by Midhun HP News | Jan 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം: ഭക്ഷ്യവിഷബാധയെ തുടര്ന്ന് കോട്ടയം മെഡിക്കല് കോളേജില് ചികിത്സയിലിരിക്കേ രശ്മി രാജ് മരിച്ച സംഭവത്തില് കുറ്റക്കാര്ക്കെതിരെ കര്ശന നടപടി വേണമെന്ന് കുടുംബം. ഇനി ആര്ക്കും ഈ ഗതികേട് ഉണ്ടാവരുതെന്ന് രശ്മിയുടെ പിതാവ് ചന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലില് നിന്ന് 29ന് ഭക്ഷണം കഴിച്ചതിനെത്തുടര്ന്നാണ് കോട്ടയം മെഡിക്കല് കോളേജിലെ നഴ്സ് രശ്മി രാജ് (33) കഴിഞ്ഞ ദിവസം മരിച്ചത്. മെഡിക്കല് കോളേജ് നഴ്സിങ് ഹോസ്റ്റലിലേക്ക് ഓണ്ലൈനായി ഓര്ഡര് നല്കിയാണ് ഭക്ഷണം വരുത്തിച്ചത്. അല്ഫാം കഴിച്ച് ഒരു മണിക്കൂര് കഴിഞ്ഞപ്പോള് ഛര്ദിയും തുടര്ന്ന് വയറിളക്കവും അനുഭവപ്പെട്ടു. മൂന്നു ദിവസമായി ആരോഗ്യനില അതീവ ഗുരുതരമായിരുന്നെന്നും ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണ് മരണമെന്നും കോട്ടയം മെഡിക്കല് കോളജ് ആശുപത്രി അധികൃതര് അറിയിച്ചു.

‘രശ്മിയുടെ ചെലവിലാണ് കഴിയുന്നത്. മെഡിക്കല് കോളജില് ജോലി ചെയ്യുന്ന രശ്മി ഹോസ്റ്റലില് താമസിക്കുകയാണ്. പുറത്ത് നിന്ന് ഭക്ഷണം വാങ്ങി കഴിച്ചു. എവിടെ നിന്നാണ് എന്ന് അറിയില്ല. വെളുപ്പാന് കാലത്ത് ഛര്ദ്ദി ഉണ്ടായി. വിവരം അറിയിച്ചതിനെ തുടര്ന്ന് അമ്മ പോയി. ഉടന് തന്നെ ആശുപത്രിയില് അഡ്മിറ്റാക്കി.തൈറോയിഡിന്റെ പ്രശ്നം ഉണ്ടെന്നതൊഴിച്ചാല് മറ്റു ആരോഗ്യപ്രശ്നങ്ങള് ഒന്നും ഉണ്ടായിരുന്നില്ല. കുറ്റം ചെയ്തവര്ക്കെതിരെ സര്ക്കാര് ശക്തമായ നടപടി സ്വീകരിക്കണം. ഇനി ആര്ക്കും ഈ ഗതിക്കേട് ഉണ്ടാവരുത്’- ചന്ദ്രന്റെ വാക്കുകള് ഇങ്ങനെ.
രണ്ടു മാസം മുന്പ് വ്യാപക പരാതി ഉണ്ടായതിനെത്തുടര്ന്ന് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി പൂട്ടിയ ഹോട്ടലില് നിന്ന് വീണ്ടും ഭക്ഷ്യവിഷബാധ ഉണ്ടായതോടെ ഭക്ഷ്യസുരക്ഷാ നടപടികള് പ്രഹസനമായതായി ആക്ഷേപം ഉയര്ന്നിട്ടുണ്ട്. സഹോദരന് വിഷ്ണുരാജിനും ഈ ഹോട്ടലില് നിന്ന് ഭക്ഷണം കഴിച്ച മറ്റ് 26 പേര്ക്കും ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്.
