ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർക്ക് നായയുടെ കടിയേറ്റു

ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർക്ക് നായയുടെ കടിയേറ്റു

ചെമ്മരുതി: ചെമ്മരുതി പഞ്ചായത്തിലെ വാക്സിനേഷൻ ക്യാമ്പയിനോട് അനുബന്ധിച്ചുള്ള പേവിഷ ബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിനിടയിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആയ വിപിന് നായയുടെ കടിയേറ്റു. കൈകാലുകൾക്ക് സാരമായ പരിക്കേറ്റു. ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തുടയിൽ ആഴത്തിലുള്ള മുറിവാണ്. സെറം എടുക്കാൻ കൊല്ലത്തേക്ക് റെഫർ ചെയ്തു.

മാധ്യമപ്രവർത്തകൻ ഡി. സുദർശൻ കുമാർ (61) അന്തരിച്ചു

മാധ്യമപ്രവർത്തകൻ ഡി. സുദർശൻ കുമാർ (61) അന്തരിച്ചു

മാധ്യമപ്രവർത്തകൻ ഡി. സുദർശൻ കുമാർ (61) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിലായിരുന്നു അന്ത്യം. പ്രശസ്തനായ സ്പോർട്സ് ജേർണലിസ്റ്റ് ആണ്. ദീപിക ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയി ദീർഘകാലം പ്രവർത്തിച്ചു. ഇന്ത്യാ വിഷൻ്റെ സ്പോർട്സ് എഡിറ്റർ ആയും റിപ്പോർട്ടർ ടിവി, ജീവൻ ടിവി, മംഗളം ടിവി എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട് .

വീട്ടമ്മയെ വെട്ടി പരിക്കേൽപിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

വീട്ടമ്മയെ വെട്ടി പരിക്കേൽപിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

ആറ്റിങ്ങൽ: വീട്ടമ്മയെ വെട്ടാൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയായ 58 വയസ്സുള്ള വിജയകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. മാമം ശീവേലികോണത്ത് എം ബി ഭവനിൽ പ്രതിഭാകുമാരി (52 )നെയാണ്
അയൽവാസി വടിവാളുപയോഗിച്ച് വെട്ടി പരിക്കേല്പിച്ചത്. ഇന്നലെ 12.45 ഓടെയായിരുന്നു സംഭവം. മതിൽ തർക്കത്തെ തുടർന്ന് വാക്ക് തർക്കത്തിലേർപ്പെടുകയും തുടർന്ന് അയൽവാസി വടിവാളുപയോഗിച്ച് വെട്ടി പരിക്കേല്പ്പിക്കുകയുമായിരുന്നു. ഭർത്താവിനെ പിടിച്ചു മാറ്റാൻ ശ്രമിക്കവെയാണ് വീട്ടമ്മയ്ക്ക് വെട്ടേറ്റത്. പ്രതിയെ റിമാൻഡ് ചെയ്തു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ വിരമിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ വിരമിച്ചു

ഡൽഹി: മുന്‍ ഇന്ത്യന്‍ ഓപ്പണറും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവുമായ റോബിന്‍ ഉത്തപ്പ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രാജ്യത്തെയും കര്‍ണാടകയെയെും പ്രതിനിധീകരിക്കാനായതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടെന്നും അതിനാല്‍ നിറഞ്ഞ ഹൃദയത്തോടെ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നുവെന്നും ഉത്തപ്പ ട്വീറ്റില്‍ വ്യക്തമാക്കി. 2007ൽ ആദ്യ ട്വന്റി 20 ലോകകിരീടം നേടിയ ഇന്ത്യൻ ടീമിലെ സുപ്രധാന സാന്നിദ്ധ്യമായിരുന്നു ഉത്തപ്പ. 46 ഏകദിനങ്ങളിൽ നിന്നായി 934 റൺസും 13 ട്വന്റി 20 മത്സരങ്ങളിൽ നിന്നായി 249 റൺസും നേടിയിട്ടുണ്ട്.

