രണ്ട് ദിവസം കൊണ്ട് പെയ്തത് 245 ശതമാനം അധിക മഴ; പത്തനംതിട്ടയിലും കോഴിക്കോട്ടും റെക്കോർഡ് പെയ്ത്ത്

രണ്ട് ദിവസം കൊണ്ട് പെയ്തത് 245 ശതമാനം അധിക മഴ; പത്തനംതിട്ടയിലും കോഴിക്കോട്ടും റെക്കോർഡ് പെയ്ത്ത്

തിരുവനന്തപുരം: വലിയ മഴക്കമ്മിയിൽ നിന്ന് പെട്ടെന്ന് മിന്നൽ പ്രളയത്തിലേക്കും ഉരുൾപൊട്ടലുകളിലേക്കും മാറിയ ആഗസ്റ്റ് ആദ്യവാരത്തിലെ കാലാവസ്ഥാ വ്യതിയാനം കേരളത്തെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പത്തനംതിട്ടയിലും കോഴിക്കോട്ടും റെക്കോർഡ് മഴ പെയ്തിറങ്ങിയപ്പോൾ നിരവധി പേരുടെ ജീവൻ പൊലിയുകയും ആയിരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാകുകയും ചെയ്തു. ദീർഘകാല പ്രവചനങ്ങളെപ്പോലും തെറ്റിച്ചുകൊണ്ട് പെയ്തിറങ്ങിയ ഈ തീവ്രമഴയ്ക്ക് പിന്നിലെ വസ്തുതകളും ശാസ്ത്രീയ കാരണങ്ങളും പരിശോധിക്കാം.

48 മണിക്കൂറിലെ പേമാരിയും കുറിച്ച റെക്കോർഡുകളും
ഓഗസ്റ്റ് ഒന്നിന് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്തെ വിവിധ മഴമാപിനി കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന മഴപെയ്ത്തുകളിൽ ഒന്നാണ്. പത്തനംതിട്ടയിലെ വടശ്ശേരിക്കരയിൽ 24 മണിക്കൂറിനുള്ളിൽ 361 മില്ലീമീറ്ററും ലാഹയിൽ 250 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. കോഴിക്കോട്ടെ ആനക്കാംപൊയിലിൽ തുടർച്ചയായ 35 മണിക്കൂറിനുള്ളിൽ 340 മില്ലീമീറ്റർ മഴയാണ് പെയ്തിറങ്ങിയത്.

കനത്ത മഴ പശ്ചിമഘട്ട മലനിരകളിൽ അടിയന്തര സാഹചര്യം സൃഷ്ടിക്കുകയും നിരവധി ഉരുൾപൊട്ടലുകൾക്ക് വഴിവെക്കുകയും ചെയ്തു. ദുരന്തത്തിൽ എട്ട് പേർ മരണപ്പെടുകയും എട്ട് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 5,792-ലധികം ആളുകളെ 209 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പമ്പ, മണിമല, മീനച്ചിൽ തുടങ്ങിയ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകിയതോടെ വാണിജ്യ കേന്ദ്രങ്ങൾ വെള്ളത്തിനടിയിലാകുന്ന അസാധാരണമായ സ്ഥിതിവിശേഷം സംജാതമായി. 2018ലെ പ്രളയത്തിന് സമാനമായ സ്ഥിതിവിശേഷമാണ് ഇതോടെ സംജാതമായത്. സ്വാഭാവികമായും ഇത് പഴയ ഓർമ്മകളിലേക്കും ഭീതിയിലേക്കും നയിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടർ നീതാ കെ. ഗോപാലിന്റെ വിശകലനം അനുസരിച്ച്, വെള്ളി, ശനി ദിവസങ്ങളിലായി സാധാരണ ലഭിക്കേണ്ടിയിരുന്നത് 40.3 മില്ലീമീറ്റർ മഴയായിരുന്നുവെങ്കിലും ലഭിച്ചത് 139 മില്ലീമീറ്ററാണ്. അതായത് കേവലം രണ്ട് ദിവസം കൊണ്ട് 245 ശതമാനം അധിക മഴ പെയ്തിറങ്ങി. ഒരേ സമയം വ്യാപകമായി മഴ ലഭിച്ചതാണ് സംസ്ഥാനത്തുടനീളം മിന്നൽ പ്രളയത്തിന് കാരണമായത്.