രശ്മി രാജ് ഭക്ഷണം കഴിച്ച് രാത്രി ആയപ്പോള് ഛര്ദിയും വയറിളക്കവും ഉണ്ടായി. തുടര്ന്ന് സഹപ്രവര്ത്തകര് മെഡിക്കല് കോളജില് പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില് വയറ്റില് അണുബാധയാണെന്ന് സ്ഥിരീകരിച്ചതോടെ ഉടന് ട്രോമ കെയര് തീവ്രപരിചരണ യൂണിറ്റിലേക്ക് മാറ്റി. രോഗാവസ്ഥ ഗുരുതരമാകുകയും അണുബാധ, വൃക്കയും കരളുമടക്കമുള്ള അവയവങ്ങളെ ബാധിച്ചതിനെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാല്, തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. 2015-16 വര്ഷം മുതലാണ് പാലത്തറ സ്വദേശിനിയായ രശ്മി രാജ് കോട്ടയം മെഡിക്കല് കോളേജില് ജോലിക്കെത്തിയത്.
by Midhun HP News | Jan 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കടയ്ക്കാവൂർ: ഡിസംബർ 31ന് രാത്രി 12 മണിക്ക് കടയ്ക്കാവൂർ തിനവിള ലക്ഷംവീട് അംഗൻവാടിക്ക് സമീപം പുതുവത്സര ആഘോഷം നടത്തിക്കൊണ്ടിരുന്ന സംഘത്തിന് നേരെ മദ്യ ലഹരിയിൽ ബൈക്കോടിച്ചുകയറ്റി മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുകയും അതിനെ ചോദ്യം ചെയ്ത കീഴാറ്റിങ്ങൽ വില്ലേജിൽ തിനവള മുളക്കോട് ചരൂവിള പുത്തൻവീട്ടിൽ ഷിജിത്ത് (22), സുഹൃത്തുക്കളായ നവീൻ, കാർത്തിക്, എന്നിവരെ ആക്രമിക്കുകയും ഗുരുതരമായി കുത്തിപ്പരിക്കേല്പ്പിക്കുകയും ചെയ്ത ചിറയിൻകീഴ് കുന്നിൽ വീട്ടിൽ അനിൽ കുമാർ (37) എന്ന് വിളിക്കുന്ന പൃഥി, കീഴാറ്റിങ്ങൽ ഏലാപുറം പുത്തൻവിളയിൽ കൊച്ചു കാമ്പൂർ വീട്ടിൽ ബിജു (43), ചിറയിൻകീഴ് നിലയ്ക്കാമുക്ക് മണ്ണാത്തി മൂലയിൽ വയലിൽ തിട്ട വീട്ടിൽ സൈജു (43) എന്നിവരെയാണ് കടക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഗുരുതരമായി പരിക്കേറ്റ യുവാക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ്. യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തിരുവനന്തപുരം റൂറൽ എസ്.പി.ശില്പ ഐപിഎസിന്റെ നിർദ്ദേശപ്രകാരം വർക്കല ഡി,വൈ,എസ്,പി. പി നിയാസിന്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ് എച്ച് ഒ സജിൻ ലൂയിസ്, സബ് ഇൻസ്പെക്ടർ ദീപു എസ് എസ്, എസ് സി പി ഒ മാരായ ജ്യോതിഷ് കുമാർ, ബാലു, അനീഷ്, ഗിരീഷ്, സി പി ഒ മാരായ സിയാദ്, ശ്രീഹരി, അനിൽ കുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ ഓടിച്ചിരുന്ന ബൈക്കും ആയുധങ്ങളും പോലീസ് കണ്ടെടുത്തു. പ്രതികൾക്കെതിരെ കടയ്ക്കാവൂർ തുടങ്ങിയ മറ്റു സ്റ്റേഷനുകളിലും നിരവധി കൃമിനൽ കേസുകൾ നിലവിലുണ്ട്.
by Midhun HP News | Jan 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ സര്ക്കാര്, അര്ധസര്ക്കാര്, സ്വയംഭരണ, ഗ്രാന്ഡ് ഇന് എയ്ഡ് സ്ഥാപനങ്ങളില് ഇന്നു മുതല് ബയോമെട്രിക് പഞ്ചിങ് സംവിധാനം കർശനമാകുന്നു. കളക്ടറേറ്റുകള്, ഡയറക്ടറേറ്റ്, വകുപ്പു മേധാവികളുടെ ഓഫീസുകള് എന്നിവിടങ്ങളിലാണ് പഞ്ചിങ് ഏര്പ്പെടുത്തുന്നത്. അതോടൊപ്പം ഹാജര് സ്പാര്ക്കുമായി ബന്ധപ്പെടുത്തുകയും ചെയ്യും. കൃത്യമായി ഓഫീസില് എത്തുകയും പോകുകയും ചെയ്യുന്നവര്ക്കും അധികസേവനം ചെയ്യുന്നവര്ക്കും കൂടുതല് ആനുകൂല്യം ലഭിക്കാന് സംവിധാനമൊരുങ്ങും.
