by Midhun HP News | May 12, 2026 | Latest News, ദേശീയ വാർത്ത
ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായ രണ്ടാം തവണയാണ് ഹിമന്ത അസം മുഖ്യമന്ത്രിയാകുന്നത്. മുഖ്യമന്ത്രിയോടൊപ്പം നാല് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഗുവാഹത്തിയിലെ ഖാനാപ്പാറ വെറ്ററിനറി കോളേജ് മൈതാനത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നിർമ്മല സീതാരാമൻ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ തുടങ്ങിയവർ പങ്കെടുത്തു.
അസം ഗണ പരിഷത്ത് അധ്യക്ഷനും ബോക്കാഖാട്ട് എംഎൽഎയുമായ അതുൽ ബോറ, ബിപിഎഫിന്റെ പ്രതിനിധി ചരൺ ബോറോ, മുൻ കേന്ദ്രമന്ത്രിയും ചായത്തോട്ടം തൊഴിലാളി വിഭാഗത്തിൽ നിന്നുള്ള നേതാവുമായ രാമേശ്വർ തേലി, അസമിലെ ആദ്യ വനിതാ ധനമന്ത്രിയും ഗോലാഘട്ട് എംഎൽഎയുമായ അജന്ത നിയോഗ് എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
126 അംഗ അസം നിയമസഭയിൽ 102 സീറ്റുകൾ നേടിയാണ് എൻഡിഎ സഖ്യം മൂന്നാം തവണയും അധികാരം നിലനിർത്തിയത്. ബിജെപി തനിച്ച് 82 സീറ്റുകൾ നേടി. സഖ്യകക്ഷികളായ അസം ഗണ പരിഷത്തും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടും 10 സീറ്റുകൾ വീതം നേടി. മുതിർന്ന ബിജെപി നേതാവ് രഞ്ജിത് കുമാർ ദാസ് നിയമസഭ സ്പീക്കറാകുമെന്നാണ് സൂചന. നേരത്തെ പഞ്ചായത്ത്-ഗ്രാമവികസന മന്ത്രിയായും ബിജെപി സംസ്ഥാന അധ്യക്ഷനായും രഞ്ജിത് കുമാർ പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവായിരുന്ന ഹിമന്ത ബിശ്വ ശർമ്മ 2015 ലാണ് ബിജെപിയിൽ ചേർന്നത്.

