കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ ഇത്തവണ കുറവ്

ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ ഇത്തവണ കുറവ്

തിരുവനന്തപുരം: ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ ഇക്കുറി കുറവുണ്ടായെന്ന് സംസ്ഥാന സർക്കാരിന്റെ കണക്ക്. ഒന്നാം ക്ലാസിൽ 45573 കുട്ടികളുടെ കുറവാണ് ഉണ്ടായത്. സർക്കാർ/ എയ്ഡഡ്/ അൺഎയ്ഡഡ് സ്കൂളുകളിൽ ഒരുപോലെ കുറവുണ്ടായിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ ആകെ പ്രവേശനം നേടിയത് 348741 കുട്ടികളാണ്. ഇത്തവണ 303168 പേർ മാത്രമാണ് മുഴുവൻ സ്കൂളുകളിലുമായി പ്രവേശനം നേടിയത്. സർക്കാർ / എയ്ഡഡ് സ്കൂളുകളിൽ മാത്രം ഈ വർഷം ഒന്നാം ക്ലാസിൽ 37522 കുട്ടികളുടെ കുറവുണ്ട്. രണ്ടു മുതൽ 10 വരെ ക്ലാസുകളിൽ സർക്കാർ സ്കൂളുകളിൽ 119970 കുട്ടികൾ വർധിച്ചു. അധ്യയന വർഷം ആരംഭിച്ച് ആറാമത്തെ പ്രവൃത്തി ദിവസത്തെ കുട്ടികളുടെ ഹാജർ നില അടിസ്ഥാനമാക്കിയുള്ളതാണ് സർക്കാർ പുറത്തുവിട്ട കണക്ക്. വിദ്യാഭ്യാസ മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ച കണക്കാണിത്.

കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിയെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിയെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

തൃശ്ശൂർ: പ്രശസ്ത നടൻ ശ്രീജിത്ത് രവി അറസ്റ്റിലായി. കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. തൃശൂർ വെസ്റ്റ് പൊലീസാണ് ഇന്ന് രാവിലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്റ്റിലേക്ക് വഴിയൊരുങ്ങിയത്.

രണ്ട് ദിവസം മുൻപാണ് സംഭവം. തൃശ്ശൂർ എസ് എൻ പാർക്കിന് സമീപത്ത് വെച്ച് 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തിയ ശേഷം ഇവിടെ നിന്ന് പോവുകയായിരുന്നു. കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചു. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷിച്ചു. കാറിനെ കുറിച്ച് ലഭിച്ച സൂചനകൾ നിർണായകമായി.

ഇന്ന് രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചെന്നാണ് വിവരം. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

പി.ടി.ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്

പി.ടി.ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്

“ന്യൂഡല്‍ഹി: കായികതാരം പി.ടി.ഉഷയും സംഗീതസംവിധായകന്‍ ഇളയരാജയും രാജ്യസഭയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.”

“ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളിലൊരാളായ പി.ടി.ഉഷ രാജ്യസഭയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.’ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് പി.ടി.ഉഷ. പി.ടി.ഉഷ രാജ്യത്തിനായി നേടിയ നേട്ടങ്ങള്‍ വളരെ വലുതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുവകായികതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ അവര്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ലഭിച്ച പി.ടി ഉഷയ്ക്ക് അഭിനന്ദനങ്ങള്‍’- നരേന്ദ്രമോദി കുറിച്ചു.”

ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം:  മന്ത്രി സജി ചെറിയാന്‍ രാജിവച്ചു

ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം: മന്ത്രി സജി ചെറിയാന്‍ രാജിവച്ചു

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. ഇന്നു രാവിലെ എകെജി സെൻ്ററിൽ എത്തിയ മന്ത്രി നേതാക്കളുമായി ചർച്ച നടത്തിയ ശേഷം രാജിവയ്ക്കില്ല എന്ന് അറിയിച്ചു എങ്കിലും വൈകുന്നേരം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി രാജി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മല്ലപ്പള്ളിയിലെ സി പി എം പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് മന്ത്രിയുടെ പരാമർശം ഉണ്ടായത് ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞിരുന്നു

ഭരണഘടനയിൽ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നത്.തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു എന്നും മന്ത്രി പറഞ്ഞിരുന്നു തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ല എന്ന് പറഞ്ഞ മന്ത്രി കോടതികളെയും വിമർശിച്ചു. മന്ത്രിയുടെ പരാമർശത്തിനെ രൂക്ഷമായ വിമർശനമാണ് വിവിധ നേതാക്കളിൽ നിന്നും, രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഉണ്ടായത്. ഗവർണർ ഇക്കാര്യത്തിൽ വിശദീകരണം തേടുകയും ചെയ്തിരുന്നു.

ഡീസലിനു പിന്നാലെ പെട്രോള്‍ കാറുകളും നിര്‍ത്താന്‍ ഒരുങ്ങി മാരുതി

ഡീസലിനു പിന്നാലെ പെട്രോള്‍ കാറുകളും നിര്‍ത്താന്‍ ഒരുങ്ങി മാരുതി

ന്യൂഡല്‍ഹി: ഡീസല്‍ കാറുകള്‍ക്ക് പുറമേ പെട്രോള്‍ കാറുകളും ഉപേക്ഷിക്കാന്‍ ഒരുങ്ങി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. പത്തുവര്‍ഷത്തിനകം പെട്രോള്‍ കാറുകള്‍ പൂര്‍ണമായി ഒഴിവാക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. നിലവില്‍ പുതിയ ഡീസല്‍ കാറുകള്‍ അവതരിപ്പിക്കുന്നത് മാരുതി നിര്‍ത്തിയിരിക്കുകയാണ്.

ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് പെട്രോള്‍ കാറുകള്‍ ഒഴിവാക്കാന്‍ മാരുതി സുസുക്കി ആലോചിക്കുന്നത്. പകരം ഹൈബ്രിഡ്, സിഎന്‍ജി, ഇലക്ട്രിക്, ബയോ ഫ്യുവല്‍ വാഹനങ്ങള്‍ വിപണിയില്‍ ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പത്തുവര്‍ഷത്തിനകം ഘട്ടം ഘട്ടമായി പെട്രോള്‍ കാറുകള്‍ ഒഴിവാക്കാനാണ് പദ്ധതിയിടുന്നത്. പത്തുവര്‍ഷത്തിനകം വിപണിയില്‍ ഇറക്കുന്ന വാഹനങ്ങളുടെ നിരയില്‍ നിന്ന് പെട്രോള്‍ വാഹനങ്ങള്‍ നീക്കം ചെയ്യാനാണ് കമ്പനി ആലോചിക്കുന്നത്.

ഇതിന് പുറമേ വര്‍ധിച്ച ആവശ്യകത കണക്കിലെടുത്ത് എസ് യുവി വാഹനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. പത്തുവര്‍ഷത്തിനകം കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ പെട്രോള്‍ കാറുകള്‍ ഉണ്ടായേക്കില്ലെന്ന് മാര്‍ക്കറ്റിംഗിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ അറിയിച്ചു.