നെയ്യാറ്റിന്‍കര സ്വദേശി ആന്‍സിജിയുടെ മരണം: നഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

നെയ്യാറ്റിന്‍കര സ്വദേശി ആന്‍സിജിയുടെ മരണം: നഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

തിരുവനന്തപുരം: കന്യാകുമാരി കരുങ്കല്‍ ബെത്‌ലഹേം നഴ്സിങ് കോളജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി, നെയ്യാറ്റിന്‍കര സ്വദേശി ആന്‍സിജിയുടെ മരണത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് നടപടി. കോളജില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നുവെന്ന് ആരോപിച്ച് അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്ന് കാട്ടി ആന്‍സിജി സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു.

കോളജിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ ആന്‍സിജി, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നിയന്ത്രണം മറികടന്ന് കോളജില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നുവെന്ന് പറഞ്ഞ് അധ്യാപിക ആന്‍സിജിയെ പരസ്യമായി ശാസിച്ചിരുന്നു. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ മാര്‍ത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മകള്‍ കോളജില്‍ ഫോണ്‍ കൊണ്ടുപോയിട്ടില്ലെന്ന് ആന്‍സിജിയുടെ പിതാവ് ബി അനില്‍ വ്യക്തമാക്കി. ബാഗ് പരിശോധിച്ചെങ്കിലും ഫോണ്‍ കണ്ടെത്തിയിരുന്നില്ല. കോളജ് ഹോസ്റ്റലില്‍ നിലവാരമില്ലാത്ത ഭക്ഷണം വിളമ്പിയതിനെതിരെ വിദ്യാര്‍ഥികള്‍ സമരം ചെയ്തിരുന്നു. ഈ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ പുറത്താക്കുകയും, വലിയ പിഴയൊടുക്കിയ ശേഷമാണ് തിരിച്ചെടുത്തതെന്നും പിതാവ് ആരോപിച്ചു. സമരം ചെയ്തതിന്റെ പേരില്‍ മാനേജ്മെന്റ് വിവിധ രീതിയില്‍ സമ്മര്‍ദം ചെലുത്തുകയും പ്രതികാര നടപടി സ്വീകരിക്കുകയും ചെയ്തുവെന്നാണ് മാതാപിതാക്കളുടെ പരാതി.

ആന്‍സിജിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കരുങ്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സഹപാഠികളുടെ മൊഴി രേഖപ്പെടുത്തി വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, വിദ്യാര്‍ഥിനിയുടെ മരണത്തില്‍ കോളജ് മാനേജ്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)

ഗണേശോത്സവ സ്വാഗതസംഘ രൂപീകരണയോഗം നടന്നു

ഗണേശോത്സവ സ്വാഗതസംഘ രൂപീകരണയോഗം നടന്നു

ഗണേശോത്സവ സ്വാഗതസംഘ രൂപീകരണയോഗം ആറ്റിങ്ങൽ വ്യാപാര ഭവനിൽ നടന്നു. ഗണേശോത്സവ മുഖ്യകാര്യദർശി ഭുവനേന്ദ്രജി ഉദ്ഘാടനകർമ്മം നിർവഹിച്ചു. ശിവസേന സംസ്ഥാന അധ്യക്ഷൻ അഡ്വക്കേറ്റ് പേരൂർക്കട ഹരികുമാർ, ബാജി ഗോപിന്ത്, സംസ്ഥാന ട്രഷറർ ജയ ശേഖരൻ, ഉണ്ണി രാജേന്ദ്രൻ, ആറ്റുകാൽ സുനിൽ, കായിപ്പാടി രാജേഷ്, കുഞ്ഞുമോൻ കിളിമാനൂർ, വിവേക് കിളിമാനൂർ, പ്രശോഭ കുമാർ കിളിമാനൂർ, അനിൽകുമാർ കിളിമാനൂർ പങ്കെടുത്തു.

കഠിനംകുളത്ത് ഓട്ടം വിളിച്ച യൂബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപ്പെട്ടു

കഠിനംകുളത്ത് ഓട്ടം വിളിച്ച യൂബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഓട്ടം വിളിച്ച യൂബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപ്പെട്ടു.
പുതുക്കുറിച്ചി സ്വദേശിയായ സുഹൈൽ കനി (32) ആണ് കാർ തട്ടിയെടുത്ത് രക്ഷപ്പെട്ടത്. ഇന്ന് വെളുപ്പിന് അഞ്ചുമണിയോടെയാണ് ഇയാൾ യൂബർ കാർ ബുക്ക് ചെയ്തത്.