by Midhun HP News | May 12, 2026 | Latest News, കേരളം
പാലക്കാട്: തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ തൊട്ടടുത്ത പ്രഭാതം. പാലക്കാട് കൽമണ്ഡപം മീനാനഗറിലെ 34-ാം നമ്പർ വീടിന് മുമ്പെങ്ങുമില്ലാത്തൊരു തിളക്കമുണ്ടായിരുന്നു. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇന്നുവരെ സംഭവിക്കാത്ത ഒരു അപൂർവ്വതയ്ക്ക് ആ വീട് സാക്ഷ്യം വഹിക്കുകയാണ്. ഒരേ വീട്ടിൽ നിന്ന് ഒരേസമയം ഒരാൾ നിയമസഭയിലേക്കും മറ്റൊരാൾ ലോക്സഭയിലേക്കും—വി.കെ. ശ്രീകണ്ഠനും കെ.എ. തുളസിയും ഇനി കേരളത്തിലെ ആദ്യ ‘എം.പി – എം.എൽ.എ’ ദമ്പതികൾ. വോട്ടെണ്ണൽ കഴിഞ്ഞ് ആവേശം അടങ്ങും മുൻപേ, വിജയശ്രീലാളിതരായി ഈ ദമ്പതികൾ തങ്ങളുടെ പുതിയ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറിയത് ഇരട്ടി സന്തോഷത്തിന്റെ പ്രഭയിലാണ്.
പ്രവചനം യാഥാർത്ഥ്യമായ നിമിഷം
“കേരളത്തിലെ ഒരു വീട്ടിൽ നിന്ന് തന്നെ എം.പിയും എം.എൽ.എയും വന്നാൽ അത്ഭുതപ്പെടേണ്ടതില്ല” എന്ന് വോട്ടെണ്ണലിന് തലേന്ന് വി.കെ. ശ്രീകണ്ഠൻ മാധ്യമങ്ങളോട് പറഞ്ഞപ്പോൾ പലരും അതൊരു ആത്മവിശ്വാസ പ്രകടനമായേ കണ്ടുള്ളൂ. എന്നാൽ കൊങ്ങാട് മണ്ഡലത്തിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ആ പ്രവചനം ചരിത്രമായി. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ കൊങ്ങാട്, 3,706 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്താണ് കെ.എ. തുളസി നിയമസഭയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. സി.പി.എമ്മിലെ കരുത്തുറ്റ സ്ഥാനാർത്ഥി അഡ്വ. കെ. ശാന്തകുമാരിയെ വീഴ്ത്തി നേടിയ ഈ വിജയം കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ്.
പാലുകാച്ചലിലെ രാഷ്ട്രീയ സൗഭാഗ്യം
വിജയാഘോഷങ്ങളുടെ തിരക്കിനിടയിലും നിശ്ചയിച്ചതുപോലെ തന്നെ ചൊവ്വാഴ്ച രാവിലെ ആറിന് പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങുകൾ നടന്നു. പാലക്കാട് മീനാനഗറിലെ ഈ വാടകവീടിന് ‘കൃഷ്ണനിവാസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഷൊർണൂരിലെ ശ്രീകണ്ഠന്റെ കുടുംബവീടിന്റെ പേരും കൃഷ്ണനിവാസ് എന്നാണ്. ആ സ്മരണ നിലനിർത്താനാണ് താമസിക്കുന്ന വാടകവീടുകൾക്കെല്ലാം ഇതേ പേര് നൽകുന്നത്. അടുത്ത സുഹൃത്തുക്കൾക്കായി ഒരുക്കിയ പ്രഭാതഭക്ഷണത്തിനിടയിൽ രാഷ്ട്രീയ ചർച്ചകളേക്കാൾ ഉപരി ഒരു കുടുംബത്തിന്റെ കഠിനാധ്വാനത്തിന് ലഭിച്ച വലിയ അംഗീകാരത്തിന്റെ സംതൃപ്തിയായിരുന്നു പ്രകടമായിരുന്നത്.
വിവാഹം മുതൽ നിയമസഭ വരെ
2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു വി.കെ. ശ്രീകണ്ഠന്റെയും കെ.എ. തുളസിയുടെയും വിവാഹം. രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം മറ്റൊരു തിരഞ്ഞെടുപ്പ് കാലം അവർക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത അംഗീകാരമാണ്. നെന്മാറ എൻ.എസ്.എസ് കോളേജിൽ ചരിത്രവിഭാഗം മേധാവിയായും പ്രിൻസിപ്പൽ ഇൻ ചാർജായും സേവനമനുഷ്ഠിച്ച തുളസി, ചരിത്രം പഠിപ്പിക്കുക മാത്രമല്ല ചരിത്രം സൃഷ്ടിക്കുക കൂടിയാണെന്ന് ഈ വിജയത്തിലൂടെ തെളിയിച്ചു. ഇനി മുതൽ കൽമണ്ഡപത്തെ ‘കൃഷ്ണനിവാസ്’ വെറുമൊരു വീടല്ല, കേരളത്തിന്റെ നിയമനിർമ്മാണ സഭകളിലെ രണ്ട് തലങ്ങളെ പ്രതിനിധീകരിക്കുന്ന കരുത്തുറ്റ ദമ്പതികളുടെ അധികാര കേന്ദ്രം കൂടിയാണ്.

by Midhun HP News | May 12, 2026 | Latest News, കേരളം
ഡൽഹി: ചോദ്യപ്പേപ്പർ ക്രമക്കേട് വിവരം പുറത്ത് വന്നതിന് പിന്നാലെ ഈ വർഷത്തെ നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കി. മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വ്യക്തമായതോടെയാണ് തീരുമാനം. മെഡിക്കൽ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്തും. ഇതിനായി വിജ്ഞാപനം ഇറക്കും. പുതിയ ഹാൾടിക്കറ്റ് ഉടൻ കുട്ടികൾക്ക് വിതരണം ചെയ്യും. ഒരിക്കൽ പരീക്ഷയെഴുതിയതിനാൽ പുതുതായി രജിസ്ട്രേഷൻ നടത്തേണ്ടതിന്റേയോ ഫീസ് അടയ്ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി.
പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിന് വേണ്ടി കൂടിയാണ് പുനഃപരീക്ഷ നടത്തുന്നതെന്ന് സർക്കാർ പ്രഖ്യാപിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അറിയിപ്പ് പ്രകാരം, അന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് തീരുമാനം. ചോദ്യപ്പേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം നടത്തും. പരീക്ഷാ നടപടികളിൽ കൃത്രിമം നടന്നതായാണ് കണ്ടെത്തൽ.