വൈകി എത്തുന്നവരുടെ അവധി ഓട്ടോമാറ്റിക്കായി സ്പാര്ക്കില് രേഖപ്പെടുത്തും. ഇതിനുസരിച്ച് ശമ്പളത്തില് കുറവുവരികയും ചെയ്യും. മാര്ച്ച് 31 ന് മുമ്പായി സംസ്ഥാനത്തെ മറ്റെല്ലാ ഓഫീസുകളിലും പഞ്ചിങ് നടപ്പാക്കാനാണ് സര്ക്കാര് തീരുമാനം.

by Midhun HP News | Jan 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഡിസംബര് മാസത്തെ പിഎംജികെഎവൈ റേഷന് വിഹിതം 10 വരെ വാങ്ങാം. ജനുവരി മുതല് അന്ത്യോദയ അന്നയോജന കാര്ഡുകള്ക്ക് പുറമേ പിങ്ക് കാര്ഡ് ഉടമകള്ക്ക് കൂടി വിഹിതം സൗജന്യമാക്കി.
പൊതുവിഭാഗത്തിനുള്ള ഡിസംബറിലെ റേഷന് വിതരണം തിങ്കളാഴ്ച അവസാനിപ്പിച്ചതായി മന്ത്രി ജി ആര് അനില് അറിയിച്ചു. ഡിസംബര് മാസത്തെ സാധാരണ റേഷന് വിതരണം ജനുവരി 5 വരെ നീട്ടിയതാണ് സംസ്ഥാന സര്ക്കാര് പിന്വലിച്ചത്. റേഷന് കടകള് ചൊവ്വാഴ്ച തുറക്കില്ല.

കേന്ദ്ര സര്ക്കാര് റേഷന് വിതരണത്തില് പുതുക്കിയ പദ്ധതി അവതരിപ്പിച്ച സാഹചര്യത്തിലാണു ഡിസംബര് മാസത്തെ സാധാരണ റേഷന് വിതരണം നീട്ടിയത് പിന്വലിക്കേണ്ടി വന്നതെന്നു മന്ത്രി പറഞ്ഞു. കേന്ദ്ര സര്ക്കാരിന്റെ പിഎംജികെവൈ വിഹിതം ഡിസംബര് മാസം വാങ്ങാന് കഴിയാത്തവര്ക്കാണ് ജനുവരി 10 വരെ വാങ്ങാന് അവസരം ഒരുക്കിയത്. ഇതിന്റെ സാങ്കേതിക കാര്യങ്ങള് പൂര്ത്തീകരിക്കാനാണ് ഇന്ന് (ചൊവ്വാഴ്ച) കടകള്ക്ക് അവധി പ്രഖ്യാപിച്ചത്.
by Midhun HP News | Jan 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മന്ത്രിമാര് അടക്കമുള്ള ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങള് തടയാന് മാര്ഗരേഖ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്ജികളില് സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് അബ്ദുള് നസീറിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുന്നത്. രാവിലെ 10.30 നാണ് വിധി പ്രസ്താവം. മൂന്നാറിലെ പെമ്പിളെ ഒരുമൈ സമരത്തിനെതിരെ മുന് മന്ത്രി എം എം മണി നടത്തിയ വിവാദ പ്രസംഗത്തിന് എതിരായ ഹര്ജികളില് അടക്കമാണ് സുപ്രീംകോടതി വിധി പറയുന്നത്. വാദത്തിനിടെ വ്യക്തികളെ ഇകഴ്ത്തി കാണിക്കുന്ന പരാമര്ശങ്ങള് ഒഴിവാക്കണമെന്ന അലിഖിത കീഴ്വഴക്കം ജഡ്ജിമാര് പാലിക്കാറുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

ഈ കീഴ് വഴക്കം, രാഷ്ട്രീയക്കാരും അധികാരസ്ഥാനത്തിരിക്കുന്ന പൊതു പ്രവര്ത്തകരും പാലിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാല് ഇക്കാര്യത്തില് അധിക മാര്ഗരേഖകള് കൊണ്ടുവരേണ്ട കാര്യമില്ലെന്നാണ് കേന്ദ്ര സര്ക്കാരിന് വേണ്ടി ഹാജരായ അറ്റോര്ണി ജനറല് വെങ്കിട്ട രമണി വാദിച്ചത്.
