മുദാക്കൽ പഞ്ചായത്ത്  താമരക്കുളത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

മുദാക്കൽ പഞ്ചായത്ത് താമരക്കുളത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്ത് 15 ആം വാർഡ് കൈപള്ളിക്കോണം
താമരക്കുളത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം എട്ടര മണിയോടെയാണ് മൃതദേഹം നാട്ടുകാർ കണ്ടത്. പോലീസും ഫയർഫോഴ്സും
സ്ഥലത്തെത്തി.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലിൽ പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനാൽ സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗുജറാത്ത്‌ തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദപാത്തി രൂപപ്പെട്ടു. ഒഡീഷയ്ക്കും ഛത്തീസ്ഗഡിനും മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു.

ഇന്ന് സംസ്ഥാനത്തെ 11 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരും മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മംഗലാപുരത്ത് ഉരുൾപൊട്ടലിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

മംഗലാപുരത്ത് ഉരുൾപൊട്ടലിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

മംഗാലപുരം: മംഗലാപുരം പഞ്ചിക്കല്ലുവിൽ ഉരുൾപൊട്ടലിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശി സന്തോഷ്, പാലക്കാട് സ്വദേശി ബിജു, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. മൂന്ന് പേരും റബർ ടാപ്പിങ് തൊഴിലാളികളാണ്. പരിക്കേറ്റ കണ്ണൂർ സ്വദേശി ജോണിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മംഗലാപുരത്ത് ശക്തമായ മഴ തുടരുകയാണ്. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഉഡുപ്പി, ദക്ഷിണകന്നഡ, ഉത്തര കന്നഡ ജില്ലകളിലും കനത്ത മഴയാണ് ലഭിക്കുന്നത്.

കണ്ണൂരിൽ ദേശീയ പാതയിൽ അപകടം; സഹോദരങ്ങൾ മരണപ്പട്ടു

കണ്ണൂർ: ദേശീയപാത പരിയാരം അലകൃത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു. പരിയാരം പാച്ചേനി സ്വദേശിനി സ്‌നേഹ, ബൈക്കോടിച്ചിരുന്ന സഹോദരന്‍ ലോഗേഷ് എന്നിവരാണ് മരിച്ചത്.

സ്‌നേഹ സംഭവസ്ഥലത്തു തന്നെ മരിച്ചു. ലോഗേഷിനെ പരിയാരം മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ 7.15ന് ആണ് അപകടം. മിനിലോറിയുടെ അടിയില്‍പ്പെട്ട യുവതിയെ അഗ്‌നിശമന വിഭാഗവും നാട്ടുകാരും എത്തിയാണ് പുറത്തെടുത്തത്.

ഇളയരാജയ്ക്കു നല്‍കിയത് അര്‍ഹതയ്ക്കുള്ള അംഗീകാരം

ഇളയരാജയ്ക്കു നല്‍കിയത് അര്‍ഹതയ്ക്കുള്ള അംഗീകാരം

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ച സംഗീതജ്ഞന്‍ ഇളയരാജയ്ക്ക് ബി.ജെ.പി. രാജ്യസഭാംഗത്വം നല്‍കുമോ എന്ന് രണ്ടുമാസംമുമ്പ് പാര്‍ട്ടി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. അദ്ദേഹത്തിന് ഭാരതരത്‌നമാണ് നല്‍കേണ്ടത് എന്നായിരുന്നു അണ്ണാമലൈയുടെ മറുപടി. ഇളയരാജയ്ക്ക് ഏതോ പദവി ലഭിക്കാന്‍പോകുന്നു എന്ന അഭ്യൂഹം ഏതായാലും ശരിയായി.

കല, സാംസ്‌കാരികരംഗത്തുനിന്നുള്ളവരില്‍നിന്ന് രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാവുന്ന സീറ്റുകളില്‍ ഒന്നാണ് ഇളയരാജയ്ക്കു നല്‍കിയത്. അതിനദ്ദേഹം സര്‍വഥാ യോഗ്യനാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ല. ഭരണഘടനാ ശില്പി ഡോ. ബി.ആര്‍. അംബേദ്ക്കറുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ താരതമ്യംചെയ്യുകവഴി അനാവശ്യവിവാദം സൃഷ്ടിച്ചശേഷമാണ് കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചത് എന്നുമാത്രം. തമിഴ്നാട്ടില്‍ വേരുപിടിപ്പിക്കാന്‍ ബി.ജെ.പി. നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഇതിനെ കാണുന്നവരുമുണ്ട്.

അംബേദ്കറെയും മോദിയെയും താരതമ്യം ചെയ്തുകൊണ്ടുള്ള പുസ്തകത്തിന് എഴുതിയ മുഖവുരയിലാണ് ഇളയരാജ ഇരുവരുടെയും ജീവിത പശ്ചാത്തലത്തിലും പ്രവര്‍ത്തനരീതിയിലും സമാനതകളുണ്ടെന്ന് അഭിപ്രായപ്പെട്ടത്. ഈ പരാമര്‍ശം സാമൂഹികമാധ്യമങ്ങളില്‍ ഡി.എം.കെ. അനുകൂലികളുടെയും ഇടതുചിന്തകരുടെയും വിമര്‍ശനത്തിന് വിധേയമായിരുന്നു.

കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

തൃശൂർ: കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ നടൻ ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ തൃശൂർ വെസ്റ്റ് പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു. ശ്രീജിത്ത് രവിയെ ഇന്നു രാവിലെ കോടതിയിൽ ഹാജരാക്കും. രണ്ടു ദിവസം മുൻപ് തൃശൂരിലെ ഒരു പാർക്കിനു സമീപം വച്ചാണ് പരാതിക്കിടയായ സംഭവമുണ്ടായത്. കുട്ടികള്‍ നൽകിയ പരാതിയിലാണ് അറസ്റ്റ്.

നാലാം തീയതി വൈകിട്ട് 14, 9 വയസുള്ള കുട്ടികള്‍ക്കു മുന്നിലായിരുന്നു നഗ്നതാപ്രദര്‍ശനം. അയ്യന്തോള്‍ എസ്.എന്‍. പാര്‍ക്കിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ തെളിവായി. കറുത്ത കാറിലെത്തിയ ആള്‍ എന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്.

ആളെ പരിചയമുണ്ടെന്ന് കുട്ടികൾ പൊലീസിനോടു പറഞ്ഞിരുന്നു. ഇയാളുടെ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ശ്രീജിത്ത് രവിയെ കുട്ടികൾ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. സമാനമായ കേസിൽ മുൻപ് പാലക്കാട്ടുനിന്നും ശ്രീജിത്ത് രവി പിടിയിലായിട്ടുണ്ട്.