by Midhun HP News | Aug 3, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: രാജ്യത്തെ എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്കായി കൃത്യമായി വേർതിരിച്ച് കയ്യേറ്റമില്ലാത്ത പ്രത്യേക യാത്രാസൗകര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. റോഡുകളിൽ കാൽനടയാത്രക്കാർക്കായി നീക്കിവെച്ചിരിക്കുന്ന സ്ഥലങ്ങൾ കയ്യേറുന്നില്ലെന്നും അവ വാഹന പാതകളിൽ നിന്ന് കൃത്യമായി വേർതിരിച്ചിട്ടുണ്ടെന്നും ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജിനോട് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
വലിയ സാമ്പത്തിക നിക്ഷേപമോ നിർമ്മാണങ്ങളോ ഇല്ലാതെ തന്നെ കാൽനടയാത്രക്കാരുടെ പാതകൾ കൃത്യമായി അടയാളപ്പെടുത്താൻ സാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. റോഡുള്ളിടത്തെല്ലാം നടന്നുപോകുന്നവർക്ക് പ്രത്യേക സൗകര്യം വേണം. കയറുകൊണ്ട് അതിർത്തിയ തിരിച്ചാണെങ്കിലും കാൽനടപ്പാതകൾ കയ്യേറപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. വാഹനങ്ങളുടെ ഭീഷണിയില്ലാതെ തങ്ങൾക്ക് സഞ്ചരിക്കാൻ നീക്കിവെച്ച വഴിയാണിതെന്ന ആത്മവിശ്വാസം കാൽനടയാത്രക്കാരിൽ ഉണ്ടാക്കിയെടുക്കാൻ അധികാരികൾക്ക് സാധിക്കണം.
വിഷയത്തിൽ അധികാരികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ അഡീഷണൽ സോളിസിറ്റർ ജനറലിന് രണ്ട് ആഴ്ചത്തെ സമയം അനുവദിച്ച സുപ്രീം കോടതി, ഹർജി കൂടുതൽ വാദം കേൾക്കുന്നതിനായി രണ്ട് ആഴ്ചയ്ക്ക് ശേഷം മാറ്റിവെച്ചു.കൃത്യമായി വേർതിരിച്ച ഫൂട്ട്പാത്തുകളിലൂടെ നടക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് ജൂൺ 19-ന് പുറപ്പെടുവിച്ച ഒരു പ്രധാന വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
റോഡുകളിൽ മോട്ടോർ വാഹനങ്ങളേക്കാൾ കാൽനടയാത്രക്കാർക്കാണ് മുൻഗണന നൽകേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 19 (1) (ഡി) ഉറപ്പുനൽകുന്ന സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും അനുച്ഛേദം 21 ഉറപ്പുനൽകുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെയും ഭാഗമാണ് സുരക്ഷിതമായ കാൽനടയാത്രയെന്നും സുപ്രീം കോടതി മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.
by Midhun HP News | Aug 3, 2026 | Latest News, കേരളം
പാലക്കാട്: നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം. നെല്ലിയാമ്പതി സ്വദേശി ജയന്തി(55) ആണ് മരിച്ച ഒരാൾ. സംഭവ സ്ഥലത്തുവെച്ചാണ് രണ്ടുപേരും മരിച്ചത്. മുന്‍ ഭാഗത്ത് ചില്ലിന്റെ ഭാഗത്തുണ്ടായിരുന്നവരാണ് മരിച്ചത്. ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണം. വാഹനം ഒതുക്കാന്‍ ശ്രമിച്ചെങ്കിലും താഴേക്ക് ഇറങ്ങി മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നുവെന്ന് ബസ്സിലുണ്ടായിരുന്ന വിമോദ് പറഞ്ഞു.
അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ 9.30-ഓടെയാണ് അപകടമുണ്ടായത്.പാലക്കാട് -കാരപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ആണ് താഴ്ചയിലേക്ക് മറിഞ്ഞത്. വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിന് സമീപം രണ്ടാം വളവിനു മുകളിലായിരുന്നു അപകടം.
നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ച ബസ് മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. വലിയൊരു ദുരന്തമാണ് മരങ്ങളിൽ തങ്ങിനിന്നതിലൂടെ ഒഴിവായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടവിവരമറിഞ്ഞ് ഫയർഫോഴ്സും പൊലീസും പ്രദേശവാസികളും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ അടിയന്തര ചികിത്സയ്ക്കായി നെല്ലിയാമ്പതിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിലേക്കും ജില്ലാ ആശുപത്രിയിലേക്കും മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
by Midhun HP News | Aug 3, 2026 | Latest News, കേരളം
കൊച്ചി: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകർക്ക് ജാമ്യം. പ്രതികളായ 9 സിപിഎം പ്രവർത്തകർക്കാണ് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കുറ്റകൃത്യം വളരെ ഗൗരവമേറിയതാണെന്ന് കോടതി വിലയിരുത്തി. എന്നാൽ 67 ദിവസമായി പ്രതികൾ ജയിലിലാണെന്നും, ഇനി തിരിച്ചറിയൽ പരേഡോ, തെളിവുശേഖരണമോ ഇനി ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്.
കേസ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും, പ്രതികളെ ഇനിയും കസ്റ്റഡിയിൽ വെക്കേണ്ടതില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് സൂചിപ്പിച്ചു. പ്രതികൾക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥർക്കുണ്ടായ മുറിവുകൾ പരിശോധിക്കുമ്പോൾ വധശ്രമക്കുറ്റം നിലനിൽക്കാൻ സാധ്യതയില്ലല്ലോയെന്ന് കോടതി ചോദിച്ചു. എല്ലാ വധശ്രമങ്ങളിലും രക്തസ്രാവം ഉണ്ടാകണമെന്ന് നിർബന്ധമില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദിച്ചു.
അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാരകായുധങ്ങളുമായി എത്തിയാണ് സിപിഎം പ്രവര്‍ത്തകർ ആക്രമണം നടത്തിയതെന്നാണ് ഇഡി വാദിച്ചത്. ആക്രമണത്തില്‍ ഇഡി ഉദ്യോഗസ്ഥനും സിആര്‍പിഎഫ് ജവാനും ഡ്രൈവര്‍ക്കും പരിക്കേറ്റു. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് പ്രതികൾ ശ്രമിച്ചതെന്നും ഇഡി ചൂണ്ടിക്കാട്ടി. നടപടിക്രമം പാലിച്ചല്ല അറസ്റ്റ് ചെയ്തതെന്നായിരുന്നു പ്രതികളുടെ വാദം. മാധ്യമ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമക്കുറ്റം നിലനില്‍ക്കില്ല. അനാവശ്യമായാണ് ബിഎന്‍എസ് 109 വകുപ്പ് ചുമത്തിയതെന്നും പ്രതികൾ വാദിച്ചു. കേസിലെ നാലു പ്രതികളുടെ ജാമ്യ ഹർജി കോടതി നാളെ പരിഗണിക്കും.
by Midhun HP News | Aug 3, 2026 | Latest News, കായികം
ചണ്ഡീഗഢ്: മോശം ഫോമിൽ കളിക്കുന്ന ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ മികവിലേക്ക് തിരിച്ചെത്താനുള്ള കഠിന ശ്രമത്തിനിടെ വെറും 91 പന്തിൽ അടിച്ചെടുത്തത് 233 റൺസ്! പഞ്ചാബിലെ ജില്ലാതല പോരാട്ടത്തിലാണ് താരത്തിന്റെ കത്തും ബാറ്റിങ്. പഞ്ചാബ് അന്തർ ജില്ലാ സീനിയർ ഏകദിന പോരാട്ടത്തിൽ 25 സിക്സും 15 ഫോറും സഹിതം അഭിഷേക് വെറും 91 പന്തിൽ 233 റൺസാണ് വാരിക്കൂട്ടിയത്. 256.04 എന്ന അതിശയിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റും താരം സ്വന്തമാക്കി. താരത്തിന്റെ വെടിക്കെട്ട് ബാറ്റിങിന്റെ വിഡിയോ വൈറലായി മാറുകയും ചെയ്തു.
