലാണ് ആദ്യമായി സന്ദേശം ലഭിച്ചത്. ഉടൻതന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു.

തുടർന്ന് 7:06ഓടെയാണ് ഡൽഹി പബ്ളിക്‌ സ്‌കൂളിൽ ഭീഷണി സന്ദേശം ലഭിച്ചത്. ഇവരും അഗ്നിരക്ഷാ സേനയെ വിളിച്ചു. സ്ഥലത്ത് പൊലീസ്, അഗ്നിരക്ഷാ സേന, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവർ പരിശോധന നടത്തിയെങ്കിലും സംശയാസ്‌പദമായ ഒന്നും കണ്ടെത്തിയിട്ടില്ല.ഡൽഹിയിൽ സ്‌കൂളുകളിൽ ബോംബ് ഭീഷണി കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടർച്ചയായി ഉണ്ടാകുകയാണ്. രോഹിണി മേഖലയിലെ പ്രശാന്ത് വിഹാറിൽ ഒക്‌ടോബർ മാസത്തിൽ സിആർ‌പിഎഫിന്റെ സ്‌കൂളിനോട് ചേർന്ന് ഒരു സ്‌ഫോടനം ഉണ്ടായിരുന്നു. സ്‌കൂളിന്റെ മതിലിനും തൊട്ടടുത്തുള്ള കടകൾക്കും വാഹനങ്ങൾക്കും ഇതിൽ കേടുപാടുണ്ടായി. പിറ്റേന്ന് ഒക്‌ടോബർ 21ന് എല്ലാ സിആർ‌പിഎഫ് സ്‌കൂളുകളിലേക്കും ഇമെയിലായി ബോംബ് ഭീഷണി വന്നിരുന്നു. എന്നാൽ അന്വേഷണത്തിൽ ഇത് വ്യാജമെന്ന് തെളിഞ്ഞു.

മുല്ലപ്പൂവിന് തീവില; കിലോയ്ക്ക് 4500 രൂപയായി ഉയര്‍ന്നു

മുല്ലപ്പൂവിന് തീവില; കിലോയ്ക്ക് 4500 രൂപയായി ഉയര്‍ന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ മുല്ലപ്പൂവ് വില കിലോയ്ക്ക് 4500 രൂപയായി ഉയര്‍ന്നു. തുടര്‍ച്ചയായി പെയ്ത മഴയില്‍ മുല്ലപ്പൂക്കൃഷി നശിച്ചതും വിവാഹ സീസണായതിനാലുമാണ് വില കൂടിയതെന്ന് വ്യാപാരികള്‍ പറഞ്ഞു. തമിഴ്‌നാടിന്റെ തെക്കന്‍ജില്ലകളിലാണ് മുല്ലപ്പൂ കൃഷി കൂടുതലായി നടക്കുന്നത്.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ ജില്ലകളില്‍ പെയ്ത മഴയില്‍ കൃഷിനാശം വ്യാപകമായിരുന്നു. ഏക്കറുകണക്കിന് മുല്ലപ്പൂ കൃഷിയാണ് നശിച്ചത്. ഇതേത്തുടര്‍ന്ന് വിളവെടുപ്പ് ഗണ്യമായി കുറഞ്ഞതാണ് വില ഉയരാന്‍ കാരണമായതെന്ന് വ്യാപാരികള്‍ പറഞ്ഞു. ജനുവരി വരെ വിലയുയര്‍ന്നുതന്നെ തുടരുമെന്നും വ്യാപാരികള്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ മുല്ലപ്പൂവ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മാസങ്ങളിലൊന്നാണ് ഡിസംബര്‍.

കടയ്ക്കാവൂരിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ 60 കാരൻ പിടിയിൽ

കടയ്ക്കാവൂരിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ 60 കാരൻ പിടിയിൽ

കടയ്ക്കാവൂരിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ 60 കാരൻ പിടിയിൽ. ചിറയിൻകീഴ് കിഴുവിലം നൈനാംകോണത്ത് മേലേവിള വീട്ടിൽ 60 വയസുള്ള ഉദയകുമാറാണ് കടക്കാവൂർ പോലീസിൻറെ പിടിയിലായത്.

യുവതിയുടെ കോടതി വ്യവഹാരങ്ങളിൽ നിയമസഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ചങ്ങാത്തം കൂടുകയും തുടർന്ന് രാത്രി വീട്ടിലെത്തി യുവതിയെ ശാരീരികമായി പീഡിപ്പിച്ചുവെന്നും തുടർന്ന് രണ്ടാം ദിവസം വീണ്ടും പ്രതി യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗത്തിന് മുതിരുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്.

യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടികൂടുന്നതിനിടയിൽ അർദ്ധനഗ്നനായി ഉദയകുമാർ യുവതിയുടെ വീട്ടിൽ നിന്നും ഇറങ്ങിയോടി ആട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി ഉദയകുമാറിനെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം, ആറ്റിങ്ങൽ, ചിറയിൻകീഴ്, കടക്കാവൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി ബലാൽസംഗം, പണം തട്ടിയെടുക്കൽ എന്നീ കുറ്റകൃത്യങ്ങളിൽ 11 ഓളം കേസുകൾ നിലവിലുണ്ട്. പ്രതിയെ ശനിയാഴ്ച വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സ്വര്‍ണവില കൂടി; വീണ്ടും 57,000ന് മുകളില്‍

സ്വര്‍ണവില കൂടി; വീണ്ടും 57,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. 120 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 57,000 കടന്നു. 57,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7130 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തിയിരുന്നു. പിന്നീട് ഉയര്‍ന്ന വിലയില്‍ തുടർന്നുള്ള ദിവസങ്ങളിൽ ചാഞ്ചാട്ടമാണ് ദൃശ്യമായത്.

എപ്പോഴാണ് ബസ് വരിക. പോകാനുള്ള ബസ് എവിടെയെത്തി ; ചലോ ആപ് ഇനിയെല്ലാം 
പറഞ്ഞുതരും

എപ്പോഴാണ് ബസ് വരിക. പോകാനുള്ള ബസ് എവിടെയെത്തി ; ചലോ ആപ് ഇനിയെല്ലാം 
പറഞ്ഞുതരും

കനകക്കുന്നിൽനിന്ന് കിഴക്കേക്കോട്ടയ്ക്ക് എപ്പോഴാണ് ബസ് വരിക. പോകാനുള്ള ബസ് എവിടെയെത്തി. ഇതെല്ലാം ഞൊടിയിടയിൽ മൊബൈലിൽ അറിയാം. ബസ് എപ്പോൾ വരും, എവിടെയെത്തി, ബസിൽ കയറിയാൽ എവിടെ ഇറങ്ങണം എന്നിവയെല്ലാം കെഎസ്ആർടിസി ചലോ ആപ് ഇനി പറഞ്ഞുതരും. ഇതേ ആപ്പിലൂടെ യുപിഐ, എടിഎം കാർഡ്, ക്രെഡിറ്റ് കാർഡ്, ചലോ പേ വാലറ്റ് എന്നിവ ഉപയോ​ഗിച്ച് ടിക്കറ്റും ബുക്ക് ചെയ്യാം.

ബസുകളിലുള്ള ചലോ ആപ് മെഷീനിലും എടിഎം, ​യുപിഐ സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ് ചലോ ആപ്. ബസിന്റെ തത്സമയ ലൊക്കേഷൻ കണ്ടെത്താനാണ് നിലവിൽ കഴിയുക. ഭാവിയിൽ സീറ്റ് ലഭ്യതയടക്കം കണ്ടെത്തി ബുക്കിങ് സാധ്യമാക്കാനാകും. തിരുവനന്തപുരത്താണ് ആപ്പിന്റെ സേവനം പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയിരിക്കുന്നത്. ന​ഗരത്തിലെ സിറ്റി സർക്കുലർ ബസ് മുതൽ ന​ഗരിലെത്തുന്ന ദീർഘദൂര സർവീസുകളുടെയും വിവരം ആപ്പിൽ ലഭിക്കും. കനകക്കുന്നിലെ പ്രദർശന വേദിയിലെ കെഎസ്ആർടിസി ഐടി സെല്ലിന്റെയും ബജറ്റ് ടൂറിസത്തിന്റെയും സ്റ്റാളിലാണ് ചലോ ആപ് മുതലുള്ള കെഎസ്ആർടിസിയുടെ ഓൺലൈൻ സേവനങ്ങൾ പരിചയപ്പെടുത്തുന്നത്.

കെഎസ്ആർടിസി നോഡൽ ഓഫീസർ സതീഷ് കുമാർ, ഐടി വിഭാ​ഗം ഡെപ്യൂട്ടി മാനേജർ ആര്യ വിജയൻ, രഞ്ജിത് തുടങ്ങിയവരാണ് കെഎസ്ആർടിസി സേവനങ്ങളെ പരിചയപ്പെടുത്തുന്നത്.