മടത്തറയിൽ വൻ വാഹനാപകടം; നിരവധി പേർക്ക് പരിക്ക്

മടത്തറയിൽ വൻ വാഹനാപകടം; നിരവധി പേർക്ക് പരിക്ക്

മടത്തറയിൽ വൻ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്. പലരുടെയും പരിക്ക് ഗുരുതരമാണ്. ഇന്ന് രാത്രി ഏഴരയോടെയായിരുന്നു സംഭവം. മടത്തറയിൽ നിന്നും കുളത്തൂപ്പുഴയിലേക്ക് പോയ KSRTC ബസ്സും എതിരെ വന്ന ടൂറിസ്റ്റ് ബസ്സുമാണ് മടത്തറ ക്രിസ്റ്റ്യൻ പള്ളിക്കു സമീപം എസ് വളവുള്ള ഭാഗത്ത് വച്ച് കൂട്ടിയിടിച്ചത്. 25 ൽ ഏറെ പേർക്ക് പരിക്കെന്നാണ് റിപ്പോർട്ട്. രണ്ടു വാഹനങ്ങളിലെയും ഡ്രൈവർമാർ ഉൾപ്പെടെ പലരുടെയും പരിക്കുകൾ ഗുരുതരമാണ്. നാട്ടുകാരും, പോലീസും , ഫയർഫോഴ്സും കൂട്ടായി ശ്രമിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ടു ബസ്സുകളും ഇടിയുടെ ആഘാതത്തിൽ സമീപത്തെ പുരയിടത്തിലേക്ക് പതിച്ചു.

 

 

പബ്ജി കളിക്കാൻ പുതിയ ഫോൺ വാങ്ങി നൽകിയില്ല; പത്താംക്ലാസുകാരൻ ആത്മഹത്യ ചെയ്തു

പബ്ജി കളിക്കാൻ പുതിയ ഫോൺ വാങ്ങി നൽകിയില്ല; പത്താംക്ലാസുകാരൻ ആത്മഹത്യ ചെയ്തു

പാലക്കാട്: പബ്ജി കളിക്കാൻ പുതിയ ഫോൺ വാങ്ങി നൽകാത്തതിന്റെ പേരിൽ പത്താംക്ലാസുകാരൻ ആത്മഹത്യചെയ്തു. അട്ടപ്പാടി സ്വദേശി ബിന്ദുവിന്റെ മകൻ അഭിജിത്താണ് വീട്ടുമുറ്റത്തെ ഊഞ്ഞാലിൽ തൂങ്ങിമരിച്ചത്.

അട്ടപ്പാടി ജെല്ലിപ്പാറ മൗണ്ട് കാർമൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്നു അഭിജിത്ത്. എസ്എസ്എൽസി പരീക്ഷാഫലം കാത്തിരിക്കുന്നതിനിടെയായിരുന്നു സംഭവം.

നേരത്തെ പബ്ജി ഗെയിമിന് അടിമപ്പെട്ടതിനെത്തുടർന്ന് അഭിജിത്തിനെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. എന്നാൽ ഇതിന് ശേഷവും പബ്ജി കളിക്കാൻ വേണ്ടി പുതിയ ഫോൺ വേണം എന്ന് അഭിജിത്ത് നിരന്തരം അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. ഭർത്താവുമായി വേർപ്പെട്ട് താമസിക്കുന്ന ബിന്ദുവിന് സാമ്പത്തിക ശേഷി ഇല്ലാത്തതുകൊണ്ട് പിന്നീട് വാങ്ങിത്തരാം എന്ന് പറഞ്ഞുവെങ്കിലും അഭിജിത്ത് വഴങ്ങിയില്ല.

കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു

കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു

തിരുവനന്തപുരം: കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു. തിരുവനന്തപുരത്ത് നെടുമങ്ങാടാണ് സംഭവം. കൊല്ലംകാവ് തത്തൻകോട് പൈനാപ്പിൾ എസ്റ്റേറ്റിൽ താമസിക്കുന്ന സബീനയും മകളുമാണ് അടുത്തടുത്തുള്ള കിണറുകളിൽ വീണത്. ഇന്ന് രാവിലെ 11.30 നോടെയാണ് സംഭവം. ആദ്യം മകളായ ഫൗസിയ ആണ് കിണറ്റിൽ വീണത്. മകൾ വീടിന് സമീപത്തുള്ള കിണറ്റിൽ വീണ ശബ്ദം കേട്ട് ഓടിയ സബീന കാൽവഴുതി ഉരുണ്ട് താഴെ തട്ടിലുള്ള മറ്റൊരു കിണറ്റിൽ വീഴുകയായിരുന്നു.

ബഹളം കേട്ട് എത്തിയ തോട്ടം തൊഴിലാളികൾ ഫൗസിയയെ രക്ഷിച്ചെങ്കിലും പത്തടിയോളം വെള്ളമുള്ള ചവിട്ടു തൊടിയില്ലാത്ത കിണറ്റിൽ അകപ്പെട്ട സബീനയെ രക്ഷിക്കാനിറങ്ങാൻ കഴിഞ്ഞില്ല. പിന്നീട്, നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. നെടുമങ്ങാട് നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശിവരാജന്റെ നേതൃത്വത്തിൽ അഗ്‌നിശമന സേന എത്തുകയും ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പ്രദീഷ് കിണറ്റിൽ ഇറങ്ങുകയുമായിരുന്നു.

ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകവേ വീട്ടമ്മ അപകടത്തിൽ മരിച്ചു

ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകവേ വീട്ടമ്മ അപകടത്തിൽ മരിച്ചു

കല്ലമ്പലം: മരുമകന്റെ അച്ഛന്റെ മരണവാർത്തയറിഞ്ഞ് സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ സഹോദരന്റെ മകനോടൊപ്പം സ്കൂട്ടിയുടെ പിറകിലിരുന്ന് പോകുകയായിരുന്ന വീട്ടമ്മ ടിപ്പർലോറിയിടിച്ച് മരിച്ചു.
സ്കൂട്ടി ഓടിച്ചിരുന്ന സഹോദരന്റെ മകൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നാവായിക്കുളം കടമ്പാട്ടുകോണം ഫാർമസി ജംഗ്ഷനിൽ അഞ്ചു നിലയത്തിൽ ലീലാമണി (56) ആണ് മരിച്ചത്.
സഹോദരൻ മധുസൂദനന്റെ മകൻ വെട്ടിയറ ചിത്തിരഭവനിൽ മനുലാൽ (30) ആണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ ദേശീയ പാതയിൽ നാവായിക്കുളം ഇരുപത്തിയെട്ടാം മൈൽ ജംഗ്ഷനിലായിരുന്നു അപകടം.
സ്കൂട്ടി പറകുന്നിലേക്ക് തിരിയുന്നതിനിടയിൽ കൊല്ലം ഭാഗത്തു നിന്ന് അമിത വേഗതയിൽ തിരുവനന്തപുരം ഭാഗത്തേക്ക്‌ പോകുകയായിരുന്ന ടിപ്പർലോറി സ്കൂട്ടിയുടെ പിറകിൽ ഇടിക്കുകയായിരുന്നു.

റോഡിൽ തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലീലാമണിയെ തിരുവനന്തപുരം കോസ്മോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു .
മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.

കാട്ടുപന്നിയുടെ ആക്രമണത്തിൽ കുട്ടിക്ക് പരിക്ക്; പന്നിയെ വെടിവച്ചു കൊന്നു

കാട്ടുപന്നിയുടെ ആക്രമണത്തിൽ കുട്ടിക്ക് പരിക്ക്; പന്നിയെ വെടിവച്ചു കൊന്നു

തിരുവമ്പാടി: ചേപ്പിലംതോട് പുല്ലപ്പള്ളിയില്‍ 12-കാരനുനേരെ കാട്ടുപന്നിയുടെ ആക്രമം. പുല്ലപ്പള്ളിയില്‍ ഷനൂപിന്റെ മകന്‍ അദിനാന് ഗുരുതര പരിക്കേറ്റെന്നാണ് വിവരം. ശനിയാഴ്ച രാവിലെ 9.15-ഓടെയാണ് സംഭവം. സൈക്കിളില്‍ സഞ്ചരിക്കവെ ആയിരുന്നു ആക്രമണം. കുട്ടിയെ ആക്രമിച്ചശേഷം സമീപത്ത വീട്ടുവളപ്പിലേക്ക് കയറിയ കാട്ടുപന്നിയെ പിന്നീട് വനം വകുപ്പിന്റെ എം പാനല്‍ ഷൂട്ടര്‍ എത്തി വെടിവെച്ചു കൊന്നു.വീട്ടുവളപ്പിലേക്ക് കയറിയതിനാല്‍ വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പെട്ടെന്ന് വെടിവെച്ച് കൊല്ലാനായി. കഴിഞ്ഞ ദിവസമാണ് കാട്ടുപന്നിയെ വെടിവെക്കാന്‍ നിര്‍ദ്ദേശം നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കി സര്‍ക്കാര്‍ ഉത്തരവുണ്ടായത്. ആക്രമത്തില്‍ സാരമായ പരിക്കേറ്റ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് കാലിനും പരിക്കേറ്റിട്ടുണ്ട്.

യുവതിയെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; സുഹൃത്ത്‌ അറസ്റ്റിൽ

യുവതിയെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; സുഹൃത്ത്‌ അറസ്റ്റിൽ

മുംബൈ: യുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ചനിലയില്‍ റെയില്‍പാളത്തിനരികില്‍നിന്ന് പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെ അറസ്റ്റുചെയ്തു. ദിന്‍ദോഷി നിവാസിയായ സരിക ദാമോദര്‍ ചല്‍ക്കെ (28) യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് വികാസ് ഖൈര്‍നാറെ (21) ഗോരേഗാവില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.

മാഹിമില്‍ റെയില്‍വേ പാളത്തിനരികില്‍നിന്നാണ് ചാക്കിനുള്ളിലാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പാളം പരിശോധിക്കുന്ന റെയില്‍വേജീവനക്കാരാണ് ചാക്കുകെട്ട് കണ്ട് റെയില്‍വേ പോലീസിനെ വിവരമറിയിച്ചത്.

നിരവധി കുത്തേറ്റിരുന്നു. സരികയില്‍നിന്ന് 3000 രൂപ വികാസ് കടംവാങ്ങിയിരുന്നു. പണം തിരികെ ചോദിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിനിടയാക്കിയത്. കാണാതായവരെക്കുറിച്ചുള്ള പരാതിയില്‍നിന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സരികയെ രണ്ടു ദിവസമായികാണാനില്ലെന്ന് ഭര്‍ത്താവ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. നിരീക്ഷണക്യാമറയില്‍നിന്ന് പ്രതിയെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചു.

ശൗചാലയത്തില്‍ വെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ചാക്കിനുള്ളിലാക്കി ഓട്ടോറിക്ഷയില്‍ ഗോരേഗാവ് സ്റ്റേഷനില്‍ കൊണ്ടുവന്നു.

അവിടെനിന്ന് മൃതദേഹം ലോക്കല്‍ ട്രെയിനില്‍ കയറ്റി മാഹിമില്‍ തള്ളുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. സന്തോഷ്നഗറില്‍ വീട്ടുജോലിക്കാരാണ് ഇരുവരും.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ പരിചയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.