പെരുമാതുറ ജംഗ്ഷനിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ വരാനുണ്ടെന്ന് പറഞ്ഞ് വെയിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു
യൂബർ കാർ ഡ്രൈവർ തൊട്ടടുത്ത കടയിൽ ചായ കുടിക്കാൻ ഇറങ്ങിയ സമയം ഇയാൾ കാർ എടുത്ത് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കാർ ഡ്രൈവർ കഠിനംകുളം പോലീസിൽ വിവരമറിയിച്ചു.
അന്വേഷണത്തിൽ വർക്കല ഭാഗത്തേക്കാണ് കാറുമായി രക്ഷപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

നിരവധി കേസുകളിൽ പ്രതിയായ സുഹൈൽ കനി ഒരുതവണ കാപ്പ കേസിൽ നാടുകടത്തലിനും ഒരുതവണ ആറുമാസം ജയിൽ ശിക്ഷയും കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ്. ഇയാൾ ഇന്നലെ രാത്രി മൂന്നു പേരെ മർദ്ദിക്കുകയും ബ്ലേഡ് കൊണ്ട് ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിൽ പുതുക്കുറിച്ചി സ്വദേശിയായ ഷറഫുദ്ദീൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ മറ്റു രണ്ടുപേർ സ്റ്റേഷൻ റൗഡികളാണ്. ഈ വിവരമറിഞ്ഞ പോലീസ് പ്രതിയെ തിരഞ്ഞ് വരുന്നതിനിടെയാണ് വെളുപ്പിന് കാറുമായി കടന്നു കളഞ്ഞത്. തിരുവനന്തപുരം റൂറൽ പോലീസ് പ്രതിക്കായി വ്യാപകമായിട്ട് തിരച്ചിൽ നടത്തുന്നുണ്ട്.കാർ ചെറിയതുറയിൽ നിന്നും പോലീസ് കണ്ടെത്തിയതായാണ് വിവരം.

സർക്കാർ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനം ; ₹45.68 കോടി അനുവദിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ്

സർക്കാർ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനം ; ₹45.68 കോടി അനുവദിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി 45,68,11,037 രൂപ (45.68 കോടി രൂപ) അനുവദിച്ച് ഉത്തരവിറക്കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോൺ അറിയിച്ചു. സർക്കാർ കോളേജുകളുടെ ഭൗതിക, മാനവവിഭവ, ഐ.ടി. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, ഗവേഷണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് തുക അനുവദിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ വിവിധ സർക്കാർ കോളജുകളിലെ പുതിയ കെട്ടിടങ്ങൾ, അക്കാദമിക് ബ്ലോക്കുകൾ, അഡ്മിനിസ്ട്രേറ്റീവ് കേന്ദ്രങ്ങൾ, ലൈബ്രറികൾ, ഹോസ്റ്റലുകൾ, ഐ.ടി. സംവിധാനങ്ങൾ എന്നിവ യാഥാർത്ഥ്യമാക്കാനാണ് ഈ വികസന ഫണ്ട് വിനിയോഗിക്കുക.

എറണാകുളം പറവൂർ കേസരി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ പുതിയ ഭരണനിർവഹണ കേന്ദ്രത്തിന്റെ നിർമ്മാണത്തിനായി ₹13.48 കോടി അനുവദിച്ചിട്ടുണ്ട്. മഹാരാജാസ് കോളജിൽ ഹോസ്റ്റൽ, മെസ് കെട്ടിടങ്ങൾക്കായി ₹5.60 കോടിയും, കാര്യവട്ടം ഗവ: കോളജിൽ ലൈബ്രറി, റിസർച്ച് ബ്ലോക്ക് എന്നിവയുടെ നിർമ്മാണത്തിനായി ₹ 4.81 കോടിയും, ഗവ: ബ്രണ്ണൻ കോളജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ₹2.42 കോടിയും, കരുനാഗപ്പള്ളി ഗവ: ആർട്സ് & സയൻസ് കോളജിൻ്റെ അക്കാദമിക് ബ്ലോക്ക്, ചുറ്റുമതിൽ നിർമ്മാണത്തിനായി ₹1.29 കോടി രൂപയും,വടകര മടപ്പള്ളി ഗവൺമെന്റ് കോളജിൽ പുതിയ ആർട്സ് ബ്ലോക്കിനായി ₹1.34 കോടിയും , ഗവൺമെന്റ് കോളജ് മൂന്നാറിൽ ചുറ്റുമതിൽ നിർമാണത്തിന് ₹1.98 കോടിയും,കരുനാഗപ്പള്ളി ഗവണ്മെന്റ് കോളജിന്റെ അക്കാദമിക് ബ്ലോക്ക് ചുറ്റുമതിൽ എന്നിവയുടെ നിർമ്മാണത്തിന് ₹1.29 കോടിയും ,കെ.കെ.ടി.എം. ഗവൺമെന്റ് കോളജിന് ₹1.27 കോടിയും ,എളേരിത്തട്ട് ഇ.കെ.എൻ.എം കോളജിന് ₹99.68 ലക്ഷവും,തോളന്നൂർ ഗവൺമെന്റ് കോളജിന് ₹98.35 ലക്ഷവും ഉൾപ്പടെയാണ് അനുവദിച്ചിരിക്കുന്നത്.

