by Midhun HP News | Nov 3, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വര്ക്കലയില് ട്രെയിനില് നിന്നും യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരത്തേയ്ക്കുള്ള കേരള എക്സ്പ്രസില് നിന്നാണ് യാത്രക്കാരിയെ തള്ളിയിട്ടത്. ട്രാക്കില് വീണു കിടന്ന യുവതി ആശുപത്രിയിലാണ്. തിരുവനന്തപുരം വെള്ളറട സ്വദേശിയായ സ്വദേശി സുരേഷ് കുമാര് എന്നയാളാണ് തള്ളിയിട്ടത്. ഇയാള് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
എട്ടരയോടെ വര്ക്കല അയന്തിമേല്പ്പാലത്തിന് സമീപമാണ് സംഭവം. പരിക്കേറ്റ് ട്രാക്കില് കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിന് ആണ് ആദ്യം കാണുന്നത്. തുടര്ന്ന് പൊലീസിനെ വിവരം അറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. 19 വയസുള്ള പെണ്കുട്ടിക്ക് ആന്തരിക രക്തസ്രാവമുണ്ട്. പ്രതി കോട്ടയത്തു നിന്നാണ് ട്രെയിനില് കയറിയതെന്നാണ് വിവരം. പെയിന്റിങ് തൊഴിലാളിയാണെന്നാണ് പൊലീസ് നല്കുന്ന വിവരം. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
ആശുപത്രിയിലുള്ള യുവതിയുടെ നില ഗുരുതരമാണ്. ആദ്യം വര്ക്കല സ്വകാര്യ ആശുപത്രിയില് എത്തിക്കുകയും പിന്നീട് തിരുവനന്തപുരം മെഡിക്കല് കോളജിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പെണ്കുട്ടിക്കൊപ്പം മറ്റൊരു സുഹൃത്ത് കൂടി യാത്ര ചെയ്തിരുന്നു. ജനറല് കംപാര്ട്മെന്റിലായിരുന്നു ഇരുവരും യാത്ര ചെയ്തിരുന്നത്.
ഒരു പ്രകോപനവുമില്ലാതെ പ്രതി തള്ളിയിടുകയായിരുന്നുവെന്ന് യുവതിക്കൊപ്പം യാത്ര ചെയ്ത അര്ച്ചനയെന്ന പെണ്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ചവിട്ടിയാണ് ട്രെയിനില് നിന്ന് പുറത്തേയ്ക്ക് തള്ളിയിട്ടതെന്നാണ് ഈ പെണ്കുട്ടി പറയുന്നത്. തന്നെയും തള്ളിയിടാന് ശ്രമിച്ചു. പകുതി പുറത്തേയ്ക്ക് വീണെങ്കിലും രക്ഷപ്പെടാന് കഴിഞ്ഞു. ബാത്ത്റൂമില് പോയി തിരികെ വന്നപ്പോഴാണ് പിന്നില് നിന്നും തള്ളിയിട്ടതെന്നും പെണ്കുട്ടി പറയുന്നു
by Midhun HP News | Nov 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പത്രപ്രവർത്തകർക്കുള്ള പെൻഷൻ 11,000 രൂപയിൽ നിന്നു വർധിപ്പിച്ച് 20,000 രൂപയാക്കണമെന്നു കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ജീവിതച്ചെലവുകൾ വർധിക്കുകയും ക്ഷേമ പെൻഷനുകൾ ഉൾപ്പെടെ വർധിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ മാധ്യമപ്രവർത്തകരുടെ വിഹിതം കൂടി ഉൾപ്പെട്ട പദ്ധതിയിൽ പെൻഷന് കാലാനുസൃതമായ വർധന ആവശ്യമാണ്. വിഡിയോ എഡിറ്റർമാരെ കൂടി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും മറ്റൊരു പ്രമേയത്തിലൂടെ ഉന്നയിച്ചു. സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്കുള്ള പ്രവേശന നിയന്ത്രണം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ബി.അഭിജിത്ത്, സംസ്ഥാന കമ്മിറ്റി അംഗം ആർ.കിരൺബാബു എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി അനുപമ ജി.നായർ വാർഷിക റിപ്പോർട്ടും ജില്ലാ ട്രഷറർ ജി.പ്രമോദ് വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. വി.എസ്.വിഷ്ണുപ്രസാദ്, വൈസ് പ്രസിഡന്റ് സി.രാജ, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ അഖില വി.കൃഷ്ണൻ, എസ്.ശരത് കുമാർ, എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി വി.കെ.അക്ഷയ അനുശോചനപ്രമേയം അവതരിപ്പിച്ചു.


