by Midhun HP News | Jun 28, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ പരിഷ്‌കരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉന്നത തല സമിതി നിര്‍ദേശങ്ങള്‍ തേടുന്നു. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണന്മാര്‍ തുടങ്ങിയവരില്‍ നിന്നാണ് നിര്‍ദേശങ്ങള്‍ ക്ഷണിച്ചത്. ജൂലൈ ഏഴിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രത്യേക പ്ലാറ്റ്‌ഫോം വഴിയാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ഇതിനായി https://innovateindia.mygov.in/examination-reforms-nta/ എന്ന വെബ്സൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തിയ നീറ്റ്-യുജി പരീക്ഷ, യുജിസി-നെറ്റ് പരീക്ഷ എന്നിവയിലെല്ലാം വ്യാപകമായി ക്രമക്കേടുണ്ടെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പരീക്ഷകളുടെ സുതാര്യത ഉറപ്പു വരുത്തുന്നതിനു വേണ്ട പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാനായി ഉന്നതതല സമിതി രൂപീകരിച്ചത്.
മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍ അധ്യക്ഷനായുള്ള ഏഴംഗ സമിതിയെയാണ് കേന്ദ്രം ചുമതലപ്പെടുത്തിയിട്ടുള്ളത്. ഡൽഹി എയിംസ് മുൻ ഡയറക്ടർ രൺദീപ് ഗുലേറിയ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ബി ജെ റാവു, മദ്രാസ് ഐഐടിയിലെ സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ പ്രൊഫസർ എമറിറ്റസ് കെ രാമമൂർത്തി, പീപ്പിൾ സ്ട്രോങ് സഹസ്ഥാപകനും കർമയോഗി ഭാരത് ബോർഡ് അംഗവുമായ പങ്കജ് ബൻസാൽ, ഐഐടി ഡൽഹി സ്റ്റുഡൻ്റ് അഫയേഴ്‌സ് ഡീൻ ആദിത്യ മിത്തൽ, കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ഗോവിന്ദ് ജയ്‌സ്വാൾ എന്നിവരും സമിതിയിലുണ്ട്
എന്‍ടിഎ നടത്തുന്നത് അടക്കമുള്ള പൊതുപരീക്ഷകളിലെ പിഴവുകള്‍ കണ്ടെത്തുന്നതിനും പരിഷ്‌കാരം നിര്‍ദേശിക്കുന്നതിനുമായി നിയോഗിച്ച സമിതി രണ്ടുമാസത്തിനകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാന്‍ ലക്ഷ്യമിട്ടുള്ള പബ്ലിക് എക്‌സാമിനേഷന്‍ ആക്ട് 2024 കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച, വഞ്ചന തുടങ്ങിയവ തടയാന്‍ കടുത്ത നടപടികള്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന നിയമമാണ് പ്രാബല്യത്തില്‍ വന്നിട്ടുള്ളത്.
by Midhun HP News | Jun 28, 2024 | Latest News, ജില്ലാ വാർത്ത
പെരുംകുളം എ എം എൽ പി എസിൽ വായന മാസാചരണത്തിന്റെ ഭാഗമായി മനോരമ വായനക്കളരിക്ക് തുടക്കമായി.കുട്ടികൾക്കായി കുട്ടികൾ തന്നെ പത്രം സ്കൂളിൽ എത്തിക്കുകയാ യിരുന്നു. കുട്ടികൾ കൊണ്ട് വന്ന ചെറുതുകകൾ ക്ലാസ്സ് അധ്യാപകരെ എൽപിക്കുകയും അത് സമാഹരിച്ച് എല്ലാ ക്ലാസ്സിലേക്കും പത്രം എത്തിക്കുകയും ചെയ്തു. ക്ലാസ്സ് പി ടി എ യും റീഡിങ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ, സ്കൂൾ മാനേജർ അഡ്വ. എ. എ. ഹമീദ്, മാധ്യമ പ്രവർത്തകർ,സ്കൂൾ അധ്യാപകരായ രജനി, ദിലിത്ത്, അക്ബർഷ, രാജലക്ഷ്മി, ഷമീറ, കൃഷ്ണരാജ്, രജിത, സനീറ, വിദ്യാർത്ഥി പ്രതിനിധികളായ നൂർഉൽ ആയിഷ, വേദ എസ് വിജിത്ത്, മൗലി എന്നിവർ പങ്കെടുത്തു ചടങ്ങിൽ വച്ചു വേദ നൽകിയ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് ഏറ്റുവാങ്ങി.
