അരിക്കൊമ്പനെ തളയ്ക്കാന്‍ തമിഴ്‌നാട്, മയക്കുവെടി വയ്ക്കും

അരിക്കൊമ്പനെ തളയ്ക്കാന്‍ തമിഴ്‌നാട്, മയക്കുവെടി വയ്ക്കും

തമിഴ്‌നാട്: ചിന്നക്കനാലില്‍നിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ എത്തിച്ച കാട്ടാന അരിക്കൊമ്പന്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ പശ്ചാത്തലത്തില്‍ തളയ്ക്കാന്‍ നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്. അരിക്കൊമ്പനെ തളയ്ക്കുന്നതിന് കുങ്കിയാനകളെ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി വനംവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

ആനമലയില്‍നിന്നും മുതുമലയില്‍നിന്നും കുങ്കിയാനകള്‍ പുറപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പുറത്തിറങ്ങരുതന്ന് കമ്പത്തെയും പരിസര പ്രദേശത്തെയും ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ആനയെ തളയ്ക്കുന്നതിന് മയക്കുവെടി വയ്ക്കുമെന്ന് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ വാര്‍ത്താ ചാനലുകളോടു പറഞ്ഞു.

അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് എത്തിയതോടെ ആളുകള്‍ പരിഭ്രാന്തിയിലാണ്. കൂക്കി വിളിച്ചും മറ്റും ജനങ്ങള്‍ ആനയെ ഓടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വനം വകുപ്പ് അധികൃതരും സ്ഥലത്തുണ്ട്.ആന കമ്പം ടൗണിലൂടെ ഓടി ഏതാനും ഓട്ടോ റിക്ഷകള്‍ തകര്‍ത്തു. ലോവര്‍ ക്യാമ്പില്‍ നിന്നു വനാതിര്‍ത്തിയിലൂടെ ആന ടൗണിലേക്കിറങ്ങിയെന്നാണ് നിഗമനം.

ഇന്നലെ രാത്രി തമിഴ്‌നാട്ടിലെ ലോവര്‍ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വന മേഖലയിലായിരുന്നു ആന. ഇന്ന് രാവിലെ ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള റേഡിയോ കോളറില്‍നിന്നുള്ള സിഗ്‌നലുകള്‍ നഷ്ടമായി. ഇതോടെ വനം വകുപ്പ് തിരച്ചില്‍ തുടങ്ങി. അതിനിടെയാണ് ആന കമ്പം ടൗണിലെത്തിയന്ന് വ്യക്തമായത്.

കർണാടകയിൽ മന്ത്രി സ്ഥാനത്തേക്ക് 24 പേർ കൂടി; സത്യപ്രതിജ്ഞ ഇന്ന്

കർണാടകയിൽ മന്ത്രി സ്ഥാനത്തേക്ക് 24 പേർ കൂടി; സത്യപ്രതിജ്ഞ ഇന്ന്

ബാംഗ്ലൂർ: കർണാടകയിൽ മന്ത്രിസഭാ വികസനം ഇന്ന്. 24 എംഎഎൽഎമാർ കൂടി ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. ലിം​ഗായത്ത്, വൊക്കലിം​ഗ വിഭാ​ഗങ്ങൾക്ക് മന്ത്രിസഭയിൽ തുല്യ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. വകുപ്പു വിഭജനവും ഇന്നുണ്ടാകും.

അതേസമയം ബിജെപി വിട്ടെത്തിയ ലക്ഷ്മൺ സാവദിക്ക് മന്ത്രി സ്ഥാനം നൽകിയിട്ടില്ല. ബിജെപി വിട്ടെത്തിയ മറ്റൊരു നേതാവായ ജ​ഗദീഷ് ഷെട്ടാർ തെരഞ്ഞെടുപ്പിൽ തോറ്റിരുന്നു. ഷെട്ടാറിനെ എംഎൽസി സ്ഥാനം നൽകാതെ മന്ത്രിയാക്കാൻ സാധിക്കില്ലെന്ന സഹാചര്യം നിലനിൽക്കുന്നതിനാൽ ആദ്യ ഘട്ടത്തിൽ അദ്ദേഹത്തേയും പരി​ഗണിച്ചിട്ടില്ല. മന്ത്രിസഭാ വികസനത്തെ സംബന്ധിച്ച് ഡൽഹിയിൽ നടന്ന ചർച്ചകളിലാണ് ധാരണയായത്. പുതിയ മന്ത്രിമാരുടെ പട്ടികയിൽ ആരെയെല്ലാം ഉൾപ്പെടുത്തണമെന്നതിൽ തർക്കം നിലനിന്നിരുന്നു. ഇതുസംബന്ധിച്ച് രണ്ട് ദിവസമായി ഡൽഹിയിൽ തിരക്കിട്ട ചർച്ചകളും നടന്നു.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവർ ബുധനാഴ്ച രാത്രി ചർച്ചകൾക്കായി ഡൽഹിയിലെത്തി. വെള്ളിയാഴ്ച ഇരുവരും സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി വെവ്വേറെ കൂടിക്കാഴ്ചയും നടത്തി. പിന്നാലെയാണ് 24 പേരെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കുന്നതിൽ ധാരണയായത്.