അമൃത്‍സർ സീനിയർ ടീമിനു വേണ്ടിയാണ് താരം കളിക്കാനിറങ്ങിയത്. തരൺ താര ആയിരുന്നു എതിരാളികൾ. അഭിഷേകിന്റെ വെടിക്കെട്ട് ബാറ്റിങിന്റെ കരുത്തിൽ അമൃത്‍സർ ടീം 50 ഓവറിൽ അടിച്ചെടുത്തത് 533 റൺസ്!
മോശം ഫോമിലൂടെ കടന്നു പോകുന്ന താരത്തിനു വലിയ ആശ്വാസം നൽകുന്നതാണ് ഫോമിലേക്കുള്ള ഈ മടങ്ങി വരവ്. ഈ വർഷം ടി20 ബാറ്റർമാരുടെ റാങ്കിങിൽ ഒന്നാം സ്ഥാനത്ത് തുടങ്ങിയ അഭിഷേക് നിലവിൽ മൂന്നാം റാങ്കിലേക്ക് വീണിരുന്നു. അടുത്തിടെ നടന്ന സിംബാബ്‍വെക്കെതിരായ ടി20 പരമ്പരയിൽ താരം അമ്പേ പരാജയമായിരുന്നു. 3 ഇന്നിങ്സുകളിൽ നിന്നു വെറും 11 റൺസ് മാത്രമാണ് നേടാനായത്. മാസങ്ങളായി താരം മോശം ഫോമിലാണ്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ 5 മത്സരങ്ങളിൽ നിന്ന് 131 റൺസ് മാത്രമായിരുന്നു നേടിയത്. ശരാശരി 26.2. അതിനു മുൻപ് അയർലൻഡിനെതിരായ പരമ്പരയിലും തീർത്തും നിറംമങ്ങി. 2 കളിയിൽ നിന്നു 49 റൺസ്. ശരാശരി 24.5. കഴിഞ്ഞ 10 അന്താരാഷ്ട്ര ടി20 പോരാട്ടത്തിൽ നിന്നു ഒരു അർധ സെഞ്ച്വറി മാത്രമാണ് താരത്തിനു നേടാൻ സാധിച്ചത്.
നേടിയ റൺസിനേക്കാൾ അഭിഷേകിന്റെ കാര്യത്തിൽ താരത്തിന്റെ പുറത്താകലുകളാണ് ടീമിനു കൂടുതൽ ആശങ്കയുണ്ടാക്കുന്നത്. സിംബാബ്‍വെക്കെതിരായ 3 മത്സരങ്ങളിലും ബ്ലസിങ് മുസരബാനിയാണ് അഭിഷേകിനെ പുറത്താക്കിയത്. ആദ്യ മത്സരത്തിൽ ഓഫ് സ്റ്റംപിനു പുറത്തു പോയ പന്തിൽ അനാവശ്യമായി ബാറ്റ് വയ്ക്കാൻ നോക്കി ഡിപ്പിൽ സിംപിൾ ക്യാച്ച് നൽകി മടക്കം. രണ്ടാം പോരിൽ ഉയർന്നു വന്ന പന്ത് പ്രതിരോധിക്കാൻ ശ്രമിക്കവേ ബാക്ക്വേർഡ് പോയിന്റിൽ ക്യാച്ച്. മൂന്നാം പോരിൽ റൺസെടുക്കാൻ നോക്കുന്നതിനിടെ എഡ്ജായി കീപ്പർക്ക് ക്യാച്ച് നൽകി മടക്കം.
