by Midhun HP News | Oct 6, 2025 | Latest News, കേരളം
തൃശൂര്‍: തൃശൂരില്‍ എടിഎം കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പൂങ്കുന്നത്തെ എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച പ്രതി പേരാമംഗലം സ്വദേശി ജിന്റോ ആണ് പിടിയിലായത്. തൃശൂര്‍ കോര്‍പ്പറേഷനിലെ വൈദ്യുതി വിഭാഗം കരാര്‍ ജീവനക്കാരൻ ആണ് ജിന്റോ. കുര്യച്ചിറയിലെ ജ്വല്ലറിയില്‍ മോഷണം നടത്തുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
ഇന്നലെയാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ച ശ്രമം നടന്നത്. ഇതിന് പിന്നാലെ പ്രതിക്കായി പൊലീസ് അന്വേഷണ ഊര്‍ജിതമാക്കിയിരുന്നു. എന്നാല്‍ അതേ പ്രതി തൃശൂരില്‍ ഇന്ന് രാവിലെ ജ്വല്ലറി മോഷണത്തിനിടെ പിടിയിലാവുകയായിരുന്നു. കുര്യച്ചിറയിലെ അക്കര ജ്വല്ലറിയിലാണ് മോഷണം നടത്താന്‍ ശ്രമിച്ചത്. പൂട്ടുപൊളിച്ച് വാതിലും തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു.
ജ്വല്ലറി ഉടമക്ക് ഡോര്‍ തകര്‍ത്തത് സംബന്ധിച്ച സന്ദേശം ഫോണില്‍ വന്നിരുന്നു. ഇതനുസരിച്ച് ഫോണില്‍ സിസിടിവി പരിശോധന നടത്തിയപ്പോഴാണ് മോഷ്ടാവിനെ ജ്വല്ലറിക്കകത്ത് കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. എടിഎമ്മില്‍ സമാനമായ രീതിയില്‍ താന്‍ മോഷണം നടത്തിയെന്ന് ജിന്റോ കുറ്റസമ്മതവും നടത്തി. കടബാധ്യത മൂലമാണ് ഇത്തരത്തില്‍ രണ്ടിടത്തും മോഷണം നടത്തിയതെന്നും ജിന്റോ പറഞ്ഞു.



by Midhun HP News | Oct 6, 2025 | Latest News, കേരളം
കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ മുന്നണിക്കെതിരെയാണ് ട്വന്റി 20 പാര്‍ട്ടി മത്സരിക്കുന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. ഒറ്റയ്ക്ക് മത്സരിക്കുന്ന ട്വന്റി20യെ പരാജയപ്പെടുത്താന്‍ ഇടത് വലത് മുന്നണികളിലെ 22 പാര്‍ട്ടികളുടെ കൂട്ടായ്മയായ ‘ഇന്ത്യ മുന്നണി’ പ്രചരിപ്പിക്കുന്ന ഏത് രാഷ്ട്രീയ കളികളും നേരിടാന്‍ പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കോലഞ്ചേരിയില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സാബു എം ജേക്കബ്.
വിലക്കയറ്റം പിടിച്ചു നിര്‍ത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണ്. വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിന് പകരം കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പൂട്ടിക്കുകയാണ് അവര്‍ ചെയ്തത്. ഇപ്പോള്‍ ശബരിമലയിലെ സ്വര്‍ണം കടത്തിക്കൊണ്ടു പോയിരിക്കുന്നു. അയ്യപ്പസ്വാമി തന്നെ ഇപ്പോള്‍ സുരക്ഷിതനല്ലാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. അഴിമതി നടത്താതെ ഭരണം നടത്തുന്ന ട്വന്റി20 പഞ്ചായത്തുകളില്‍ 80 തവണയാണ് പിണറായിയുടെ വിജിലന്‍സ് കയറിയിറങ്ങിയത്.
കിഴക്കമ്പലത്ത് പത്ത് വര്‍ഷവും മറ്റ് പഞ്ചായത്തുകളില്‍ അഞ്ച് വര്‍ഷവും ഭരിച്ചുകഴിഞ്ഞപ്പോള്‍ 50 കോടി രൂപ പഞ്ചായത്തുകളില്‍ മിച്ചം വന്നിട്ടുണ്ടന്നും സാബു എം ജേക്കബ് പറഞ്ഞു. ത്രിതല തെരഞ്ഞെടുപ്പില്‍ 9 ജില്ലകളിലായി 60 പഞ്ചായത്തിലും മൂന്ന് മുനിസിപ്പാലിറ്റികളിലും കൊച്ചി കോര്‍പ്പറേഷനിലും മത്സരിക്കും. 1600 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടാകും. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലെ മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ത്ഥികളുണ്ടാകും. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും മുഴുവന്‍ സീറ്റിലും ട്വന്റി20 വിജയിക്കുമെന്നും സാബു എം ജേക്കബ് അവകാശപ്പെട്ടു.


