രണ്ടാംഘട്ട സമരത്തിനൊരുങ്ങി സിൽവർലൈൻ വിരുദ്ധസമിതി

രണ്ടാംഘട്ട സമരത്തിനൊരുങ്ങി സിൽവർലൈൻ വിരുദ്ധസമിതി

ആറ്റിങ്ങൽ : സിൽവർലൈൻ വിരുദ്ധസമിതി രണ്ടാംഘട്ട സമരത്തിനൊരുങ്ങുന്നു. പദ്ധതിക്കുവേണ്ടി കല്ലിടൽ നടത്തിയ ഭൂമിയുടെ ക്രയവിക്രയം മരവിപ്പിച്ച നടപടി പിൻവലിക്കുക, സമരസമിതി പ്രവർത്തകർക്കെതിരേ രജിസ്റ്റർചെയ്ത കേസുകൾ പിൻവലിക്കുക, പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് രണ്ടാംഘട്ട സമരത്തിനായി സമരസമിതി തയ്യാറെടുക്കുന്നത്. ഒരുകോടിയാളുകളുടെ ഒപ്പുശേഖരിക്കുന്നതിനും നിയമസഭാ മാർച്ച് നടത്താനുമാണ് പദ്ധതി.

ഇതിന്റെ ജില്ലാതല ഉദ്ഘാടനം ജനുവരി ഒൻപതിന് കല്ലമ്പലത്ത് നടക്കും. വീടുവീടാന്തരമുള്ള ഒപ്പുശേഖരണത്തിനു പുറമേ ബൂത്തുകൾ സ്ഥാപിച്ചും ഒപ്പു ശേഖരിക്കും. പൊതുസ്ഥലങ്ങളിലും കലാലയങ്ങൾക്ക് മുന്നിലും ഒപ്പുശേഖരണം നടത്തും. ചിറയിൻകീഴ് പുളിമൂട്, മുരുക്കുംപുഴ എന്നിവിടങ്ങളിൽ കേന്ദ്രീകൃത പരിപാടികളും സംഘടിപ്പിക്കുമെന്ന് സമരസമിതി പ്രവർത്തകർ അറിയിച്ചു. ആലംകോട് ഇസ്ലാംമുക്കിൽ കെ-റെയിൽ വിരുദ്ധസമരം നടന്നിട്ട് ജനുവരി 31-ന് ഒരുവർഷം തികയും. സമരസമിതി ജില്ലാ കൺവീനറുൾപ്പെടെയുള്ളവർ അന്ന് പോലീസിന്റെ മർദനത്തിനിരയാകുകയും അറസ്റ്റുവരിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി 31-ന് വാർഷികാചരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് പ്രവർത്തകർ അറിയിച്ചു. ആറ്റിങ്ങലിൽ നടന്ന ജില്ലാ പ്രവർത്തകയോഗം സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ ചെയർമാൻ കരവാരം രാമചന്ദ്രൻ അധ്യക്ഷനായി. കെ.ശൈവപ്രസാദ്, എ.ഷൈജു, ആർ.കുമാർ, മുരളീന്ദ്രകുമാർ, ജയമണി, മുള്ളിയൻകാവ് ബാഹുലേയൻ, സംഗീതവർണൻ, ദീപ, ജി.ആർ.സുഭാഷ്, ഗോവിന്ദ് ശശി, ചന്ദ്രബാബു, നിസാം, ശശിധരൻ എന്നിവർ പങ്കെടുത്തു.

പുതുവത്സരം ആഘോഷിക്കാനെത്തിയവര്‍ തിരുവനന്തപുരത്തെ വിനോദസഞ്ചാരകേന്ദ്രം അഗ്നിക്കിരയാക്കി

പുതുവത്സരം ആഘോഷിക്കാനെത്തിയവര്‍ തിരുവനന്തപുരത്തെ വിനോദസഞ്ചാരകേന്ദ്രം അഗ്നിക്കിരയാക്കി

വെമ്പായം: പുതുവര്‍ഷം ആഘോഷിക്കാന്‍ എത്തിയവര്‍ വെള്ളാണിക്കല്‍ പാറമുകള്‍ വിനോദസഞ്ചാര കേന്ദ്രം അഗ്‌നിക്കിരയാക്കിയെന്ന് പരാതി. വെള്ളാണിക്കല്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള പച്ചപ്പുകള്‍ അടക്കം കത്തിയമര്‍ന്നു. പുതുവര്‍ഷ ദിനത്തില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.