by Midhun HP News | Jan 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംതിട്ട: ഗവി കാണാന് എത്തിയ സഞ്ചാരികളുമായി പോയ പത്തനംതിട്ട ഡിപ്പോയിലെ കെഎസ്ആര്ടിസി ബസ് യാത്രാമധ്യേ കേടായി കൊടുംവനത്തില് കുടുങ്ങി. ആനത്തോടിനും പമ്പയ്ക്കുമിടയില് വനത്തിനുള്ളിലാണ് ബസിന് തകരാര് സംഭവിച്ചത്. പത്തനംതിട്ടയില് നിന്ന് രാവിലെ ആറരയ്ക്കു കുമളിക്കു പോയ പത്തനംതിട്ട-ഗവി-കുമളി ബസാണ് മടങ്ങി വരും വഴി ഇന്നലെ വൈകിട്ട് 4 മണിയോടെ പമ്പ അണക്കെട്ട് കഴിഞ്ഞപ്പോള് തകരാറിലായത്. ബസിലുണ്ടായിരുന്ന 28 യാത്രക്കാര് ആനക്കാട്ടിലൂടെ ഏകദേശം 5 കിലോമീറ്ററോളം നടന്ന് സന്ധ്യയോടെ ആനത്തോട് അണക്കെട്ടിലെ പൊലീസ് ഔട്ട് പോസ്റ്റിലെത്തി. രാത്രി ഏഴരയോടെ ഇതു വഴി വന്ന സീതത്തോട് പഞ്ചായത്തിലെ വാഹനത്തില് 7 യാത്രക്കാരെ പത്തനംതിട്ടയില് എത്തിച്ചു.

ബാക്കി യാത്രക്കാരെ കൊണ്ടുപോകാന് രാത്രി 10 മണിയോടെ മൂഴിയാറില് സ്റ്റേയുള്ള കെഎസ്ആര്ടിസി ബസ് ആനത്തോട്ടിലെത്തി.പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്, മലപ്പുറം ജില്ലക്കാരായ വിനോദ സഞ്ചാരികളായിരുന്നു യാത്രക്കാര്. 4 കുട്ടികളുമുണ്ടായിരുന്നു. തകരാര് പരിഹരിക്കാന് ജീവനക്കാര് കിണഞ്ഞ് പരിശ്രമിച്ചെങ്കില് വാഹനം സ്റ്റാര്ട്ട് ചെയ്യാന് കഴിഞ്ഞില്ല. തുടര്ന്ന് കണ്ടക്ടര് സാബുവിന്റെ നേതൃത്വത്തില് യാത്രക്കാര് കാട്ടാനയും, കാട്ടുപോത്തുകളുമുള്ള കാട്ടിലൂടെ നടന്ന് സന്ധ്യയോടെ ആനത്തോട് അണക്കെട്ടിലെ പൊലീസ് ഔട്ട് പോസ്റ്റില് എത്തുകയായിരുന്നു. പത്തനംതിട്ട ആങ്ങമൂഴി-മൂഴിയാര് റൂട്ടില് സര്വീസ് നടത്തുന്ന മൂഴിയാര് കെഎസ്ആര്ടിസി സ്റ്റേ ബസ് രാത്രി പത്ത് മണിയോടെ ആനത്തോട്ടില് എത്തി പത്തനംതിട്ടയിലേക്കു തിരിച്ചതോടെയാണ് മണിക്കൂറുകള് വനത്തില് കുടുങ്ങിയ യാത്രക്കാര്ക്കു ആശ്വാസമായത്. അടൂരില്നിന്ന് എത്തിയ ഏഴംഗ കുടുംബത്തെ പഞ്ചായത്ത് വാഹനത്തില് പത്തനംതിട്ടയില് എത്തിച്ചു.
Recent Comments