പിവി ശ്രീനിജിൻ എംഎൽഎയ്ക്കും സിപിഎം നേതാക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളും സാബു എം ജേക്കബ് ഉന്നയിച്ചു. ട്വന്‍റി20 സ്ഥാനാർത്ഥിയാകാൻ പിവി ശ്രീനിജിൻ സമീപിച്ചിരുന്നു. സിപിഎം നേതാക്കളായ സിഎൻ മോഹനനും, പി രാജീവും റസീറ്റില്ലാതെ പണം വാങ്ങിയെന്നും സാബു എം ജേക്കബ് ആരോപിച്ചു. ട്വന്റി 20 അധികാരത്തിൽ വരുന്ന എല്ലാ പഞ്ചായത്തിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന സൗജന്യ ആംബുലൻസ് സർവീസും സഞ്ചരിക്കുന്ന ആശുപത്രിയും തുടങ്ങും. പൂട്ടിക്കിടക്കുന്ന കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാമാർക്കറ്റ് ഡിസംബർ 20ന് തുറക്കും. ആരോഗ്യ സുരക്ഷ മെഡിക്കൽ സ്‌റ്റോറിന്റെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും സാബു എം ജേക്കബ് പറഞ്ഞു.

by Midhun HP News | Oct 6, 2025 | Latest News, കേരളം
തൃശൂര്‍: ചാലക്കുടി അതിരപ്പിള്ളിയില്‍ നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു. കാറിനകത്തുണ്ടായിരുന്ന എട്ട് പേര്‍ക്ക് പരിക്കേറ്റു. മണ്ണുത്തി പൊലീസ് സ്റ്റേഷനിലെ എസ് ഐ ജയേഷ്‌കുമാറും ബന്ധുക്കളും സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. ആരുടേയും നില ഗുരുതരമല്ല.
ഞായര്‍ വൈകീട്ട് 7ഓടെ അതിരപ്പിള്ളിക്ക് സമീപം സില്‍വര്‍ സ്റ്റോം വാട്ടര്‍ പാര്‍ക്കിന് മുന്നില്‍ വച്ചായിരുന്നു അപകടം. തൃശൂര്‍ സ്വദേശികളായ സംഘം രണ്ട് കാറുകളിലായാണ് അതിരപ്പിള്ളിയിലെത്തിയത്. തിരികെ വരുന്ന വഴി മുന്നിലുണ്ടായിരുന്ന മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ഡിവൈഡറില്‍ ഇടിച്ചു. തുടര്‍ന്ന് കാറില്‍ നിന്നും പുക ഉയരുകയും ചെയ്തു. ഇതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ കാറിനകത്തുണ്ടായിരുന്നവരെ പുറത്തിറക്കി.
അല്‍പ്പസമയത്തിന് ശേഷം കാറിന് തീപിടിക്കുകയും ചെയ്തു. സില്‍വര്‍ സ്റ്റോമില്‍ നിന്നും ഫയര്‍ എക്സ്റ്റിങ്ഷര്‍ കൊണ്ടുവന്നാണ് തീയണച്ചത്. അപകടത്തില്‍ പരിക്കേറ്റ തൃശൂര്‍ കോട്ടപ്പുറം കിഴുവീട്ടില്‍ ജയേഷ്‌കുമാര്‍(53) ഭാര്യ അജിതകുമാരി(45), മകള്‍ കാജല്‍(18), മണ്ണത്ത് കൃഷ്ണന്‍കുട്ടി ഭാര്യ കുമാരി(65), കൂര്‍ക്കഞ്ചേരി നെടുമ്പുഴ കോഴിപ്പിള്ളി വീട്ടില്‍ രദു മകള്‍ കൃതിക(8), പുറനാട്ടുകാര മണ്ണത്ത് വീട്ടില്‍ രമേഷ്(43), ഭാര്യ വര്‍ഷ(31) മകള്‍ അലംകൃത(10)എന്നിവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.



by Midhun HP News | Oct 6, 2025 | Latest News, കേരളം
കണ്ണൂര്‍: തെരുവുനായ ശല്യത്തിനെതിരായ തെരുവ് നാടകത്തിനിടെ നാടക കലാകാരന് നേരെ നായയുടെ ആക്രമണം. മയ്യില്‍ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച്ച രാത്രി എട്ടിന് സംഘടിപ്പിച്ച ‘പേക്കോലം’ എന്ന ഏകാംഗനാടത്തിന്റെ അവതരണത്തിനിടെയാണ് കലാകാരനെ നായ കടിച്ചത്. നാടക പ്രവര്‍ത്തകന്‍ കണ്ടക്കൈയിലെ പി രാധാകൃഷ്ണനാണ് നായയുടെ കടിയേറ്റത്.
മൈക്കിലൂടെ നായ കുരയ്ക്കുന്നത് പോലെയുള്ള ശബ്ദമുണ്ടാക്കിയതോടെ തെരുവിലുണ്ടായിരുന്ന നായ വേദിയിലേക്ക് കയറി ആക്രമിക്കുകയായിരുന്നു. അരങ്ങിലുണ്ടായിരുന്ന രാധാകൃഷ്ണനെ നായ കടിക്കുകയായിരുന്നു. നാടകത്തിനിടെ നായ ആക്രമണമുണ്ടായപ്പോള്‍ അതും നാടകത്തിന്റെ ഭാഗമാണെന്നായിരുന്നു കാണികള്‍ കരുതിയത്. പിന്നീട് അത് നാടകത്തിന്റെ ഭാഗമല്ലെന്നും തെരുവ് നായ ആക്രമണമാണെന്നും മനസിലാക്കിയ വായനാശാല പ്രവര്‍ത്തകര്‍ രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാടകം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. ഇദ്ദേഹത്തിന്റെ കൈകള്‍ക്കും കാലിനുമാണ് കടിയേറ്റത്. രാധാകൃഷ്ണന്‍ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.



