by Midhun HP News | Feb 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: കുറഞ്ഞ മൂല്യത്തിലുള്ള ഒന്നിലധികം യുപിഐ ഇടപാടുകള്‍ വേഗത്തില്‍ ചെയ്യാന്‍ സഹായിക്കുന്ന യുപിഐ ലൈറ്റ് അവതരിപ്പിച്ച് പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക്. പേടിഎം വഴി ഒറ്റ ക്ലിക്കില്‍ തന്നെ വേഗത്തില്‍ ഇടപാട് നടത്താന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. രാജ്യത്ത് ആദ്യമായാണ് യുപിഐ ലൈറ്റ് അവതരിപ്പിക്കുന്നത്. യുപിഐ ലൈറ്റ് വഴി 200 രൂപ വരെയുള്ള ചില്ലറ ഇടപാടുകള്‍ പരിധിയില്ലാതെ അതിവേഗം നിര്‍വഹിക്കാന്‍ കഴിയും. 2000 രൂപയാണ് യുപിഐ ലൈറ്റ് വഴി കൈമാറാന്‍ കഴിയുന്ന ഉയര്‍ന്ന തുക.

എന്നാല്‍ ഒരു ദിവസം രണ്ടു തവണ മാത്രമേ രണ്ടായിരം രൂപയുടെ ഇടപാട് നടത്താന്‍ സാധിക്കൂ. അതേസമയം 200 രൂപയില്‍ താഴെയുള്ള ചില്ലറ ഇടപാടുകള്‍ യഥേഷ്ടം നിര്‍വഹിക്കാന്‍ സാധിക്കും. അതിവേഗത്തില്‍ ഇടപാട് നടത്താന്‍ കഴിയുന്നത് സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. രാജ്യത്തെ ജനങ്ങളെ ഡിജിറ്റല്‍ പേയ്‌മെന്റിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍ എന്ന് പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് അറിയിച്ചു.

by Midhun HP News | Feb 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇടയ്‌ക്കോട് വില്ലേജ് റെസിഡൻസ് വെൽഫയർ സഹകരണ സംഘത്തിന്റെ 9 ആം വാർഷിക പൊതുയോഗം നടന്നു. ഊരുപൊയ്ക സംഘം ഹാളിൽ നടന്ന ചടങ്ങിൽ സംഘം പ്രസിഡൻറ് എസ്. അനിൽകുമാർ അധ്യക്ഷനായി. പൊതുയോഗത്തിൽ സംഘം സെക്രട്ടറി സജി. എ.എസ് 2021-22 ലെ വരവ് ചെലവ് കണക്കും ബൈല ഭേദഗതിയും ബഡ്ജറ്റും അവതരിപ്പിച്ചു. സുവോളജിയിൽ പിഎച്ച്ഡി നേടിയ സംഘം അംഗമായ ജെ എസ് ചന്ദനയെ ചടങ്ങിൽ അനുമോദിച്ചു. വൈസ് പ്രസിഡന്റ് പി. സതീഷ്‌കുമാർ, എം എ റഹിം, ജി. ശിവാനന്ദൻ, അശോകൻ, സിന്ധു, രാജേന്ദ്രൻ നായർ, ജയചന്ദ്രൻ, അംബിക കുമാരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
by Midhun HP News | Feb 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: രണ്ടു വയസിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുകയാണ് മടവൂർ സ്വദേശിയായ ഇഷാൻ. എസ്.മനു. ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളും അവയുടെ അനുബന്ധ ചിത്രങ്ങളും, ഇംഗ്ലീഷ് കവിത, ആഴ്ചയിലെ ദിവസങ്ങൾ, മഴവില്ലിന്റെ നിറങ്ങൾ, 5 ദേശീയ മൃഗങ്ങൾ, 1മുതൽ 15 വരെയുള്ള എണ്ണൽ സംഖ്യകൾ, 10 നിറങ്ങൾ, 15 വാഹനങ്ങൾ, 42 മൃഗങ്ങൾ, 8 കടൽ ജീവികൾ, 12 ശരീരഭാഗങ്ങൾ, 25 പഴവർഗങ്ങൾ, 18 പച്ചക്കറികൾ, 8പക്ഷികൾ, 5പ്രാണികൾ, 10 പൊതുവിഞാന ചോദ്യങ്ങളുടെ ഉത്തരങ്ങൾ കൂടാതെ 8 മൃഗങ്ങളുടെ ശബ്ദങ്ങൾ അനുകരിച്ചുമാണ് ഈ കൊച്ചു മിടുക്കൻ റെക്കോർഡ് നേട്ടം കരസ്ഥമാക്കിയത്.
2വയസ്സും 4 മാസവുമാണ് ഇഷാന്റെ പ്രായം.
മടവൂർ കൊച്ചാലുമ്മൂട് പോളച്ചിറ വീട്ടിൽ പ്രവാസിയായ മനുവിന്റെയും മുടപുരം ശ്രുതി ഭവനിൽ ശ്രുതി (മടവൂർ കുടുംബരോഗ്യകേന്ദ്രത്തിലെ എം എൽ എസ് പി സ്റ്റാഫ് നേഴ്സ്) യുടെയും മകനാണ് ഇഷാൻ.


