മയക്കുമരുന്നുമായി കിളിമാനൂർ സ്വദേശികൾ അറസ്റ്റിൽ

മയക്കുമരുന്നുമായി കിളിമാനൂർ സ്വദേശികൾ അറസ്റ്റിൽ

കിളിമാനൂർ: കിളിമാനൂർ എക്‌സൈസ് റെയിഞ്ച് പാർട്ടി കിളിമാനൂർ ജംഗ്ഷന് സമീപം ശിൽപ ജംഗ്ഷനിൽ നിന്നും ബൈക്കിൽ കടത്തിക്കൊണ്ടുവന്ന നൂറ് മില്ലിഗ്രാം എംഡിഎംഎയുമായി കിളിമാനൂർ സ്വദേശികളായ ഹരികൃഷ്ണൻ (22 വയസ്), സൂരജ് (22 വയസ്) എന്നിവരെ അറസ്റ്റ് ചെയ്തു. എംഡിഎംഎ കടത്താൻ ഉപയോഗിച്ച എന്റോർക്ക് ഇനത്തിലെ KL I6Z 2141 ബൈക്കും കസ്റ്റഡിയിൽ എടുത്ത് കേസെടുത്തു.

കിളിമാനൂർ മേഖലയിലെ എഞ്ചിനീയറിംഗ് കോളേജ് അടക്കമുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന കിളിമാനൂർ കേന്ദ്രീകരിച്ചുളള സംഘത്തിലെ കണ്ണികൾ ആണ് അറസ്റ്റിലായ ഹരികൃഷ്ണനും, സൂരജും. എക്‌സൈസ് റെയ്ഡിൽ എക്‌സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ, പ്രിവന്റീവ് ഓഫീസർ ഷൈജു.എസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെസീം.വൈ.ജെ., രതീഷ്.എം.ആർ., ഷെമീർ.എ.ആർ എന്നിവരുടെ നേതൃത്വത്തി ലായിരുന്നു അറസ്റ്റ്.

200 കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

200 കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീം 200 കിലോയോളം കഞ്ചാവുമായി പിടികൂടി. വെഞ്ഞാറമൂട് തണ്ട്രാൻ പൊയ്കയിൽ വാടകക്ക് താമസിക്കുന്ന പൂവച്ചൽ, കൊണ്ണിയൂർ ശങ്കരഭവനിൽ 39 വയസ്സുള്ള കിഷോറിനെയാണ് 200 കിലോയോളം കഞ്ചാവുമായി പിടികൂടിയത്.

വിശ്വകര്‍മ്മജരുടെ പ്രശ്നങ്ങൾ; സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി രാധാകൃഷ്ണൻ

വിശ്വകര്‍മ്മജരുടെ പ്രശ്നങ്ങൾ; സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി രാധാകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വിശ്വകര്‍മ്മ വിഭാ​ഗക്കാരുടെ പ്രത്യേകമായ പ്രശ്നങ്ങൾ പഠിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ സംസ്ഥാന പിന്നോക്ക വിഭാ​ഗം കമ്മീഷനെ ചുമതലപ്പെടുത്തുന്ന കാര്യം പരി​ഗണിക്കാമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ സഭയെ അറിയിച്ചു. നിയമസഭാ ചട്ടം 62 പ്രകാരം ‘ശങ്കരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിച്ച് ജനസംഖ്യാനുപാതത്തില്‍ വിശ്വകര്‍മ്മജര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കണക്കാക്കുന്നതിനും പഠിക്കുന്നതിനും പുതിയ ഒരു കമ്മീഷനെ നിയമിക്കുക’ എന്നത് സംബന്ധിച്ച് പ്രമോദ് നാരായൺ എംഎൽഎ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിനുളള മറുപടി നൽകുയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിശ്വകര്‍മ്മജരുടെ വിവിധ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് 2012 വര്‍ഷം ഡോ. പി.എന്‍. ശങ്കരനെ ഏകാംഗ കമ്മീഷനായി നിയമിക്കുകയും, കമ്മീഷന്‍ 2014 ഡിസംബർ 13 ന് റിപ്പോർട്ട് സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും ചെയ്തു. 21 ശുപാര്‍ശകളാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ 13 ശുപാര്‍ശകളിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവായിരുന്നു. ക്രമനമ്പര്‍ 6, 7 ശുപാര്‍ശകള്‍ വിശ്വകര്‍മ്മ പെന്‍ഷന്‍ പദ്ധതിയില്‍ വിശ്വകര്‍മ്മയുടെ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തുന്നതിനും, വിശ്വകര്‍മ്മ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്നതിനുമുള്ളതായിരുന്നു.

