ദ്വാരപാലക കട്ടിള പാളികളിൽ നിന്ന് മോഷണം പോയത് ഒരു കിലോ 700 ഗ്രാം സ്വർണം; വിലയിരുത്തൽ വി എസ് എസ് സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

ദ്വാരപാലക കട്ടിള പാളികളിൽ നിന്ന് മോഷണം പോയത് ഒരു കിലോ 700 ഗ്രാം സ്വർണം; വിലയിരുത്തൽ വി എസ് എസ് സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

തിരുവനന്തപുരം: ശബരിമലയിൽ ദ്വാരപാലക കട്ടിള പാളികളിൽ നിന്ന് ആകെ നഷ്ടമായ സ്വർണം ഒരു കിലോ 700 ഗ്രാം എന്ന് എസ്ഐടി നിഗമനം. വി.എസ്.എസ്.സിയിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനയുടെ ഫലം അടക്കം വിലയിരുത്തിയാണ് കണക്ക്. ജംഷഡ്പൂരിലെ നാഷണൽ ലാബിൽ നിന്നുള്ള ഫലംകൂടി വന്ന ശേഷം കണക്ക് കോടതിയെ അറിയിക്കും. ദ്വാരപാലക ശിൽപ്പപാളികളിൽ നിന്നുമാണ് കൂടുതൽ സ്വർണം നഷ്ടമായത്.

900 ഗ്രാം സ്വർണം വേ‍ർതിരിച്ചുവെന്നായിരുന്നു സ്മാർട്ട് ക്രിയേഷൻ ഉടമയുടെ മൊഴി. ഏറ്റവും കൂടുതൽ സ്വർണം നഷ്ടമായത് ദ്വാരപാലക ശിൽപ്പപാളികളിൽ നിന്നുമാണ്. വി.എസ്.എസ്.സിയിലെ ശാസ്ത്രീയ പരിശോധനയിലാണ് നഷ്ടമായ സ്വർണത്തിൻ്റെ കണക്ക് വ്യക്തമായത്.

ജംഷഡ്പൂർ നാഷണൽ മെറ്റലർജിക്കൽ ലാബിലെ ഫലം കൂടി പരിഗണിച്ചാകും അന്തിമ റിപ്പോർട്ട് വരുന്നത്. അതേസമയം കഴിഞ്ഞ ദിവസം ശബരിമലയിൽ നിന്നും എടുത്ത സ്വർണപ്പാളി സാമ്പിളുകൾ ഇന്ന് കൊല്ലം കോടതിയിൽ ഹാജരാക്കും. പരിശോധനക്ക് അയക്കേണ്ട ലാബിൻ്റെ വിവരങ്ങള്‍ പിന്നീട് ഹാജരാക്കും. ജംഷഡ്പൂരിലെ ലാബിൽ നിന്നും അറിയേണ്ട കാര്യങ്ങള്‍ പ്രത്യേക ചോദ്യാവലിയാക്കും.

കലയുടെ മേളനമായി രാവരങ്ങ്

കലയുടെ മേളനമായി രാവരങ്ങ്

പോത്തൻകോട്: ലക്ഷ്മീ വിലാസം ഹൈസ്കൂളിന്റെ 62-ാമത് വാർഷികാഘോഷം രാവരങ്ങ് 2026 സമുചിതമായ ആഘോഷിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പിടിഎ പ്രസിഡണ്ടും,ബ്ലോക്ക് മെമ്പറുമായ നയനാ ഷമീർ അധ്യക്ഷത വഹിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് എൽ ടി അനീഷ്ജ്യോതി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രശസ്ത സിനിമാതാരവും പൂർവ്വ വിദ്യാർത്ഥിയുമായ ജിബിൻ ഗോപിനാഥ് മുഖ്യാതിഥിയായിരുന്നു. സെക്രട്ടറിയേറ്റ് ലോ സെക്രട്ടറിയും, പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീകേശ് മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്യൂഷൻ ഫിയസ്റ്റ അരങ്ങേറി.

ആറ്റിങ്ങൽ എം. പിയെ സമൂഹമദ്ധ്യത്തിൽ അധിക്ഷേപിക്കാൻ ശ്രമിച്ചാൽ തിരിച്ചടിയുടെ ആഘാതം വളരെ വലുതായിരിക്കുമെന്ന് എൻ. പീതാമ്പരകുറുപ്പ്

ആറ്റിങ്ങൽ എം. പിയെ സമൂഹമദ്ധ്യത്തിൽ അധിക്ഷേപിക്കാൻ ശ്രമിച്ചാൽ തിരിച്ചടിയുടെ ആഘാതം വളരെ വലുതായിരിക്കുമെന്ന് എൻ. പീതാമ്പരകുറുപ്പ്

ആറ്റിങ്ങൽ: ആറ്റിങ്ങൽ എം. പി യും ഏകോപനസമിതിയുടെ കൺവീനറുമായ അടൂർ പ്രകാശിനെ സമൂഹമദ്ധ്യത്തിൽ അധിക്ഷേപിക്കാൻ ശ്രമിച്ചാൽ തിരിച്ചടിയുടെ ആഘാതം വളരെ വലുതായിരിക്കുമെന്ന് എൻ. പീതാമ്പരകുറുപ്പ് എക്സ് എം.പി സൂചിപ്പിച്ചു.