by Midhun HP News | Feb 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: ആധാറുമായി ബന്ധപ്പെട്ട് പുതിയ ടോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് യുഐഡിഎഐ. ആധാറുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുകള്‍ അറിയുന്നതിന് സഹായിക്കുന്നതാണ് ടോള്‍ ഫ്രീ നമ്പര്‍. ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പുതിയ സേവനം 24 മണിക്കൂറും ലഭ്യമാണ്.
1947 എന്ന നമ്പറിലേക്ക് വിളിച്ചോ എസ്എംഎസ് അയച്ചോ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ അറിയുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയത്. എന്‍ റോള്‍മെന്റ് / അപ്‌ഡേറ്റ് സ്റ്റാറ്റസ്, പിവിസി കാര്‍ഡ് സ്റ്റാറ്റസ് അടക്കം യുഐഡിഎഐയുടെ ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളെ കുറിച്ച് അറിയാന്‍ സഹായിക്കുന്നതാണ് പുതിയ സംവിധാനം. ട്വിറ്ററിലൂടെയാണ് യുഐഡിഎഐ പുതിയ സേവനത്തെ കുറിച്ച് അറിയിച്ചത്.

എന്‍ റോള്‍മെന്റ് സ്റ്റാറ്റസ്, പിവിസി കാര്‍ഡ് സ്റ്റാറ്റസ് എന്നിവയ്ക്ക് പുറമേ കംപ്ലെയിന്റ് സ്റ്റാറ്റസ്, എന്‍ റോള്‍മെന്റ് സെന്റര്‍ എവിടെയാണ് എന്ന് കണ്ടെത്തല്‍ തുടങ്ങി മറ്റു സേവനങ്ങള്‍ക്കും ഈ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കാന്‍ സാധിക്കും. എസ്എംഎസ് വഴിയും വിവരം അറിയാന്‍ കഴിയും വിധമാണ് സംവിധാനം.

by Midhun HP News | Feb 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ (സിഐഐ) ഏര്‍പ്പെടുത്തിയ ഭക്ഷ്യസുരക്ഷാ അവാര്‍ഡ് തുടര്‍ച്ചയായ മൂന്നാം തവണയും കൊച്ചി ആസ്ഥാനമായ ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളില്‍ ഒന്നായ മാന്‍ കാന്‍കോര്‍ കരസ്ഥമാക്കി. വന്‍കിട ഭക്ഷ്യോത്പാദക വിഭാഗത്തില്‍ ഭക്ഷ്യസുരക്ഷയില്‍ കര്‍ശനമായ പ്രതിബദ്ധതയ്ക്കാണ് ബഹുമതി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സിഇഒ ജി. കമലവര്‍ധന റാവുവില്‍ നിന്ന് മാന്‍ കാന്‍കോര്‍ പ്രൊഡക്ഷന്‍ വിഭാഗം അസോസിയേറ്റ് ഹെഡ് ജയമോഹനന്‍ സി അവാര്‍ഡ് ഏറ്റുവാങ്ങി.