by Midhun HP News | Nov 2, 2025 | Latest News, ജില്ലാ വാർത്ത
കലാനികേതൻ സാംസ്കാരിക സമിതിയും, കെ പി ആർ എയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച പതിനാലാമത് സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും വേങ്ങോട് പൊതുമന്ദിരത്തിൽ സംഘടിപ്പിച്ചു.
ക്യാമ്പിന്റെ ഉദ്ഘാടനം ബി.കെ പ്രശാന്തൻ കാണി ഐപിഎസ് നിർവഹിച്ചു. കലാനികേതൻ കെ പി ആർ എ ചെയർമാൻ എം. എ ലത്തീഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബി. സി അജയരാജ്, സബ് ഇൻസ്പെക്ടർ എം എ ഉറൂബ്, ശ്രീചന്ദ്. എസ്, പോത്തൻകോട് പഞ്ചായത്തംഗം കെ.പി പുരുഷോത്തമൻ, അരവിന്ദ് കണ്ണശുപുത്രിയിലെ ഡോ.അയന മാത്യു, ഡോ.ശാലിമ, ക്യാമ്പ് കോർഡിനേറ്റർ ഹേമചന്ദ്രൻ, വേങ്ങോട് അനിൽകുമാർ, കലാനികേതൻ സെക്രട്ടറി ടി.നാസർ, പഞ്ചായത്തംഗം ഗോപകുമാർ, ബിന്ദു ബാബു, നയന ഷമീർ, സഞ്ജു. എൻ തുടങ്ങിയവർ സംസാരിച്ചു.


by Midhun HP News | Nov 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കടബാധ്യതയേറിയ സംസ്ഥാനങ്ങളില് കേരളം മൂന്നാം സ്ഥാനത്തെന്ന് കണക്കുകള്. സംസ്ഥാനത്ത് പ്രായപൂർത്തിയായ പത്തില് മൂന്ന് പേരും കടക്കെണിയിലെന്ന് നാഷണല് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്(എന്എസ്ഒ) പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു. കടബാധിത സംസ്ഥാനങ്ങളുടെ പട്ടികയില് കേരളം 29.9 ശതമാനത്തോടെ മൂന്നാം സ്ഥാനത്താണ്. ആന്ധ്രാപ്രദേശ് (43.7%) ഒന്നാമതും തെലങ്കാന (37.2%) രണ്ടാം സ്ഥാനത്തുമാണ്.
ബിനോദ് ബിഹാരി ജെനയും രബിനാരായണന് പത്രയും ചേര്ന്ന് തയാറാക്കിയ ‘Financial Inclusion and Indebtedness in India: Insights from NSS 78th Round’ എന്ന റിപ്പോര്ട്ടിലെ കണക്കുകളാണ് പുറത്തുവന്നത്. കടബാധ്യതയില് ദേശീയ ശരാശരി 14.7 ശതമാനമാണ്.
സാമ്പത്തിക ഉള്ചേര്ക്കലുകളുടെ കണക്കുകളില് കര്ണാടകയാണ് (95.9%) മുന്നില്, ആന്ധ്രാപ്രദേശ് (92.3%), തമിഴ്നാട് (92%) എന്നി സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്. ഛത്തീസ്ഗഡ്(91.1%) നാലാം സ്ഥാനത്ത് തുടരുമ്പോള് കേരളത്തിന്റെ(91.0%) സ്ഥാനം അഞ്ചാമതാണ്. രാജ്യത്തെ ആറ് മേഖലകളിലെ കണക്കുകള് എടുത്താന് ദക്ഷിണേന്ത്യയിലാണ് സാമ്പത്തിക ഉള്ചേര്ക്കലുകളുടെയും കടബാധ്യതയുടെയും തോത് ഏറ്റവും കൂടിയത്. ഇത് യഥാക്രമം 92.1%, 31.8%, എന്നിങ്ങനെയാണിത്. എന്നാല് വടക്കുകിഴക്കന് സംസ്ഥാനങ്ങളില് യഥാക്രമം 80.2%, 7.4% എന്നിങ്ങനെയാണ് കണക്കുകള്.
