ആറ്റിങ്ങലിൽ കാണാതായ ആളെ മരിച്ച നിലയിൽ കിണറ്റിൽ കണ്ടെത്തി

ആറ്റിങ്ങലിൽ കാണാതായ ആളെ മരിച്ച നിലയിൽ കിണറ്റിൽ കണ്ടെത്തി

ആറ്റിങ്ങൽ: കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി. കിഴുവിലം ചിറ്റാറ്റിൻകര കടുവയിൽ കാട്ടുമ്പുറം കൊക്കോട്ടുകോണം കാർത്തിക ഭവനിൽ മധുവിനെയാണ് (57) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അസുഖ ബാധിതനായ ഇദ്ദേഹം ആശുപത്രിയിൽ പോകാനിരിക്കവേയാണ് സംഭവം.

കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസിനെ അറിയിക്കുകയും പോലീസും നാട്ടുകാരും ചേർന്നുള്ള തിരച്ചിലിനൊടുവിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക് മാറ്റി.

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു; നില ഗുരുതരം

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു; നില ഗുരുതരം

ജപ്പാൻ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു. ജപ്പാനിലെ നാര നഗരത്തിൽ വെച്ച് പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്.

ചികിത്സക്കിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കൽ നിന്ന് തോക്ക് കണ്ടെടുത്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 2020 ഓഗസ്റ്റിൽ അനാരാഗ്യത്തെ തുടര്‍ന്നാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്.

2006ന് ശേഷം ഒരു വർഷവും 2012 മുതൽ 2020 വരേയും അദ്ദേഹം ജപ്പാൻ പ്രധാനമന്ത്രി സ്ഥാനത്തുണ്ടായിരുന്നു. നീണ്ട കാലം ജപ്പാനിലെ പ്രധാനമന്ത്രി സ്ഥാനത്തിരുന്ന വ്യക്തി കൂടിയാണ് ഷിൻസോ ആബെ.

കോവിഡ്; കൂടുതൽ രോഗികൾ കേരളത്തിൽ

കോവിഡ്; കൂടുതൽ രോഗികൾ കേരളത്തിൽ

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18815 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായി രണ്ടാം ദിവസവും പതിനെട്ടായിരത്തിന് മുകളിൽ ആണ് കൊവിഡ് രോഗികളുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.96 ആണ്.

കേരളത്തിലാണ് കൊവിഡ് രോഗികളിലേറെയും. ഇന്നലെ 3310പേർക്കാണ് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 ദിവസമായി കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 2000ന് മുകളിലാണ്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.44 ആണ്. 17 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 70108 ആയി.

സംസ്ഥാനത്ത് അടുത്ത 4 ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യത

സംസ്ഥാനത്ത് അടുത്ത 4 ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: മധ്യ കേരളത്തിലും വടക്കൻ ജില്ലകളിലും കനത്ത മഴ തുടരുന്നു. അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കൻ ഒഡിഷക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനു സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലൊടു കൂടിയ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യത.

ബുധനാഴ്ച പകലും രാത്രിയുമായി കാസർകോട്, കണ്ണൂർ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ 11 സെ.മീ. വീതവും കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ 8 സെ.മീ. വീതവും മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത 4 ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യത ഉണ്ടെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ പാത്തിയും തെക്കൻ ഒഡീഷ–വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങൾക്കു സമീപം ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതു കാരണം അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തമാകുന്നതിനാലാണു മഴ കനക്കുന്നത്. കേരള– ലക്ഷദ്വീപ്– കർണാടക തീരങ്ങളിൽ തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിനു പോകരുതെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

പ്ലസ്‌വൺ പ്രവേശനം; ജൂലൈ 21ന് ട്രയൽ അലോട്ട്‌മെന്റ്; ഓഗസ്റ്റ് 17ന് ക്ലാസുകൾ ആരംഭിക്കും