വിഴിഞ്ഞത്തെ ചടങ്ങ് ബഹിഷ്‌കരിച്ച് ബിജെപി; കേന്ദ്രമന്ത്രിയും എത്തിയില്ല

വിഴിഞ്ഞത്തെ ചടങ്ങ് ബഹിഷ്‌കരിച്ച് ബിജെപി; കേന്ദ്രമന്ത്രിയും എത്തിയില്ല

തിരുവനന്തപുരം: സമ്പൂര്‍ണ്ണ കയറ്റിറക്കുമതി എന്ന തലത്തിലേക്ക് വിഴിഞ്ഞം തുറമുഖത്തെ ഉയര്‍ത്തുന്നതിന് തുടക്കമിടുന്ന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് ബിജെപി. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന കേന്ദ്ര തുറമുഖ- ഷിപ്പിങ് – ജലഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ് സോനോവാളും മേയര്‍ വിവി രാജേഷും നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറും ചടങ്ങില്‍ പങ്കെടുത്തില്ല. ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനുള്ള കാരണം ബിജെപി നേതൃത്വം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം വിവാദമാണ് ചടങ്ങില്‍ നിന്ന് ബിജെപി നേതാക്കള്‍ വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് നേതാക്കള്‍ അനൗദ്യോഗികമായി പറയുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം പാടാതിരുന്നതില്‍ വലിയ പ്രതിഷേധത്തിലാണ് ബിജെപി. ഇതാണ് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സര്‍ബാനന്ദ് സോനോവാള്‍ ഇന്ന് രാവിലെയാണ്് ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് അറിയിച്ചത്. എന്നാല്‍ വരാതിരിക്കുന്നതിനുള്ള കാരണം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടില്ല എന്നാണ് വിവരം. ബംഗളൂരുവില്‍ വ്യക്തിപരമായ ചടങ്ങ് നടക്കുന്നതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാത്തത് എന്നാണ് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എയുടെ ഓഫീസ് അറിയിച്ചത്.

അതിനിടെ വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള ആദ്യ കണ്ടെയ്‌നറിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. വിഴിഞ്ഞം തുറമുഖത്ത് നിന്ന് കരമാര്‍ഗമുള്ള ചരക്കുനീക്കത്തിനാണ് ഇതോടെ തുടക്കമായത്. കൂടാതെ വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തെ മറ്റു തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് കേരളത്തെ തുറമുഖ നഗരമാക്കി മാറ്റുന്ന മിഷന്‍ സമുദ്ര പദ്ധതിക്കും മുഖ്യമന്ത്രി തുടക്കമിട്ടു.

8 വ്യവസായ ക്ലസ്റ്ററുകള്‍, 3 പുതിയ നഗരങ്ങള്‍, കേരളത്തിന്റെ 600 കിലോമീറ്റര്‍ വരുന്ന തീരപ്രദേശം എന്നിവ ഉള്‍ക്കൊള്ളുന്ന വിപുലമായ വിഴിഞ്ഞം മാരിടൈം ഇക്കണോമിക് കേന്ദ്രമായി വിഴിഞ്ഞത്തെ മാറ്റിത്തീര്‍ക്കുന്ന ‘പോര്‍ട്ട് സിറ്റി’ എന്ന കാഴ്ചപ്പാടാണ് മിഷന്‍ സമുദ്ര വിഭാവനം ചെയ്തിരിക്കുന്നത്. തുറമുഖങ്ങളും കണക്റ്റിവിറ്റിയും, ലോജിസ്റ്റിക്സ് വികസനം, ക്ലസ്റ്ററുകളും നഗരങ്ങളും എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലായാണ് 400 കോടി രൂപയുടെ ഉത്തേജക ഫണ്ട് വകയിരുത്തിയിരിക്കുന്നത്.

