ഡല്‍ഹിയില്‍ എംപിമാരുടെ ഫ്‌ളാറ്റില്‍ തീപിടിത്തം, തീപടര്‍ന്നത് ബ്രഹ്മപുത്ര ബ്ലോക്കിലെ രണ്ട് ഫ്‌ളാറ്റുകളില്‍

ഡല്‍ഹിയില്‍ എംപിമാരുടെ ഫ്‌ളാറ്റില്‍ തീപിടിത്തം, തീപടര്‍ന്നത് ബ്രഹ്മപുത്ര ബ്ലോക്കിലെ രണ്ട് ഫ്‌ളാറ്റുകളില്‍

ഡല്‍ഹി: ഡല്‍ഹിയില്‍ എംപിമാരുടെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തം. ബ്രഹ്മപുത്ര ബ്ലോക്കിലാണ് തീപിടിത്തം ഉണ്ടായത്. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു തീ പടര്‍ന്നത്. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. തീ പുര്‍ണമായും അണയ്ക്കാന്‍ ശ്രമം തുടരുകയാണ്.

അപ്പാര്‍ട്ട്‌മെന്റിന് താഴെ ഉപയോഗ ശൂന്യമായി കൂട്ടിയിട്ടിരുന്ന ഫര്‍ണീച്ചറുകളിലാണ് ആദ്യം തീ പടര്‍ന്നത്. പുക ഉയര്‍ന്നതോടെയാണ് തീപിടിച്ച വിവരം പുറത്തറിഞ്ഞത്. എംപിമാരുടെ ഫ്‌ളാറ്റുകളിലേക്ക് തീ പടര്‍ന്നിട്ടില്ലെങ്കിലും അപ്പാര്‍ട്ട് മെന്റിന്റെ രണ്ട് ഫ്‌ളോറുകളില്‍ തീ പടര്‍ന്നിട്ടുണ്ട്.

ജെബി മേത്തര്‍ എംപിയുടെ സ്റ്റാഫ് അംഗങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ നാശമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നാമത്തെ ഫ്‌ളാറ്റ് പൂര്‍ണമായി നശിച്ചെന്നാണ് വിലയിരുത്തല്‍. ദീപാവലിക്ക് മുന്നോടിയായി ഡല്‍ഹിയില്‍ പടക്കങ്ങള്‍ ഉള്‍പ്പെടെ പൊട്ടിക്കുന്ന സമയമാണെന്നതിനാല്‍ ഇതുമൂലമാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

പ്രദീപിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ്; തെന്നിന്ത്യൻ താര റാണിയാകാൻ മമിത, ‘ഡ്യൂഡ്’ ആദ്യ ദിന കളക്ഷൻ ഇങ്ങനെ

പ്രദീപിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ്; തെന്നിന്ത്യൻ താര റാണിയാകാൻ മമിത, ‘ഡ്യൂഡ്’ ആദ്യ ദിന കളക്ഷൻ ഇങ്ങനെ

മമിത ബൈജു, പ്രദീപ് രം​ഗനാഥൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തി തിയറ്ററുകളിലെത്തിയ ചിത്രമാണ് ഡ്യൂഡ്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇൻഡസ്ട്രി ട്രാക്കിങ് വെബ്സൈറ്റായ സ്കാനിൽക്കിന്റെ റിപ്പോർട്ട് പ്രകാരം എല്ലാ ഭാഷകളിൽ നിന്നുമായി ആദ്യ ദിനം 10 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്.

ഇതോടെ പ്രദീപ് രം​ഗനാഥന്റെ കരിയറിലെ റെക്കോർഡ് ബ്രേക്കിങ് ആയി മാറിയിരിക്കുകയാണ് ചിത്രം. നടന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ് ആണിത്. ഇതിന് മുൻ‌പ് പ്രദീപ് നായകനായെത്തിയ ഡ്രാ​ഗൺ ആദ്യ ദിനം 7.6 കോടിയും ലവ് ടുഡേ ആദ്യ ദിനം 2.85 കോടിയുമാണ് നേടിയത്. ഈ വാരാന്ത്യം അടുക്കുമ്പോഴേക്കും ചിത്രം മികച്ച കളക്ഷൻ നേടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തലുകൾ.

അതേസമയം ചിത്രത്തിലെ മമിതയുടെ കഥാപാത്രത്തിന് നിരവധി പ്രശംസകളാണ് ലഭിക്കുന്നത്. നവാഗതനായ കീർത്തിശ്വരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അ​ഗൻ (പ്രദീപ് രംദനാഥൻ), കുരൽ (മമിത) എന്നീ രണ്ട് പേരുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത്. ഇരുവരും ഒന്നിച്ച് “ഡ്യൂഡ് ഗ്രൂപ്പ്” എന്നൊരു ഇവന്റ് മാനേജ്മെന്റ് കമ്പനി തുടങ്ങുന്നു. ഇതിനിടെ കുരലിന് അ​ഗനോട് പ്രണയം തോന്നുകയും അ​ഗൻ നിരസിക്കുകയും ചെയ്യുന്നു.പിന്നീട് ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ഡ്യൂഡ്. ശരത്കുമാർ, രോഹിണി, ഹൃദു ഹാരൂൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സായ് അഭ്യങ്കർ ആണ് സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് ചിത്രം കേരളത്തിൽ റിലീസിനെത്തിച്ചിരിക്കുന്നത്.

