by Midhun HP News | Nov 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആലംകോട് മിനിലോറിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. കണ്ടെയ്നർ ലോറിയിലെ ഡ്രൈവർ എറണാകുളം സ്വദേശിയ്ക്ക് പരുക്ക് ഉണ്ട്. എറണാകുളത്തു നിന്നും തിരുവന്തപുരത്തേയ്ക്കു വന്ന കണ്ടെയ്നർ ലോറിയും കിളിമാനൂർ ഭാഗത്തു നിന്നും കല്ലമ്പലത്തേയ്ക് റെഡി മിക്സ് കയറ്റി വന്ന മിനിലോറിയുമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ആറര മണിയോടെയായിരുന്നു സംഭവം. അപകടത്തിൽപ്പെട്ടവരെ പൊതു പ്രവർത്തകനായ എം എച്ച് അഷ്‌റഫിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തുകയായിരുന്നു.

by Midhun HP News | Nov 25, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ദുബൈയില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റഫീഖി (30) ല്‍ നിന്ന് 570 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ചയാണ് സംഭവം. മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം മൂന്ന് കാപ്‌സ്യൂളുകളിലായി ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്തുകയായിരുന്നു. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ റഫീഖിനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പൊലീസുണ്ടായിരുന്നു.
ബന്ധുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴി സീറോ പോയിന്റില്‍ വെച്ചാണ് റഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ റഫീഖ് വിസമ്മതിച്ചു. തുടര്‍ന്ന് ഇയാളുടെ ശരീരവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണം കണ്ടെത്താനായില്ല. തുടര്‍ന്ന് റഫീഖിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യപരിശോധന നടത്തുകയായിരുന്നു. എക്‌സറേ പരിശോധനയില്‍ റഫീഖിന്റെ വയറിനകത്ത് സ്വര്‍ണമിശ്രിതമടങ്ങിയ മൂന്ന് കാപ്‌സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

by Midhun HP News | Nov 25, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ വിജയം. ഏഴ് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് വിജയിച്ചത്. 104 പന്തില്‍ 145 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ടോം ലാഥമാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. നായകന്‍ കെയ്ന്‍ വില്യംസണ്‍ 98 പന്തില്‍ 94 റണ്‍സുമായി പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 307 റണ്‍സിന്‍റെ വിജയലക്ഷ്യം ന്യൂസിലന്‍ഡ് 47.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടന്നു.
സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 306-7, ന്യൂസിലന്‍ഡ് 47.1 ഓവറില്‍ 309-3.

ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച ഉമ്രാന്‍ മാലിക് രണ്ട് വിക്കറ്റെടുത്തു. റിഷഭ് പന്തിന് പ്ലേയിംഗ് ഇലവനില്‍ ഇടം നല്‍കാനായി അഞ്ച് ബൗളര്‍മാരുമായി ഇറങ്ങിയ ഇന്ത്യയുടെ തന്ത്രം തിരിച്ചടിച്ചു. ബാറ്റിംഗില്‍ റിഷഭ് പന്ത് ഫോമിലായില്ല. 10 ഓവറില്‍ 42 റണ്‍സ് മാത്രം വിട്ടുകൊടുത്ത വാഷിംഗ്‌ടണ്‍ സുന്ദര്‍ മാത്രമാണ് ഇന്ത്യക്കായി ഭേദപ്പെട്ട ബൗളിംഗ് നടത്തിയത്. കിവീസിനായി ലോക്കി ഫെര്‍ഗൂസന്‍ 10 ഓവറില്‍ 59 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ടിം സൗത്തി 10 ഓവറില്‍ 73 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
by Midhun HP News | Nov 25, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാന സർക്കാർ നടത്തുന്ന ലഹരിവിരുദ്ധ പ്രചരണ പരിപാടികളോടനുബന്ധിച്ച് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സ്കൂൾ കുട്ടികൾക്കായി നടത്തിയ ലഹരിവിരുദ്ധ പോസ്റ്റര്‍രചനാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ജി എച്ച് എസ് എസ് അവനവഞ്ചേരിയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ശ്രീദേവ് ഹരീഷ് ഒന്നാം സമ്മാനം നേടി. നരുവാമൂട് ചിന്മയ വിദ്യാലയത്തിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥി രുദ്രാ നായർ രണ്ടാം സമ്മാനവും നെയ്യാറ്റിൻകര ഡോ. ജി ആര്‍ പബ്ലിക് സ്‌കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥി നവനീത് മുരളീധരന്‍ മൂന്നാം സമ്മാനവും കരസ്ഥമാക്കി. വഴുതക്കാട് കാര്‍മല്‍ ജി എച്ച് എസ് എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അലീന എ പി, തിരുവനന്തപുരം സെന്റ് ജോസഫ്‌സ് എച്ച് എസ് എസിലെ എട്ടാംക്ലാസ് വിദ്യാർത്ഥി സഞ്ജയ് വി എസ് എന്നിവർക്ക് പ്രോത്സാഹനസമ്മാനങ്ങൾ ലഭിക്കും.

അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള അൻപതോളം കുട്ടികളാണു മത്സരത്തിൽ പങ്കെടുത്തത്. തിരുവനന്തപുരം കനകക്കുന്നുകൊട്ടാരമായിരുന്നു വേദി. വ്യത്യസ്ത ആശയങ്ങളിലൂന്നിയ വിവിധ പോസ്റ്ററുകളാണ് കുട്ടികൾ രചിച്ചത്. മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ പിന്നീട് വിതരണം ചെയ്യും.
by Midhun HP News | Nov 25, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കാൽപ്പന്തിന്റെ ആവേശക്കൊടുമുടിയിൽ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ച് അഞ്ചുതെങ്ങിലെ മെസ്സി ആരാധകർ. ലോക കപ്പ് ഫുട്ബാളിന്റെ ഭാഗമായാണ് അഞ്ചുതെങ്ങിലും പടുകൂറ്റൻ കട്ടൗട്ട് ഉയർന്നിരിക്കുന്നത്. അർജന്റീനൻ താരമായ മെസ്സിയുടെ അറുപതടിയോളം ഉയരമുള്ള പാടുകൂറ്റൻ കട്ടൗട്ടാണ് അഞ്ചുതെങ്ങ് ജെൻക്ഷന് സമീപം സ്ഥാപിച്ചത്.

“മെസ്സി ഫാൻസ് അഞ്ചങ്കോ” എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഫുട്ബാൾ ഇതിഹാസവും തങ്ങളുടെ ഇഷ്ട താരവുമായ മെസ്സിയുടെ ഭീമാകാര കട്ടൗട്ട് സ്ഥാപിച്ചത്. നൂറോളം അംഗങ്ങളുള്ള “മെസ്സി ഫാൻസ് അഞ്ചങ്കോ” കൂട്ടായ്മയിലെ ഓരോ അംഗങ്ങളിൽ നിന്നും പിരിച്ചെടുത്ത ₹70,000 ത്തോളം രൂപ ഉപയോഗിച്ചാണ് കട്ടൗട്ടിന്റെ നിർമ്മാണം. കട്ടൗട്ട് സ്ഥാപിക്കുന്ന ജോലികളിൽ ഏർപ്പെട്ടതും “മെസ്സി ഫാൻസ് അഞ്ചങ്കോ” കൂട്ടായ്മയിലെ അംഗങ്ങൾ തന്നെയാണ്. തങ്ങളുടെ മൂന്ന് ദിവസത്തോളമുള്ള കഠിനപരിശ്രമത്തിന്റെ ഭാഗമാണ് കട്ടൗട്ട് സ്ഥാപിക്കാൻ കഴിഞ്ഞതെന്ന് ഭാരവാഹികൾ പറഞ്ഞു.
by Midhun HP News | Nov 25, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾക്ക് ഗ്രേഡിംഗ് കൊണ്ടുവരുന്നത് ഗൗരവമായി ആലോചിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. നേരത്തെ അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് മാറ്റിവെച്ച ഗ്രേഡിംഗാണ് വീണ്ടും നടപ്പാക്കാനുള്ള സർക്കാർ നീക്കം. പ്രൈമറി ക്ലാസുകളിലെ എഴുത്തുപരീക്ഷ മാറ്റുന്നതും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോളേജുകളിലെ നാക് അക്രഡിറ്റേഷൻ മാതൃകയിൽ സ്കൂളുകൾക്ക് ഗ്രേഡിംഗ് നേരത്തെ ആലോചിച്ചതാണ്.

എസ്സിഇആർടിക്ക് ചുമതല നൽകിയെങ്കിലും വിമർശനങ്ങൾ ശക്തമായതിനെ തുടർന്ന് പരിഷ്ക്കരണം മാറ്റിവെക്കുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങളും അക്കാഡമിക് മികവുകളും കണക്കിലെടുത്ത് സ്കൂളുകൾക്ക് വിവിധ തരം ഗ്രേഡുകൾ നൽകലായിരുന്നു ലക്ഷ്യം. എന്നാൽ ഗ്രാമീണ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞ സർക്കാർ സ്കൂളുകൾ അടക്കം ഗ്രേഡിംഗിൽ പിന്നോട്ട് പോയാൽ കുട്ടികളെ ആ സ്കൂളുകളിൽ ചേർക്കാൻ രക്ഷിതാക്കൾ മടിക്കുമെന്ന വിലയിരുത്തലാണ് ഉണ്ടായത്. താഴെ തട്ടിലെ ഗ്രേഡ് കിട്ടുന്ന സ്കൂളുകൾ അടച്ചുപൂട്ടേണ്ട സ്ഥിതിയാകുമെന്ന് അധ്യാപക സംഘടനകളും പരാതി ഉന്നയിച്ചിരുന്നു.
നാക് മോഡൽ മാറ്റി പുതിയ രീതിയിലുള്ള ഗ്രേഡിംഗ് സാധ്യതയാകും വിദ്യാഭ്യാസവകുപ്പ് ഇനി പരിഗണിക്കാൻ സാധ്യത. സിബിഎസ്ഇയിൽ ക്ലാളിറ്റി ഇൻഡിക്കേറ്റർ നോക്കി സ്കൂളുകളെ തരംതിരിക്കുന്ന സമ്പ്രദായം കേരള സിലബസ്സിലും വന്നേക്കും. ഇക്കാര്യത്തിൽ അധ്യാപകസംഘടനകളുമായും വിദ്യാഭ്യാസവിദഗ്ധരുമായും സർക്കാർ ഉടൻ ചർച്ച നടത്തും. പരീക്ഷാ രീതിയിലും അടിമുടിമാറ്റവും വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നുണ്ട്. താഴ്ന്ന ക്ലാസുകളിൽ വിവിധ തരം പ്രവൃത്തികളെ അടിസ്ഥാനമാക്കിയാണ് കുട്ടിയെ നിലവിൽ വിലയിരുത്തുന്നത്. എഴുത്തുപരീക്ഷകൾ എല്ലാ ക്ലാസുകളിലും ആവശ്യമില്ലെന്ന് നിരവധി വിദഗ്ധസമിതി റിപ്പോർട്ടുകൾ സർക്കാർ പരിഗണനയിലുമുണ്ട്.
Recent Comments