by Midhun HP News | Nov 24, 2024 | Latest News, ജില്ലാ വാർത്ത
ഡോ.എൻ.ചന്ദ്രശേഖരൻ നായർ ഹിന്ദി ഗവേഷണ പുരസ്കാരത്തിൻ്റെ 2024-ലെ വിജയിയെ പ്രഖ്യാപിച്ചു. തിരുവനന്തപുരം സ്വദേശിനി ഡോ.ജെ.അജിതകുമാരിയാണ് പുരസ്കാരത്തിനർഹയായത്. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടിയിൽ നിന്നും 2023-ൽ ‘വൈശ്വീകരൻ കേ ഔർ കീ ഫിന്ദ് ഔർ മലയാളം കഹാനിയോം കാ തൂലനാത്മക് അദ്ധ്യയൻ’ എന്ന വിഷയത്തിൽ ഹിന്ദി സാഹിത്യത്തിൽ ആണ് ഡോക്ടറേറ്റ് നേടിയത്. ആഗോളവൽക്കരണ കാലഘട്ടത്തിൽ ഹിന്ദി മലയാളം ചെറുകഥകളിൽ പരാമർശിക്കപ്പെടുന്ന സാമൂഹിക-സാംസ്കാരിക- മാധ്യമ രംഗത്തുള്ള താരതമ്യ പഠനമാണ് ഈ ഗവേഷണത്തിന്റെ അന്തസത്ത.
പരേതനായ പത്മശ്രീ ഡോ.എൻ.ചന്ദ്രശേഖരൻ നായരുടെ 102-ാം ജന്മദിനമായ ഡിസംബർ 21ന് കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ 44-ാം വാർഷിക സമ്മേളനത്തിൽ തിരുവനന്തപുരം സ്റ്റാച്ചുവിലുള്ള മന്നം മെമ്മോറിയൽ ഹാളിൽ വച്ചു നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്കാരം നൽകും. അക്കാദമി രൂപീകരിച്ച സ്വതന്ത്ര വിദഗ്ദ്ധ സമിതിയാണ് മികച്ച ഗവേഷണ വിജയിയെ തെരഞ്ഞെടുത്തത്. ഹിന്ദി ഗവേഷണ പ്രബന്ധത്തിന് കേരളത്തിൽ നിന്നും നൽകുന്ന ഏറ്റവും വലിയ പുരസ്കാരം ആണിത്.
“ഡോ. എൻ. ചന്ദ്രശേഖരൻ നായർ ഹിന്ദി ഗവേഷണ പുരസ്കാരം” കേരളത്തിലെ സർവ്വകലാശാലകളിൽ നിന്ന് ഡോക്ടറേറ്റ് ഡിഗ്രി നൽകപ്പെട്ട ഏറ്റവും മികച്ച ഹിന്ദി ഗവേഷണ പ്രബന്ധത്തിന് പത്മശ്രീ ഡോക്ടർ എൻ.ചന്ദ്രശേഖരൻ നായർ (സ്ഥാപകൻ & മുൻ ചെയർമാൻ, കേരള ഹിന്ദി സാഹിത്യ അക്കാദമി) 2018-ൽ ഏർപ്പെടുത്തിയിട്ടുള്ളതാണ്. 2010 മുതൽ വർഷംതോറും 50, 000 രൂപയും സ്തുതിഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് ഈ
പുരസ്കാരം.

by Midhun HP News | Nov 24, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: അനുജന്റെ മരണവാർത്തയറിഞ്ഞ ജ്യേഷ്ഠൻ കുഴഞ്ഞുവീണ് മരിച്ചു. ആറ്റിങ്ങൽ കൊടുമൺ ജയഹരിതത്തിൽ ഹരി (59) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഹരി കിടപ്പിലായിരുന്നു. ഇദ്ദേഹത്തിന്റെ മരണവാർത്തയറിഞ്ഞ ജേഷ്ഠൻ ആറ്റിങ്ങൽ കരിച്ചയിൽ രാമനിലയത്തിൽ രാമകൃഷ്ണൻ പിള്ള (65) കുഴഞ്ഞുവീഴുകയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം മരണപ്പെടുകയും ആയിരുന്നു. ഹരിയുടെ സംസ്കാരം ശാന്തികവാടത്തിലും രാമകൃഷ്ണന്റേത് സ്വവസതിയിലും നടക്കും.
