സംസ്ഥാനത്ത്  സ്വർണ വിലയിൽ വർധന

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്നുയർന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ ഇടിവാണ്. എന്നാൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37280 രൂപയായി.

അച്ചടിമാധ്യമങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ വാര്‍ത്തകളെയും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു

അച്ചടിമാധ്യമങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ വാര്‍ത്തകളെയും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു

ഡല്‍ഹി: അച്ചടിമാധ്യമങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ വാര്‍ത്തകളെയും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. പ്രിന്റിങ് പ്രസുകളെയും പത്രങ്ങളെയും നിയന്ത്രിക്കാന്‍ ബ്രിട്ടീഷ് ഭരണകാലത്ത് 1867-ല്‍ കൊണ്ടുവന്ന അച്ചടി, ബുക്ക് രജിസ്ട്രേഷന്‍ നിയമത്തിന് പകരമാണിത്. 2019-ലെ അച്ചടി, ആനുകാലിക രജിസ്ട്രേഷന്‍ ബില്ലിലാണ് ഡിജിറ്റല്‍ വാര്‍ത്താമാധ്യമങ്ങളെക്കൂടി നിയന്ത്രണപരിധിയിലാക്കുന്നത്. 2019 നവംബര്‍ 25-ന് ബില്ലിന്റെ കരട് പുറത്തിറക്കി ജനാഭിപ്രായം തേടിയപ്പോള്‍ത്തന്നെ ഡിജിറ്റല്‍ വാര്‍ത്തകളെ നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കണമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. പിന്നീട് അനക്കമില്ലാതിരുന്ന ബില്ലാണ് ഇപ്പോള്‍ പൊടിതട്ടിയെടുത്ത് വിവിധ മന്ത്രാലയങ്ങള്‍ക്കിടയിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി മന്ത്രിസഭയുടെ അനുമതിക്കയക്കാന്‍ തയ്യാറായിരിക്കുന്നത്.

മങ്കിപോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച രണ്ട്  ഓട്ടോറിക്ഷയിലെ ഡ്രൈവര്‍മാരെ കണ്ടെത്തി

മങ്കിപോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച രണ്ട് ഓട്ടോറിക്ഷയിലെ ഡ്രൈവര്‍മാരെ കണ്ടെത്തി

തിരുവനന്തപുരം: മങ്കിപോക്സ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തിയ കൊല്ലം ഡി.എം.ഒ. ഓഫീസിലെ ജീവനക്കാര്‍ക്കെതിരേ കടുത്ത നടപടി ഉണ്ടായേക്കും. ഡി.എം.ഒ. ഓഫീസിലെ പ്രധാന ജീവനക്കാര്‍ക്കെതിരേ സ്ഥലംമാറ്റമോ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികളോ സ്വീകരിച്ചേക്കും. ഇതിനിടെ മങ്കിപോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച രണ്ട് ഓട്ടോറിക്ഷയിലെ ഡ്രൈവര്‍മാരെ കണ്ടെത്തി. എന്നാല്‍ രോഗി കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സഞ്ചരിച്ച കാര്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഡ്രൈവറെ കണ്ടെത്താനുള്ള അന്വേഷണം കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.

മങ്കിപോക്സ് സ്ഥിരീകരിച്ച യുവാവ് വീട്ടില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് വന്നതും പോയതും ഒരു ഓട്ടോയിലാണെന്നാണ് ഇന്നലെ ഡിഎംഒ ഓഫീസ് അറിയിച്ചിരുന്നത്. എന്നാല്‍, ഇദ്ദേഹം ആശുപത്രിയിലേക്ക് എത്തിയത് ഒരു ഓട്ടോയിലും തിരികെ പോയത് മറ്റൊരു ഓട്ടോയിലുമാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ വലിയ വീഴ്ച ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നാണ് വിലയിരുത്തല്‍.