‘ഗുഡ് ഡെബ്റ്റ്’ , ‘ബാഡ് ഡെബ്റ്റ്’
കടബാധ്യതയും കുടുംബത്തിന്റെ സാമ്പത്തിക നിലയും തമ്മില് നേരിട്ടുള്ള ബന്ധമുണ്ടെന്നും കടബാധ്യതയും കുടുംബത്തിന്റെ വലുപ്പവും തമ്മിലുള്ള വിപരീത ബന്ധമുണ്ടെന്നും റിപ്പോര്ട്ട് പറയുന്നു. വായ്പ എന്തിന് വിനിയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനമാക്കിയാണ് ‘ഗുഡ് ഡെബ്റ്റ്’ അല്ലെങ്കില് ‘ബാഡ് ഡെബ്റ്റ്’ എന്നിങ്ങനെ തരംതിരിക്കുന്നതെന്ന് സെന്റര് ഫോര് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ഡയറക്ടര് സി വീരമണി പറഞ്ഞു.
ദൈനംദിന ചെലവുകള്ക്കോ ? ഈടുനില്ക്കുന്ന വസ്തുക്കള്ക്കോ ?വേണ്ടിയുള്ളതാണ് വായ്പയെങ്കില് അത് അഭികാമ്യമല്ല. കേരളത്തില് കാറുകള്, മൊബൈല് ഫോണുകള് തുടങ്ങിയുടെ ഉപഭോഗം കൂടുതലാണ്. അതിവേഗം വളരുന്ന ഡിജിറ്റല് വായ്പാ വിപണി, ക്രെഡിറ്റ് കാര്ഡുകളുടെ എളുപ്പത്തിലുള്ള ലഭ്യത, ഇഎംഐ ഓഫറുകള് എന്നിവ കടബാധ്യതകള് കൂടുന്നതിന് കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു.
മറുവശത്ത്, കാര്ഷിക ഉപകരണങ്ങള്, വിദ്യാഭ്യാസ വായ്പകള് എന്നിവ പോലുള്ള മനുഷ്യ മൂലധനത്തില് നിക്ഷേപിക്കുന്ന മൂലധന വായ്പകളെ ഉല്പ്പാദനക്ഷമമായാണ് കണക്കാക്കപ്പെടുന്നുത്. സി വീരമണി പറഞ്ഞു.


by Midhun HP News | Nov 2, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: രാജ്യത്തെ പ്രമുഖ വെയർഹൗസ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയായ അവിഗ്ന 150 കോടിയുടെ നിക്ഷേപവുമായി കേരളത്തിലേക്ക്. അങ്കമാലി പുളിയനത്ത് നിർമ്മാണം പൂർത്തീകരിച്ച ലോജിസ്റ്റിക് പാർക്കിന്റെ ഉദ്ഘാടനം നവംബർ മൂന്നിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. ചെന്നൈ ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ കമ്പനിയുടെ കേരളത്തിലെ ആദ്യ പാർക്കാണ് അങ്കമാലിയിലേത്. സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്ക് മുതൽക്കൂട്ടാകുന്ന ഈ പദ്ധതിയിലൂടെ 1500 പേർക്ക് പ്രത്യക്ഷമായും 250-ലധികം പേർക്ക് പരോക്ഷമായും തൊഴിൽ അവസരമൊരുക്കിയിട്ടുണ്ട്.