വിശ്വകര്‍മ്മയുടെ എല്ലാ അവാന്തര വിഭാഗങ്ങളേയും ഉള്‍പ്പെടുത്തിയും, പെന്‍ഷന്‍ തുക മറ്റു സാമൂഹ്യ പെന്‍ഷനുകള്‍ക്ക് തുല്യമായി വര്‍ദ്ധിപ്പിച്ച് പ്രത്യേകം ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടന്നും മന്ത്രി വ്യക്തമാക്കി. ക്രമനമ്പര്‍ 8, 14 ശുപാര്‍ശകളില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പിനും, ശുപാര്‍ശ 9 ന് സഹകരണ വകുപ്പിനും, ശിപാര്‍ശ 11 ന് റവന്യു വകുപ്പിന് 19, 20 ശുപാര്‍ശകള്‍ വ്യവസായ വകുപ്പ് മുഖേന നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ പിന്നാക്ക വിഭാഗങ്ങളുടെ കൃത്യമായ ജനസംഖ്യാ കണക്കുകള്‍ ഔദ്യോഗികമായി ലഭ്യമല്ലാത്തതിനാല്‍ നിലവിലെ സംവരണ വിഹിതം പുനഃക്രമീകരിക്കുന്നത് പ്രായോഗികമല്ലെന്നും മന്ത്രി മറുപടി നൽകി.

ജലജീവൻ മിഷൻ; സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ തരം മത്സരങ്ങൾ സംഘടിപ്പിച്ചു

ജലജീവൻ മിഷൻ; സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ തരം മത്സരങ്ങൾ സംഘടിപ്പിച്ചു

ചിറയിൻകീഴ്: കേന്ദ്ര-സംസ്ഥാന- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ചേർന്ന് കിഴുവിലം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ഗാർഹിക കുടി വെള്ള കണക്ഷനിലൂടെ ആവശ്യമായ ശുദ്ധ ജലം എത്തിക്കുന്ന ജലജീവൻ പദ്ധതിയുടെ ഭാഗമായി കിഴുവിലം ഗ്രാമ പഞ്ചായത്തിലെ സ്കൂൾ കുട്ടികൾക്കായി കിഴുവിലം യു.പി.എസ്സിൽ ചിത്ര രചനാ മത്സരം, ഉപന്യാസ മത്സരം, പ്രശ്നോത്തരി എന്നിങ്ങനെയുള്ള മത്സരങ്ങൾ ശ്രീ സത്യ സായി ഓർഫനേജ് ട്രസ്റ്റ് ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

കിഴുവിലം ഗവണ്മെന്റ് യു.പി എസ് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ. ശ്രീകണ്ഠൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണി ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി.ഗോപകുമാർ, പഞ്ചായത്ത് അംഗങ്ങളായ അനീഷ് .ജി.ജി, സുനിൽ.ടി, സലീന റഫീഖ്, കടയറ ജയചന്ദ്രൻ,
പ്രസന്ന.എസ്, അനീഷ്.പി, ഹെഡ്മിസ്ട്രസ് ഷീബ, അശ്വതി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. മത്സരങ്ങളിൽ വിജയികളായവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കൂടാതെ ജല സാക്ഷരതാ പ്രവർത്തനങ്ങൾക്ക് രൂപം നല്കുകയുണ്ടായി.

ഇരുട്ടിൽ യുവാവ് ചെന്നിടിച്ചതു കാട്ടാനയുടെ തുമ്പിക്കയ്യിൽ; ചവിട്ടി കാലൊടിച്ചു

മൂന്നാർ ∙ കോടമഞ്ഞും കൂരിരുട്ടും നിറഞ്ഞ വഴിയിലൂടെ മഴയത്തു കുട ചൂടി നടന്നുപോയ യുവാവ് ചെന്നിടിച്ചതു കാട്ടാനയുടെ തുമ്പിക്കയ്യിൽ! ആന യുവാവിനെ തട്ടിത്തെറിപ്പിച്ചു, കാൽ ചവിട്ടിയൊടിച്ചു. മൂന്നാർ കണ്ണൻ ദേവൻ കമ്പനി നല്ലതണ്ണി എസ്റ്റേറ്റ് നടയാർ സൗത്ത് ഡിവിഷനിലെ തൊഴിലാളികളായ കുമരന്റെയും സമുദ്രക്കനിയുടെയും മകൻ സുമിത്കുമാർ (18) ആണു കാട്ടാനയുടെ കാൽച്ചുവട്ടിൽ നിന്നു രക്ഷപ്പെട്ടത്.

വ്യാഴാഴ്ച രാത്രി 10 മണി. മൂന്നാർ ടൗണിൽനിന്നു വീട്ടിലേക്കു പോകുകയായിരുന്നു സുമിത്. കാറ്റും മഴയും മൂലം കുട മുന്നിലേക്കു ചെരിച്ചുപിടിച്ചായിരുന്നു നടപ്പ്. കാട്ടുകൊമ്പന്റെ തുമ്പിക്കയ്യിൽ ചെന്നിടിച്ചതും ആന തട്ടിയെറിഞ്ഞതും സുമിത്തിന് ഓർമയുണ്ട്. കാട്ടാന സുമിത്തിന്റെ കാലിൽ ചവിട്ടി നിൽപു തുടങ്ങി. ആന മാറിയ തക്കം നോക്കി സുമിത് ഇഴഞ്ഞു തേയിലച്ചെടികൾക്ക് ഇടയിലേക്കു നീങ്ങി. മഴയിൽ അട്ടയുടെ കടിയേറ്റ് ഒരു മണിക്കൂറോളം കിടന്നു. അതുവഴി വന്ന ഓട്ടോയിലെ യാത്രക്കാർ ബഹളം വച്ചതോടെയാണ് ആന മാറിയത്. കാലൊടിഞ്ഞതിനു പുറമേ താടിയെല്ലിനും പരുക്കേറ്റ സുമിത് ടാറ്റാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.