by Midhun HP News | Jun 28, 2024 | Uncategorized
ആറ്റിങ്ങൽ കുന്നുവാരം യു.പി. സ്കൂളിൽ വായന വാരത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ഉപജില്ലാ അടിസ്ഥാനത്തിൽ നടത്തിയ പുസ്തക ക്വിസ്സ് മത്സരം നടന്നു. മത്സരത്തിൽ ഒന്നാം സ്ഥാനം കുന്നുവാരം യു.പി. സ്കൂളിലെ ദേവനന്ദ.എ.എച്ച് നും രണ്ടാം സ്ഥാനം ടൗൺ യു.പി.എസിലെ കൃപ ബി.എസ് നും , മൂന്നാം സ്ഥാനം ഗവ. യു.പി.എസ്. പാലവിള യിലെ അൻമിത ഡി. യ്ക്കും ലഭിച്ചു. വിജയികൾക്ക് സമ്മാന വിതരണം ആറ്റിങ്ങൽ നഗരസഭ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീജ. എസ്. നിർവ്വഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ മധു ജി. ആർ അദ്ധ്യക്ഷനായിരുന്നു. സ്കൂളിലെ സംസ്കൃതം ടീച്ചർ ഷിജു. ബി.ജി.ക്വിസ്സ് -ന് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി ലക്ഷ്മി. ബി.എസ് നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ 16 വർഷമായി സ്കൂളിൽ വായന വാരത്തോടനുബന്ധിച്ച് പുസ്തക ക്വിസ്സ് മത്സരം നടത്തിവരുന്നു
by Midhun HP News | Jun 28, 2024 | Latest News, കേരളം
കൊച്ചി: പറവൂരിൽ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. വടക്കേക്കര പാല്യത്തുരുത്ത് കുറുപ്പുപറമ്പിൽ അനിരുദ്ധന്‍റെ മകൻ അഭിലാഷ് (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
തൊണ്ടയിൽ കല്ല് കുടുങ്ങിയിരിക്കുന്നു, വേദനയുണ്ടെന്ന് പറഞ്ഞ് അഭിഷേക് മൂർച്ചയേറിയ അരിവാൾ കൊണ്ട് കഴുത്തിൽ ആഞ്ഞുവലിക്കുകയായിരുന്നു. കഴുത്തിന്റെ ഒരു ഭാഗം മുറിഞ്ഞ യുവാവ് വീട്ടിൽനിന്ന് പുറത്തിറങ്ങി റോഡിൽ വീണു. നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി മരിച്ചു.
കുറച്ചു ദിവസമായി അഭിലാഷ് തൊണ്ടയിൽ കല്ല് കുടുങ്ങിയെന്നും കഴുത്തിൽ വേദനയുണ്ടെന്നും വീട്ടുകാരോടും സുഹൃത്തുക്കളോടും പറയാറുണ്ടായിരുന്നു. അവിവാഹിതനായ അഭിലാഷ് മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. കൂലിപ്പണിക്കാരനായ ഇയാൾ സ്ഥിരം മദ്യപാനിയാണെന്ന് പറയപ്പെടുന്നു.
by Midhun HP News | Jun 28, 2024 | Latest News, കേരളം
കൊച്ചി: മൈക്രോ ഫിനാൻസുകാരുടെ സമ്മർദ്ദത്തെത്തുടർന്ന് യുവതി ജീവനൊടുക്കി. പെരുമ്പാവൂർ അശമന്നൂർ പുളിയാമ്പിള്ളി മുഗൾ നെടുമ്പുറത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി (29) ആണ് മരിച്ചത്. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു.
ചാന്ദിനി സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് പണം വായ്പ എടുത്തിരുന്നു. ഇതിന്റെ ഗഡുക്കൾ അടയ്ക്കേണ്ട ദിവസമായിരുന്നു ബുധനാഴ്ച. സ്ഥാപനത്തിലെ ജീവനക്കാരി എത്തിയപ്പോൾ അടയ്ക്കാൻ പണം ഉണ്ടായിരുന്നില്ല. പണം അടയ്ക്കുന്നതിൽ കുടിശികയും ഉണ്ടായിരുന്നു.
പിരിവുകഴിഞ്ഞു വരുമ്പോഴേക്കും പണം സംഘടിപ്പിച്ചു നൽകാമെന്ന് ചാന്ദിനി പറഞ്ഞതായാണ് വിവരം. സ്ഥാപനത്തിലെ ജീവനക്കാരി തിരിച്ചെത്തുന്നതിന് മുമ്പ് വീട്ടിലെത്തിയ അയൽവാസിയാണ് ചാന്ദിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വായ്പാ തുക തിരിച്ചടക്കാൻ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും ചാന്ദിനിക്ക് സമ്മർദ്ദം ഉണ്ടായിരുന്നതായാണ് സൂചന. കേറ്ററിങ് യൂണിറ്റുകളുടെ കീഴിൽ ഭക്ഷണം വിളമ്പുന്ന ജോലിയായിരുന്നു ചാന്ദിനിക്ക്. ഭർത്താവ് വിഷ്ണു കേറ്ററിങ് സ്ഥാപനത്തിൽ ഡ്രൈവറാണ്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Recent Comments