‘അയാളെ പുറത്തു വിടരുത്, പരോള്‍ കിട്ടരുത്, പേടിച്ചാണ് കഴിയുന്നത്’; വിധി കേട്ടിട്ടും കൂസലില്ലാതെ ചെന്താമര

‘അയാളെ പുറത്തു വിടരുത്, പരോള്‍ കിട്ടരുത്, പേടിച്ചാണ് കഴിയുന്നത്’; വിധി കേട്ടിട്ടും കൂസലില്ലാതെ ചെന്താമര

പാലക്കാട്: പ്രതീക്ഷിച്ചിരുന്ന വിധി തന്നെയാണ് ലഭിച്ചതെന്നും പ്രതി ചെന്താമരയെ ഇനിയൊരിക്കലും പുറത്തുവിടരുതെന്നും കൊല്ലപ്പെട്ട സജിതയുടെയും സുധാകരന്റെയും മക്കളായ അതുല്യയും അഖിലയും. അയാള്‍ ഇനി പുറത്തിറങ്ങരുത്. ജാമ്യമോ പരോളോ കിട്ടരുത്. ഭയത്തിലാണ് കഴിയുന്നത്. ഒരിക്കലും അയാളെ പുറത്തുവിടരുത്. അടുത്ത കേസില്‍ അയാള്‍ക്ക് വധശിക്ഷ ലഭിക്കട്ടെ. കോടതിയോട് നന്ദി. പ്രതീക്ഷിച്ച വിധി തന്നെയാണ്. സഹായിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് അതുല്യയും അഖിലയും പറഞ്ഞു. കോടതിയില്‍ പോലും അയാള്‍ ഞങ്ങളുടെ അടുത്ത് നില്‍ക്കുമ്പോള്‍ ഭയമായിരുന്നു.

സജിതയുടെ മക്കള്‍ക്ക് അമ്മയും അച്ഛനുമാണ് ഇല്ലാതായതെന്നും അവര്‍ക്ക് സര്‍ക്കാര്‍ ജോലി കൊടുക്കണമെന്നും സജിതയുടെ സഹോദരി പറഞ്ഞു. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അതിന്റെ കാര്യങ്ങളൊന്നും മുന്നോട്ടു പോയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിധിയില്‍ തൃപ്തി ഉണ്ടെന്ന് പാലക്കാട് എസ്പി അജിത് കുമാര്‍ ഐപിഎസും പറഞ്ഞു.

ചെന്താമരയും ഭാര്യയും തമ്മില്‍ തെറ്റിപ്പിരിഞ്ഞതിനു പിന്നില്‍ സജിതയാണെന്ന് ആരോപിച്ചായിരുന്നു ചെന്താമരയെ സജിത കൊലപ്പെടുത്തിയത്. വീടിന് എതിര്‍വശത്ത് താമസിക്കുന്ന നീളന്‍ മുടിയുള്ള സ്ത്രീയാണ് കുടുംബ കലഹത്തിന് കാരണമെന്ന് ജോത്സ്യന്‍ പറഞ്ഞതിന് പിന്നാലെയാണ് ചെന്താമര 2019ല്‍ സജിതയെ കൊലപ്പെടുത്തിയത്.

ഈ കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് 2025ല്‍ സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, ഭര്‍തൃമാതാവ് ലക്ഷ്മി എന്നിവരെയും ചെന്താമര കൊലപ്പെടുത്തി. സജിത കൊലക്കേസില്‍ ഇരട്ട ജീവപര്യന്തം ലഭിച്ചിട്ടും കുറ്റബോധമില്ലാതെയാണ് പ്രതി ചെന്താമര കോടതിയ വരാന്തയില്‍ ഇരുന്നത്.

കോട്ടുവായ ഇട്ടശേഷം യുവാവിന് വായ അടക്കാൻ കഴിഞ്ഞില്ല; രക്ഷകനായി റെയിൽവേ ഡിവിഷണൽ മെഡിക്കൽ ഓഫീസർ

കോട്ടുവായ ഇട്ടശേഷം യുവാവിന് വായ അടക്കാൻ കഴിഞ്ഞില്ല; രക്ഷകനായി റെയിൽവേ ഡിവിഷണൽ മെഡിക്കൽ ഓഫീസർ

പാലക്കാട്: ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന് അടിയന്തര വൈദ്യ സഹായം നൽകി റെയിൽവേ ഡിവിഷണൽ മെഡിക്കൽ ഓഫീസർ. ടി.എം.ജെ ഡിസ് ലോക്കേഷൻ
(താടിയെല്ലുകൾ സ്തംഭിക്കുക) എന്ന അവസ്ഥ വന്ന യാത്രക്കാരനാണ് അടിയന്തര വൈദ്യ സഹായം നൽകിയത്.