ജില്ലയിലെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് വെള്ളാണിക്കല്‍ പാറമുകള്‍. പോത്തന്‍കോട്, മുദാക്കല്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണിത്. പടക്കം പൊട്ടിച്ചും, പന്തം കൊളുത്തി എറിഞ്ഞുമാണ് സംഘം പ്രദേശത്തെ അഗ്‌നിക്കിരയാക്കിയതെന്നു നാട്ടുകാര്‍ പറയുന്നു. രാത്രി 12 ന് ആണ് ചെറിയ തോതില്‍തീ പടര്‍ന്നു പിടിക്കുന്നത് പ്രദേശ വാസികള്‍ കാണുന്നത്. അഗ്‌നിശമന സേന എത്തിയെങ്കിലും വാഹനം സ്ഥലത്തേക്ക് എത്തിക്കാനായില്ല. തുടര്‍ന്ന് സേനാംഗങ്ങള്‍ മരച്ചില്ല വെട്ടിയും ചെടികള്‍ പിഴുതെടുത്ത് നിലത്തടിച്ചും കെടുത്താന്‍ ശ്രമിച്ചു.

ലഹരി വില്‍പന സംഘങ്ങള്‍ പാറമുകളില്‍ സജീവമാണെന്നും ഇവിടെ വന്‍തോതില്‍ ലഹരി വില്‍പനയും സംഘര്‍ഷവും നടക്കുന്നുവെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുരാതനമായ ഒരു ക്ഷേത്രം കൂടി നിലനില്‍ക്കുന്ന, 23 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന വെള്ളാണിക്കല്‍ പാറകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെനിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയൊന്നുമില്ല. പാറമുകളിലേക്കു വിനോദ സഞ്ചാരികളുടെ പ്രവേശന സമയം രാത്രി എട്ടുവരെയായി പരിമിതപ്പെടുത്തണമെന്നും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു

പുതുവര്‍ഷ പുലരിയില്‍ സന്നിധാനത്ത് തിരുവാതിരച്ചുവടുകൾ അവതരിപ്പിച്ച് കുഞ്ഞ് മാളികപ്പുറങ്ങൾ.

പുതുവര്‍ഷ പുലരിയില്‍ സന്നിധാനത്ത് തിരുവാതിരച്ചുവടുകൾ അവതരിപ്പിച്ച് കുഞ്ഞ് മാളികപ്പുറങ്ങൾ.

പുതുവര്‍ഷ പുലരിയില്‍ സന്നിധാനത്ത് തിരുവാതിരച്ചുവടുകൾ അവതരിപ്പിച്ച് കുഞ്ഞ് മാളികപ്പുറങ്ങൾ. വെഞ്ഞാറമൂട് ജീവകല കലാസാംസ്കാരിക മണ്ഡലത്തിലെ 13 കുഞ്ഞു നർത്തകിമാരാണ് തിരുവാതിരച്ചുവടുകൾ അവതരിപ്പിച്ചത്.

ജീവ കലയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ അഞ്ചാം തവണയാണ് 9 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ തിരുവാതിര അയ്യപ്പന് മുന്നില്‍ അര്‍ച്ചനയായി അവതരിപ്പിച്ചത്. സന്നിധാനത്തെത്തി അയ്യപ്പനെ കണ്ട് ദർശനം നടത്തിയ ശേഷമാണ് കുഞ്ഞു മാളികപ്പുറങ്ങൾ നടപ്പന്തലിലേക്ക് എത്തിയത്.2018 മുതൽ 9 വയസിന് താഴെയുള്ള കുഞ്ഞ് മാളികപ്പുറങ്ങൾ ശബരിമലയിൽ തിരുവാതിര നടനം അവതരിപ്പിച്ച് വരുന്നുണ്ട്.

എസ് ആര്‍ ആര്‍ദ്ര, വി എസ് നിരഞ്ജന, എസ് വൈഗ, നിരഞ്ജന റെജി, എ എച്ച് വൈഗ, എസ് ആര്‍ പ്രസിദ്ധ, ദേവനന്ദ എസ് നായര്‍, സാധിക സുനിമോന്‍, എം എ ദുര്‍ഗ, ജി ഋതുനന്ദ, നില സനില്‍, എം ജെ അനുജിമ, എസ് ആര്‍ ആദിലക്ഷ്മി എന്നിവരാണ് നൃത്തം അവതരിപ്പിച്ചത്.

ഫാമിൽ കന്നുകാലികളോട് ലൈംഗിക അതിക്രമം; പ്രതി പിടിയില്‍

കൊല്ലം ∙ കന്നുകാലികളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ പ്രതിയെ കൊല്ലം ചടയമംഗലത്ത് പൊലീസ് പിടികൂടി. പേരേടം സ്വദേശി മണി ആണ് മൃഗങ്ങളെ കൊടും ക്രൂരതയ്ക്കിരയാക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നിന് തൊഴുത്തില്‍നിന്ന് മൃഗങ്ങളുടെ ശബ്ദം കേട്ട് ഫാമിലെ ജീവനക്കാര്‍ എത്തിയപ്പോഴേക്കും പ്രതി മതില്‍ ചാടി കടന്നുകളഞ്ഞു.