by Midhun HP News | Oct 6, 2025 | Latest News, ജില്ലാ വാർത്ത
മകനെ ട്യൂഷൻ സെന്ററിൽ എത്തിക്കാൻ കാറിൽ പോവുകയായിരുന്ന മാതാവ് വാഹനാപകടത്തിൽ ദാരുണമായി മരണപ്പെട്ടു. ദേശീയപാതയിൽ കടുവയിൽ തോട്ടയ്ക്കാട് പാലത്തിന് സമീപം ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. രാവിലെ 6 മണിയോടെ നടന്ന അപകടത്തിൽ കടുവയിൽ പള്ളിക്ക് സമീപം എസ്.എസ് കൽപ്പേരിയിൽ അനീഷിന്റെ ഭാര്യ മീന (41)യാണ് മരണപ്പെട്ടത്.
മീനയാണ് കാർ ഓടിച്ചിരുന്നത്. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മകൻ അഭിമന്യൂവിനെ
ട്യൂഷൻ സെന്ററിൽ എത്തിക്കാൻ പോകുന്ന വഴിയാണ് കാർ അപകടത്തിൽപ്പെട്ടത്. കൊല്ലം ഭാഗത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ തോട്ടയ്ക്കാട് പാലത്തിന് സമീപം റോഡിൽ നിന്നും വലത് വശത്തേക്ക് തിരിയവെ അതേ ദിശയിൽ പിന്നാലെ വരികയായിരുന്ന തമിഴ്നാട് രജിസ്ടേഷൻ ഡെലിവറി വാൻ കാറിന്റെ വലത് വശത്ത് ഇടിക്കുകയായിരുന്നു.
അപടകത്തിൽ ഗുരുതരമായി പരിക്കേറ്റ മീനയെ നാട്ടുകാർ ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മകൻ അഭിമന്യു നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.
ഇവർക്ക് 9 വയസുള്ള ഒരു മകൾ കൂടിയുണ്ട്. പാരിപ്പള്ളി ഗവ: മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നല്കും. കല്ലമ്പലം പോലീസ് കേസെടുത്തു.



by Midhun HP News | Oct 6, 2025 | Latest News, ദേശീയ വാർത്ത
ചണ്ഡീഗഢ്: വാദത്തിനിടെ കോടതി ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ അഭിഭാഷകർ എഐ ടൂളുകളും ഗൂഗിളുമൊക്കെ ആശ്രയിക്കുന്നത് വിലക്കി പഞ്ചാബ്- ഹരിയാന ഹൈക്കോടതി. ഐപാഡും ലാപ്ടോപ്പും പോലെ മൊബൈൽ ഫോണുകളെ വാദത്തിനിടെ ആശ്രയിക്കുന്നത് അംഗീകരിക്കാനാകില്ലെന്നു ജസ്റ്റിസ് സഞ്ജയ് വസിഷ്ഠ് വ്യക്തമാക്കി. ഒരു അഭിഭാഷകന്റെ ഫോൺ കോടതി കുറച്ചു നേരം പിടിച്ചു വയ്ക്കുകയും ചെയ്തു.
ഒരു കേസിൽ വാദം നടക്കുന്നതിനിടെ ജഡ്ജി ചോദ്യമുന്നയിച്ചപ്പോൾ മറുപടി നൽകാനായി അഭിഭാഷകൻ ഫോണെടുത്തതിനെ കോടതി എതിർത്തു. ഇത് ശരിയായ രീതിയല്ലെന്നും മൊബൈലിൽ നിന്നു വിവരം ലഭിക്കും വരെ നടപടികൾ നിർത്തി വയ്ക്കാൻ ആകില്ലെന്നും കോടതി പറഞ്ഞു. മൊബൈലിൽ നോക്കി പറയാതെ കേസ് വ്യക്തമായി പഠിച്ച് അവതരിപ്പിക്കണമെന്ന നിർദ്ദേശവും കോടതി അഭിഭാഷകർക്ക് നൽകി.
ഇക്കാര്യത്തിൽ ഇപ്പോൾ കടുത്ത ഉത്തരവിറക്കുന്നില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. വാദത്തിനിടെ മൊബൈൽ ഉപയോഗിക്കരുതെന്നു അഭിഭാഷകരോട് ബാർ അസോസിയേഷനുകൾ അഭ്യർഥിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.



Recent Comments