കോൺഗ്രസ്‌ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചാത്തൻപാറ ജംഗ്ഷനിൽ വെച്ച് നടന്ന പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ കെ. പി. സി. സി മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു.സമ്മേളനത്തിന് മുമ്പായി നഗരം ചുറ്റി പ്രതിക്ഷേധ പ്രകടനവും നടക്കുകയുണ്ടായി.

സമ്മേളനത്തിൽ കെ. പി. സി. സി വൈസ് പ്രസിഡന്റ്‌ റ്റി. ശരത്ചന്ദ്രപ്രസാദ് ഡി. സി. സി ജനറൽ സെക്രട്ടറിമാരായ വക്കം സുകുമാരൻ, എൻ. ആർ ജോഷി,ജെ. ശശി, ആറ്റിങ്ങൽ സുരേഷ്, തോട്ടക്കാട് ദിലീപ്, മണിലാൽ എസ്. ശ്രീരംഗൻ, ആലംകോട് അഷറഫ്, ഒറ്റൂർ രീതിഷ്, ആലംകോട് സഫീർ, കടക്കാവൂർ അശോകൻ, വി. ചന്ദ്രിക എന്നിവർ സംസാരിച്ചു.

ഇന്ത്യയോട് നാണംകെട്ടു, കനത്ത തോല്‍വിയില്‍ പാകിസ്ഥാന്റെ നെറ്റ് റണ്‍റേറ്റും ഒലിച്ചു പോയി

ഇന്ത്യയോട് നാണംകെട്ടു, കനത്ത തോല്‍വിയില്‍ പാകിസ്ഥാന്റെ നെറ്റ് റണ്‍റേറ്റും ഒലിച്ചു പോയി

കൊളംബോ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ ദയനീയ തോല്‍വി വഴങ്ങിയതോടെ പാകിസ്ഥാന്റെ സൂപ്പര്‍ 8 പ്രതീക്ഷകള്‍ക്ക് മുകളില്‍ കരിനിഴല്‍. 61 റണ്‍സിന്റെ കനത്ത തോല്‍വിയാണ് പാകിസ്ഥാന് നേരിടേണ്ടി വന്നത്. ഇതോടെ അവരുടെ നെറ്റ് റണ്‍റേറ്റ് കുത്തനെ ഇടിഞ്ഞു.

പോയിന്റ് പട്ടികയില്‍ തുടരെ രണ്ട് ജയങ്ങളുമായി യുഎസ്എ രണ്ടാം സ്ഥാനത്തേക്ക് കയറി. പാകിസ്ഥാന്‍ ഒരു സ്ഥാനം ഇറങ്ങി മൂന്നാമതായി.

ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ പാകിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് +0.932 ആയിരുന്നു. എന്നാല്‍ വന്‍ തോല്‍വിയിലേക്ക് ഇന്ത്യ അവരെ തള്ളിയിട്ടതോടെ നെറ്റ് റണ്‍റേറ്റ് 0.403ലേക്ക് കുത്തനെ ഇടിഞ്ഞു. യുഎസ്എയുടെ നെറ്റ് റണ്‍റേറ്റ് +0.788 ആയി ഉയരുകയും ചെയ്തു.പാകിസ്ഥാന്റെ ഗ്രൂപ്പിലെ അവസാന പോരാട്ടം നമീബിയക്കെതിരെയാണ്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ പാകിസ്ഥാന് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാം. നമീബിയ പാകിസ്ഥാനെ അട്ടിമറിച്ചാല്‍ യുഎസ്എ സൂപ്പര്‍ എട്ടില്‍ എത്തും. യുഎസ്എയ്ക്ക് ഇനി മത്സരമില്ല എന്നതാണ് പാകിസ്ഥാനു ആശ്വാസമായി നില്‍ക്കുന്ന ഒരു ഘടകം.

ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ ദയനീയ ബാറ്റിങാണ് പാകിസ്ഥാന്‍ പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് മുന്നില്‍ വച്ചത്. 176 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്റെ പോരാട്ടം 18 ഓവറില്‍ വെറും 114 റണ്‍സില്‍ അവസാനിച്ചു.

ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്, ഒ പി ബഹിഷ്‌കരിക്കും; രോഗികള്‍ വലയും

ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്, ഒ പി ബഹിഷ്‌കരിക്കും; രോഗികള്‍ വലയും

തിരുവനന്തപുരം: കേരളത്തിലെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരം ഇന്ന് മുതല്‍. വിവിധ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് സമരം കടുപ്പിക്കാന്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിറ്റിഎയുടെ തീരുമാനം. ഇന്ന് മുതല്‍ വീണ്ടും അനിശ്ചിതകാല അധ്യാപന ബഹിഷ്‌കരണവും അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണവും ആരംഭിക്കും.

ആവശ്യ ആരോഗ്യ സേവനങ്ങളായ കാഷ്വാല്‍റ്റി, ലേബര്‍ റൂം, ഐ.സി.യു, ഐ.പി. ചികിത്സ, മറ്റ് അടിയന്തര ചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കി. എല്ലാ മെഡിക്കല്‍ കോളജുകളിലും ഇന്ന് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും.

സമരത്തിന്റെ ഭാഗമായി ഫെബ്രുവരി 19 ന് സെക്രട്ടേറിയേറ്റിനു മുന്നില്‍ സംഘടന ധര്‍ണ നടത്തും. രാവിലെ 10 മണി മുതല്‍ ആണ് ധര്‍ണ്ണ. അന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തും. ഫെബ്രുവരി 26 മുതല്‍ എല്ലാ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കാനാണ് കെജിഎംസിറ്റിഎ ആഹ്വാനം ചെയ്തിരിക്കുന്നത്.