പേസ് ബൗളർമാരെ പോലും ക്രീസിൽ നിന്നും ചാടിയിറങ്ങി പ്രഹരിച്ചിരുന്ന ഉത്തപ്പ, സമകാലിക ക്രിക്കറ്റിലെ മികച്ച ആക്രമണകാരിയായ ബാറ്റർമാരിൽ ഒരാളായിരുന്നു.“2007 ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ പരുങ്ങലിലായിരുന്ന ഇന്ത്യയെ തകർപ്പൻ അർദ്ധ സെഞ്ച്വറിയിലൂടെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത് ഉത്തപ്പയായിരുന്നു. സമനിലയിൽ അവസാനിച്ച മത്സരത്തിൽ, ബൗൾ ഔട്ടിലൂടെ ഇന്ത്യയെ വിജയത്തിലെത്തിച്ചതിലും ഉത്തപ്പ നിർണ്ണായക പങ്ക് വഹിച്ചു.

2021ൽ ഐപിഎൽ കിരീടം നേടിയ ചെന്നൈ ടീമിലും ഉത്തപ്പ ഭാഗമായിരുന്നു. 205 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 27 അർദ്ധ ശതകങ്ങൾ ഉൾപ്പെടെ 4,952 റൺസ് അടിച്ചു കൂട്ടിയിട്ടുള്ള റോബിൻ ഉത്തപ്പ, ഐപിഎൽ ചരിത്രത്തിലെ ഒൻപതാമത്തെ മികച്ച റൺ വേട്ടക്കാരനാണ്. രഞ്ജി ട്രോഫിയിൽ കർണാടകയ്‌ക്ക് വേണ്ടി കളിച്ചിട്ടുള്ള ഉത്തപ്പ, കേരള രഞ്ജി ടീമിന്റെ ക്യാപ്ടനായും മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. 2012ലും 2014ലും ഗൗതം ഗംഭീർ നയിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ കിരീടം നേടുമ്പോൾ ഉത്തപ്പയുടെ പ്രകടനം നിർണ്ണായകമായിരുന്നു.

ജെ സി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡിനർഹനായി വെള്ളൂർ കോണം സ്വദേശി

ജെ സി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡിനർഹനായി വെള്ളൂർ കോണം സ്വദേശി

ജെ സി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡിനർഹനായ വെള്ളൂർ കോണം സ്വദേശി ലാൽ കണ്ണന് ആദരവ് നൽകി. മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മഞ്ജു പ്രദീപ്, ലാൽ കണ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചു. “തുരുത്ത്” എന്ന സിനിമയ്ക്ക് ചായാഗ്രഹണം നിർവഹിച്ചതിനാണ് ലാൽ കണ്ണൻ ജെ സി ഡാനിയേൽ ഫൌണ്ടേഷൻ അവാർഡിന് അർഹനായത്. നാലാം വാർഡ് മുൻ കോൺഗ്രസ്‌ മെമ്പർ ചന്ദ്രശേഖരൻ നായരും മൂന്നാം വാർഡ് മുൻ കോൺഗ്രസ്‌ മെമ്പർ ബിജുകുമാറും ചടങ്ങിൽ പങ്കെടുത്തു. പ്ലസ് 2 വിന് ഫുൾ എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ച ലാൽ കണ്ണന്റെ മകൾ അഞ്ജലി ലാലിനെയും ചടങ്ങിൽ ആദരിച്ചു.

പതിനൊന്നുകാരിയ്‌ക്കു നേരെ ലൈംഗികാതിക്രമണം

പതിനൊന്നുകാരിയ്‌ക്കു നേരെ ലൈംഗികാതിക്രമണം

കോഴിക്കോട്: പതിനൊന്നുകാരിയ്‌ക്കു നേരെ ലൈംഗികാതിക്രമണം നടത്തിയ പ്രതിയ്‌ക്ക് ശിക്ഷ വിധിച്ച് അതിവേഗ പ്രത്യേക കോടതി. ഇരിങ്ങൽ സ്വദേശി 51-കാരൻ അബ്ദുൾ നാസറിനെയാണ് കൊയിലാണ്ടി അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. ആറു വർഷ കഠിനതടവും 1.75 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പോക്‌സോ നിയമപ്രകാരവും പട്ടികജാതി സംരക്ഷണ നിയമപ്രകാരവുമാണ് നാസറിനെ ശിക്ഷിച്ചത്.

2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. 11 വയസ്സുകാരിയെ വിളിച്ചു വരുത്തി പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പേരയ്‌ക്ക പറിക്കാനെത്തിയതായിരുന്നു കുട്ടി. കുട്ടി സംഭവം അമ്മയെ അറിയിക്കുകയും തുടർന്ന് പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. പയ്യോളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ വടകര ഡിവൈ.എസ്.പി. പ്രിൻസ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.