തുടർന്ന് പൊലീസില്‍ അറിയിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. പശുക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി മണി പൊലീസിനോട് സമ്മതിച്ചു. ഇയാളെ റിമാൻഡ് ചെയ്തു.

മുന്‍കാലങ്ങളിലും പ്രതി സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം മയ്യനാട് ഭാഗത്ത് സമാനമായ രീതിയില്‍ വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിക്കുന്നയാള്‍ക്കെതിരെ ക്ഷീരകര്‍ഷകര്‍ രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുളള പരാതികള്‍ ജില്ലയിലെ മറ്റ് സ്റ്റേഷനുകളില്‍ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.

500,1000 നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി;  ഹര്‍ജികളില്‍ സുപ്രീംകോടതി വിധി ഇന്ന്

500,1000 നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി; ഹര്‍ജികളില്‍ സുപ്രീംകോടതി വിധി ഇന്ന്

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ നടപടിയുടെ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നടപടിക്രമങ്ങളും നിയമസാധുതയും പരിശോധിച്ചത്. ബെഞ്ചിലെ ജസ്റ്റിസുമാരായ ബി.ആര്‍. ഗവായിയും ബി.വി. നാഗരത്‌നയുമാണ് വിധിയെഴുതിയത്.

നോട്ട് നിരോധന നടപടിയെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. നോട്ട് നിരോധിക്കാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം.

വളരെ സൂക്ഷമതയോടെ ആലോചിച്ചെടുത്ത തീരുമാനമാണ് നോട്ട് നിരോധനമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അവകാശപ്പെട്ടത്. വ്യാജ കറന്‍സികള്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, നികുതി വെട്ടിപ്പ്, കള്ളപ്പണം എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടത്തിനുള്ള വലിയ നയതന്ത്രത്തിന്റെ ഭാഗമായിട്ടുള്ള നടപടിയാണ് നോട്ട് നിരോധനമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. കോടതിക്ക് ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടുന്നതിന് പരിമിധികളുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

വ്യാജ നോട്ടുകളും കള്ളപ്പണവും നിയന്ത്രിക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ കേന്ദ്രം പരിശോധിച്ചിട്ടില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ പി ചിദംബരം വാദിച്ചു.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി കടലാസ് ഫയലുകള്‍ ഇല്ല; ഇ-ഫയല്‍ മാത്രം

തിരുവനന്തപുരം: ഈ മാസത്തോടെ സെക്രട്ടേറിയറ്റിലെ മാതൃകയില്‍ സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലെയും ഫയല്‍നീക്കം പൂര്‍ണമായി ഇ-ഓഫീസ് വഴിയാക്കും. സര്‍ക്കാര്‍വകുപ്പുകള്‍ തമ്മിലുള്ള ആശയവിനിമയം ഇലക്ട്രോണിക്കാക്കി മാറ്റാനുള്ള സാങ്കേതിക ഒരുക്കങ്ങള്‍ ഉടനടി പൂര്‍ത്തിയാക്കാന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പ്രത്യേകം നിര്‍ദേശം നല്‍കി. ഇത് നടപ്പാകുന്നതോടെ സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസുഫയലുകളുണ്ടാവില്ല.

ഒരു ഫയല്‍നീക്കത്തിനു ചുരുങ്ങിയത് രണ്ടാഴ്ചയാണ് സമയം. ഇ-ഓഫീസോടെ വലിയ നടപടിക്രമങ്ങള്‍ ഇല്ലാത്ത ഫയല്‍നീക്കം അഞ്ചുമിനിറ്റില്‍ സാധ്യമാവും.

സെക്രട്ടേറിയറ്റിലെ ഫയല്‍നീക്കം നേരത്തേ തന്നെ ഓണ്‍ലൈനാക്കിയിരുന്നു. ഫയല്‍നീക്കം സുഗമമാക്കാനും ഫയല്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥതട്ടുകളുടെ എണ്ണംകുറയ്ക്കാനുമായി നവംബര്‍ 26-ന് കേരള സെക്രട്ടേറിയറ്റ് മാന്വലില്‍ ഭേദഗതി വരുത്തി. മറ്റു സര്‍ക്കാര്‍ഓഫീസുകള്‍ക്കുള്ള ഓഫീസ് നടപടിച്ചട്ടം ഡിസംബര്‍ മൂന്നിന് ഭേദഗതിചെയ്തു.

ഇതിനുപുറമേ, കേന്ദ്ര ഐ.ടി. മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ (എന്‍.ഐ.സി) സജ്ജമാക്കിയ ഏറ്റവും പുതിയ ഇ-ഓഫീസ് സോഫ്റ്റ്വേര്‍ എല്ലാ കടലാസുഫയലുകളുണ്ടാവില്ല. ഓഫീസുകള്‍ക്കും ലഭ്യമാക്കി.