ത്രിപുര ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക്; തീയതി പ്രഖ്യാപിച്ചു

ത്രിപുര ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക്; തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 16 നും, മേഘാലയയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27 നുമാണ് വോട്ടെടുപ്പ്. മൂന്നിടത്തും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് രണ്ടിന് ഫലം പ്രഖ്യാപനം നടത്തുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

മൂന്നിടത്തുമായി 62.8 ലക്ഷം വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 2.28 ലക്ഷം കന്നിവോട്ടര്‍മാരാണ്. പോളിങ്ങ് സ്‌റ്റേഷനുകളുടെ എണ്ണം 9125 ആണ്. കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ 634 പോളിങ്ങ് ബൂത്തുകളുടെ വര്‍ധനവ് ഉണ്ട്. മൂന്നിടത്തും പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാരാണ് ഉള്ളതെന്നും മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ പറഞ്ഞു. നാഗാലാന്‍ഡ് നിയമസഭയുടെ കാലാവധി മാര്‍ച്ച് 12 നും, മേഘാലയില്‍ മാര്‍ച്ച് 15 നും ത്രിപുരയില്‍ മാര്‍ച്ച് 22 നും അവസാനിക്കും.

വിവാദങ്ങൾ സൃഷ്‌ടിച്ച ‘ദി കശ്മീര്‍ ഫയല്‍സ്’ വീണ്ടും തീയറ്ററിലേക്ക്

വിവാദങ്ങൾ സൃഷ്‌ടിച്ച ‘ദി കശ്മീര്‍ ഫയല്‍സ്’ വീണ്ടും തീയറ്ററിലേക്ക്

ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ വിവാദങ്ങൾ സൃഷ്‌ടിച്ച സിനിമ ‘ദി കശ്മീര്‍ ഫയല്‍സ്’ വീണ്ടും തീയറ്ററുകളില്‍ റിലീസ് ചെയ്യുന്നു. സംവിധായകൻ വിവേക് അഗ്നിഹോത്രിയാണ് വിവരം പുറത്തുവിട്ടത്. കശ്മീരി പണ്ഡിറ്റുകൾ വംശഹത്യ ദിനമായി കണക്കാക്കുന്ന ജനുവരി 19 ന് സിനിമ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ വിവേക് അഗ്നിഹോത്രി പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ പലായനവും കൂട്ടക്കൊലയും ആധാരമാക്കിയാണ് സിനിമ.

യുദ്ധക്കളമായി സെക്രട്ടേറിയറ്റ് പരിസരം ; യൂത്ത് ലീഗ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം

യുദ്ധക്കളമായി സെക്രട്ടേറിയറ്റ് പരിസരം ; യൂത്ത് ലീഗ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം

തിരുവനന്തപുരത്ത് യൂത്ത് ലീഗ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പൊലീസും യൂത്ത് ലീഗ് പ്രവര്‍ത്തകരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പൊലീസിന് നേരെയും കല്ലേറുണ്ടായി. പൊലീസ് പലവട്ടം ലാത്തിച്ചാര്‍ജ് നടത്തിയെന്നും നിരവധി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റെന്നും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ വിവിധ സമരങ്ങള്‍ക്കെത്തിയവര്‍ക്കും വഴിയാത്രക്കാര്‍ക്കും പൊലീസ് അതിക്രമത്തില്‍ പരുക്കേറ്റു. പല കടകള്‍ക്ക് നേരെയും കല്ലേറുണ്ടായി. വഴിയാത്രക്കാരായ ചിലര്‍ക്ക് സംഘര്‍ഷത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി.

എന്നാല്‍ പൊലീസ് മനപൂര്‍വം ആക്രമണം നടത്തുകയായിരുന്നെന്ന് പികെ ഫിറോസ് പറഞ്ഞു. ആക്രണം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഭിന്നശേഷിക്കാരനായ പഞ്ചായത്ത് പ്രസിഡന്റിനെ വരെ ക്രൂരമായി മര്‍ദിച്ചു. നിരവധി പ്രവര്‍ത്തകരുടെ തലയ്ക്കാണ് അടിയേറ്റത്. പൊലീസ് ടിയര്‍ ഗ്യാസ് ശരീരത്തിലേക്ക് വലിച്ചെറിഞ്ഞതായും ഫിറോസ് ആരോപിച്ചു. ജനാധിപത്യപരമായ സമരത്തെ അടിച്ചമര്‍ത്തുന്ന നിലപാടാണ് പിണറായി പൊലീസ് സ്വീകരിക്കുന്നതെന്നും വരും ദിവസങ്ങളില്‍ വ്യാപകമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഫിറോസ് പറഞ്ഞു.