കന്യാകുമാരി- തിബ്രുഗഡ് വിവേക് എക്സ്പ്രസിലാണ് സംഭവം. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന് കോട്ടുവായ ഇട്ടതിനുശേഷം വായ അടക്കാൻ കഴിഞ്ഞില്ല. വായ തുറന്ന നിലയിൽ ബുദ്ധിമുട്ടിയ യാത്രക്കാരൻ റെയില്‍വെ അധികൃതരുടെ സഹായം തേടുകയായിരുന്നു.

തുടര്‍ന്ന് ട്രെയിൻ പാലക്കാട് ജംഗ്ഷൻ റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴാണ് അടിയന്തര ചികിത്സ നൽകിയത്. പാലക്കാട് റെയില്‍വേ ആശുപത്രിയിലെ ഡിവിഷണൽ മെഡിക്കൽ ഓഫീസര്‍ പിഎസ് ജിതൻ സ്റ്റേഷനിലെത്തുകയായിരുന്നു. തുടര്‍ന്ന് പ്ലാറ്റ്ഫോമിൽ വെച്ച് തന്നെ യുവാവിന് ചികിത്സ നൽകി. മെഡിക്കൽ ഓഫീസര്‍ക്ക് നന്ദി പറഞ്ഞാണ് യുവാവ് മടങ്ങിയത്. യുവാവ് അതേ ട്രെയിനിൽ തന്നെ യാത്ര തുടരുകയായിരുന്നു.

സജിത വധക്കേസ്: ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് കോടതി

സജിത വധക്കേസ്: ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് കോടതി

പാലക്കാട്: നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ചെന്താമര നാലേകാല്‍ ലക്ഷം രൂപ പിഴയും ഒടുക്കണം. കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. കൊല ചെയ്യണം എന്ന് ഉദ്ദേശത്തോടുകൂടി മുന്‍വൈരാഗ്യത്തോടുകൂടിയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നായിരുന്നു വിധി പ്രസ്താവിക്കുമ്പോള്‍ കോടതി പറഞ്ഞത്. മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അതുകൊണ്ടാണ് അങ്ങനെ കണക്കാക്കാന്‍ കഴിയാത്തതെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

രണ്ട് വകുപ്പുകളിലായി ഇരട്ട ജീവപര്യന്തമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 302ാം വകുപ്പ് പ്രകാരം ജീവപര്യന്തം, 201ാം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം, 449ാം വകുപ്പ് പ്രകാരം ജീവപര്യന്തം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. നാല് ലക്ഷത്തി ഇരുപത്തിയയ്യായിരം രൂപയാണ് പിഴയായി ഒടുക്കേണ്ടത.് സജിതയുടെ മക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി.

പ്രതി നന്നാകുമെന്ന പ്രതീക്ഷയില്ലെന്നും പരോള്‍ നല്‍കേണ്ട സാഹചര്യമുണ്ടായാല്‍ സജിതയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. സജിതയുടെ മക്കളുടെ പുനരധിവാസം ഉറപ്പാക്കണമെന്നും കോടതി വിധി പ്രസ്താവിക്കുമ്പോള്‍ പറഞ്ഞു.

2019 ഓഗസ്റ്റ് 31-നാണ് അയല്‍വാസിയായിരുന്ന പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യ പിണങ്ങിപ്പോകാന്‍ കരണക്കാരിയാണ് എന്നാരോപിച്ചാണ് സജിതയെ പ്രതി വീട്ടില്‍ക്കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

കുടുംബപ്രശ്നം മൂലം ചെന്താമരയുടെ ഭാര്യയും മകളും അകന്നുകഴിയുകയായിരുന്നു. ഇതിനുകാരണം സജിതയും കുടുംബവും ദുര്‍മന്ത്രവാദം നടത്തുകയാണെന്ന് ചെന്താമര വിശ്വസിച്ചിരുന്നു. സജിത കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ ചെന്താമര പിന്നീട് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

ചിറയിൻകീഴ് പുളിമുട്ടു കടവിൽ രണ്ടര ലക്ഷം കാരച്ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ചിറയിൻകീഴ് പുളിമുട്ടു കടവിൽ രണ്ടര ലക്ഷം കാരച്ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ഉൾനാടൻ പൊതുജലാശയങ്ങളിലെ മത്സ്യ വിത്ത് നിക്ഷേപിക്കൽ പദ്ധതിയുടെ ഭാഗമായി, ചിറയിൻകീഴ് പുളിമുട്ടു കടവിൽ രണ്ടര ലക്ഷം കാരച്ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. ഷൈലജ ബീഗം നിർവഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷീജമേരി എ. പി, ഡോക്ടർ.വിഷ്ണു. എസ് . രാജ്, ബിജു, സുരേന്ദ്രൻ അഞ്ചുതെങ്ങ് എന്നിവർ പങ്കെടുത്തു.