ഭക്ഷ്യസുരക്ഷാ രംഗത്ത് ഏറെ പരിചയസമ്പന്നരായ പ്രൊഫഷണലുകളാണ് വെര്‍ച്വലായി നടന്ന അവാര്‍ഡിനായുള്ള മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തത്. തുടര്‍ച്ചയായ മൂന്നാം തവണയും സിഐഐയുടെ ഭക്ഷ്യസുരക്ഷാ അവാര്‍ഡ് നേടാനായതില്‍ ഏറെ അഭിമാനമുണ്ടെന്ന് മാന്‍ കാന്‍കോര്‍ സിഇഒയും ഡയറക്ടറുമായ ഡോ. ജീമോന്‍ കോര പറഞ്ഞു. ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ഉത്പന്നങ്ങളില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

by Midhun HP News | Feb 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്‌ട്രാറ്റജിക് കൗൺസിലിന്റെ (കെ–-ഡിസ്‌ക്) ‘ഒരു തദ്ദേശ സ്ഥാപനം, ഒരു ആശയം’ പദ്ധതിയുടെ ഭാഗമായുള്ള ഇന്നൊവേഷൻ ചലഞ്ച് 2023 ലേക്ക് ഇപ്പോൾ ആശയങ്ങൾ സമർപ്പിക്കാം. കേരള വെറ്ററനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി (കെ.വി.എ.എസ്.യു), കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി (കെ.ടി.യു), കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി (കെ.എ.യു), കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) തുടങ്ങിയവയിലെ വിദ്യാർത്ഥികൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വിവിധ മേഖലയിലെ പൂർവ വിദ്യാർത്ഥികൾ തുടങ്ങിയവർക്കാണ് പ്രാദേശികതല ഉത്പാദനം, സാങ്കേതികവിദ്യ തുടങ്ങിയവ സംബന്ധിച്ച ആശയങ്ങൾ സമർപ്പിക്കാൻ അവസരം.

ഏറ്റവും മികച്ച മൂന്ന് ആശയങ്ങൾക്ക് സമ്മാനമുണ്ട്. മൂന്ന് വിഭാഗങ്ങളിലായാണ് അപേക്ഷകൾ സ്വീകരിക്കുക. ഒന്നാം വിഭാഗത്തിൽ വിദ്യാർത്ഥികൾ, രണ്ടാം വിഭാഗത്തിൽ പി എച്ച് ഡി സ്കോളർ, മൂന്നിൽ സ്റ്റാർട്ടപ്പുകൾ. കഴിഞ്ഞ മൂന്ന് വർഷത്തിനകം ബിടെക്/ മാസ്റ്റേഴ്സ്/ പിഎച്ച്ഡി പൂർത്തിയായവർക്കും അതാത് വിഭാഗത്തിൽ അപേക്ഷിക്കാം.

കൃഷിയും സസ്യശാസ്ത്രവും, അനിമൽ ഹസ്ബൻഡറി ആൻഡ് പൗൾട്രി സയൻസസ്, ഫിഷറീസ് ആൻഡ് ഒഷൻ സയൻസസ്, ഡയറി, ഫുഡ് ടെക്നോളജി, പുനരുപയോഗം, ഊർജ സംരക്ഷണം, ഇ- മൊബിലിറ്റി, കാർബൺ വേർതിരിക്കൽ, മാലിന്യ നിർമാർജനം എന്നീ ആശയങ്ങളുടെ പ്രോജെക്ടുകളാണ് സമർപ്പിക്കേണ്ടത്. kdisc.kerala.gov.in/oloi/challenge എന്ന വെബ്സൈറ്റ് വഴി ആശയങ്ങൾ സമർപ്പിക്കാം. അവസാന തീയതി ഫെബ്രുവരി 25. ഫോൺ : 8547510783, 9645106643.
Recent Comments