വിഴിഞ്ഞത് അടുക്കുന്ന മദര്‍ഷിപ്പില്‍ നിന്ന് മറ്റു ചെറിയ കപ്പലുകളിലേക്ക് ചരക്കുകള്‍ മാറ്റി രാജ്യത്തിന്റെ മറ്റു തുറമുഖങ്ങളില്‍ എത്തിക്കുന്നതായിരുന്നു നിലവിലെ രീതി. ഇനി വിഴിഞ്ഞത്ത് എത്തുന്ന മദര്‍ഷിപ്പില്‍ നിന്നുള്ള ചരക്കുകള്‍ തുറമുഖത്ത് ഇറക്കിവെച്ച ശേഷം കണ്ടെയ്‌നറുകളില്‍ കയറ്റി കരമാര്‍ഗം മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാന്‍ കഴിയുന്ന തരത്തിലാണ് വികസനം സാധ്യമായത്. ഇന്ത്യയുടെ ഏറ്റവും സുപ്രധാന വാണിജ്യ കവാടമായി വിഴിഞ്ഞം തുറമുഖത്തെ മാറ്റി കൊണ്ടുള്ളതാണ് ഈ പുതിയ മാറ്റം. സംസ്ഥാനത്തെ ഉല്‍പ്പാദകര്‍ക്ക് കുറഞ്ഞ ചെലവില്‍ ലോകത്തെവിടേക്കും ചരക്കുകളെത്തിക്കാന്‍ ഇതുവഴി സാധിക്കും. സമയലാഭവും പുതിയ വിപണിയുമാണ് വിഴിഞ്ഞം വഴി തുറക്കുന്നത്.

പാശ്ചാത്യ വിപണികളിലേക്ക് കൊളംബോ, സിംഗപ്പൂര്‍, ദുബൈ എന്നി തുറമുഖങ്ങള്‍ വഴി ചരക്ക് കയറ്റി അയച്ചിരുന്നവര്‍ക്ക് ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്കുകള്‍ അയക്കാന്‍ സാധിക്കും. ഇത് യാത്രാസമയം കുറയ്ക്കാനും ലോജിസ്റ്റിക്‌സ് ചെലവുകളില്‍ വലിയ കുറവ് വരുത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ഷികോത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കശുവണ്ടി, സമുദ്രോത്പന്നങ്ങള്‍, കൈത്തറി, തുണിത്തരങ്ങള്‍ എന്നീ മേഖലകളിലെ സംസ്ഥാനത്തെയും രാജ്യത്തെയും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് പുതിയ വിദേശ വിപണികളിലേക്ക് പ്രവേശിക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങും.

വർക്കലയിൽ വീടിനു മുന്നിൽ മദ്യപിച്ചത് ചോദ്യം ചെയ്ത യുവാക്കൾക്ക് മർദ്ദനം

വർക്കലയിൽ വീടിനു മുന്നിൽ മദ്യപിച്ചത് ചോദ്യം ചെയ്ത യുവാക്കൾക്ക് മർദ്ദനം

വർക്കല മേൽവെട്ടൂരിൽ വീടിന് മുന്നിൽ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാക്കൾക്ക് ആറംഗ സംഘത്തിന്റെ മർദ്ദനം. മേൽവെട്ടൂർ സ്വദേശികളായ ആഷിക് ബാലാജി, ലിബു എന്നിവർക്കാണ് മർദ്ദനമേറ്റത്.

കഴിഞ്ഞദിവസം വൈകുന്നേരം 3.30ഓടെയായിരുന്നു സംഭവം. ആഷിക് ബാലാജിയുടെ ജ്യേഷ്ഠന്റെ വീടിന് മുന്നിൽ ഇരുന്ന് മദ്യപിക്കുന്നത് വിലക്കിയതിന്റെ വൈരാഗ്യത്തിലാണ് യുവാക്കളെ ആക്രമിച്ചതെന്നാണ് പരാതി. തുടർന്ന് മേൽവെട്ടൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും സംഘം അടിച്ചുതകർത്തു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ലിബുവിനെയും സംഘം ആക്രമിച്ചതെന്നാണ് വിവരം.
മർദ്ദനത്തിൽ പരിക്കേറ്റ ഇരുവരും വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ലിബുവിന്റെ മൂക്കിനേറ്റ പരിക്കിന് മൂന്ന് തുന്നിക്കെട്ടുകൾ വേണ്ടിവന്നതായാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ യുവാക്കൾ വർക്കല പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.