ഇനി ‘തുണ’യുണ്ട്…! നഷ്ടപ്പെട്ടത് തിരിച്ചുകിട്ടാന്‍ ഓണ്‍ലൈനായി പരാതി നല്‍കാം, തുണ പോർട്ടലിൽ മൂന്ന് സേവനങ്ങൾ കൂടി

ഇനി ‘തുണ’യുണ്ട്…! നഷ്ടപ്പെട്ടത് തിരിച്ചുകിട്ടാന്‍ ഓണ്‍ലൈനായി പരാതി നല്‍കാം, തുണ പോർട്ടലിൽ മൂന്ന് സേവനങ്ങൾ കൂടി

തിരുവനന്തപുരം: കേരള പൊലീസ് നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കായി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തുണ പോര്‍ട്ടലില്‍ അധികമായി മൂന്ന് സൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തി. നഷ്ടപ്പെട്ട് പോയ സാധനങ്ങള്‍ സംബന്ധിച്ച് പരാതി നല്‍കാനുള്ള സംവിധാനമാണ് അതില്‍ ഒന്ന്. തുണ പോര്‍ട്ടലില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ലോഗിന്‍ ചെയ്ത ശേഷം പരാതി നല്‍കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു.

നഷ്ടപ്പെട്ടത് തിരിച്ചുകിട്ടിയാല്‍ പരാതിക്കാരന് കൈമാറും.പരാതി പിന്‍വലിക്കുകയാണെങ്കില്‍ കേസും അവസാനിപ്പിക്കും. സാധനം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ അത് സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും. പരാതിയില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ അത് ഓണ്‍ലൈനായി തന്നെ തിരുത്താനുള്ള സംവിധാനവും ഇതിലുണ്ട്. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോള്‍ ആപ്പ് വഴിയും നഷ്ടപ്പെട്ട സാധനങ്ങളെ സംബന്ധിച്ച് പരാതി നല്‍കാവുന്നതാണ്.

ജാഥകള്‍, സമരങ്ങള്‍ എന്നിവ നടത്തുന്ന സംഘടനകള്‍ക്ക് ഇക്കാര്യം മുന്‍കൂട്ടി തന്നെ ജില്ലാ പൊലീസിനെയും സ്‌പെഷ്യല്‍ ബ്രാഞ്ചിനെയും ഓണ്‍ലൈനിലൂടെ അറിയിക്കാനുള്ള സംവിധാനമാണ് മറ്റൊന്ന്. നിയമാനുസൃതമായ നോട്ടീസ് അപേക്ഷകന് നല്‍കുകയും ചെയ്യും.
മോട്ടാര്‍ വാഹന അപകട കേസുമായി ബന്ധപ്പെട്ട രേഖകള്‍ പലപ്പോഴും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ആവശ്യമായി വരാറുണ്ട്. ഈ രേഖകള്‍ പണമടച്ച് വാങ്ങാനുള്ള സൗകര്യം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കായി പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്. 13 തരം സര്‍ട്ടിഫിക്കറ്റുകള്‍ ഇങ്ങനെ വാങ്ങാവുന്നത്. ഓരോന്നിനും 100 രൂപയാണ് ഫീസായി ഈടാക്കുന്നത്.

ആക്‌സിഡന്റ് ജിഡി കോപ്പി, മൈക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതി, വിവിധ വിഷയങ്ങളെ സംബന്ധിച്ച് പരാതി നല്‍കല്‍ എന്നിവയ്ക്കും തുണ പോര്‍ട്ടല്‍ ഉപയോഗിക്കാവുന്നതാണ്. അപേക്ഷ കൈപ്പറ്റി രസീത് നല്‍കും. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റിനും അപേക്ഷിക്കാന്‍ സാധിക്കും. നിങ്ങളുടെ അപേക്ഷയുടെ നിലവിലെ അവസ്ഥ പോര്‍ട്ടല്‍ വഴിയും എസ്എംഎസ് വഴിയും അറിയാനും സാധിക്കും.