മോഹൻലാലിലും പ്രിയദർശനുമൊപ്പം എംടിക്ക് മലങ്കരയുടെ തീരത്ത് പിറന്നാൾ

മോഹൻലാലിലും പ്രിയദർശനുമൊപ്പം എംടിക്ക് മലങ്കരയുടെ തീരത്ത് പിറന്നാൾ

തൊടുപുഴ ∙ മലങ്കര ജലാശയത്തിലെ ഓളങ്ങൾക്ക് അഭിമുഖമായി ഇന്ന് കസവുകരയുള്ള മുണ്ടും വെള്ള ഷർട്ടും ധരിച്ച എം.ടി.വാസുദേവൻ നായർ പിറന്നാൾ സദ്യയുണ്ടു. ‘ഓളവും തീരവും’ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു 89-ാം പിറന്നാൾ ആഘോഷം. അരനൂറ്റാണ്ടിനുശേഷം സംവിധായകൻ പി.എൻ.മേനോന്റെ സ്ഥാനത്തു പ്രിയദർശനും നായകൻ ബാപ്പുട്ടിയായി മധുവിന്റെ സ്ഥാനത്തു മോഹൻലാലും എത്തിയ തലമുറമാറ്റത്തിനു എംടി നേർസാക്ഷിയായി.

നവതി വർഷത്തിൽ തന്റെ പത്തു കഥകൾ സിനിമയാകുമ്പോൾ 1970ൽ പുറത്തിറങ്ങിയ ഓളവും തീരവും പുനഃസൃഷ്ടിക്കപ്പെടുന്നതു നേരിൽ കാണാനാണു എംടി തൊടുപുഴ കുടയത്തൂരിലെ സെറ്റിലെത്തിയത്. ചിത്രീകരണത്തിന്റെ ഇടവേളയിൽ എംടി പിറന്നാൾ കേക്ക് മുറിച്ചു. ആദ്യമധുരം മകൾ അശ്വതി അച്ഛനു നൽകി.

ഉച്ചയ്ക്കു 12 നു സെറ്റിലെത്തിയ എംടി ഒന്നര മണിക്കൂറോളം സെറ്റിൽ ചെലവഴിച്ചു. മകൾ അശ്വതിക്കൊപ്പം കോഴിക്കോട് നിന്ന് കാറിൽ യാത്ര ചെയ്താണു എംടി കുടയത്തൂരിലെത്തിയത്. ഉച്ചയ്ക്കു രണ്ടു മണിയോടെ മടങ്ങി. ഛായാഗ്രാഹകൻ സന്തോഷ് ശിവൻ, പ്രൊഡക്‌ഷൻ ഡിസൈനർ സാബു സിറിൽ, നടിമാരായ ദുർഗ കൃഷ്ണ, സുരഭി ലക്ഷ്മി എന്നിവരും സെറ്റിലുണ്ടായിരുന്നു.

പ്രതിയും വ്‌ളോഗറുമായ അമല അനുവിന്റെ കാര്‍ വനം വകുപ്പ് പിടിച്ചെടുത്തു;വ്‌ളോഗര്‍ ഒളിവില്‍ത്തന്നെ

പ്രതിയും വ്‌ളോഗറുമായ അമല അനുവിന്റെ കാര്‍ വനം വകുപ്പ് പിടിച്ചെടുത്തു;വ്‌ളോഗര്‍ ഒളിവില്‍ത്തന്നെ

കൊല്ലം: മാമ്പഴത്തറ റിസര്‍വ് വനത്തില്‍ അതിക്രമിച്ചു കടന്ന കേസിലെ പ്രതിയും വ്‌ളോഗറുമായ അമല അനുവിന്റെ കാര്‍ വനം വകുപ്പ് പിടിച്ചെടുത്തു. തിരുവനന്തപുരം കിളിമാനൂരില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. അതിനിടെ, കേസില്‍ അമല സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ വനംവകുപ്പ് ഹൈക്കോടതയില്‍ എതിര്‍ക്കും. ഇതു സംബന്ധിച്ച സത്യവാങ്മൂലം വനംവകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഗുരുതരമായ നിയലംഘനം നടത്തി അതിക്രമിച്ച് കയറിയ അമലയെ കുടുക്കാനാണ് വനംവകുപ്പിന്റെ നീക്കം.