കാലാവസ്ഥാ പ്രവചനങ്ങൾ പാളിയതിന്റെ കാരണങ്ങൾ
വൻ വിപത്ത് വരുന്നതിന് തൊട്ടുമുൻപ് വരെ സാധാരണ മഴ മാത്രമേ ഉണ്ടാകൂ എന്ന ധാരണയിലായിരുന്ന ഭരണകൂടത്തെയും ജനങ്ങളെയും ഒരുപോലെ നിസ്സഹായരാക്കിയതാണ് ഈ പ്രളയം. ജൂലൈ 31-ന് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട പ്രവചനത്തിൽ ഓഗസ്റ്റിൽ കേരളത്തിൽ സാധാരണയിൽ കുറഞ്ഞ മഴ മാത്രമേ ലഭിക്കൂ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ജൂൺ, ജൂലൈ മാസങ്ങളിൽ 34 ശതമാനം മഴക്കമ്മി അനുഭവിച്ചിരുന്നതിനാൽ സംസ്ഥാനം വരൾച്ചയെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട് നൽകിയിരുന്നെങ്കിലും 350 മില്ലീമീറ്ററിന് മുകളിൽ വെള്ളം പതിച്ച പ്രാദേശിക മേഖലകളിൽ സമയബന്ധിതമായി റെഡ് അലർട്ട് നൽകാൻ പ്രവചന മോഡലുകൾക്ക് കഴിഞ്ഞില്ല. വൻകിട മൺസൂൺ സംവിധാനങ്ങളെ നിരീക്ഷിക്കാൻ സജ്ജമാക്കിയ പരമ്പരാഗത റഡാർ മോഡലുകൾക്ക് പ്രാദേശികമായി പെട്ടെന്ന് രൂപപ്പെടുന്ന മേഘരൂപീകരണങ്ങളെ കണക്കുകൂട്ടാൻ സാധിക്കാതെ പോയതാണ് പ്രവചനം പാളാൻ ഇടയാക്കിയത്.

മേഘവിസ്ഫോടനമാണോ സംഭവിച്ചത്?
പത്തു കിലോമീറ്റർ ചുറ്റളവിൽ ഒരു മണിക്കൂറിനുള്ളിൽ 100 മില്ലീമീറ്ററോ അതിൽ കൂടുതലോ മഴ പെയ്യുന്നതിനെയാണ് സാങ്കേതികമായി മേഘവിസ്ഫോടനം എന്ന് പറയുന്നത്. സംസ്ഥാനത്ത് ഔദ്യോഗികമായി മേഘവിസ്ഫോടനം നടന്നിട്ടില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. എങ്കിലും, ഒറ്റ ദിവസം കൊണ്ട് 360 മില്ലീമീറ്ററിലധികം മഴ പെയ്തിറങ്ങിയത് മേഘവിസ്ഫോടനത്തിന് സമാനമായ അവസ്ഥയാണ് സൃഷ്ടിച്ചത്. ഇത് ഭീകരമായ മലവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും കാരണമായി.

പ്രളയത്തിന് പിന്നിലെ പ്രകൃതിയുടെ ശാസ്ത്രീയ പ്രതിഭാസങ്ങൾ
അന്തരീക്ഷത്തിലുണ്ടായ ചില അപൂർവ്വ വ്യതിയാനങ്ങളാണ് ഈ പേമാരിക്ക് വഴിവെച്ചത്. ഒഡീഷ-ഛത്തീസ്ഗഢ് മേഖലയിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം ഗുജറാത്ത് തീരത്തേക്ക് നീങ്ങിയതോടെ അറബിക്കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു. ഇത് വൻതോതിൽ ഈർപ്പമുള്ള പടിഞ്ഞാറൻ മൺസൂൺ കാറ്റിനെ കേരള തീരത്തേക്ക് വലിച്ചടുത്തു. മഴ കുറഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിൽ പശ്ചിമഘട്ടത്തിലെ അന്തരീക്ഷ താപനില വളരെ ഉയർന്ന നിലയിലായിരുന്നു. ഈ ചൂടുള്ള വായുവിലേക്ക് ഈർപ്പമുള്ള കടൽക്കാറ്റ് അടിച്ചു കയറിയപ്പോൾ കുത്തനെയുള്ള വായുപ്രവാഹങ്ങൾ രൂപപ്പെട്ടു. പശ്ചിമഘട്ട മലനിരകളിൽ തട്ടി ഈ വായുപിണ്ഡങ്ങൾ അതിവേഗം മുകളിലേക്ക് ഉയരുകയും നീരാവി പെട്ടെന്ന് ഘനീഭവിച്ച് ഭീമൻ മേഘങ്ങളായി മാറി ഒരേ സമയം പെയ്തിറങ്ങുകയുമായിരുന്നു.