ഇന്ന് അഞ്ച് പനി മരണം; ഡെങ്കിപ്പനി ബാധിച്ച് കൊല്ലത്ത് രണ്ടുപേര്‍ മരിച്ചു; അതീവ ജാഗ്രത

ഇന്ന് അഞ്ച് പനി മരണം; ഡെങ്കിപ്പനി ബാധിച്ച് കൊല്ലത്ത് രണ്ടുപേര്‍ മരിച്ചു; അതീവ ജാഗ്രത

കൊച്ചി: സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് അഞ്ച് പേര്‍ മരിച്ചു. മൂന്നുപേര്‍ ഡെങ്കിപ്പനി ബാധിച്ചും രണ്ടുപേര്‍ പനി ബാധിച്ചുമാണ് മരിച്ചത്. ഇതില്‍ ഡെങ്കിപ്പനി ബാധിച്ച് രണ്ടുമരണവും റിപ്പോര്‍ട്ട് ചെയ്തത് കൊല്ലം ജില്ലയിലാണ്. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശിനി അഖില (32) കൊല്ലത്ത് ചവറ സ്വദേശി അരുണ്‍ കൃഷ്ണ(33) കൊട്ടാരക്കര സ്വദേശി വൈ. കുഞ്ഞുജോണ്‍ (70) എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.

തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അഖിലയുടെ മരണം. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അരുണ്‍ കൃഷ്ണ. രണ്ടുദിവസമായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുഞ്ഞുജോണ്‍. പനി ബാധിച്ച് എറണാകുളം മൂവാറ്റുപ്പുഴയില്‍ ഐടിഐ വിദ്യാര്‍ഥി മരിച്ചു. പേഴയ്ക്കാപ്പിള്ളി കുന്നംപുറത്തുവീട്ടില്‍ സമദ് ആണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു. കൊല്ലം ചാത്തന്നൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അഭിജിത്താണ് മരിച്ചത്. ഇതോടെ ഈ മാസം സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 36 ആയി. ഇതില്‍ ഇരുപതുമരണവും ഡെങ്കിപ്പനി കാരണമാണ്.

അതിനിടെ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികളില്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. കോവിഡ് കേസുകളുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുവെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ട മുന്‍കരുതല്‍ നല്‍കിയെന്നും മന്ത്രി പറഞ്ഞു.

വീടിന് പുറത്തെന്ന പോലെ അകത്ത് നിന്നും ഡെങ്കിപ്പനി ബാധിക്കാനുള്ള സാഹചര്യമുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. വീട്ടിനകത്തെ ചെടിച്ചട്ടികള്‍, മണിപ്ലാന്റ്, ഫ്രിഡ്ജിന്റെ ട്രേ എന്നിവ കൊതുകുകള്‍ വളരുവാന്‍ കാരണമാകുന്ന ഇടങ്ങളാണ്. കൊതുക് വളരുന്ന സാഹചര്യമുണ്ടാക്കുന്ന ഒരു തുള്ളി വെള്ളം പോലും വീട്ടിനകത്തും പുറത്തും കെട്ടി നിര്‍ത്താന്‍ അനുവദിക്കരുതെന്നും ചെളിയിലോ വെള്ളത്തിലോ ഇറങ്ങുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.

തമിഴ്‌നാട്ടിൽ 500 മദ്യശാലകൾ നാളെ പൂട്ടും

തമിഴ്‌നാട്ടിൽ 500 മദ്യശാലകൾ നാളെ പൂട്ടും

തമിഴ്‌നാട്ടിൽ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 500 മദ്യശാലകൾ നാളെ പൂട്ടും. സംസ്ഥാനത്തുടനീളമുള്ള 5,329 മദ്യശാലകളിൽ 500 എണ്ണം പൂട്ടാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഘട്ടംഘട്ടമായി മദ്യശാലകൾ അടച്ചുപൂട്ടാനുള്ള സർക്കാർ നയത്തിന് തുടക്കമിട്ടാണ് നടപടി. തെരഞ്ഞെടുത്ത 500 ഔട്ട്‌ലറ്റുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കില്ലെന്ന് തമിഴ്‌നാട് സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന് വ്യക്തമാക്കി.

എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത് ഹൃദ്രോഗത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി വി. സെന്തിൽ ബാലാജിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം സഭയിൽ നടത്തിയത്. സംസ്ഥാനത്തുടനീളമുള്ള 5,329 ചില്ലറ മദ്യവിൽപ്പനശാലകളിൽ 500 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടുമെന്ന് അദ്ദേഹം ഏപ്രിൽ 12 ന് സംസ്ഥാന നിയമസഭയിൽ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഏപ്രില്‍ 20 നാണ് പുറത്തിറങ്ങിയത്. നേരത്തെ പ്രതിപക്ഷമായ പട്ടാളി മക്കൾ പാർട്ടി (പിഎംകെ) നടപടിയെ സ്വാഗതം ചെയ്യുകയും സംസ്ഥാനത്ത് മദ്യ നിരോധനം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കേസിൽ നീതി കിട്ടുന്നില്ലെന്ന് പരാതി; ജഡ്ജിയുടെ കാർ അടിച്ചുതകർത്തു

കേസിൽ നീതി കിട്ടുന്നില്ലെന്ന് പരാതി; ജഡ്ജിയുടെ കാർ അടിച്ചുതകർത്തു

പത്തനംതിട്ട: ജഡ്ജിയുടെ ഔദ്യോഗിക വാഹനം തകർത്ത പ്രതി പിടിയിൽ. തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ കാറാണ് വൈകീട്ട് നാലരയോടെ കോടതിക്ക് മുന്നിൽ വെച്ച് അടിച്ചു തകർത്തത്. പ്രതി ജയപ്രകാശിനെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്റെ കേസിൽ നീതി കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് ജയപ്രകാശ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ കാറിന്റെ മുൻവശത്തെയും പിൻവശത്തെയും ചില്ലുകൾ തകർന്നിട്ടുണ്ട്. പ്രതിക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനടക്കം വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഗണേശോത്സവം 2023 ന്റെ ഭാഗമായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു

ഗണേശോത്സവം 2023 ന്റെ ഭാഗമായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ: ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്റേയും ശ്രീ ഗണേശോത്സവ സമിതിയുടെയും നേതൃത്വത്തിൽ നടക്കുന്ന ഗണേശോത്സവം 2023 ന്റെ ഭാഗമായി ജൂൺ 25 രാവിലെ 10 മണി മുതൽ ചിത്രരചന മത്സരം നടത്തുന്നു. ക്രയോൺ വാട്ടർ കളർ, നഴ്സറി, എൽ.പി.യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ മത്സരം നടക്കും. പങ്കെടുക്കുവാൻ താല്പര്യമുള്ള മത്സാരാർത്ഥികൾ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

മൊബൈൽ നമ്പർ: 9946643578, 9847868405

അതിദരിദ്രർക്കുള്ള തിരിച്ചറിയൽ കാർഡിന്റെ വിതരണോദ്ഘാടനം നടന്നു

അതിദരിദ്രർക്കുള്ള തിരിച്ചറിയൽ കാർഡിന്റെ വിതരണോദ്ഘാടനം നടന്നു

ആറ്റിങ്ങൽ നഗരസഭയിലെ അതിദരിദ്രർക്കായുള്ള തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം നടന്നു. ആറ്റിങ്ങൽ നഗരസഭ അധ്യക്ഷ അഡ്വ. എസ് കുമാരി ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ നഗരസഭാ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ. നജാം, വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ഷീജ, വിദ്യാഭാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഗിരിജ തുടങ്ങിയവർ പങ്കെടുത്തു.