കിളിമാനൂരില്‍ അമല ഒളിവില്‍ താമസിച്ചിരുന്ന സ്ഥലത്ത് അന്വേഷണ ഉദ്യോഗസ്ഥനായ പത്തനാപുരം റേഞ്ച് ഓഫീസറും സംഘവും എത്തിയെങ്കിലും അവിടെനിന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു. അവിടെനിന്നാണ് കാര്‍ കണ്ടെത്തിയത്. കിളിമാനൂരില്‍നിന്ന് പാലക്കാട് തിരുവല്വാമലയിലേക്കാണ് അമല ആദ്യം പോയത്. ഇവിടെ ഒരു സുഹൃത്തിന്റെ അടുത്താണ് എത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയെന്ന് മനസ്സിലാക്കിയ അമല ഇവിടെ നിന്നും മുങ്ങി.

കേരള വനിതാ കമ്മിഷന്‍ ജാഗ്രതാ സമിതി പരിശീലനം 15-ന്

കേരള വനിതാ കമ്മിഷന്‍ ജാഗ്രതാ സമിതി പരിശീലനം 15-ന്

തിരുവനന്തപുരം: കേരള വനിതാ കമ്മിഷന്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജാഗ്രതാസമിതി അംഗങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കോര്‍പ്പറേഷനിലെ 100 വാര്‍ഡുകളിലേയും രണ്ട് വീതം ജാഗ്രതാസമിതി അംഗങ്ങള്‍ പരിശീലനത്തില്‍ പങ്കെടുക്കും. ജൂലൈ 15-ന് ഉച്ചയ്ക്ക 1.30-ന് തിരുവനന്തപുരം വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പരിശീലന പരിപാടി കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി ഉദ്ഘാടനം ചെയ്യും. കമ്മിഷന്‍ അംഗം ഇ.എം.രാധ, ഡപ്യൂട്ടി മേയര്‍ പി.കെ.രാജു, എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

കേരള വനിതാ കമ്മിഷന്‍ മുന്‍ ലോ ഓഫീസര്‍ പി.ഗിരിജ പരിശീലന ക്ലാസ് നയിക്കും. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്‍പേഴ്‌സണ്‍മാരായ എല്‍.എസ്.ആതിര, പി. ജമീലാ ശ്രീധരന്‍, ഡി.ആര്‍.അനില്‍, ജിഷാജോണ്‍, സിന്ധു വിജയന്‍, ഡോ.കെ.എസ്.റീന, നഗരസഭാ കക്ഷി നേതാക്കളായ എം.ആര്‍.ഗോപന്‍, പി.പദ്മകുമാര്‍ കമ്മിഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശ്രീകാന്ത്, എം.ഗിരിനാഥ്, നഗരസഭാ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, സിഡിപിഒ എ.റോഷ്‌നി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.സലിം സ്വാഗതവും കേരള വനിതാ കമ്മിഷന്‍ പ്രൊജക്ട് ഓഫീസര്‍ എന്‍.ദിവ്യ നന്ദിയും പറയും.

സ്ത്രീകളും പെണ്‍കുട്ടികളും കക്ഷിയായിട്ടുള്ള ഏതു പരാതിയും സ്വീകരിച്ച് എത്രയും വേഗം ആവശ്യമായ ഇടപെടലും പരിഹാരവും സഹായ സംവിധാനവും ഒരുക്കുക, തദ്ദേശ സ്വയംഭരണ സര്‍ക്കാരുകളുടെ സ്ത്രീപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവും നിര്‍ദേശവും പിന്തുണയും നല്‍കുക തുടങ്ങി സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്ന സമഗ്രമായ ഉദ്ദേശ്യലക്ഷങ്ങളോടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പരാതിപരിഹാര സംവിധാനമാണ് ജാഗ്രതാ സമിതി.