മുൻവർഷങ്ങളിലെ കണക്കുകളും കാലാവസ്ഥാ വ്യതിയാനവും
കഴിഞ്ഞ മൂന്ന് വർഷത്തെ മൺസൂൺ സീസണുകൾ പരിശോധിച്ചാൽ കേരളത്തിലെ മഴയുടെ സ്വഭാവത്തിൽ വന്ന ഭീതിജനകമായ മാറ്റം വ്യക്തമാകും. 2024-ൽ ആഗസ്റ്റ് ആദ്യവാരം വരെ 1,210 മില്ലീമീറ്ററും 2025-ൽ 1,140 മില്ലീമീറ്ററും മഴ ലഭിച്ചിരുന്ന സ്ഥാനത്ത് 2026-ൽ കേവലം 992.8 മില്ലീമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. പ്രതീക്ഷിച്ച 1,341.9 മില്ലീമീറ്ററിനേക്കാൾ 26 ശതമാനം കുറവാണ് നിലവിലെ മഴയുടെ അളവ്.

ഈ കണക്കുകൾ നൽകുന്ന മുന്നറിയിപ്പ് വളരെ വലുതാണ്. സീസണിൽ ആകെ ലഭിക്കേണ്ട മഴയുടെ അളവിൽ വലിയ കുറവുണ്ടെങ്കിലും, ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അതിതീവ്രമായി പെയ്തിറങ്ങുന്ന മഴയാണ് ഇപ്പോൾ ഉണ്ടാകുന്നത്. മഴ ദിവസങ്ങൾ കുറയുകയും എന്നാൽ പെയ്യുന്ന സമയത്ത് വൻ ദുരന്ത വിതയ്ക്കുന്ന രീതിയിലേക്ക് കേരളത്തിലെ മൺസൂൺ മാറിക്കഴിഞ്ഞു എന്നതിന്റെ തെളിവായി ഇതിനെ കാണാനാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.

മഴ മുന്നറിയിപ്പില്‍ മാറ്റം, 9 ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത; നദികളില്‍ ജലനിരപ്പ് ഉയരുന്നു, അതീവ ജാഗ്രതാ നിര്‍ദേശം

മഴ മുന്നറിയിപ്പില്‍ മാറ്റം, 9 ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത; നദികളില്‍ ജലനിരപ്പ് ഉയരുന്നു, അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്തെ ഒമ്പതു ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. അടുത്ത മൂന്നു മണിക്കൂര്‍ നേരത്തേക്കാണ് മുന്നറിയിപ്പ്. പുലർച്ചെ 7 ജില്ലകളിലായിരുന്നു ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നത്.

കോട്ടയത്ത് രാത്രി മുതല്‍ മഴ ശക്തമായതോടെ, മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. കോട്ടയം കുമരകം വൈക്കം റോഡില്‍ പലയിടങ്ങളിലും വെള്ളം കയറി. തിരുവാര്‍പ്പ്, കുമരകം, അയ്മനം, ആര്‍പ്പൂക്കര, കുമ്മനം, താഴത്തങ്ങാടി, നട്ടശ്ശേരി ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. പമ്പാ നദിയിലും ജലനിരപ്പ് ഉയരുകയാണ്. റാന്നി, കോഴഞ്ചേരി താലൂക്കുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ, സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. സംസ്ഥാനത്തെ ജില്ലാ കലക്ടര്‍മാര്‍ അടക്കമുള്ളവരുടെ യോഗമാണ് വിളിച്ചത്. രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും യോഗത്തില്‍ സംബന്ധിക്കും.

അതിശക്ത മഴയുടെ സാഹചര്യത്തില്‍ മലയോര മേഖലകളില്‍ ജാഗ്രത തുടരണം. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഏതാവശ്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

വെള്ളം കയറിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മഴക്കെടുതിയിൽ എട്ട് മരണം സ്ഥിരീകരിച്ചെന്നും, എട്ടു പേരെ കാണാതായിട്ടുണ്ടെന്നും 13 പേര്‍ക്ക് പരിക്കേറ്റുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 1,05,000ന് മുകളില്‍ തന്നെ

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 1,05,000ന് മുകളില്‍ തന്നെ

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,05,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 13,220 രൂപ നല്‍കണം.

എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഒരിടവേളയ്ക്ക് ശേഷം ആദ്യമായാണ് എണ്ണവില ബാരലിന് 85 ഡോളറില്‍ താഴെ എത്തുന്നത്. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതാണ് എണ്ണവില കുറയാണ് കാരണം. ഇതിന് പുറമേ പലിശനിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ തീരുമാനവും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ഉംറയ്ക്ക് പോയ തീർത്ഥാടകൻ മക്കയിൽ നിര്യാതനായി

ഉംറയ്ക്ക് പോയ തീർത്ഥാടകൻ മക്കയിൽ നിര്യാതനായി

ആറ്റിങ്ങൽ: ഉംറയ്ക്ക് പോയ തീർത്ഥാടകൻ മക്കയിൽ നിര്യാതനായി. ചിറയിൻകീഴ് മുടപുരം കുന്നിൽകട കുന്നുംപുറത്ത് വീട്ടിൽ അബ്ദുൽ റഹ്മാൻ്റെ മകൻ നിസാർ (63) ആണ് മക്കയിൽ നിര്യാതനായത്. കബറടക്കം മക്കയിൽ നടന്നു.

‘കംപ്ലീറ്റ് നശിച്ചുപോയി’; പി സി ജോര്‍ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം

‘കംപ്ലീറ്റ് നശിച്ചുപോയി’; പി സി ജോര്‍ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം

കോട്ടയം: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തൊട്ടാകെ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. വീടുകളിലും റോഡുകളിലും കടകളിലുമെല്ലാം വെള്ളം കയറിയാണ് നാശനഷ്ടം ഉണ്ടായത്. കോട്ടയം പൂഞ്ഞാറിലും കഴിഞ്ഞ ദിവസം കനത്ത മഴയാണ് പെയ്തത്. കനത്ത മഴയില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി സി ജോര്‍ജിന്റെ പൂഞ്ഞാറിലെ വീട്ടിലും വെള്ളം കയറി. വീട്ടിലും ഭാര്യയുടെ കടയിലുമായി ഏതാണ്ട് 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് പി സി ജോര്‍ജ് പറഞ്ഞു.

’40 കൊല്ലമായി ഞാന്‍ ഇവിടെ താമസിക്കാന്‍ തുടങ്ങിയിട്ട്. ഇന്നുവരെ ഇതുപോലൊരു അവസ്ഥ ഉണ്ടായിട്ടില്ല. ഇത്രയും വെള്ളം കയറുന്നത് ആദ്യമായിട്ടാണ്. ഇന്നലെ പുലര്‍ച്ചെ 2 മണിക്കാണ് തൊട്ടടുത്ത് താമസിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ വീട്ടിലെത്തി വാതിലില്‍ മുട്ടിയത്. അപ്പോഴാണ് വെള്ളം കയറുന്നുണ്ടെന്ന് അറിഞ്ഞത്. ഏതാണ്ട് രണ്ടര മണിയായതോടെ വീടിനകത്തേയ്ക്കും വെള്ളം കയറി. ഏതാണ്ട് മൂന്നരയടി വെള്ളം വീടിനകത്ത് കയറി. ഞാനും ഭാര്യ ഉഷയും രണ്ടാമത്തെ മകന്‍ ഷെയ്‌നുമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്.’- പി സി ജോര്‍ജ് തുടര്‍ന്നു.

‘പെട്ടെന്ന് തന്നെ ഞങ്ങള്‍ വീടിന്റെ മുകളിലത്തെ നിലയിലേക്ക് മാറി. വെള്ളം കയറി വീട്ടിലെ ഉപകരണങ്ങള്‍ പലതും നശിച്ചു. പാത്രങ്ങള്‍, ഫ്രിഡ്ജ്, ടിവി തുടങ്ങി നശിക്കാത്തതൊന്നുമില്ല. പലതും വെള്ളം കയറി നശിച്ചു. വീട്ടില്‍ മാത്രം ഏതാണ്ട് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. 2 ഇന്നോവ കാറുകളിലും വെള്ളം കയറി. അതുമാത്രമല്ല, പൂഞ്ഞാറില്‍ ഭാര്യ ഉഷ ഒരു സ്ഥാപനം നടത്തുന്നുണ്ട്. അവിടെയും വെള്ളം കയറി. സാരികളെല്ലാം നശിച്ചുപോയി. പലതും വിലകൂടിയ സാരികളാണ്. ഏതാണ്ട് 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് നിഗമനം”- പി സി ജോര്‍ജ് പറഞ്ഞു. പൂഞ്ഞാര്‍ മേഖലയില്‍ കഴിഞ്ഞ ദിവസം 213 മിമീ വരെ മഴയാണ് ലഭിച്ചത്. അര്‍ധരാത്രിയോടെയാണ് ഈരാറ്റുപേട്ട ഭാഗത്ത് വെള്ളം ഉയര്‍ന്നു തുടങ്ങിയത്.