പ്ലസ്‌വൺ പ്രവേശനം; ജൂലൈ 21ന് ട്രയൽ അലോട്ട്‌മെന്റ്; ഓഗസ്റ്റ് 17ന് ക്ലാസുകൾ ആരംഭിക്കും

തിരുവനന്തപുരം: ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്റെ പ്രൊസ്പെക്റ്റസ് പുറത്തിറങ്ങി. ട്രയൽ അലോട്ട്‌മെന്റ് ജൂലൈ 21. ആദ്യ അലോട്ട്‌മെന്റ് ജൂലൈ 27. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ഓഗസ്റ്റ് 11. ഓഗസ്റ്റ് 17ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും.

സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2022 സെപ്റ്റംബർ 30ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും. ജൂലൈ 11 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി ജൂലൈ 18. നീന്തൽ അറിവിനു നൽകി വന്നിരുന്ന 2 ബോണസ് പോയിന്റ് ഒഴിവാക്കി. ഉപരിപഠനത്തിന് അർഹരായ എല്ലാപേർക്കും അവസരം ലഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

ഓരോ വിദ്യാർഥിയുടേയും വെയിറ്റേജ് ഗ്രേഡ് പോയിന്റ് ആവറേജ് കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അർഹത നിശ്ചയിക്കുന്നത്. ടൈ ബ്രേക്കിങിന് എൻടിഎസ്ഇ (നാഷനൽ ടാലന്റ് സെർച് പരീക്ഷ) മികവിനൊപ്പം ഈ വർഷം പുതിയതായി എൻഎംഎംഎസ്എസ്ഇ (നാഷനൽ മെരിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് സ്‌കീം പരീക്ഷ), യുഎസ്എസ്, എൽഎസ്എസ് പരീക്ഷകളിലെ മികവുകൾ കൂടി ഉൾപ്പെടുത്തി. മുഖ്യഘട്ടത്തിലെ അലോട്ട്‌മെന്റുകളുടെ എണ്ണം രണ്ടിൽനിന്നു മൂന്നായി വർധിപ്പിച്ചു. മുഖ്യഘട്ടം മുതൽ തന്നെ മാർജിനൽ സീറ്റ് വർധനവും താൽക്കാലിക അധിക ബാച്ചുകളും അനുവദിച്ച് അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിക്കും. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30% മാർജിനൽ സീറ്റ് വർധനവ് ഉണ്ടാകും.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20% മാർജിനൽ സീറ്റ് വർധനവ്. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10% കൂടി മാർജിനൽ സീറ്റ് വർധനവ് നൽകും. കൊല്ലം, എറണാകുളം, തൃശൂർ എന്നീ മൂന്നു ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിലും 20% മാർജിനൽ സീറ്റ് വർധനവുണ്ടാകും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ മാർജിനൽ സീറ്റ് വർധനവ് ഇല്ല. കഴിഞ്ഞ അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 75 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും ഉൾപ്പടെ ആകെ 81 താൽക്കാലിക ബാച്ചുകൾ ഈ വർഷം ഉണ്ടാകും.

പള്ളിക്കൽ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തല ഉദ്ഘാടനം

പള്ളിക്കൽ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തല ഉദ്ഘാടനം

കല്ലമ്പലം: പള്ളിക്കൽ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും പഞ്ചായത്ത് തല ഉദ്ഘാടനവും വിള ഇൻഷുറൻസ് വാരാചരണവും നടീൽ വസ്തുക്കളുടെ വിതരണ ഉദ്ഘാടനവും സംഘടിപ്പിച്ചു. പള്ളിക്കൽ കൃഷിഭവനിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.

യോഗത്തിൽ കൃഷി ഓഫീസർ ധന്യ. ജി സ്വാഗതം ആശംസിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാധവൻകുട്ടി, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഹാസ്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ, പള്ളിക്കൽ കാർഷിക സഹകരണ ബാങ്ക് പ്രസിഡണ്ട്, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.