by Midhun HP News | Nov 24, 2024 | Latest News, കേരളം
കൊച്ചി: എറണാകുളം ജില്ലയില് 221 പൊതുയിടങ്ങളില് സമീപഭാവിയില് തന്നെ സൗജന്യ വൈ-ഫൈ സേവനം പ്രയോജനപ്പെടുത്താം. കേരള ഐടി മിഷന്റെ സൗജന്യ വൈ-ഫൈ സേവനം എറണാകുളം ജില്ലയില് കൂടുതല് മേഖലകളില് ഉടനെത്തും. ഇന്റര്നെറ്റ് എല്ലാ പൗരന്മാരുടെയും അവകാശമാണ് എന്ന കേരളത്തിന്റെ പോളിസി അനുസരിച്ചാണ് കൊച്ചി നഗരത്തിലടക്കം ഫ്രീ വൈ-ഫൈ സ്പോട്ടുകള് വ്യാപിപ്പിക്കുന്നത്.
കെ-ഫൈ എന്ന സൗജന്യ വൈ-ഫൈ പദ്ധതി വ്യാപിപ്പിക്കുകയാണ് കേരള ഐടി മിഷന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വരും ആഴ്ചകളില് എറണാകുളം ജില്ലയില് 221 ഇടങ്ങളില് സൗജന്യ വൈ-ഫൈ സ്പോട്ടുകള് പൂര്ത്തിയാകും. കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം ഈ സേവനമുണ്ടാകും. മൊബൈല് ഫോണുകളിലും ലാപ്ടോപ്പുകളിലും ദിവസവും 1 ജിബി വരെ ഡാറ്റ 10 എംബിപിഎസ് വേഗത്തില് ഉപയോഗിക്കാന് കഴിയുന്ന തരത്തിലാണ് ഐടി മിഷന് സൗജന്യ വൈ-ഫൈ വിഭാവനം ചെയ്തിരിക്കുന്നത്. സര്ക്കാര് നിശ്ചയിച്ച നിരക്ക് പ്രകാരം റീച്ചാര്ജ് ചെയ്ത് സൗജന്യമായ ഒരു ജിബി പരിധിക്ക് ശേഷവും വൈ-ഫൈ ആക്സസ് ചെയ്യാം. ഒരു ഹോട്ട്-സ്പോട്ടില് നിന്ന് ഒരേസമയം 100 പേര്ക്ക് വൈ-ഫൈ ആക്സസ് ലഭിക്കും.
ബസ് സ്റ്റാന്ഡുകള്, ജില്ലാ ഭരണകൂട ഓഫീസുകള്, പഞ്ചായത്ത് ഓഫീസുകള്, പാര്ക്കുകള്, സര്ക്കാര് സ്ഥാപനങ്ങള്, ആശുപത്രികള്, കോടതി, പൊതുസേവന കേന്ദ്രങ്ങള് തുടങ്ങിയ ഇടങ്ങളില് നിലവില് ഈ സൗജന്യ വൈ-ഫൈ സേവനം ലഭ്യമാണ്. പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്എല്ലിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പൊതുയിടങ്ങളില് സൗജന്യ ഇന്റര്നെറ്റ് ലഭിക്കാന് ഫോണിലോ ലാപ്ടോപ്പിലോ വൈ-ഫൈ ഓപ്ഷന് ഓണാക്കി K-FI നെറ്റ്വര്ക്ക് സെലക്ട് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് ശേഷം തുറന്നുവരുന്ന ലാന്ഡിങ് പേജില് 10 അക്ക മൊബൈല് നമ്പര് നല്കി ഒടിപി ജനറേറ്റ് ചെയ്യുക. ഒടിപി നല്കുന്നതോടെ സൗജന്യ വൈ-ഫൈ സേവനം ഫോണിലും ലാപ്ടോപ്പിലും ലഭ്യമാകും.
by Midhun HP News | Nov 24, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്ഹി: പാര്ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് നാളെ തുടക്കം. ഇതിനു മുന്നോടിയായി സര്ക്കാര് വിളിച്ച സര്വകക്ഷിയോഗം ഇന്ന് നടക്കും. പാര്ലമെന്റിന്റെ സുഗമമായ പ്രവര്ത്തനത്തിന് രാഷ്ട്രീയപാര്ട്ടികളുടെ സഹകരണം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് സര്വകക്ഷിയോഗം വിളിച്ചിട്ടുള്ളത്. ഡിസംബര് 20 വരെയാണ് ശൈത്യകാല സമ്മേളനം നടക്കുക.
വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകള് ഈ സമ്മേളന കാലയളവില് അവതരിപ്പിക്കാനാണ് സര്ക്കാരിന്റെ നീക്കം. വഖഫ് നിയമ ഭേദഗതിയില് സംയുക്ത പാര്ലമെന്ററി സമിതി റിപ്പോര്ട്ട് തയ്യാറാക്കി കഴിഞ്ഞു. വഖഫ് ഉള്പ്പെടെ അഞ്ച് പുതിയ ബില്ലുകളും ഉള്പ്പെടെ 15 ബില്ലുകളാണ് പാര്ലമെന്റില് അവതരിപ്പിക്കാന് സര്ക്കാര് പട്ടികപ്പെടുത്തിയിരിക്കുന്നത്. അഞ്ച് പുതിയ കരട് നിയമനിര്മാണങ്ങളില് ഒരു സഹകരണ സര്വകലാശാല സ്ഥാപിക്കുന്നതിനുള്ള നിയമവും ഉള്പ്പെടുത്തിയിട്ടുണ്ട്.
വഖഫ് (ഭേദഗതി) ബില്ലും മുസ്സൽമാൻ വഖഫ് (റദ്ദുചെയ്യൽ) ബില്ലും ഉൾപ്പെടെ എട്ട് ബില്ലുകളാണ് ലോക്സഭയിലുള്ളത്. മുസ്ലിം സമുദായം ഏറെക്കുറെ നിയന്ത്രിക്കുന്ന ബോർഡുകളിൽ നിന്നും ട്രിബ്യൂണലുകളിൽ നിന്നും വഖഫ് ഭരിക്കാനുള്ള അധികാരം സർക്കാരുകൾക്ക് മാറ്റുന്നതാണ് പുതിയ ഭേദഗതി. തീരദേശ ഷിപ്പിങ് ബില്ലും ഇന്ത്യൻ തുറമുഖ ബില്ലും അവതരിപ്പിക്കുന്നതിനും അന്തിമമായി പാസാക്കുന്നതിനുമായി പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്.

by Midhun HP News | Nov 24, 2024 | Latest News, കേരളം
കെഎസ്ഇബി പുറത്തുവിട്ട അറിയിപ്പ് പ്രകാരം പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഡിസംബർ 1 മുതൽ ഓണ്ലൈനിലൂടെ മാത്രമാകും സ്വീകരിക്കുക. വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതിയുടെ പുറത്താണ് അപേക്ഷകൾ പൂർണ്ണമായും ഓൺലൈനാക്കാൻ തീരുമാനിച്ചതെന്ന് കെഎസ്ഇബി അറിയിച്ചു.
സെക്ഷൻ ഓഫീസിൽ നേരിട്ടുള്ള പേപ്പർ അപേക്ഷകൾ പൂർണ്ണമായും ഒഴിവാക്കുമെന്ന് കെഎസ്ഇബി അറിയിച്ചു . ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന നിലയിൽ മാത്രം അപേക്ഷകൾ പരിഗണിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും കെഎസ്ഇബി അറിയിച്ചു.
അപേക്ഷാ ഫോം കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ് സൈറ്റായ WSS.KSEB.IN ൽ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാകുന്നതാണ്.
അപേക്ഷാ ഫീസടച്ച് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ എസ്റ്റിമേറ്റെടുക്കും. എസ്റ്റിമേറ്റിന് അനുസരിച്ചുള്ള പണമടച്ചാൽ ഉടൻ സീനിയോറിറ്റി നമ്പരും സേവനം ലഭ്യമാകുന്ന ഏകദേശ സമയവും എസ് എം എസ്/വാട്സാപ് സന്ദേശമായി ലഭിക്കുന്നതാണ്. അപേക്ഷയുടെ പുരോഗതി ഓൺലൈനായി ട്രാക്ക് ചെയ്യാനും കഴിയുമെന്ന് കെഎസ്ഇബി അറിയിപ്പിൽ പറയുന്നു.
Recent Comments