തിരുവനന്തപുരം ലുലു മാളിൽ ജൂണ്‍ ഒന്നു മുതൽ പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തും

തിരുവനന്തപുരം ലുലു മാളിൽ ജൂണ്‍ ഒന്നു മുതൽ പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തും

തിരുവനന്തപുരം ലുലു മാളിൽ ജൂണ്‍ ഒന്നു മുതൽ പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തും. ആദ്യ ഒരു മണിക്കൂറിൽ പാര്‍ക്കിങ് സൗജന്യമായിരിക്കും. അതിന് ശേഷമുള്ള രണ്ടു മണിക്കൂര്‍ വരെ 20 രൂപയും, അഞ്ചുമണിക്കൂര്‍ വരെ 40 രൂപയും അതിന് മുകളിലേക്ക് ഒരോ മണിക്കൂറും പത്തൂരൂപ നിരക്കിലാവും പാര്‍ക്കിങ് ഫീസ് ഈടാക്കുക. ശനിയും ഞായറും പ്രവര്‍ത്തി ദിവസങ്ങളേക്കാള്‍ പത്തുരൂപ പാര്‍ക്കിങ്ങിന് അധികമായിരിക്കും. ഇവിടെ നാലായിരം കാറുകളും രണ്ടായിരത്തി അഞ്ഞൂറും ബൈക്കുകളും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

സംസഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്

സംസഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,440 രൂപ. ഗ്രാമിന് പത്തു രൂപ താഴ്ന്ന് 5555ല്‍ എത്തി. പവന് 560 രൂപയാണ് മൂന്നു ദിവസത്തിനിടെ കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്.

മാതൃഭൂമി മലയാളമനോരമ ആറ്റിങ്ങൽ ലേഖകനായിരുന്ന സുനിൽ അന്തരിച്ചു

മാതൃഭൂമി മലയാളമനോരമ ആറ്റിങ്ങൽ ലേഖകനായിരുന്ന സുനിൽ അന്തരിച്ചു

നഗരൂർ കൊടുവഴന്നൂർ കടമുക്ക് ശ്രീകൃഷ്ണ വിലാസത്തിൽ കെ സുനിൽകുമാർ (41) അന്തരിച്ചു.
സംസ്കാരം ഇന്ന് പകൽ 12ന് വീട്ടുവളപ്പിൽ നടക്കും.
കൃഷ്ണപിള്ള – ലളിതമ്മ ദമ്പതികളുടെ മകനാണ്.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ അഞ്ചുമണിക്കാണ് അന്ത്യം സംഭവിച്ചത്.

ഏറെക്കാലം പത്രപ്രവർത്തനരംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന സുനിൽ നിലവിൽ ചിറയിൻകീഴ് ശ്രീ saradavilasam ഗേൾസ് High സ്കൂളിലെ അധ്യാപകനാണ്.
മാതൃഭൂമി ആറ്റിങ്ങൽ ലേഖകനായി നിരവധി വർഷക്കാലം പ്രവർത്തിച്ചിരുന്നു.
സാഹിത്യകാരൻ കൂടിയായിരുന്നു സുനിൽ.
എഴുത്താപ്പ ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
ബിന്ദുവാണ് സുനിലിന്റെ ഭാര്യ.
ഏക മകൻ ആര്യൻ വിദ്യാർത്ഥിയാണ്.

ഇന്ന് രാവിലെ എട്ടുമണിയോടെ സുനിലിന്റെ മൃതദേഹം
ചിറയിൻകീഴ് സ്കൂളിൽ എത്തിക്കും. അവിടെ പൊതു ദർശനത്തിനു ശേഷമായിരിക്കും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവുക.

കേന്ദ്ര മന്ത്രി വി. മുരളീധരൻ്റെ പരിപാടി തടഞ്ഞ് കേരള സർവകലാശാല

കേന്ദ്ര മന്ത്രി വി മുരളീധരൻ്റെ പരിപാടി തടഞ്ഞ് കേരള സർവകലാശാല. കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ഓഫീസ് ഉദ്ഘാടനം അനുവദിക്കില്ലെന്ന് രജിസ്ട്രാർ പ്രൊ. ഡോ കെ. എസ് അനിൽ കുമാറിൻ്റെ നിർദ്ദേശം. ഇന്ന് ഉച്ചക്ക് 12 നാണ് കേന്ദ്ര മന്ത്രി ഉദ്ഘാടനം നടത്താൻ തീരുമാനിച്ചത്. മറ്റ് യൂണിയനുകൾ പ്രവൃത്തിക്കുമ്പോഴാണ് എംപ്ലോയീസ് സംഘിനോടും കേന്ദ്രമന്ത്രിയോടുമുള്ള വിലക്ക്. സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നു.