21.35 ഏക്കറിൽ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് പാർക്ക് സജ്ജമാക്കിയിരിക്കുന്നത്. കേരളത്തെ ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം സംസ്ഥാനത്തെ ആധുനിക വെയർഹൗസ്, ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യ വികസന രംഗത്ത് വൻ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും. ഇതിനോടകം ആമസോൺ, ഡിപി വേൾഡ്, ഫ്ലിപ്കാർട്ട്, റെക്കിറ്റ്, സോണി, ഫ്ലൈജാക്ക് തുടങ്ങിയ ആഗോള വൻകിട കമ്പനികൾ ഇവിടെ പ്രവർത്തനം തുടങ്ങിയതായി അധികൃതർ അറിയിച്ചു.
നവംബർ മൂന്നിന് വൈകുന്നേരം 4.30 ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ അവിഗ്ന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എസ്. രാജശേഖരൻ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. ബെന്നി ബെഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ്, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടർ വിഷ്ണുരാജ് ഐ.എ.എസ്., പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയദേവൻ എസ്. വി, വാർഡ് കൗൺസിലർ രാജമ്മ എന്നിവർ സംസാരിക്കും.
ദക്ഷിണേന്ത്യയിൽ ശക്തമായ സാന്നിധ്യമുള്ള കമ്പനിക്ക് തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഇൻഡസ്ട്രിയൽ ലോജിസ്റ്റിക്സ് പാർക്കുകൾ ഉണ്ട്. ഹൊസൂറിലെ 200 ഏക്കറിൽ സ്ഥിതി ചെയ്യുന്ന 6 ദശലക്ഷം (60 ലക്ഷം) ചതുരശ്രയടി വിസ്തൃതിയിലുള്ള പാർക്കാണ് അവിഗ്നയുടെ രാജ്യത്തെ ഏറ്റവും വലിയ പദ്ധതി. 50 വർഷത്തിലധികം പ്രവർത്തന പാരമ്പര്യമുള്ള അവിഗ്ന ഗ്രൂപ്പിന് ടെക്സ്റ്റൈൽസ്, വിദ്യാഭ്യാസം, റിയൽഎസ്റ്റേറ്റ് എന്നീ മേഖലകളിലും പങ്കാളിത്തമുണ്ട്. പത്രസമ്മേളനത്തിൽ അവിഗ്ന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എസ്. രാജശേഖരൻ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സുബോദ് മിശ്ര എന്നിവർ പങ്കെടുത്തു.


by Midhun HP News | Nov 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഗര്ഭാശയഗള അര്ബുദ പ്രതിരോധത്തിന് പ്ലസ് വണ്, പ്ലസ്ടു വിദ്യാര്ഥികള്ക്ക് എച്ച്പിവി വാക്സിനേഷന് ആരംഭിക്കുന്നതായി മന്ത്രി വീണാ ജോര്ജ്. പൈലറ്റ് അടിസ്ഥാനത്തില് കണ്ണൂരിലാണ് ആദ്യം പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഉദ്ഘാടനം തിങ്കള് രാവിലെ 10ന് കൂത്തുപറമ്പ് താലൂക്കാശുപത്രിയില് മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിക്കും.
രാജ്യത്ത് സ്ത്രീകളില് കണ്ടുവരുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട അര്ബുദമാണ് ഗര്ഭാശയഗള അര്ബുദം. അര്ബുദ അനുബന്ധ മരണനിരക്ക് കൂടാനും ഇത് കാരണമാണ്. വരുംതലമുറയെ രോഗത്തില്നിന്ന് രക്ഷിക്കാന് എച്ച്പിവി വാക്സിന് എല്ലാ പെണ്കുട്ടികളും സ്വീകരിക്കുന്നത് നല്ലതാണ്. ഇത് മുന്നില്ക്കണ്ടാണ് സര്ക്കാര് നടപടി സ്വീകരിച്ചത്. വാക്സിനേഷന് പദ്ധതി വിവിധ സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കാനാണ് ലക്ഷ്യം. ലയണ്സ് ക്ലബ്, റോട്ടറി ക്ലബ്, മറ്റ് സന്നദ്ധസംഘടനകള് തുടങ്ങിയവയുടെ സഹകരണവുമുണ്ട്.


Recent Comments