by Midhun HP News | May 12, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാത്തതിനാല്‍, ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് മെയ് പതിനഞ്ചിനാണ് ഫലം പ്രസിദ്ധീകരിക്കേണ്ടത്. മൂല്യനിര്‍ണയവും മറ്റു നടപടികളുമൊക്കെ പൂര്‍ത്തിയാക്കി പരീക്ഷാബോര്‍ഡ് നാളെ ചേരും. അവര്‍ ഫലത്തിന് അന്തിമരൂപം നല്‍കുമെങ്കിലും ഫലപ്രഖ്യാപനം മുന്‍കൂട്ടി നിശ്ചയിച്ച പോലെ വെള്ളിയാഴ്ച നടത്തണമോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
പരീക്ഷാബോര്‍ഡ് ചേര്‍ന്നാല്‍, ഫലപ്രഖ്യാപനത്തിന്റെ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു ദിവസംകൂടി വേണ്ടിവരും. അതനുസരിച്ചാണ് ബോര്‍ഡ് യോഗം ബുധനാഴ്ച നിശ്ചയിച്ചത്. പതിവുപോലെ തുടര്‍നടപടി പൂര്‍ത്തിയാക്കി, വെള്ളിയാഴ്ച ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ പരീക്ഷാഭവന്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. എന്നാല്‍, സര്‍ക്കാരോ മന്ത്രിയോ ഒന്നുമാവാത്തതിനാല്‍ ഫലം ആരു പ്രഖ്യാപിക്കുമെന്നതാണ് ചോദ്യം. 2021ല്‍ ഫലപ്രഖ്യാപനം നടത്തിയത് പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്നു. എന്നാല്‍ ഇത്തവണ അതുപോലെ ഉണ്ടാവുമോയെന്നു വ്യക്തമല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ വാസുകി ലോക്ഭവനിലേക്കു സ്ഥലം മാറി. ഷര്‍മിള മേരി ജോസഫിനാണ് സെക്രട്ടറിയുടെ ചുമതല. ഇതിനു പുറമേ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷുമുണ്ട്. നടപടികള്‍ പൂര്‍ത്തിയായാല്‍, മുന്‍കാലങ്ങളിലേതുപോലെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും കൂടിയാലോചിച്ച് ഫലപ്രഖ്യാപനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാവുന്നതേയുള്ളൂ. സിബിഎസ്ഇ ഉള്‍പ്പെടെയുള്ള കേന്ദ്രബോര്‍ഡുകളെല്ലാം ഫലപ്രഖ്യാപനം നടത്തിക്കഴിഞ്ഞു.

by Midhun HP News | May 12, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രി വിജയ് ഒരുങ്ങുന്നതിനിടെ ടിവികെ എംഎൽഎ ആർശ്രീനിവാസ സേതുപതിക്ക് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്. വിശ്വാസപ്രമേയത്തിലോ സഭയിലെ മറ്റ് വോട്ടെടുപ്പ് നടപടികളിലോ പങ്കെടുക്കാൻ ഇദ്ദേഹത്തിന് അനുമതിയുണ്ടാകില്ല. കേവലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ സേതുപതിയോട് പരാജയപ്പെട്ട മുതിർന്ന ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ കെ ആർ പെരിയറുപ്പൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൽ വിക്ടോറിയ ഗൗരി, ജസ്റ്റിസ് എൻ സെന്തിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി.
ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലത്തിലെ (നമ്പർ 185) ഒരു പോസ്റ്റൽ ബാലറ്റ് മാറി തിരുപ്പത്തൂർ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലത്തിലേക്ക് (നമ്പർ 50) അയച്ചതാണ് വിവാദത്തിന് കാരണമായത്. ഈ വോട്ട് തിരികെ എത്തിച്ച് എണ്ണണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഒരു വേട്ടിൻറ മാത്രം ഭൂരിപക്ഷമുള്ളതിനാൽ, ഈ വോട്ട് അന്തിമ ഫലത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന നിരീക്ഷണം കോടതി അംഗീകരിച്ചു.
വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് തടഞ്ഞുവെങ്കിലും, സേതുപതിയുടെ വിജയം റദ്ദാക്കിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദ്ദേശം നൽകി. അതേസമയം, തിരഞ്ഞെടുപ്പ് സംബന്ധമായ പരാതികൾ റിട്ട് ഹർജികളിലൂടെയല്ല, മറിച്ച് ഇലക്ഷൻ പെറ്റീഷനിലൂടെയാണ് പരിഹരിക്കേണ്ടതെന്ന് എംഎൽഎയുടെ അഭിഭാഷകർ വാദിച്ചെങ്കിലും കോടതി അത് തള്ളുകയായിരുന്നു.

Recent Comments