കസ്റ്റഡിയിലെടുത്ത യുവാക്കൾ സ്റ്റേഷനിൽ എസ്‌ഐയെ ആക്രമിച്ചു; ജനല്‍ തകര്‍ത്തു

കസ്റ്റഡിയിലെടുത്ത യുവാക്കൾ സ്റ്റേഷനിൽ എസ്‌ഐയെ ആക്രമിച്ചു; ജനല്‍ തകര്‍ത്തു

തൃശൂര്‍: കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ യുവാക്കളുടെ അക്രമം. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കള്‍ എസ്‌ഐയെ ആക്രമിച്ചു. പൊലീസ് സ്റ്റേഷന്റെ ജനല്‍ ചില്ല് തകര്‍ക്കുകയും ചെയ്തു. എടവിലങ്ങ് പൊടിയന്‍ ബസാര്‍ സ്വദേശികളായ കുന്നത്ത് രഞ്ജിത്ത് (37), വാലത്ത് വികാസ് (35) എന്നിവരാണ് പൊലീസ് സ്‌റ്റേഷനില്‍ അക്രമം നടത്തിയത്.

ബാറില്‍ സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ അക്രമം നടത്തിയ യുവാക്കള്‍ക്കെതിരെ പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അക്രമത്തില്‍ കൈയ്ക്ക് പരിക്കേറ്റ എസ് ഐ അജിത്ത് ചികിത്സയിലാണ്.

വാറ്റുചാരായവുമായി ഒരാൾ അറസ്റ്റിൽ

വാറ്റുചാരായവുമായി ഒരാൾ അറസ്റ്റിൽ

ആറ്റിങ്ങൽ: പെരുംകുഴി ഇടഞ്ഞിമൂല കയർ ഫാക്റ്ററിക്കു സമീപം വലിയവിളാകം വീട്ടിൽ ദാസൻ മകൻ ഫിഷർമാൻ എന്നു വിളിക്കുന്ന രാജേന്ദ്രൻ (61) മൂന്ന് ലിറ്റർ വാറ്റുചാരായവുമായി ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ ഡിവൈഎസ്പി ജി. ബിനു വിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്എച്ച്ഒ ജി.ബി. മുകേഷിന്റെ നേതൃത്വത്തിൽ എസ് ഐ ശാലു ഡി. ജെ. എ എസ് ഐ ശ്രീജിത്ത്‌, എസ് സി പി ഒ ആഷിം, സി പി ഒ മാരായ ഹാരിത്, ബിനു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ JFMC III കോടതി റിമാൻഡ് ചെയ്തു.

കിളിമാനൂർ വിദ്യാഭ്യാസ വകുപ്പിന്റെ വായന ചങ്ങാത്തം സംഘടിപ്പിച്ചു

കിളിമാനൂർ വിദ്യാഭ്യാസ വകുപ്പിന്റെ വായന ചങ്ങാത്തം സംഘടിപ്പിച്ചു

കിളിമാനൂർ: വിദ്യാഭ്യാസ വകുപ്പിന്റെ വായന ചങ്ങാത്തം പരിപാടിയുടെ പഴയകുന്നുമ്മേൽ പഞ്ചായത്ത് തല വായന ചങ്ങാത്തം വായനോത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കിളിമാനൂർ ടൗൺ യുപിഎസിൽ നടന്ന പരിപാടിയിൽ ഹെഡ് മാസ്റ്റർ എച്ച്. നിസാർ അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. സിബി, വാർഡ് മെമ്പർ എൻ. സലിൽ, ബി ആർ സി കോർഡിനേറ്റർ ജയലക്ഷ്മി. കവി കുടിയേല ശ്രീകുമാർ, അമൃത തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് മേഖലയിലെ അഞ്ച് വിദ്യാലയങ്ങളിലെ പ്രൈമറി വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികളും, രക്ഷിതാക്കളും, അധ്യാപകരും പരിപാടിയിൽ പങ്കാളികളായി. വിദ്യാർത്ഥികളുടെ രചനകൾ ഉൾപ്പെടുത്തിയ വായന പതിപ്പും വായനോത്സവത്തിൽ പ്രകാശനം ചെയ്തു.