വ്യത്യസ്ത ഷോട്ടുകൾക്ക് ശ്രമിച്ചാണ് തുടരെ മൂന്ന് തവണയും താരം പുറത്തായത്. എന്നാൽ വരുത്തിയത് ഒരേ തെറ്റാണ്. ഓഫ് സ്റ്റംപിനു പുറത്തുവരുന്ന പന്തുകൾക്കെതിരെ കൃത്യമായ നിയന്ത്രണം കണ്ടെത്താൻ അഭിഷേകിനു സാധിച്ചില്ല. ടി20 ലോകകപ്പിൽ അഭിഷേകിനെ നിരന്തരം കുടുക്കിയ ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ ഓഫ് സ്പിൻ ഓപ്പണിങിലൂടെയാണ് സിംബാബ്‍വെ അദ്ദേഹത്തിനെതിരെ കൃത്യമായ തന്ത്രങ്ങൾ മെനഞ്ഞത്. ഇത്തവണ റാസയുടെ ഓവർ അഭിഷേക് അതിജീവിച്ചെങ്കിലും മുസരബാനിക്ക് മുന്നിൽ മൂന്ന് തവണയും വീണു.
ടി20 ലോകകപ്പിന് മുൻപ് താരത്തിന്റെ ബാറ്റിങ് ശരാശരി 37.05 ആയിരുന്നു. സ്ട്രൈക്ക് റേറ്റ് 195ന് അടുത്ത്. ലോകകപ്പിനു ശേഷം സ്ട്രൈക്ക് റേറ്റ് വെറും 19.04ലേക്ക് കൂപ്പുകുത്തി. സ്ട്രൈക്ക് റേറ്റ് 165 ആയും കുറഞ്ഞു. സ്വാഭാവികമായ അഗ്രസീവ് ശൈലിക്കും അതിനനുസരിച്ച് പുലർത്തേണ്ട സ്ഥിരതയ്ക്കും ഇടയിൽ സംശയത്തിലാണ്ട ഒരു ബാറ്ററുടെ ശരീര ഭാഷയാണ് കുറച്ചു കാലമായി അഭിഷേക് ക്രീസിൽ പ്രകടിപ്പിക്കുന്നത്.
by Midhun HP News | Aug 3, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മഴ കനത്തതോടെ സംസ്ഥാനത്തെ നിരവധി അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. സംസ്ഥാനത്തെ ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂഴിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത്, കുറ്റ്യാടി എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
പാംബ്ല, കല്ലാര്‍ ഡാമുകള്‍ നിലവില്‍ തുറന്നിരിക്കുകയാണ്. പമ്പാനദിയിലും ജലനിരപ്പ് ഉയരുകയാണ്. മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്നതിനാല്‍ ഷട്ടറുകള്‍ ഏതുസമയവും തുറന്നേക്കാം. ഇത് കക്കാട്ടാറിലും പമ്പാനദിയിലും ജലനിരപ്പ് ഉയരാന്‍ കാരണമാകുമെന്നതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
റാന്നി, കോഴഞ്ചേരി, ആറന്മുള, അപ്പര്‍ കുട്ടനാട് മേഖലകളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ആളുകളോട് മാറിതാമസിക്കാന്‍ ഭരണകൂടം അറിയിച്ചു. നീരൊഴുക്ക് കൂടിയതോടെ കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. രണ്ട് സ്പില്‍വേ ഷട്ടറുകള്‍ കാല്‍ അടി വീതം ഉയര്‍ത്തിയാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത്.
കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. യാതൊരു കാരണവശാലും ആരും പുഴയില്‍ ഇറങ്ങാന്‍ പാടില്ല. പുഴ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പത്തനംതിട്ടയില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവര്‍ക്ക് മിന്നല്‍പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മോശം കാലാവസ്ഥയെത്തുടര്‍ന്ന് നെല്ലിയാമ്പതി അടച്ചു. വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കട്ടപ്പന-കുമളി സംസ്ഥാന പാതയിലും വണ്ണപ്പുറം-ചേലച്ചുവട് പാതയിലും ഗതാഗതം ഭാഗികമാണ്. നേര്യമംഗലം-അടിമാലി പാതയില്‍ രാത്രികാല യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Recent Comments